Home  >   Feature  >   Feature Details
ഏറ്റവും വില്‍പ്പനയുള്ള അഞ്ച് സ്കൂട്ടറുകള്‍
മധു മധുരത്തില്‍
Posted on: Thursday, Aug 03, 2017


ഒരു കാലത്ത് പെണ്ണുങ്ങളുടെ സ്കൂട്ടര്‍ എന്നായിരുന്നു ഗീയര്‍ലെസ് സ്കൂട്ടറിന്റെ ഇരട്ടപ്പേര്. ഇന്ന് സ്ഥിതി മാറി. ഗീയര്‍ലെസ് സ്കൂട്ടറിനെ പ്രായഭേദമന്യേ പുരുഷന്മാരും ഇഷ്ടപ്പെടുന്നു. ട്രാഫിക് തിരക്കിലൂടെ ഗീയറുള്ള ടൂവീലര്‍ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടാണ് പലരെയും ഗീയര്‍ലെസ് സ്കൂട്ടറിന്റെ ആരാധകരാക്കിയത്.പലചരക്ക്  സാധനങ്ങള്‍ കൊണ്ടുവരാനും കുട്ടികളെ കൊണ്ട് പോകാനും എല്ലാം ഗീയര്‍ലെസ് സ്കൂട്ടര്‍ തന്നെയാണ് ഉത്തമം. നിലവില്‍ ഒരു ഡസനിലേറെ സ്കൂട്ടര്‍ മോഡലുകള്‍ വിപണിയിലുണ്ട്. അവയില്‍ ഏറ്റവും വില്‍പ്പനയുള്ള അഞ്ച് മോഡലുകളെ പരിചയപ്പെടാം.


1.ഹോണ്ട ആക്ടിവ 4 ജി


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ഇരുചക്രവാഹനം എന്ന ബഹുമതി ആക്ടിവയ്ക്ക് സ്വന്തം. ഒന്നര പതിറ്റാണ്ടിലേറെയായി വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുണ്ട്. 2000 ല്‍ വിപണിയിലെത്തിയ ആക്ടിവ ഇതിനോടകം വിപണിയിലിറങ്ങിയത് ഒന്നര കോടിയിലേറെ എണ്ണമാണ്. നിലവില്‍ നാലാം തലമുറ ആക്ടിവയാണ് വില്‍പ്പനയ്ക്കുള്ളത്. ഹോണ്ടയുടെ വിശ്വാസ്യതയും ഗുണമേന്മയുമാണ് ആക്ടിവയുടെ ഐശ്വര്യം. എന്നാല്‍ എതിരാളികളെ അപേക്ഷിച്ച് സൗകര്യങ്ങള്‍ കുറവാണ് ആക്ടിവയ്ക്ക്. ഡിസ്ക് ബ്രേക്ക് , അലോയ് വീല്‍ ഓപ്ഷനില്ല. മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ , സൈഡ് സ്റ്റാന്‍ഡ് , മൊബൈല്‍ ചാര്‍ജര്‍ പോയിന്റ് എന്നിവയെല്ലാം അധികം പണം നല്‍കി വാങ്ങണം. സസ്പെന്‍ഷനും അത്ര പോര. മറ്റു മോഡലുകള്‍ ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ പഴഞ്ചന്‍ ട്രെയിലിങ് ലിങ്ക് സസ്പെന്‍ഷനാണ് ആക്ടിവയുടെ മുന്‍ ചക്രത്തിന്.
Honda Activa 4G
ഈടുനില്‍ക്കുന്ന ലോഹനിര്‍മിത ബോഡിയും എന്‍ജിനുമാണ് ആക്ടിവയുടെ മേന്മകള്‍ . വിപുലമായ സര്‍വീസ് ശൃംഖലയും പ്ലസ് പോയിന്റ്. ട്യൂബ്‍ലെസ് ടയറുകള്‍ , കോംബി ബ്രേക്ക് സിസ്റ്റം എന്നിവയുള്ള ആക്ടിവയ്ക്ക് എട്ട് ബിഎച്ച്പി കരുത്തുള്ള 109 സിസി, എന്‍ജിനാണ്. ലീറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ എക്സ്‍ഷോറൂം വില 54,520 രൂപ.


