Home  >   Feature  >   Feature Details
ഗീയര്‍ലെസ് സ്കൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
മധു മധുരത്തില്‍
Posted on: Monday, Nov 21, 2016


ഗീയര്‍ലെസ് സ്കൂട്ടര്‍ പരിപാലിക്കേണ്ടതെങ്ങനെയെന്നും അതെങ്ങനെ സുരക്ഷിതമായി ഓടിക്കാമെന്നും വിവരിക്കുകയാണിവിടെ.


പുതിയ സ്കൂട്ടര്‍ വാങ്ങുന്ന ഏതൊരാളും ആദ്യം ചെയ്യേണ്ടകാര്യം അതിന്റെ ഉപയോഗക്രമം വിവരിക്കുന്ന കൈപ്പുസ്തകം ( ഓണേഴ്‍സ് മാന്വല്‍ ) വായിച്ച് മനസിലാക്കുക എന്നതാണ്. സ്കൂട്ടറിന്റെ പരിപാലനം സംബന്ധിച്ചും അത് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും അതില്‍ വിശദമായി പറഞ്ഞിട്ടുണ്ടാകും.


വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സര്‍വീസ് ഷെഡ്യൂള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ എന്‍ജിന്‍ ഓയില്‍ മാറുന്നതും സ്പാര്‍ക്ക് പ്ലഗ് വൃത്തിയാക്കുന്നതുമൊക്കെ എന്‍ജിന്റെ ആയുസ് കൂട്ടുന്നതിനൊപ്പം പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കും.


ടയറില്‍ കൃത്യമായ ആളവില്‍ വായു നിറയ്ക്കാന്‍ ശ്രദ്ധിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ടയറിലെ വായുമര്‍ദ്ദം പരിശോധിച്ച് കുറവുണ്ടെങ്കില്‍ നികത്തുക. ടയറിലെ വായുമര്‍ദ്ദം കുറവായിരിക്കുമ്പോള്‍ ഘര്‍ഷണം കൂടും, ഇത് ടയറിന് അമിത തേയ്മാനം ഉണ്ടാക്കും.


എന്‍ജിന്‍ പാര്‍ട്സുകള്‍ ശരിയാംവണ്ണം ഓടി അയയാന്‍ കുറച്ച് സമയമെടുക്കും. റണ്ണിങ് ഇന്‍ പീരിയഡ് എന്നാണിതിനെ വിളിക്കുന്നത്. ഈ സമയത്ത് നല്‍കുന്ന ശ്രദ്ധയാണ് എന്‍ജിന്റെ ആയുസ് നിര്‍ണ്ണയിക്കുക. ആദ്യ 500 കിലോമീറ്റര്‍ ദൂരം മണിക്കൂറില്‍ 45 കിലോമീറ്ററിലേറെ വേഗം എടുക്കാതിരിക്കുക. പെട്ടെന്ന് ആക്സിലറേറ്റര്‍ കൊടുക്കുകയും കുറയ്ക്കുകയും ചെയ്യുന്ന രീതിയും ഒഴിവാക്കുക. ക്രമാനുഗതമായി ആക്സിലറേറ്റര്‍ പ്രയോഗിച്ച് വേണം വേഗമെടുക്കാന്‍ .


പ്രഭാതത്തിലെ ആദ്യ സ്റ്റാര്‍ട്ടിങ്ങിന് ചോക്ക് വലിച്ച് വയ്ക്കുക. തണുത്തിരിക്കുന്ന എന്‍ജിലേയ്ക്ക് കൂടുതല്‍ അളവില്‍ ഇന്ധനം നല്‍കി സ്റ്റാര്‍ട്ടിങ് സുഗമമാക്കുന്ന ജോലിയാണ് ചോക്കിന്റേത്. എന്‍ജിന്‍ സ്റ്റാര്‍ട്ടായി അഞ്ച് സെക്കന്‍ഡ് ആകുമ്പോള്‍ ചോക്ക് ഓഫ് ചെയ്യുക. സ്റ്റാര്‍ട്ടായ ശേഷം ആക്സിലിറേറ്റര്‍ കൊടുത്ത് ഇരപ്പിക്കരുത്. ഇത് എന്‍ജിന്‍ ഘടകങ്ങള്‍ക്ക് അമിത തേയ്മാനമുണ്ടാക്കും. ഓയില്‍ എന്‍ജിന്‍ ഭാഗങ്ങളെല്ലാം വേണ്ടവിധം ലൂബ്രിക്കേറ്റ് ചെയ്യാന്‍ സാവകാശം കൊടുക്കുക. സ്റ്റാര്‍ട്ട് ചെയ്തശേഷം 20-30 സെക്കന്‍ഡ് ഇതിനായി കാത്ത് നില്‍ക്കുക. അതിനുശേഷം ഓടിച്ചുപോകാം.


