Home  >   Feature  >   Feature Details
ക്ലാസിക് 350 യോ ഡോമിനറോ കേമന്‍
ഐപ്പ് കുര്യന്‍
Posted on: Monday, Aug 14, 2017


റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 , ബജാജ് ഡോമിനര്‍ 400 . ഇവയില്‍ ഏതാണു മെച്ചം? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാവിഷയം ഇതാണ്. ക്ലാസിക്കിനെ പരിഹസിച്ച് കൊണ്ട് ബജാജ് പുറത്തിറക്കിയ പരസ്യമാണ് ഇതിനു തുടക്കമിട്ടത്. റോയല്‍ എന്‍ഫീല്‍ഡിനെ അനുകൂലിച്ചുള്ള ട്രോളുകളാണ് ഫേസ്ബുക്കില്‍ അധികവും. എന്നാല്‍ ബജാജ് ഡോമിനര്‍ 400 ന്റെ പരസ്യത്തില്‍ അതിശയോക്തി ഉണ്ടെന്നു പറയാനാവില്ല. ഇരു മോഡലുകളുടെയും പെര്‍ഫോമന്‍സും ഫീച്ചറുകളുമൊക്കെ വിലയിരുത്തിയാല്‍ അക്കാര്യം വ്യക്തമാകും.
RE Classic 350 Vs Dominar 400
കെടിഎം 390 ഡ്യൂക്കിന്റെ ബജാജ് പതിപ്പാണ് ഡോമിനര്‍ 400. കെടിഎം ഡ്യൂക്ക് 390 ന്റെ 373.3 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡോമിനര്‍ 400 നും. എന്നാല്‍ ബജാജിന്റെ ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി എന്‍ജിന്‍ പരിഷ്കരിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ ഡ്യൂക്കിലെ എന്‍ജിന്‍ ഹെഡില്‍ നിന്ന് വ്യത്യസ്തമായ രൂപമാണ് ഡോമിനറിന്റെ ഹെഡിന്. ഡ്യൂക്ക് 390 നെ അപേക്ഷിച്ച് കൂടുതല്‍ മൈലേജ് ട്രിപ്പിള്‍ സ്പാര്‍ക്ക് ടെക്നോളജി ഉറപ്പാക്കുന്നു.
RE Classic 350 Vs Dominar 400
34.5 ബിഎച്ച്പി -35 എന്‍എം കരുത്തുള്ള എന്‍ജിനൊപ്പം ( ഡ്യൂക്ക് 390 ന് 43 ബിഎച്ച്പി)  ആറ് സ്പീഡ് ഗീയര്‍ബോക്സാണ് ഉപയോഗിക്കുന്നത് കെടിഎമ്മില്‍ നിന്ന് കടം കൊണ്ട സ്ലിപ്പര്‍ ക്ലച്ചും ഇതിനുണ്ട്. പരമാവധി വേഗം 148 കിമീ / മണിക്കൂര്‍ . 8.32 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിമീ വേഗം ആര്‍ജിക്കുമെന്ന് ബജാജ് പറയുന്നു. ഇന്ത്യന്‍ ബൈക്കുകളിലാദ്യമായി ഫുള്‍ എല്‍ഇഡി ഹെഡ്‍ലാംപുകളും ഡോമിനറിനുണ്ട്.
RE Classic 350 Vs Dominar 400
മികച്ച പെര്‍ഫോമന്‍സ് അനുഭവിച്ചുകൊണ്ട് ലോങ് ട്രിപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഡോമിനറിനെ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കിന്. ടാക്കോ മീറ്റര്‍ , ഓഡോമീറ്റര്‍ , സ്പീഡോമീറ്റര്‍ , ക്ലോക്ക്, ഫ്യുവല്‍ ഗേജ് , എബിഎസ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇതിലുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുള്ള ബൈക്കിലെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ട് ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. മുന്‍ ചക്രത്തിന് ഫോര്‍ക്ക് സസ്പെന്‍ഷനും പിന്നില്‍ മോണോ ഷോക്കും ഉപയോഗിക്കുന്നു. ടെയ്ല്‍ ലാംപിനും ഇന്‍ഡിക്കേറ്ററുകള്‍ക്കും എല്‍ഇഡിയാണ് ഉപയോഗിക്കുന്നത്. ഭാരം 182 കിലോഗ്രാം.
RE Classic 350 Vs Dominar 400
ഡോമിനറിനുള്ള ആധുനിക ഫീച്ചറുകളും എന്‍ജിന്‍ പെര്‍ഫോമന്‍സുമൊന്നും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനില്ല. തണുപ്പന്‍ പ്രകടനം, ഉയര്‍ന്ന പരിപാലനച്ചെലവ്, വിറയല്‍ എന്നിങ്ങനെയുള്ള പോരായ്മകളും ക്ലാസിക്കിനുണ്ട്. ആനയെ പോറ്റാന്‍ ചെലവുള്ളതുപോലെ ക്ലാസിക്കിനെ പോറ്റാനും ചെലവു വരും. ബജാജ് പരസ്യത്തില്‍ ക്ലാസിക് 350 യുടെ പ്രതീകമായി കാണിക്കുന്നതും ആനയെ ആണല്ലോ . ഗാംഭീര്യമുള്ള ശബ്ദം, തലയെടുപ്പുള്ള രൂപം, ചെറുപ്പം തൊട്ട് തോന്നിയിട്ടുള്ള ആരാധന എന്നിവയൊക്കെയാണ് ക്ലാസിക്കിലേയ്ക്ക് പലരെയും ആകര്‍ഷിക്കുന്നത്. ലോങ് ട്രിപ്പ് പോകാന്‍ പറ്റിയ അധികം പരിപാലനം ആവശ്യമില്ലാത്ത ഒരു ബൈക്കാണ് നോക്കുന്നതെങ്കില്‍ ഡോമിനര്‍ തന്നെയാണ് ബെസ്റ്റ് ചോയ്സ്. ഒരു കാര്യം ഓര്‍മിക്കുക. 100 സിസി ബൈക്ക് ഓടിച്ച പരിചയം വച്ച് ബുളളറ്റ് ഓടിക്കാം. എന്നാല്‍ പെര്‍ഫോമന്‍സ് കൂടിയ ഡോമിനര്‍ വാങ്ങുന്നവര്‍ 150 സിസി ബൈക്കുകളില്‍ കൈ തെളിച്ചവരായിരിക്കണം.
ബജാജ് ഡോമിനര്‍ 400 ന്റെ പരസ്യംRelated StoriesTOP