Home  >  Auto Insurance  >  Auto Insurance Details
വാഹനാപകടം - ഇന്‍ഷുറന്‍സ് ക്ലെയിം നേടാന്‍
മധു മധുരത്തില്‍
Posted on: Monday, Sep 28, 2015   3:00 PM



വാഹനാപകടത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ചാണ് നടപടി ക്രമങ്ങള്‍ തീരുമാനിക്കേണ്ടത്. ആദ്യം വാഹനത്തിനു മാത്രം നാശനഷ്ടം വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറയാം. ഫുള്‍ കവര്‍ ഇന്‍ഷുറന്‍സുള്ള വാഹനം അപകടത്തില്‍പെട്ടാല്‍ ക്ലെയിം നേടാവുന്നതാണ്. നോ ക്ലെയിം ബോണസായി ലഭിക്കുന്ന തുകയേക്കാള്‍ അധികമാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് എങ്കില്‍ മാത്രം ക്ലെയിം ചെയ്യുന്നതാണ് ബുദ്ധി.


അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ജനറല്‍ ഡയറി (ജിഡി) റിപ്പോര്‍ട്ട് ക്ലെയിം നടപടികള്‍ക്ക് ആവശ്യമാണ്. വാഹനത്തിന്റെ നാശനഷ്ടങ്ങള്‍ വിശദമായി തന്നെ ജിഡി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനോട് പറയാവുന്നതാണ്. അപകടം നടന്ന സമയവും അപകടത്തില്‍ മറ്റ് വാഹനം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ നമ്പര്‍ ‍, ഉടമയും പേരും വിലാസവും ശേഖരിക്കണം. തന്റേതല്ലാത്ത കാരണം കൊണ്ടാണ് അപകടം ഉണ്ടായതെങ്കില്‍ അതിന് ഉത്തരവാദിയായ വാഹനത്തിനെതിരെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്ത് നഷ്ടപരിഹാരം നേടാനാവും. ഇതിനായി കൂടുതല്‍ സമയം ചെലവിടേണ്ടിവരുമെന്ന് മാത്രം.


അപകടവിവരം ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും പെട്ടെന്ന് അറിയിക്കണം. അവരുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അപകടസ്ഥലത്തെ പൊലീസ് പരിശോധനകള്‍ക്കു ശേഷം വാഹനം അറ്റകുറ്റപ്പണികള്‍ക്കായി അംഗീകൃത വര്‍ക്ക് ഷോപ്പിലേക്കു മാറ്റാം. ഇനി വര്‍ക്ക് ഷോപ്പില്‍ നിന്ന് അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് എഴുതി വാങ്ങുക. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ നേരിട്ട് ചെല്ലുകയാണ് അടുത്തതായി വേണ്ടത്. അവിടെ നിന്നു കിട്ടുന്ന ക്ലെയിം ഫോം പൂരിപ്പിക്കുക. ഇതില്‍ പോളിസി നമ്പര്‍, വാഹനത്തിന്റെ ഉടമയുടെ പേര്, അപകടം നടന്ന സ്ഥലത്തിന്റെ പേര്, അപകടമുണ്ടായ തീയതി - സമയം, വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, മോഡല്‍, അപകടത്തിനു കാരണം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ചേര്‍ക്കണം.


പൂരിപ്പിച്ച ക്ലെയിം ഫോമിനൊപ്പം ഹാജരാക്കേണ്ട രേഖകള്‍



  • പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ജനറല്‍ ഡയറി (ജിഡി) റിപ്പോര്‍ട്ട്

  • ഇന്‍ഷുറന്‍സ് പോളിസി 

  • രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഒറിജിനല്‍ + ഫോട്ടോ കോപ്പി

  • ഓടിച്ചയാളിന്റെ ഡ്രൈവിങ് ലൈസന്‍സ്  + ഫോട്ടോകോപ്പി

  • ബാങ്ക് അക്കൌണ്ട് ബുക്ക് കോപ്പി

  • വര്‍ക്ക് ഷോപ്പില്‍നിന്നുള്ള അറ്റകുറ്റപ്പണി എസ്റ്റിമേറ്റ്.


