Home  >  Auto 2 Truck  >  Auto 2 Truck Details
മഹീന്ദ്രയുടെ പുതിയ മിനി വാനും മിനി ട്രക്കും
മധു മധുരത്തില്‍
Posted on: Saturday, Oct 17, 2015   10:30 AM



മഹീന്ദ്രയുടെ പുതിയ സുപ്രോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച മിനി വാനും മിനി ട്രക്കും വിപണിയിലെത്തി. എട്ട് സീറ്റുള്ള സുപ്രോ വാനിന്റെ ബിഎസ് 3 വകഭേദത്തിന് 4.38 ലക്ഷം രൂപ മുതലാണ് താനെയിലെ എക്സ്‍ഷോറൂം വില. സുപ്രോ മാക്സി ട്രക്കിന് ഇത് 4.25 ലക്ഷം രൂപ മുതല്‍ .


സുപ്രോ വാന്‍


ടൂര്‍ ഓപ്പറേറ്റര്‍മാരെയും വലിയ കുടുംബങ്ങളെയും ഉദ്ദേശിച്ച് നിര്‍മിച്ച സുപ്രോ വാനിന് വിശാലമായ ഇന്റീരിയറാണ്. ലഗ് - ഹെഡ് റൂം ആവശ്യം പോലെയുള്ള എട്ട് സീറ്റര്‍ വാനിന് ലഗേജ് സ്പേസും ഏറെയുണ്ട്. 2+3+3 എന്ന ക്രമത്തിലാണ് സീറ്റുകള്‍ ഉറപ്പിച്ചിരിക്കുന്നത്.
Supro Van
കാറിന്റേതുപോലെ ഭംഗിയുള്ളതാണ് ഡാഷ്ബോര്‍ഡ്. ഈ വിഭാഗത്തില്‍ ആദ്യമായി എസിയുള്ള മോഡല്‍ എന്ന പ്രത്യേകതയും സുപ്രോയ്ക്കുണ്ട്. ദീര്‍ഘദൂരയാത്രകള്‍ക്കും യോജിക്കും വിധം രൂപകല്‍പ്പന ചെയ്ത വാനില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റ് , മള്‍ട്ടി യൂട്ടിലിറ്റി ബോക്സ് എന്നിവയുണ്ട്. 2050 മിമീ വീല്‍ബേസ് മികച്ച സ്ഥിരത ഉറപ്പാക്കും. സ്ലൈഡിങ് ഡോറുകള്‍ക്ക് ചൈള്‍ഡ് ലോക്ക് നല്‍കിയിരിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കുന്നു.
Supro Van
സുപ്രോ വാനിന്റെ 909 സിസി , ഡയറക്ട് ഇന്‍ജക്ഷന്‍ (ഡിഐ) ടര്‍ബോ ഡീസല്‍ എന്‍ജിന് 46 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള വാഹനത്തിന് 23.50 കിമീ / ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ മാജിക് , മാരുതി ഈക്കോ മോഡലുകളുമായാണ് സുപ്രോ വാന്‍ മത്സരിക്കുക.
Supro Van
വിഎക്സ്‍ , എല്‍എക്സ്‍, സെഡ് എക്സ്‍ എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. വിഎക്സ്‍ ഒഴികെയുള്ള വേരിയന്റുകള്‍ക്ക് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങുണ്ട്. മുന്തിയ വകഭേദമായ സെഡ് എക്സിന് എസിയും ലഭിക്കും. ഡീപ് വാം ബ്ലൂ, ഡയമണ്ട് വൈറ്റ് , മെറ്റാലിക് ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്.
Supro Van 


സുപ്രോ മാക്സി ട്രക്ക്


ടാറ്റ എയ്സ് മെഗാ മോഡലിന് എതിരാളി. ഒരു ടണ്‍ പേലോഡ് കപ്പാസിറ്റിയുണ്ട് സുപ്രോ മാക്സി ട്രക്കിന് . കാര്‍ഗോ ബോക്സിന് 8.2 അടിയാണ് നീളം. 13 ഇഞ്ച് ടയറുകളും 4.7 മീറ്റര്‍ എന്ന കുറഞ്ഞ ടേണിങ് റേഡിയസും ഇടുങ്ങിയ സ്ഥലത്ത് വണ്ടി അനായാസം തിരിച്ചെടുക്കാന്‍ സഹായിക്കും.
Supro Truck
എസി , പവര്‍ സ്റ്റിയറിങ് , മൊബൈല്‍ ചാര്‍ജിങ് പോയിന്റ് , ബോട്ടില്‍ ഹോള്‍ഡര്‍ എന്നീ ആകര്‍ഷകമായ ഫീച്ചറുകളും സുപ്രോ മാക്സി ട്രക്കിനുണ്ട്.വാനിന്റെ അതേ എന്‍ജിനാണ് സുപ്രോ മാക്സി ട്രക്കിനും. ലീറ്ററിന് 22.40 കിമീ മൈലേജ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 95 കിമീ ആണ് പരമാവധി വേഗം.
Supro Truck
ടി 2 , ടി 4 , ടി 6 എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. ടി 2 ഒഴികെയുള്ളവയ്ക്ക് പവര്‍ സ്റ്റിയറിങ്ങുണ്ട്. മുന്തിയ വകഭേദത്തിന് എസിയും നല്‍കിയിരിക്കുന്നു. മെറ്റാലിക് റെഡ് , ഡീപ് വാം ബ്ലൂ , ഡയമണ്ട് വൈറ്റ് എന്നീ ബോഡി നിറങ്ങളുണ്ട്. സുപ്രോ മോഡലുകള്‍ക്ക് രണ്ട് വര്‍ഷം അല്ലെങ്കില്‍ 60,000 കിമീ വാറന്റി ( ഏതാണോ ആദ്യം) മഹീന്ദ്ര നല്‍കുന്നുണ്ട്.
Supro Truck
സുപ്രോ മോഡലുകള്‍ അവ ഉള്‍പ്പെടുന്ന വിഭാഗങ്ങളില്‍ ഒരു പുനര്‍നിര്‍വചനമാകുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചീഫ് എക്സിക്യുട്ടിവ് ( ഓട്ടോമോട്ടീവ് ) പ്രവീണ്‍ ഷാ  പറഞ്ഞു. യാത്രാമേഖലയിലെയും ചരക്ക് മേഖലയിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ സമഗ്രമായി ഉള്‍ക്കൊണ്ടാണ് സുപ്രോ വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റിലാണ് സുപ്രോ പ്ലാറ്റ്ഫോമും വികസിപ്പിച്ചത്. 120 കോടി രൂപയാണ് സുപ്രോ പ്ലാറ്റ്ഫോമിനായി മഹീന്ദ്ര മുതല്‍ മുടക്കിയത്.






Related Stories







TOP









Untitled Document