Home  >   Feature  >   Feature Details
ചൂടുകാലത്ത് ടൂവീലര്‍ ഓടിക്കുമ്പോള്‍
മധു മധുരത്തില്‍
Posted on: Monday, Feb 27, 2017


പൊള്ളുന്ന ചൂടാണ് വെയിലിന്. പക്ഷേ ടൂവീലറിലെ യാത്ര പലര്‍ക്കും ഒഴിവാക്കാനുമാകില്ല. അപ്പോള്‍പിന്നെ ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അതിനു സഹായകമായ ചില വിവരങ്ങള്‍ ഇതാ.


ടൂവീലര്‍ ഓടിക്കുമ്പോള്‍ ഏല്‍ക്കുന്ന കാറ്റും വെയിലും ചര്‍മത്തിലെ ബാഷ്പീകരണം കൂട്ടുന്നതിനാല്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ അളവില്‍ ജലം നഷ്ടമാകും. അതുകൊണ്ടുതന്നെ കൈയില്ലാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. ശരീരം പരമാവധി മൂടി വയ്ക്കുക. തുണികൊണ്ടുള്ള ജാക്കറ്റ് , ജീന്‍സ് , ഷൂസ് , ഹെല്‍മെറ്റ് എന്നിവയൊക്കെ ധരിച്ച് കൊണ്ട് യാത്ര ചെയ്യുക. ഇവയെല്ലാം ഇളം നിറത്തിലുള്ളതായാല്‍ നന്ന്. ഇരുണ്ട നിറങ്ങളുള്ളവ കൂടുതല്‍ ചൂട് ആഗിരണം ചെയ്യും.സ്ത്രീകള്‍ സ്ലീവ്സ് ഉപയോഗിക്കുക.


നിര്‍ജലീകരണത്തെയാണ് ഏറെ പേടിക്കേണ്ടത്. ജീവഹാനിക്കുതന്നെ അതുകാരണമാകും. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ മുട്ടുക ( കുറഞ്ഞ അളവില്‍ ഇരുണ്ട നിറമുള്ള മൂത്രം ) , തലവേദന, തളര്‍ച്ച, തലചുറ്റല്‍ , കോച്ചിവലിക്കല്‍ എന്നിവയൊക്കെ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. അത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വെള്ളം കുടിച്ചും തണലത്തിരുന്നും ശരീരം തണുപ്പിച്ചശേഷം മാത്രമേ യാത്ര തുടരാവൂ.


ധാരാളം വെള്ളം കുടിക്കുകയാണ് നിര്‍ജലീകരണം തടയാനുള്ള പോംവഴി. കാപ്പി , ചായ എന്നിവയൊക്കെ മൂത്രം കൂടുതല്‍ പുറന്തള്ളാന്‍ കാരണമാകും. ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം കൂട്ടും. പച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്. യാത്രതുടങ്ങുംമുമ്പ് നന്നായി വെള്ളം കുടിക്കുക. യാത്രയ്ക്കിടിയില്‍ ഓരോ അരമണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. യാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ വിശ്രമം നേടാനും ഇത് സഹായിക്കും. അമിതമായ വിയര്‍പ്പിലൂടെ നഷ്ടമാകുന്ന സോഡിയത്തിന്റെ കുറവ് നികത്താന്‍ ഉപ്പിട്ട നാരങ്ങാവെള്ളം നല്ലതാണ്.


ബാഗ് പിന്നിലിട്ടിരിക്കുമ്പോള്‍ ചൂട് കൂടും. അത് സീറ്റിലോ ടാങ്കിലോ കെട്ടിവയ്ക്കുകയോ കൊളുത്തില്‍ തൂക്കിയിടുകയോ ചെയ്യുക.


വെയിലിനു തീഷ്ണത കുറവുള്ളപ്പോള്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുക. സാധ്യമെങ്കില്‍ തണലുള്ള റോഡുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുക. ചൂട് ഏറ്റവും കൂടുതലുള്ള 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളില്‍ ഇരുചക്രവാഹനയാത്ര പരമാവധി കുറയ്ക്കുക.


ടൂവീലറിന്റെ ടാങ്കില്‍ ആവശ്യത്തിനു ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കുക. ടയറുകളും കണ്ടീഷന്‍ ആയിരിക്കണം. ഇന്ധനം തീരുകയോ ടയറിനു കേടുപറ്റുകയോ ചെയ്താല്‍ പൊരിവെയിലത്ത് വണ്ടി തള്ളേണ്ടി വരുന്ന അവസ്ഥ ഭീകരമാണ്.






Related Stories







TOP
Designed and developed by EGGS