Home  >   Feature  >   Feature Details
പുതിയ ബുള്ളറ്റ് ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍
അലന്‍ ഹാഷിം
Posted on: Monday, Oct 03, 2016


സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആരോഗ്യം കാത്ത് സൂക്ഷിയ്ക്കാനും റൈഡിങ് കൂടുതല്‍ സുരക്ഷിതമാക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.


1. വേഗം 50 കിമീയിലിലേറെ വേണ്ട


പുതിയ ബുള്ളറ്റിന്റെ എന്‍ജിന്‍ ഓടി തണുപ്പിക്കണം. അതായത് ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്‍ജിന്‍ ക്ലിയറന്‍സ് ശരിയാക്കുന്നതിനു വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്‍ജിന്‍ അമിതമായി ചൂടാകാനും അതിന്റെ ഘടകങ്ങള്‍ക്ക് ക്രമരഹിതമായ തേയ്‍മാനം ഉണ്ടാകാനും ഇടയാക്കും. ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ എന്‍ജിനു വിശ്രമം നല്‍കാനും ശ്രദ്ധിക്കുക. 500 കിമീ വരെ ആക്സിലറേറ്റര്‍ പകുതി വരെയേ കൊടുക്കാവൂ. 500-2000 കിമീ  വരെ 80 കിമീ/ മണിക്കൂറില്‍ താഴെ വേഗമാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍ദ്ദേശിക്കുന്നത്. 


2. പരമാവധി കിക് സ്റ്റാര്‍ട്ട് ഉപയോഗിക്കുക


ദിവസത്തെ ആദ്യ സ്റ്റാര്‍ട്ടിങ്ങിന് കിക് സ്റ്റാര്‍ട്ട് ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ സഹായിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനിന്ന ശേഷം മാത്രം ബുള്ളറ്റ് ഓടിക്കുക. 


3. വെറുതെ ഇരപ്പിക്കരുത്


ബുള്ളറ്റിന്റേത് എയര്‍ കൂള്‍ഡ് എന്‍ജിനാണെന്ന് അറിയാമല്ലോ. ഓടുമ്പോള്‍ എന്‍ജിന്റെ ബാഹ്യഭാഗത്ത് പതിക്കുന്ന കാറ്റാണ് അതിനെ തണുപ്പിയ്ക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റാര്‍ട്ട് ചെയ്ത് ക്ലച്ച് പിടിച്ചോ ന്യൂട്രലിലിട്ടോ വെറുതെ ആക്സിലറേറ്റര്‍ കൊടുത്ത് ഇരപ്പിക്കരുത്. എന്‍ജിന്‍ ഘടകങ്ങള്‍ക്ക് അമിതമായ തേയ്മാനം അതുണ്ടാക്കും. 


4. ബുള്ളറ്റ് റേസിങ്ങിനുള്ളതല്ല


മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തിലും ബുള്ളറ്റ് ഓടിക്കാം. പക്ഷേ ഇതൊരു സ്പോര്‍ട്സ് ബൈക്കല്ല എന്ന കാര്യം ഓര്‍മ വേണം. ആദ്യത്തെ 2,000 കിലോമീറ്ററിനു ശേഷം പോലും ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്ത് തുടര്‍ച്ചയായി ബുള്ളറ്റ് ഓടിക്കരുതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഓടിച്ചാല്‍ എന്‍ജിന്റെ ആയുസ് കുത്തനെ കുറയും.


