Home  >  Auto Insurance  >  Auto Insurance Details
വാഹനം മോഷണം പോയാല്‍
അലന്‍ ഹാഷിം
Posted on: Monday, Aug 03, 2015   12:00 PM



ഫുള്‍ കവര്‍ ഇന്‍ഷുറന്‍സുള്ള വാഹനം മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം നേടാം. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.


വാഹനം മോഷണം പോയി എന്നുറപ്പായാലുടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആര്‍ ഫയല്‍ ചെയ്യുക. വെറും പരാതി കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചാണ് എഫ്ഐആര്‍ തയ്യാറാക്കുക. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ , എന്‍ജിന്‍ - ഷാസി നമ്പര്‍, നിറം എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൃത്യമായി എഫ്ഐആറില്‍ ഉണ്ടായിരിക്കണം. എഫ്ഐആറില്‍ പിന്നീട് തിരുത്തല്‍ വരുത്തുക മിനക്കെട്ട പണിയാണെന്ന് ഓര്‍മിക്കുക. എഫ്ഐആറിന്റെ കോപ്പി അന്നേ ദിവസം തന്നെയോ പിറ്റേ ദിവസമോ കിട്ടും. മോഷണം നടന്ന് 24 മണിക്കൂറുകള്‍ക്കകം എഫ്ഐആര്‍ ഫയല്‍ ചെയ്യിക്കുകയും ഇന്‍ഷുറന്‍സ് കമ്പനിയെ വിവരം അറിയിക്കുകയും വേണം. ഈ വിവരം അറിയിക്കാന്‍ വൈകിയാല്‍ അക്കാരണം പറഞ്ഞ ക്ലെയിം തള്ളിക്കളയാന്‍ കമ്പനി ശ്രമിക്കും. ഇമെയില്‍ വഴിയോ ഫോണിലൂടെയോ കമ്പനിയെ വിവരം അറിയിച്ചാല്‍ മതിയെങ്കിലും നേരിട്ട് പോയിത്തന്നെ അക്കാര്യം നിര്‍വഹിക്കുക.


ആര്‍സി ബുക്കും വാഹനത്തോടൊപ്പം നഷ്ടപ്പെട്ടെങ്കില്‍ അതിന്റെ ഡ്യുപ്ലിക്കേറ്റ് എടുക്കാനുള്ള നടപടി ക്രമങ്ങള്‍ ചെയ്യുക. ആര്‍ടി ഓഫീസില്‍ വാഹനം മോഷണം പോയതിനെപ്പറ്റി വിവരം കൊടുക്കുകയും അതിന്റെ രേഖ കൈവശം വയ്ക്കേണ്ടതുമാണ്.


വാഹനം ഇന്‍ഷുര്‍ ചെയ്ത കമ്പനിയില്‍ ക്ലെയിം ഫോം വാങ്ങി കൃത്യതയോടെ ശരിയായി പൂരിപ്പിക്കണം. ക്ലെയിം ഫോമിനൊപ്പം നല്‍കേണ്ട രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.


1.എഫ്‍ഐആര്‍ കോപ്പി


2. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി


3.ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കേറ്റ് കോപ്പി


4. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി


5. വാഹനം മോഷണം പോയത് ആര്‍ടിഒ യെ അറിയിച്ചുവെന്നതിന്റെ രേഖ


6. ആര്‍സി ബുക്കിന്റെ ഡ്യുപ്ലിക്കേറ്റിനു അപേക്ഷിച്ചുണ്ടെങ്കില്‍ അതിന്റെ രേഖ


ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തേണ്ടതാണ്. വാഹനം കളവ് പോയശേഷം 6 മാസം വരെ അന്വേഷിച്ചിട്ടും വാഹനം കണ്ടുകിട്ടിയില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നോണ്‍ ട്രൈവബിള്‍ സര്‍ട്ടിഫിക്കറ്റ് / നോണ്‍ ട്രേസബില്‍ സര്‍ട്ടിഫിക്കറ്റ്  വാങ്ങി, ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണം. അതിനുശേഷമേ കമ്പനി ക്ലെയിം നടപടി ആരംഭിക്കൂ.


പൊലീസിന്റെ നടപടിക്രമങ്ങള്‍ വൈകുന്നതായി കണ്ടാല്‍ വിവരാവകാശനിയമം ഉപയോഗപ്പെടുത്തുക. വാഹനം മോഷണം പോയത് സംബന്ധിച്ചുള്ള അന്വഷണത്തെപ്പറ്റിയും നോണ്‍ ട്രേസബില്‍ സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ നല്‍കുമെന്നും ചോദിച്ച് ആര്‍ടിഐ ഫയല്‍ ചെയ്യുക. മുപ്പത് ദിവസത്തിനകം വിവരങ്ങള്‍ ലഭിക്കും.


എന്നെങ്കിലും പൊലീസ് വാഹനം കണ്ടെത്തി ഉടമയ്ക്ക് നല്‍കിയാല്‍ അത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്ന ലെറ്റര്‍ ഓഫ് ഇന്‍ഡംനിറ്റി ബോണ്ട് ആന്‍ഡ് സബ്രൊഗേഷന്‍ ലെറ്റര്‍ , ഡിസ്ചാര്‍ജ് വൗച്ചര്‍ ഫ്രം ഓതറൈസ്ഡ് സിഗ്നേറ്ററി , ആര്‍സി ബുക്കിന്റെ ഒറിജിനല്‍ , വാഹനം ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരിലേയ്ക്ക് മാറ്റാനുള്ള പൂരിപ്പിച്ച ആര്‍ടി ഓഫീസ് ഫോമുകള്‍ , വാഹനത്തിന്റെ താക്കോലുകള്‍  എന്നിവ വാഹന ഉടമയില്‍ നിന്നും ശേഖരിച്ച ശേഷം മാത്രമെ ക്ലെയിം തീര്‍പ്പാക്കുക. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ഡിക്ലയേര്‍ഡ് വാല്യു ( ഇന്‍ഷുറന്‍സ് കമ്പനി വര്‍ഷാവര്‍ഷം വാഹനത്തിനു നിശ്ചയിക്കുന്ന മൂല്യം ) അനുസരിച്ചുള്ള തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. വാഹനത്തിന് വായ്പ അടച്ചുതീരാനുണ്ടെങ്കില്‍ ഫിനാന്‍സ് സ്ഥാപനത്തിനാണ് ക്ലെയിം തുക കമ്പനി കൈമാറുക.



Related Stories







TOP