Home  >   Feature  >   Feature Details
ബുള്ളറ്റ് വാങ്ങാതിരിക്കാന്‍ അഞ്ച് കാരണങ്ങള്‍
ഡോണ്‍ ഡൊമിനിക് കുര്യന്‍
Posted on: Friday, Dec 02, 2016


കുട്ടിക്കാലം മുതലുള്ള ആരാധനയാണ് മിക്കവര്‍ക്കും ബുള്ളറ്റിനോട്. പൗരുഷത്തിന്റെ പ്രതീകം , ദീര്‍ഘദൂരയാത്രകള്‍ക്ക് പറ്റിയ നല്ലൊരു ടൂവീലര്‍ , ഏറ്റവും തലയെടുപ്പുള്ള ടൂവീലര്‍ എന്നൊക്കെയാണ് ബുള്ളറ്റിനെപ്പറ്റി പൊതുവെയുള്ള കാഴ്ചപ്പാടുകള്‍. എന്നാല്‍ കടുത്ത ആരാധകര്‍ക്ക് മാത്രം ഉപയോഗിക്കാനാവുന്ന വാഹനമാണ് ബുള്ളറ്റ് എന്നതാണ് യാഥാര്‍ഥ്യം. കാരണം ബുള്ളറ്റിന് പല കുറവുകളുമുണ്ട്. അവയെന്തൊക്കെയെന്ന് അറിയുക.


1. പണി തീരാത്ത വണ്ടി

സാധാരണ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് ശീലിച്ചവര്‍ ബുള്ളറ്റ് വാങ്ങിയാല്‍ അധികകാലം കഴിയും മുമ്പെ നിരാശരാകും. കാരണം സ്ഥിരമായി പരിചരണം ആവശ്യമുണ്ട് ബുള്ളറ്റിന്. ടയറുണ്ടോ എന്നു പോലും നോക്കാതെ ബൈക്കുമെടുത്ത് പോകുന്ന ശീലമുള്ളവര്‍ക്ക് ബുള്ളറ്റ് ഒട്ടും യോജിക്കില്ല.

ബുള്ളറ്റ് വാങ്ങുന്നവരൊക്കെ അടുത്തുള്ള ബുള്ളറ്റ് മെക്കാനിക്കുമായി പെട്ടെന്ന് സുഹൃത്ത് ബന്ധത്തിലാകുമെന്നത് മറ്റൊരു വസ്തുത. ബുള്ളറ്റ് പണിയാനായി പതിവായി ചെല്ലുമ്പോള്‍ സ്വാഭാവികമായും മെക്കാനിക്കുമായി സൗഹൃത്തിലാകുമല്ലോ. ബുള്ളറ്റിനു പലപ്പോഴും തകരാറുണ്ടാകുമെന്ന് ഒരു ബുള്ളറ്റ് പ്രേമിയോട് പറഞ്ഞുനോക്കുക. കാമുകിയെ ആര്‍ത്തവകാലത്ത് നിങ്ങള്‍  ഉപേക്ഷിച്ചുപോകുമോ എന്നൊരു ചോദ്യം ഇങ്ങോട്ട് പ്രതീക്ഷിക്കാം. കാരണം ബുള്ളറ്റ് ആരാധകര്‍ അങ്ങനെയാണ്. എന്തും സഹിച്ചും അവര്‍ ബുള്ളറ്റ് കൊണ്ടുനടക്കും. ക്രോം പ്ലേറ്റിങ്ങിന് തകരാറുണ്ടാകുമെന്ന് പേടിച്ച് മഴയത്ത് ബുള്ളറ്റ് ഓടിക്കാത്തവരുണ്ടെന്ന് അറിയുക.


2. ഉയര്‍ന്ന പരിപാലനച്ചെലവ്


ചെറിയ കാറിന്റെ ഒപ്പം വരും ബുള്ളറ്റിന്റെ പരിപാലനച്ചെലവ്. ഒരു കിലോമീറ്ററിന് ഒരു രൂപ കണക്കില്‍ സര്‍വീസിന് മുടക്കേണ്ടതായി വരും.


3. കുറഞ്ഞ ഗുണനിലവാരം


മുടക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള ബില്‍ഡ് ക്വാളിറ്റി ബുള്ളറ്റിനില്ല.  ഡിമാന്റ് വളരെ കൂടുതലായതുകൊണ്ടുതന്നെ ധൃതിപിടിച്ചാണ് ബുള്ളറ്റ് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണനിലവാരം നന്നേ കുറവാണ്. ഒന്നേ കാല്‍ ലക്ഷം രൂപയിലാണ് ബുള്ളറ്റ് വില ആരംഭിക്കുന്നത്. സമാന വിലയുള്ള മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബുള്ളറ്റിന്റെ നിര്‍മാണ നിലവാരം ബോധ്യമാകും.


4. തണുപ്പന്‍ പ്രകടനം


മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തിലും ബുള്ളറ്റ് ഓടിക്കാം. പക്ഷേ എന്‍ജിനു പണി വരും. ആദ്യത്തെ 2,000 കിലോമീറ്ററിനു ശേഷം പോലും ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്ത് തുടര്‍ച്ചയായി ബുള്ളറ്റ് ഓടിക്കരുതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഓടിച്ചാല്‍ എന്‍ജിന്റെ ആയുസ് കുത്തനെ കുറയും. ഏറെ സമയം ചെലവഴിച്ചുള്ള ലോങ് ട്രിപ്പുകള്‍ക്ക് മാത്രമേ ബുള്ളറ്റ് യോജിക്കൂ. പ്രകടനക്ഷമത ഏറെയുള്ള ഡ്യൂക്ക് , പള്‍സര്‍ , ഹോണ്ട സിബിആര്‍ 250 മോഡലുകള്‍ ഉള്ളപ്പോള്‍ , പൊലീസിന് ഉപയോഗിക്കാന്‍ ബുള്ളറ്റ് നല്‍കുന്നതിന്റെ യുക്തി ഇനിയും മനസിലാകുന്നില്ല.


5. കിട്ടാനുള്ള കാലതാമസം


ബുക്ക് ചെയ്തശേഷം ചുരുങ്ങിയത് മൂന്ന് മാസമെടുക്കും ബുള്ളറ്റ് കയ്യില്‍ കിട്ടാന്‍ . നിറത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെങ്കില്‍ കാത്തിരിപ്പ് സമയം വീണ്ടും കൂടും.


ഇതെല്ലാം അറിഞ്ഞിട്ടും ബുള്ളറ്റ് വാങ്ങാന്‍ അതിയായ ആഗ്രഹമുള്ളവര്‍ അത് തന്നെ വാങ്ങും. അതൊരിക്കലും പ്രായോഗികതയിലൂന്നിയ തീരുമാനം ആയിരിക്കില്ല. യുക്തിയെ തള്ളിക്കളയുന്ന ഒരു വികാരമാണവര്‍ക്ക് ബുള്ളറ്റ്. അതില്ലാത്തവര്‍ക്ക് ലോങ് ട്രിപ്പ് പോകാന്‍ പറ്റിയ വെറേ നല്ല മോഡലുകളുണ്ട്. ബജാജ് അവെഞ്ചര്‍, ബജാജ് പള്‍സര്‍ 220, പള്‍സര്‍ ആര്‍എസ് 200 മഹീന്ദ്ര മോജോ, ഹോണ്ട സിബിആര്‍ 250 ആര്‍ പോലുള്ളവ പരിഗണിക്കുക.


Related StoriesTOP