Home  >  Auto Insurance  >  Auto Insurance Details
വാഹന ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍
മധു മധുരത്തില്‍
Posted on: Saturday, Jul 11, 2015   12:20 PM



വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ വിശദമാക്കുകയാണിവിടെ.

1. പുതിയ വാഹനം വാങ്ങുമ്പോള്‍ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സാണ് മിക്കവരും സ്വീകരിക്കുക. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഇന്‍ഷുറന്‍സ് എടുത്താല്‍ 40 ശതമാനം വരെ ഇളവ് നേടാം. 


2. പഴയ വാഹനത്തിന് നോ ക്ലെയിം ബോണസ് ഉണ്ടെങ്കില്‍ പുതിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ ലാഭിക്കാം.


3. ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ മറ്റൊരു നല്ല മാര്‍ഗമാണ് വോളന്ററി എക്സസ്. അപകടം നടന്നശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്ക് നിശ്ചിതതുക വരെ നിങ്ങള്‍തന്നെ മുടക്കാമെന്ന് സമ്മതിച്ചാല്‍ പ്രീമിയത്തില്‍ ഇളവ് ലഭിക്കും. കാറുകളുടെ കാര്യത്തില്‍ 2,500 രൂപ / 5,000 രൂപ / 7,500 രൂപ / 15,000 രൂപ എന്നീ നിരക്കുകളിലുള്ള അറ്റകുറ്റപ്പണി ചെലവുകള്‍ക്ക് യഥാക്രമം 750 രൂപ / 1,500 രൂപ / 2,000 രൂപ /2,500 രൂപ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് കിട്ടും.


4.സുഹൃത്തുക്കളോട് അന്വേഷിച്ച് പെട്ടെന്നും ന്യായമായും ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തി പോളിസി എടുക്കുക. നിങ്ങളുടെ സമീപപ്രദേശത്ത് ഓഫീസുള്ള കമ്പനി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അപകടമോ മറ്റോ പറ്റിയാല്‍ ക്ലെയിം നടപടികള്‍ എളുപ്പമാക്കുന്നതിന് അതുപകരിക്കും.


5. പോളിസിയുടെ വ്യവസ്ഥകള്‍ സമയമെടുത്ത് വായിച്ച് മനസിലാക്കിയ ശേഷം മാത്രമേ പോളിസി എടുക്കാവൂ. ക്ലെയിം തീര്‍പ്പാക്കുന്ന വ്യവസ്ഥകള്‍ പ്രത്യേകം ശ്രദ്ധിക്കുക.


6. ഇന്‍ഷുറന്‍സ് പോളിസി കയ്യില്‍ കിട്ടിയാല്‍ ഒന്നും നോക്കാതെ എവിടെയെങ്കിലും ഭദ്രമായി വയ്ക്കുകയാണ് മിക്കവരുടെയും പതിവ്. വാഹനത്തിന്റെ വിവരങ്ങള്‍ പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് കൃത്യമായാണെന്ന് ഉറപ്പുവരുത്തുക.ഉടമയുടെ പേരും വിലാസവും എന്‍ജിന്‍ നമ്പര്‍ , ഷാസി നമ്പര്‍ ,രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ ആര്‍സി ബുക്കിലേതുമായി ഒത്തുനോക്കുക. അല്ലാത്ത പക്ഷം ക്ലെയിം ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ നേരിടും.


7.വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം തീര്‍പ്പാക്കുന്ന സമയത്ത് സാധാരണയായി റബ്ബര്‍ , നൈലോണ്‍, പ്ലാസ്റ്റിക്, ടയര്‍, ബാറ്ററി, എയര്‍ബാഗ് തുടങ്ങിയവക്ക് 50 ശതമാനവും ഫൈബര്‍ ഗ്ലാസ് ഘടകങ്ങള്‍ക്ക് 30 ശതമാനവും തേയ്‍മാനം കണക്കാക്കി മാത്രമെ ക്ലെയിം നല്‍കൂ. ലോഹസാമഗ്രികള്‍ക്ക് ഒരുവര്‍ഷം ശരാശരി 5% തേയ്മാനം കണക്കാക്കുന്നുണ്ട്. ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് എടുത്താല്‍ മേല്‍പ്പറഞ്ഞ തേയ്മാനം കണക്കാക്കാതെ ക്ലെയിം നേടാം. പുതിയ വാഹനങ്ങള്‍ക്ക് ഈ പോളിസി എടുക്കുന്നതാണ് ഉത്തമം.


8. സ്റ്റീരിയോ , റിവേഴ്സ്‍ പാര്‍ക്കിങ് അസിസ്റ്റ് , സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ ആക്സസറികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവും. ഇതിനായി ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോമില്‍ ഈ ആക്സസറികള്‍ കൂടി ചേര്‍ത്താല്‍ മതി. ഇതിനായി കൂടുതല്‍ തുക പ്രീമിയമായി അടയ്ക്കേണ്ടതുണ്ട്.


9. സ്റ്റിയറിങ് ലോക്ക് , ആന്റി തെഫ്ട് അലാം, ഗീയര്‍ ലിവര്‍ ലോക്ക് തുടങ്ങിയ, വാഹനമോഷണം തടയാനുള്ള ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും.


10. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ ഒരുമിച്ച് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ലഭ്യമാക്കുന്ന വെബ്സൈറ്റുകളുണ്ട്. ഉദാ : www.policybazaar.com. ഇന്‍ഷുറന്‍സ് പോളിസി നിരക്കുകളും അവയുടെ ഫീച്ചേഴ്സുമൊക്കെ അനായാസം താരതമ്യം ചെയ്ത് യോജ്യമായത് തിരഞ്ഞെടുക്കാന്‍ ഈ വെബ്‍സൈറ്റുകള്‍ സഹായിയ്ക്കും. പ്രീമിയത്തില്‍ ഡിസ്കൗണ്ട് നേടാനും ഇതിലൂടെ സാധിക്കും.



Related Stories







TOP