5. തുരുമ്പിനെ സൂക്ഷിക്കുക


ബുള്ളറ്റ് ഘടകങ്ങള്‍ പെട്ടെന്ന് തുരുമ്പ് പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ സദാ കഴുകി തുടച്ച് ബുള്ളറ്റ് സൂക്ഷിക്കുക. കവര്‍ ഇട്ട് വണ്ടി മൂടി വയ്ക്കുന്നത് കൂടുതല്‍ നല്ലത്.
Classic 350 


6. അറ്റകുറ്റപ്പണികള്‍ പഠിക്കുക


ബുള്ളറ്റിന് ഇടയ്ക്കിടെ ചെറിയ പണികള്‍ വേണ്ടി വരും. തകരാര്‍ പരിഹരിക്കാന്‍ വര്‍ക്ക്ഷോപ്പില്‍ പോകുമ്പോള്‍ മെക്കാനിക് ചെയ്യുന്നത് സൂഷ്മമായി കണ്ട് മനസിലാക്കുക. ഇതേ തകരാര്‍ വീണ്ടും വന്നാല്‍ സ്വയം തീര്‍ക്കാമല്ലോ. 


7.ബ്രേക്ക് അത്ര പോര


സാധാരണ ബൈക്കിന്റേതുപോലെയുള്ള ബ്രേക്ക് കാര്യക്ഷമത ബുള്ളറ്റിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കരുത്. പെട്ടെന്നു വേഗമെടുക്കാന്‍ കഴിയാത്തതുപോലെ ബ്രേക്കിട്ടാല്‍ പെട്ടെന്നു നില്‍ക്കാനും ബുള്ളറ്റിനു കഴിയില്ല. അതു മനസിലാക്കി വേണം തുടക്കക്കാര്‍ ബുള്ളറ്റ് കൈകാര്യം ചെയ്യാന്‍ . മുന്‍ഭാഗം ഇടിച്ചാല്‍ ഫോര്‍ക്ക് സസ്പെന്‍ഷനു കോട്ടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. അവ മാറി വയ്ക്കുന്നത് ചെലവേറിയ കാര്യം തന്നെ.


8. പാര്‍ക്ക് ചെയ്യുമ്പോള്‍


ഭാരം കൂടുതലുള്ളതിനാല്‍ ബുള്ളറ്റ് നല്ല ഉറപ്പുള്ള പ്രതലത്തില്‍ വേണം പാര്‍ക്ക് ചെയ്യാന്‍ . മറിഞ്ഞുവീണാല്‍ വണ്ടിയുടെ പല ഭാഗങ്ങള്‍ക്കും കേടുപറ്റും.


9. വള്ളിച്ചെരിപ്പ് ഇട്ട് വണ്ടി ഓടിക്കരുത്


മണലോ ചെളിയോ നിലത്തുണ്ടെങ്കില്‍ ചവിട്ടുമ്പോള്‍ വള്ളിച്ചെരിപ്പ് തെന്നി ബുള്ളറ്റുമായി മറിയാന്‍ ഇടവരും. പ്രത്യേകിച്ചും പൊക്കം കുറഞ്ഞവര്‍ . ഷൂസ് അല്ലെങ്കില്‍ ബാക്ക് സ്ട്രാപ്പ് ഇട്ട് മുറുക്കാവുന്ന തരം ചെരിപ്പ് ഉപയോഗിക്കുക. ഹെല്‍മെറ്റ് നിര്‍ബന്ധമായും ഉപയോഗിക്കുക.


10. മോഡിഫിക്കേഷന്‍ നടത്തുമ്പോള്‍


എക്സോസ്റ്റിലും മറ്റുമുള്ള മോഡിഫിക്കേഷന്‍ പുതിയ ബുള്ളറ്റിന്റെ എന്‍ജിന്‍ വാറന്റി ഇല്ലാതാക്കും. ഒരു വര്‍ഷം അല്ലെങ്കില്‍ 10,000 കിമീ ആണ് കമ്പനി നല്‍കുന്ന വാറന്റി. റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന കസ്റ്റമൈസേഷന്‍ പാര്‍ട്സ് ഉപയോഗിച്ചാല്‍ ഈ പ്രശ്നമില്ല. കൃത്യമായ ഇടവേളകളില്‍ ബുള്ളറ്റ് സര്‍വീസ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വാഹനത്തോടൊപ്പം ലഭിക്കുന്ന കൈപ്പുസ്തകത്തിലുണ്ട്.






Related Stories







TOP

Car Bike








Designed and developed by EGGS