Home  >   Feature  >   Feature Details
ഏറ്റവും മൈലേജുള്ള 10 ബൈക്കുകള്‍
ഡോണ്‍
Posted on: Thursday, Apr 21, 2016


ബൈക്ക് ഏതായാലും മികച്ച മൈലേജ് നിര്‍ബന്ധമാണ് മിക്കവര്‍ക്കും. 100 സിസി ബൈക്കുകളുടെ കാര്യത്തില്‍ അത് 100 ശതമാനവും അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ മൈലേജിലെ മികവ് കൊട്ടിഘോഷിച്ചാണ് മോഡലുകളെ കമ്പനികള്‍ അവതരിപ്പിക്കാറുള്ളത്. അവയില്‍ ഏറ്റവും മൈലേജുള്ള 10 മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം. ഓരോ മോഡലിനും കമ്പനി അവകാശപ്പെടുന്ന മൈലേജ് അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.


1. ഹീറോ സ്പ്ലെന്‍ഡര്‍ സ്മാര്‍ട്ട്
Splendor ismart 


കിലോമീറ്ററിന് വെറും 64 പൈസ മാത്രം ഇന്ധനച്ചെലവുള്ള സവാരിയാണ് ഹീറോ സ്പ്ലെന്‍ഡര്‍ സ്മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ലീറ്ററിന് 102.5 കിമീ മൈലേജ് കിട്ടുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റമാണത്രേ ഈ മോഡലിന്റെ മൈലേജ് രഹസ്യം. ട്രാഫിക് സിഗ്നലും മറ്റും കാത്ത് കിടക്കുമ്പോള്‍ എന്‍ജിന്‍ സ്വയം ഓഫാക്കി ഇന്ധനനഷ്ടം കുറയ്ക്കും , ഈ സംവിധാനം. ക്ലച്ച് അമര്‍ത്തുന്നതോടെ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടാകും. ഹീറോ സ്പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ടിന്റെ മൈലേജ് പക്ഷേ പഴയ പങ്കാളിയായ ഹോണ്ട സമ്മതിച്ച് കൊടുക്കുന്നില്ല. ഇത് പൊള്ളയായ മൈലേജ് വാഗ്ദാനം ആണെന്നാണ് അവരുടെ വാദം. വില : 50,991 രൂപ.


2. ബജാജ് സിടി 100
CT 100 


2005 ല്‍ വിപണിയിലെത്തി സൂപ്പര്‍ ഹിറ്റായ മോഡലായിരുന്നു സിടി 100. ഇടയ്ക്ക് വിപണി വിട്ട സിടി 100ന്റെ പിന്‍ഗാമി ഇക്കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയത് 99.10 കിമീ / ലീറ്റര്‍ മൈലേജുമായാണ്. വില 36,912  രൂപ. സിടി 100 ബി എന്ന വിലകുറഞ്ഞ വകഭേദവും ഇതിനുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‍ ലാംപുള്ള ഈ വകഭേദത്തിന് നാലായിരം രൂപയോളം വില കുറവാണ്.


3. ബജാജ് പ്ലാറ്റിന  100 ഇഎസ്
platina 


2015 ല്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്‍ജിനും ഡിടിഎസ്ഐ എന്‍ജിനുമായി പുനരവതരിച്ച പ്ലാറ്റിനയ്ക്ക് 96.9 കിമീ / ലീറ്റര്‍ ആണ് മൈലേജ്. സിടി 100 നെക്കാള്‍ കരുത്തുണ്ട്. നീളമേറിയ സീറ്റ് , 190 മിമീ എന്ന ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറന്‍സ് എന്നിവ പ്ലാറ്റിനയ്ക്കുണ്ട്. വില 44,760 രൂപ. 


4. ടിവിഎസ് സ്പോര്‍ട് 
TVS Sport 


എന്‍ട്രി ലെവല്‍ ബൈക്കുകളിലെ സ്പോര്‍ടി മോഡലാണ് ടിവിഎസ് സ്പോര്‍ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് , അലുമിനിയം ഗ്രാബ്‍റയില്‍ എന്നിവയുള്ള ടിവിഎസ് സ്പോര്‍ടിന് മൈലേജ് 95 കിമീ / ലീറ്റര്‍ . വില 54,988 രൂപ.


