Home  >   Feature  >   Feature Details
സ്ത്രീകള്‍ ഗീയര്‍ലെസ് സ്കൂട്ടര്‍ വാങ്ങുമ്പോള്‍
മധു മധുരത്തില്‍
Posted on: Tuesday, Oct 18, 2016


ഗീയര്‍ലെസ് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.


1. ഉയരം നോക്കണം


നിങ്ങളുടെ ഉയരത്തിന് ഇണങ്ങുന്ന മോഡല്‍ തിരഞ്ഞെടുക്കുക. പൊക്കം കുറഞ്ഞവര്‍ സീറ്റ് ഉയരം കൂടിയ സ്കൂട്ടര്‍ വാങ്ങരുത്. സ്കൂട്ടറിലിരിക്കുമ്പോള്‍ രണ്ടുകാലുകളും നിലത്ത് കുത്താന്‍ കഴിയണം. അല്ലാത്തപക്ഷം ട്രാഫിക് സിഗ്നലിലും ബ്ലോക്കിലുമൊക്കെ സ്കൂട്ടര്‍ കൈകാര്യം ചെയ്യുന്നത് ആയാസരമാകും.


2. ശരീരപ്രകൃതത്തിനു യോജിച്ചതാണം


സ്കൂട്ടറില്‍ ഇരുന്ന് നിങ്ങളുടെ ശരീരപ്രകൃതത്തിനു അതുയോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വണ്ണം കൂടിവര്‍ മെലിഞ്ഞ രൂപമുള്ള സ്കൂട്ടര്‍ തിരഞ്ഞെടുക്കാതിരിക്കുന്നത് നല്ലത്. ഉദാ: ടിവിഎസ് സ്കൂട്ടി. അല്ലെങ്കില്‍ ഗണപതി എലിപ്പുറത്ത് ഇരിക്കുന്നതു പോലെയാകും. നന്നേ മെലിഞ്ഞവര്‍ക്ക് ഹോണ്ട ആക്ടിവ, ഹിറോ മയിസ്ട്രോ , ടിവിഎസ് ജൂപ്പിറ്റര്‍ , വെസ്പ പോലെയുള്ള വലുപ്പം കൂടിയ മോഡല്‍ ഇണങ്ങില്ല. സ്കൂട്ടര്‍ കാണാന്‍ പോകുമ്പോള്‍ കുടുംബാംഗത്തെയോ നല്ലൊരു സുഹൃത്തിനെയോ ഒപ്പം കൂട്ടുക. വണ്ടിയില്‍ നിങ്ങള്‍ ഇരിക്കുമ്പോള്‍ എങ്ങനെയുണ്ടെന്നുള്ള അഭിപ്രായം അറിയാമല്ലോ.


3. പ്രായത്തിനു ചേര്‍ന്ന മോഡല്‍


നാല്‍പ്പതിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ ഹോണ്ട ഡിയോയോ യമഹ റേസിയോ ഓടിച്ചുകൊണ്ടു പോകുന്നത് ഒന്ന് മനസില്‍ കണ്ടുനോക്കൂ. ആകെ ഒരു ചേര്‍ച്ചയില്ലായ്മ തോന്നുന്നില്ലേ. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രായത്തിനു ഇണങ്ങിയ മോഡല്‍ തിരഞ്ഞെടുക്കുക. ചെറുപ്പക്കാരികള്‍ക്കുള്ള മോഡലുകളാണ് ഹോണ്ട ഡിയോ, യമഹ റേ സി , ടിവിഎസ് സ്കൂട്ടി , സുസൂക്കി ലെറ്റ്സ് , ഹീറോ പ്ലഷര്‍ എന്നിവ.


4. സര്‍വീസ് സെന്റര്‍ അടുത്തുണ്ടാവണം


സ്കൂട്ടറിന്റെ ബ്രാന്‍ഡ് നന്നായിട്ടുമാത്രം കാര്യമില്ല, സര്‍വീസ് സെന്റര്‍ താമസസ്ഥലത്തിനു സമീപത്ത് ഉണ്ടായിരിക്കണം. സര്‍വീസിങ്ങിനും അറ്റകുറ്റപ്പണികള്‍ക്കുമായി ദൂരെയുള്ള സര്‍വീസ് സെന്ററില്‍ പോകുന്നത് ഏറെ സമയനഷ്ടവും സാമ്പത്തികച്ചെലവും ഉണ്ടാക്കും. വാഹനം സര്‍വീസ് ചെയ്യാന്‍ കൊടുത്തശേഷം തിരിച്ചുവരാന്‍ ബസ് സൗകര്യം ഉണ്ടോയെന്ന് കൂടി ശ്രദ്ധിക്കുക. 


5. വണ്ടി വാങ്ങാന്‍ പോകുമ്പോള്‍


വാഹനത്തിനൊപ്പം നമ്പര്‍ പ്ലേറ്റ് , റിയര്‍ വ്യൂ മിറര്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, ഹെല്‍മെറ്റ് എന്നിവ പ്രത്യേക വില ഈടാക്കാതെ നല്‍കണമെന്ന് ടൂവീലര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കേരള മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ സൗജന്യമായി ലഭിക്കുന്നുണ്ടെന്ന് ബില്ല് പരിശോധിച്ച് ഉറപ്പുവരുത്തുക. ടെഫ്ലോണ്‍ കോട്ടിങ് , പ്രത്യേക സംരക്ഷണ കവചം എന്നിവയൊക്കെ നല്ലതാണെന്ന് ഡീലര്‍ഷിപ്പ് ജീവനക്കാര്‍ പറയുമെങ്കിലും അവയൊക്കെ യഥാര്‍ഥത്തില്‍ പാഴ്‍ചെലവാണ്. നല്ല പകല്‍ വെളിച്ചമുള്ളപ്പോള്‍ വണ്ടി കൈപ്പറ്റുക, സ്കൂട്ടറിന്റെ ബോഡിയും ടയറുമൊക്കെ നന്നായി പരിശോധിക്കാന്‍ അതാണ് നല്ലത്.






Related Stories







TOP
Designed and developed by EGGS