2.ടിവിഎസ് ജൂപ്പിറ്റര്‍


ഗീയര്‍ലെസ് സ്കൂട്ടര്‍ വിപണിയില്‍ രണ്ടാം സ്ഥാനം ജൂപ്പിറ്ററിനാണ്. വില്‍പ്പനയുടെ കണക്കെടുത്താല്‍ ആക്ടിവയുടെ അയലത്തൊന്നും ജൂപ്പിറ്റര്‍ എത്തില്ലെന്നു മാത്രം. എന്നാല്‍ ആക്ടിവയെ അപേക്ഷിച്ച് ഉപകാരപ്രദമായ സൗകര്യങ്ങള്‍ ജൂപ്പിറ്റര്‍ നല്‍കുന്നു. സീറ്റ് ഉയര്‍ത്താതെ തന്നെ ഇന്ധനം നിറയ്ക്കാന്‍ അവസരമൊരുക്കുന്ന എക്സ്‍ടേണല്‍ ഫ്യുവല്‍ ഫില്ലറാണ് ഇതില്‍ പ്രധാനം. അനായാസം കൈകാര്യം ചെയ്യാവുന്ന സെന്റര്‍ സ്റ്റാന്‍ഡ്, മൂടിയുള്ള ഇഗ്നീഷന്‍ ലോക്ക്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ഇതിനുണ്ട്.
TVS Jupiter
ബൈക്കിന്റെ തരം ടെലിസ്കോപ്പിക് ഫോര്‍ക്ക് ഫ്രണ്ട് സസ്പെന്‍ഷനും പിന്നിലെ ഗ്യാസ് ഫില്‍ഡ് മോണോഷോക്ക് സസ്പെന്‍ഷനും ഗട്ടറുള്ള റോഡുകളില്‍ യാത്രാസുഖം ഉറപ്പാക്കും. കൂടുതല്‍ സ്ഥിരത നല്‍കും വിധം 1275 മിമീ വീല്‍ബേസും 12 ഇ‍ഞ്ച് വീലുകളും ജൂപ്പിറ്ററിന് കമ്പനി നല്‍കിയിട്ടുണ്ട്. പൊക്കം കൂടിയവരുടെ കാലുകള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിന് 375 മിമീ ലെഗ്‍സ്പേസും ടിവിഎസ് സ്കൂട്ടര്‍ നല്‍കുന്നു. ആക്ടിവയുടേതു പോലെ ലോഹനിര്‍മിതമാണ് ബോഡി. മുന്തിയ വകഭേദമായ സെഡ്‍എക്സിന് ഡിസ്ക് ബ്രേക്കുണ്ട്. 110 സിസി , എന്‍ജിന് എട്ട് ബിഎച്ച്പിയാണ് കരുത്ത്. ലീറ്ററിന് 62 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ എക്സ്‍ഷോറൂം വില 54,987 രൂപ, സെഡ്എക്സ് - 57,615 രൂപ.


3. ഹീറോ മയിസ്ട്രോ എഡ്‍ജ്


വിപുലമായ സര്‍വീസ് ശൃംഖലയുടെ മികവുള്ള ഹീറോ മോട്ടോ കോര്‍പ്പിന്റെ ഏറ്റവും വില്‍പ്പനയുള്ള സ്കൂട്ടറാണ് മയിസ്ട്രോ എഡ്‍ജ്. ജൂപ്പിറ്ററിനെപ്പോലെ കൂടുതല്‍ ഫീച്ചറുകള്‍ മയിസ്ട്രോ എഡ്ജിനുണ്ട്. എല്‍ഇഡി ടെയ്ല്‍ലാംപ്, ഇമ്മൊബിലൈസര്‍ , സൈഡ് സ്റ്റാന്‍ഡ് നിവര്‍ന്നിരുന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, സര്‍വീസ് സമയം അറിയിക്കുന്ന സംവിധാനം എന്നിവ ഇതില്‍ പെടുന്നു. സീറ്റ് ഉയര്‍ത്താതെ പെട്രോള്‍ നിറയ്ക്കാം. ടെയ്ല്‍ലാംപിനു മുകള്‍ ഭാഗത്ത് ഫ്യുവല്‍ ഫില്ലര്‍ ക്യാപ് മറച്ച് വച്ചിരിക്കുന്നു. ഇഗ്നീഷന്‍ കീ തിരിച്ച് ഇത് തുറക്കാം.
Hero Maestro Edge
ബോഡി പ്ലാസ്റ്റിക് നിര്‍മിതമാണ്. ഏറ്റവും വലുപ്പമേറിയതാണ് സീറ്റിനടയിലെ സ്റ്റോറേജ് സ്പേസ്. 22 ലീറ്റര്‍ ശേഷിയുള്ള സ്റ്റോറേജ് സ്ഥലത്ത് ലൈറ്റും മൊബൈല്‍ ചാര്‍ജിങ് പോയിന്റുമുണ്ട്. മുന്‍ ചക്രത്തിന് ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ്. മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലുപ്പമുള്ള അലോയ് വീലുകള്‍. ട്യൂബ്‍ലെസാണ് ടയറുകള്‍ . ഹീറോ സ്വന്തമായി വികസിപ്പിച്ച എട്ട് ബിഎച്ച്പി-8.7 എന്‍എം ശേഷിയുള്ള 110.9 സിസി എന്‍ജിനാണ് ഇതിന്. കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് 65.8 കിമീ / ലീറ്റര്‍. കൊച്ചിയിലെ എക്സ്‍ഷോറൂം വില 53,319 രൂപ.