5. ഹീറോ സ്പ്ലെന്‍ഡര്‍
Splendor 


വര്‍ഷങ്ങളായി ഹീറോയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍ ശ്രേണിയാണ് സ്പ്ലെന്‍ഡര്‍ . സ്പ്ലെന്‍ഡര്‍ പ്രോ , പ്രോ ക്ലാസിക് , സ്പ്ലെന്‍ഡര്‍ പ്ലസ് മോഡലുകള്‍ ഈ ശ്രേണിയില്‍ പെടുന്നു . മൈലേജ് 93.2 കിമീ / ലീറ്റര്‍ . ആദ്യ തലമുറ സ്പ്ലെന്‍ഡറിനോട് രൂപ സാമ്യമുള്ള മോഡലാണ് സ്പ്ലെന്‍ഡര്‍ പ്ലസ്. വില 46,850 രൂപ മുതല്‍ . 


6. ഹീറോ എച്ച്എഫ്
HF Dawn 


ഹീറോയുടെ ഏറ്റവും വിലക്കുറവുള്ള ബൈക്കുകള്‍ ഉള്‍പ്പെടുന്ന ശ്രണിയാണ് എച്ച്എഫ്. ഡോണ്‍ , ഡീലക്സ് , ഡീലക്സ് ഇക്കോ മോഡലുകള്‍ ഇതില്‍ പെടുന്നു. ലീറ്ററിന് 88.50 കിമീ ആണ് മൈലേജ്. വില  40,820 രൂപ മുതല്‍ .


7. മഹീന്ദ്ര സെഞ്ചുറോ
Centuro 


കടുത്ത മത്സരം നടക്കുന്ന എന്‍ട്രിലെവല്‍ ബൈക്ക് വിപണിയില്‍ കാറുകളുടെ തരം ഫീച്ചറുകള്‍ അവതരിപ്പിച്ച് വിജയം നേടിയ മോഡലാണ് സെഞ്ചുറോ. ഫ്ലിപ് കീ, ഫൈന്‍ഡ മീ ലാംപുകള്‍ എന്നിവ ഇതിനുണ്ട്. ലീറ്ററിന് 85.2 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. വില 50,390 രൂപ. 


8.യമഹ സല്യൂട്ടോ ആര്‍എക്സ്
Saluto RX 


ക്രക്സ് , വൈബിആര്‍ 110 മോഡലുകള്‍ പിന്‍വാങ്ങിയതോടെ എന്‍ട്രി ലെവല്‍ ബൈക്ക് വിപണിയില്‍ യമഹയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതു പരിഹരിക്കാന്‍ യമഹ പുറത്തിറക്കിയ മോഡലാണ് സല്യൂട്ടോ ആര്‍എക്സ് . ലീറ്ററിന് 84 കിമീ ആണ് മൈലേജ്.


9. ടിവിഎസ് വിക്ടര്‍
Victor 


ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടിവിഎസ് വിക്ടറിന്റെ വരവ്. കാര്യമായ രൂപമാറ്റങ്ങളുള്ള പുതിയ മോഡലിന് അലോയ് വീലുകള്‍ , ട്യൂബ്‍ലെസ് ടയറുകള്‍ , ഡിസ്ക് ബ്രേക്ക് എന്നീ ഫീച്ചറുകളുണ്ട്. വിക്ടറിന്റെ സവിശേഷതായ വീതിയും നീളവും കൂടിയ സീറ്റ് പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. രണ്ട് പേര്‍ക്ക് സുഖസവാരി ഇത് ഉറപ്പാക്കും. നാല് സ്പീഡ് ഗീയര്‍ബോക്സുളള ബൈക്കിന് 76 കിമീ / ലീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. വില 41,144 രൂപ.


10. സുസൂക്കി ഹയാത്തെ ഇപി
Hayate EP


സുസൂക്കിയുടെ കമ്യൂട്ടര്‍ ബൈക്കായ ഹയാത്തെയാണ് പത്താം സ്ഥാനത്ത്. ഹയാത്തെയുടെ 112.8 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 8.3 ബിഎച്ച്പി - 8.8 എന്‍എം ആണ് ശേഷി. നാല് സ്പീഡ് ഗീയര്‍ബോക്സുള്ള ബൈക്കിന് 70 കിമീ / ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണുള്ളത്. ട്യൂബ്‍ലെസ് ടയറുകള്‍ , മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി , അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന പിന്‍ ഷോക്ക്അബ്സോര്‍ബറുകള്‍ , സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിവ ഇതിനുണ്ട്. വില  52,622 രൂപ.
Top 10 fuel efficient motorcycles

Related StoriesTOP