മേല്‍പ്പറഞ്ഞ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് കൈമാറണം. കമ്പനി സര്‍വേയര്‍ വാഹനം പരിശോധിച്ച് എസ്റ്റിമേറ്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാം. പണി കഴിഞ്ഞാല്‍ സര്‍വേയര്‍ ഒരിക്കല്‍ കൂടി വാഹനം പരിശോധിച്ചശേഷം ഉടമയ്ക്കു കൈമാറും.ക്യാഷ്‍ലെസ് ക്ലെയിം ലഭിക്കുമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരം കിഴിച്ചുള്ള തുക വര്‍ക്ക് ഷോപ്പില്‍ നല്‍കിയാല്‍ മതി. അല്ലാത്തപക്ഷം അറ്റകുറ്റപ്പണികളുടെ ബില്ല് പൂര്‍ണ്ണമായി ഉടമ അടയ്ക്കണം. പണം അടച്ചതിന്റെ സ്റ്റാംപ് പതിച്ച ബില്ല് ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് കൈമാറണം. ക്ലെയിം തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് എത്തുക.


അപകടം വലുതെങ്കില്‍


വാഹനാപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍ നിര്‍ബന്ധമായും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് എഫ്ഐആര്‍ തയ്യാറാക്കണം. 


അപകടത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ സംഭവിച്ചാല്‍ എഫ്ഐആര്‍ ആവശ്യമാണ്



  • മറ്റാര്‍ക്കെങ്കിലും പരുക്കോ മരണമോ സംഭവിച്ചാല്‍

  • ശമ്പളത്തിനു വച്ച ഡ്രൈവര്‍ക്ക് പരുക്കോ മരണമോ സംഭവിച്ചാല്‍

  • വാഹനം ഓടിച്ച ഉടമയ്ക്ക് പരുക്കോ മരണമോ സംഭവിച്ചാല്‍

  • വാഹനത്തിലെ യാത്രക്കാര്‍ക്ക് പരുക്കോ മരണമോ സംഭവിച്ചാല്‍

  • എന്തെങ്കിലും വസ്തുവഹകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍


നിലവില്‍ വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും വേണ്ടി  നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യേണ്ടത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്എച്ച്ഒ)മാരാണ്.


മുമ്പ് , വാഹനാപകടമുണ്ടായാല്‍ മരിച്ചവരുടെ ആശ്രിതരും പരുക്കേറ്റവരും അഭിഭാഷകര്‍ മുഖേനയാണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തിപുന്നത്. അപകടം സംബന്ധിച്ച പൊലീസ്- മെഡിക്കല്‍ രേഖകള്‍ മുഴുവന്‍ ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്തം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കുമായിരുന്നു. കേസ് ഫയല്‍ ചെയ്യുന്നവര്‍ക്കുള്ള വിഷമതകള്‍ കണക്കിലെടുത്താണ് അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ തന്നെ നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യാന്‍ 2015 സെപ്റ്റംബറില്‍ ഡിജിപി നിര്‍ദ്ദേശം കൊടുത്തത്.
Car Accident
അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനായി എസ്എച്ച്ഒമാരാണു കേസ് ഫയല്‍ ചെയ്യേണ്ടതെന്നു മോട്ടോര്‍ വാഹന നിയമത്തില്‍ (158 ആം വകുപ്പ് (ആറ്)) പ്രതിപാദിക്കുന്നുണ്ട്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു 30 ദിവസത്തിനകം അധികാരപരിധിയില്‍പ്പെട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാര്‍ അപകടം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്നും, അപകടത്തില്‍ പരുക്കേറ്റവരുടെ പ്രായം, വരുമാനം, മരണപ്പെട്ടവരുടെ ആശ്രിതരുടെ പേര്, അവരുടെ പ്രായം, എഫ്ഐആറിന്റെ അറ്റസ്റ്റു ചെയ്ത കോപ്പി, അപകട സ്ഥലത്തിന്റെ സ്കെച്ച്, മഹസര്‍ റിപ്പോര്‍ട്ട്, അപകട സ്ഥലത്തിന്റെ ചിത്രം, ഡ്രൈവറുടെ ലൈസന്‍സ്, ഇന്‍ഷുറന്‍സ് സംബന്ധമായ രേഖകള്‍ , മുറിവേറ്റ കേസുകളില്‍ അതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, മരണപ്പെട്ട കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.


ഇതോടൊപ്പം ആക്സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിക്കു നല്‍കണം. എംഎസിടിയില്‍ കേസിന്റെ ആദ്യ അവധിയുടെ തീയതി, അപകടത്തില്‍ പരുക്കേറ്റവര്‍ , ഡ്രൈവര്‍ , വാഹന ഉടമ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ അറിയിക്കേണ്ട ചുമതലയും എസ്എച്ച്ഒയ്ക്കു തന്നെയാണ്. വാഹനാപകടം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ ട്രൈബ്യൂണലിന്റെ വിധിക്കു കാത്തു നില്‍ക്കാതെ ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാ ചെലവു നല്‍കണമെന്ന് 2009 ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.






Related Stories







TOP