Home  >  Auto Insurance  >  Auto Insurance Details
നോ ക്ലെയിം ബോണസ് ( എന്‍സിബി)
അലന്‍ ഹാഷിം
Posted on: Thursday, Jul 02, 2015   11:00 AM



വാഹനങ്ങളുടെ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ കുറയ്ക്കാന്‍ നോ ക്ലെയിം ബോണസ് ( എന്‍സിബി ) സഹായിയ്ക്കും. അപകടരഹിതമായി വാഹനം കൈകാര്യം ചെയ്തതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പ്രീമിയം ഇളവാണ് നോ ക്ലെയിം ബോണസ്. 


കോംപ്രിഹെന്‍സീവ് അഥവാ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സിലെ ഓണ്‍ ഡാമേജ് (Own Damage) പ്രീമിയത്തിലാണ് ഇളവു ലഭിക്കുക.(വാഹനത്തിനുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രീമിയമാണിത്. ഇന്‍ഷുറന്‍സ് തുകയുടെ 80 ശതമാനവും ഇതിനുള്ളതാണ്. ബാക്കിയുള്ള 20 ശതമാനമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ).


ഒരു വര്‍ഷം വീതം കാലാവധിയിലാണ് എന്‍സിബി കണക്കാക്കുന്നത്. ഇക്കാലയളവില്‍ നഷ്ടപരിഹാരം നേടിയിട്ടില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തെ ഇന്‍ഷുറന്‍സ് തുകയില്‍ നിശ്ചിത ശതമാനം ഇളവു ലഭിക്കും. ക്ലെയിമില്ലാത്ത തുടര്‍ച്ചയായ ഓരോ വര്‍ഷവും ബോണസിന്റെ ശതമാനവും കൂടിക്കൊണ്ടിരിക്കും. ഇന്‍ഷുറന്‍സ് ക്ലെയിമില്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 20 ശതമാനമാണ് നോ ക്ളെയിം ബോണസ്.  ഇതു രണ്ടു മുതല്‍ അഞ്ചുവരെ വര്‍ഷങ്ങളിലേക്ക് യഥാക്രമം 25, 35, 45, 50 ശതമാനം വരെയായി വര്‍ധിക്കും. കുറഞ്ഞ വിലയുള്ള വാഹനം വിറ്റ് കൂടിയ വിലയുള്ള വാഹനം വാങ്ങുമ്പോഴാണ് എന്‍സിബി വലിയ നേട്ടമാകുക.


എപ്പോഴെങ്കിലും ക്ലെയിം ഉണ്ടായാല്‍ പിന്നീട് ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി കാലാവധി തീര്‍ന്ന ശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ പുതുക്കിയില്ലെങ്കിലും  എന്‍സിബി നഷ്ടമാകും.


നോ ക്ലെയിം ബോണസ് വാഹന ഉടമയ്ക്കാണ്, വാഹനത്തിനല്ല. അതുകൊണ്ടുതന്നെ ഒരു വാഹനം വിറ്റ് പുതിയതു വാങ്ങുമ്പോള്‍ ഈ കിഴിവ് പുതിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ലാഭിക്കാം. വാഹനം ഒരേ തരത്തിലുള്ളതായിരിക്കണമെന്നു നിബന്ധനയുണ്ട്. അതായത് ഇരുചക്ര വാഹനത്തിന്റെ എന്‍സിബി സര്‍ട്ടിഫിക്കറ്റ് പുതിയ ഇരുചക്ര വാഹനത്തിനും നാലു ചക്രത്തിന്റേത് അതേ വിഭാഗത്തിനും തന്നെ ഉപയോഗിക്കണം.  


ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ നിലവിലുള്ള കമ്പനി വിട്ട് മറ്റൊരു കമ്പനിയുടെ പോളിസി എടുക്കുമ്പോഴും നോ ക്ലെയിം ബോണസ് ഉപയോഗിക്കാം. 


എന്‍സിബി സംരക്ഷിക്കാന്‍


നഷ്ടപരിഹാരത്തുക ചെറുതാണെങ്കിലും നോ ക്ലെയിം ബോണസ് നഷ്ടമാകും. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ചെറിയ കേടുപാടുകളൊക്ക തീര്‍ക്കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നു പണം മുടക്കുക.


വിറ്റ വാഹനത്തിന്റെ എന്‍സിബി ലഭിക്കാന്‍


ആര്‍സി ബുക്കില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത് വ്യക്തമാക്കുന്ന രേഖയുടെ ഫോട്ടോ കോപ്പിയാണിതിനു വേണ്ടത്. ഇതു നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് കൈമാറി എന്‍സിബി സര്‍ട്ടിഫിക്കേറ്റ് നേടാവുന്നതാണ്. ഇത് അത്ര പ്രായോഗികമായി തോന്നുന്നില്ലെങ്കില്‍ വേറെ മാര്‍ഗമുണ്ട്. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിനു പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുക. ഇതോടൊപ്പം എന്‍സിബി ഹോള്‍ഡിങ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് വാങ്ങി വയ്ക്കുക. മൂന്നു വര്‍ഷം വരെ ഇതിനു കാലാവധിയുണ്ട്. പുതിയ വാഹനം വാങ്ങുമ്പോള്‍ എന്‍സിബി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവു നേടാം.



Related Stories







TOP

Designed and developed by EGGS