4.സുസൂക്കി ആക്സസ് 125


സുസൂക്കിയുടെ ജനപ്രിയ സ്കൂട്ടറാണ് ആക്സസ്. ലളിതമായ രൂപകല്‍പ്പന, മികച്ച നിലവാരമുള്ള  നിര്‍മിതി, കരുത്ത് കൂടിയ എന്‍ജിന്‍ എന്നിവയൊക്കെ ആക്സസിന്റെ സവിശേഷതകളാണ്. ലോഹനിര്‍മിത ബോഡിയുള്ള ആക്സസിന് ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനാണ്. മുന്നില്‍ 12 ഇഞ്ചും പിന്നില്‍ പത്ത് ഇഞ്ചും വലുപ്പമുള്ള വീല്‍ ഉപയോഗിക്കുന്നു. ട്യൂബ്‍ലെസാണ് ടയറുകള്‍. ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള അറ മുന്‍ ഭാഗത്ത് നല്‍കിയിട്ടുണ്ട്. സീറ്റിനടിയിലെ സംഭരണസ്ഥലത്തിന് ശേഷി 21.8 ലീറ്റര്‍ . മുന്‍ ചക്രത്തിന് ഡിസ്ക് ബ്രേക്കുള്ള വകഭേദം ലഭ്യമാണ്.
Suzuki Access
ആക്സസിന്റെ 124 സിസി എന്‍ജിന് 8.6 ബിഎച്ച്പി -10.2 എന്‍എം ആണ് ശേഷി. ലീറ്ററിന് 64 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഉയരം കൂടിയവര്‍ക്ക് ആക്സസിനെ പരിഗണിക്കാം. കൊച്ചിയിലെ എക്സ്‍ഷോറൂം വില: 62,093 രൂപ, ഡിസ്ക് ബ്രേക്ക് - 65,461 രൂപ.


5. യമഹ ഫാസിനോ


ഇറ്റാലിയന്‍ ബ്രാന്‍ഡായ വെസ്പയുടെ സ്കൂട്ടറുകളെപ്പോലെ റിട്രോ സ്റ്റൈല്‍ ഉള്ള മോഡലാണ് യമഹ ഫാസിനോ. പൊക്കം കുറഞ്ഞവര്‍ക്കാണ് ഈ സ്കൂട്ടര്‍ കൂടുതല്‍ ഇണങ്ങുക. ബോഡി ഘടകങ്ങള്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതാണ്. ഫാസിനോയുടെ കുറഞ്ഞ ഭാരവും ചെറിയ ടേണിങ് റേഡിയസുമെല്ലാം ട്രാഫിക് തിരക്കുകളിലെ യാത്ര സുഖകരമാക്കുന്നു.സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസിന് 21 ലീറ്റര്‍ കപ്പാസിറ്റിയുണ്ട്.
Yamaha Fascino
110 സിസി സ്കൂട്ടര്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന മോഡല്‍ എന്ന പ്രത്യേകത ഫാസിനോയ്ക്കുണ്ട്. ലീറ്ററിന് 66 കിമീ ആണ് യമഹ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഫാസിനോയുടെ 113 സിസി എന്‍ജിന് ഏഴ് ബിഎച്ച്പി -8.1 എന്‍എം ആണ് ശേഷി. മുന്‍ ചക്രത്തിന് ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ്. ഡിസ്ക് ബ്രേക്കുള്ള വകഭേദം ഇല്ലെന്നത് പോരായ്മ. കൊച്ചിയിലെ എക്സ്‍ഷോറൂം വില 56,821 രൂപ.

Top Selling Scooters


Related StoriesTOP