Home  >  Auto Insurance  >  Auto Insurance Details
എന്താണ് ടോട്ടല്‍ ലോസ് ?
അലന്‍ ഹാഷിം
Posted on: Monday, Aug 31, 2015   4:00 PM



അപകടത്തില്‍പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചെലവ് ഇന്‍ഷുറന്‍സ് ക്ലെയിമായി ലഭിക്കും. റിപ്പയര്‍ ചെയ്ത് എടുക്കാനാവാത്തവിധം വണ്ടി തകര്‍ന്നാലോ? ആ വാഹനം ടോട്ടല്‍ ലോസ് ആയി കണക്കാക്കി നഷ്ടപരിഹാരം നല്‍കുകയാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ രീതി.


അപകടത്തില്‍ പെട്ട വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കുള്ള തുക, ഇന്‍ഷുറന്‍സ് ഡിക്ലയേര്‍ഡ് വാല്യു ( ഐഡിവി) വിന്റെ 75 ശതമാനമോ അതിലേറെയോ ആയാല്‍ കണ്‍സ്ട്രക്ടീവ് ടോട്ടല്‍ ലോസ് ആയി കണക്കാക്കും. വാഹനത്തിന്റെ മാര്‍ക്കറ്റ് വാല്യൂ ആണ് ഐഡിവി. ഓരോ വര്‍ഷം കഴിയുന്തോറും അത് നിശ്ചിത ശതമാനം കുറയും. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ചുള്ള ഐഡിവി ആണ് ടോട്ടല്‍ ലോസ് ആയ വാഹനത്തിന് നഷ്ടപരിഹാരമായി ലഭിക്കുക. ഉദാഹരണത്തിന് മൂന്ന് വര്‍ഷം പഴക്കമായ വാഹനത്തിന് നാല് ലക്ഷം രൂപയാണ് ഐഡിവി എങ്കില്‍ ആ തുകയായിരിക്കും ക്ലെയിമായി ലഭിക്കുന്നത്.


അപകടത്തില്‍പെട്ട വാഹനം ഇന്‍ഷുറന്‍സ് സര്‍വേയര്‍ പരിശോധിച്ച ശേഷമാണ് ടോട്ടല്‍ ലോസ് ആണോയെന്ന് നിശ്ചയിക്കുക. ആര്‍സി ബുക്കിന്റെ കോപ്പി , ഡ്രൈവിങ് ലൈസന്‍സ് , എഫ്ഐആര്‍ , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ക്ലെയിം നടപടികള്‍ക്ക് ആവശ്യമാണ്. ടോട്ടല്‍ ലോസ് ആയി കണക്കാക്കി ക്ലെയിം നടപടികള്‍ നടക്കുമ്പോള്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ടി ഓഫീസില്‍ സറണ്ടര്‍ ചെയ്ത് രജിസ്ട്രേഷന്‍ റദ്ദ് ചെയ്യേണ്ട ഉത്തരവാദിത്തം വാഹന ഉടമയ്ക്കാണ്. ഇന്‍ഷുറന്‍സ് കമ്പനി ആര്‍ക്കെങ്കിലും വിറ്റ വാഹനം പിന്നീട് വ്യാജരേഖകള്‍ ചമച്ച് നിരത്തിലിറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന തലവേദനകള്‍ ഇങ്ങനെ ഒഴിവാക്കാം.


ക്ലെയിം തരുന്നതില്‍ നേരേ വാ നേരേ പോ സ്വഭാവം പല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമില്ല. ക്ലെയിം തുകയുടെ കാര്യത്തില്‍ വിലപേശല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. അത് മനസിലാക്കി വേണ്ടതുപോലെ പെരുമാറുക.



Related Stories







TOP


Car Bike








Designed and developed by EGGS