മൂന്നു നാല് ആഴ്ചത്തേയ്ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ സ്കൂട്ടര്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ വച്ച് കവര്‍ ഇട്ട് മൂടി വയ്ക്കുക. ടയറുകളുടെ ഈടുനില്‍പ്പിനും പൊടിപിടിക്കാതെ സൂക്ഷിക്കുന്നതിനും ഇതു സഹായിക്കും.


ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മോട്ടോര്‍സൈക്കിളിന്റെ വേഗം സ്കൂട്ടറിലെടുക്കരുത്. മണിക്കൂറില്‍ 50 കിലോമീറ്ററില്‍ താഴെ വേഗമാണ് സ്കൂട്ടറുകള്‍ക്ക് യോജിച്ചത്. യാതൊരുകാരണവശാലും 60 കിലോമീറ്ററിലേറെ വേഗം എടുക്കരുത്. അത് യാത്ര അപകടം പിടിച്ചതാക്കും ഒപ്പം സ്കൂട്ടറിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ക്ക് അമിത തേയ്‍മാനവുമുണ്ടാക്കും.


വലുപ്പം കൂടിയ ടയറുകള്‍ ഉള്ള മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് ചെറിയ വീലുകളുള്ള സ്കൂട്ടറുകള്‍ക്ക് വളവ് വീശാനുള്ള കഴിവ് കുറവാണ്. അതിനാല്‍ വേഗം കുറച്ച് മാത്രം വളവുകള്‍ തിരിക്കുക.


ആക്സിലറേറ്റര്‍ കുറയ്ക്കുമ്പോള്‍ തന്നെ എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ സ്കൂട്ടറിന്റെ വേഗം നന്നായി കുറയും. ആക്സിലറേറ്റര്‍ പൂര്‍ണ്ണമായും കുറച്ചശേഷം ബ്രേക്ക് പ്രയോഗിക്കുക. മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ച് പ്രയോഗിക്കുക.


സ്കൂട്ടറില്‍ കയറുന്നതും ഇറങ്ങുന്നതും ഇടതുവശത്തുകൂടി ആയിരിക്കണം. ഇടതുവശത്ത് സൈഡ് സ്റ്റാന്‍ഡ് ഉള്ളതിനാല്‍ അതിന്റെ പിന്തുണ വണ്ടി അബദ്ധത്തില്‍ മറിയാതെയിരിക്കാന്‍ സഹായിക്കും.
Gearless Scooter Riding tips
ചുരിദാര്‍ ഷോള്‍ , സാരിത്തലപ്പ് എന്നിവ പറന്നുകിടക്കാത ഒതുക്കി വയ്ക്കുക. അവയെങ്ങാനും പിന്‍ചക്രത്തില്‍ കുരുങ്ങിയാലുണ്ടാകുന്ന അപകടം വളരെ വലുതായിരിക്കും.


മറുവശത്തുനിന്നുള്ള ട്രാഫിക് മറയ്ക്കുന്ന വളവുകളില്‍ നിര്‍ബന്ധനമായും ഹോണ്‍ അടിക്കുക. എതിരെ വരുന്നവര്‍ നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയണമല്ലോ.


ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാത്തതാണ് പലപ്പോഴും സ്കൂട്ടര്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നിങ്ങള്‍ ദിശ മാറാന്‍ പോകുന്നുവെന്ന് പിന്നാലെ വരുന്നവരെ അറിയിക്കണമെങ്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടേ മതിയാകൂ.


ട്രാഫിക് ബ്ലോക്കുകളില്‍ ഇടതുവശം ചേര്‍ന്നുള്ള ഓവര്‍ ടേക്കിങ് അപടകം നിറഞ്ഞതാണ്. മുന്നിലുള്ള കാറിന്റെയോ ബസിന്റെയോ ഡോര്‍ ഏതു നിമിഷവും തുറന്നേക്കാം എന്ന ചിന്ത മനസില്‍ വേണം.


വലുപ്പവും വേഗവും കൂടിയ വാഹനങ്ങള്‍ക്ക് വഴിയൊതുങ്ങിക്കൊടുക്കുക.


റബര്‍ ചെരിപ്പുകള്‍ ഇട്ട് സ്കൂട്ടര്‍ ഓടിക്കാതിരിക്കുക. അവയ്ക്ക് ഗ്രിപ്പ് കുറവായതിനാല്‍ നിലത്ത് നനവോ മണലോ ഉണ്ടെങ്കില്‍ കാല്‍ തെന്നി സ്കൂട്ടറുമായി തെന്നിവീണ് അപകടമുണ്ടാക്കും. ചെരിപ്പിന് നല്ല ഗ്രിപ്പുള്ള സോള്‍ ഉണ്ടായിരിക്കണം.


മഴയത്ത് റോഡിനു നടുവിലെ വര , മാന്‍ ഹോള്‍ മൂടി , ടൈല്‍ എന്നിവ ഏറെ തെന്നലുള്ളതായിരിക്കും. ഇവയ്ക്കുമീതെ സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക.


ഗീയര്‍ലെസ് സ്കൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അറിയേണ്ട കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവ താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോക്സിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ.


Related StoriesTOP