Home  >   Feature  >   Feature Details
ബൈക്ക് മോഷണം തടയാന്‍
ഡോണ്‍ ഡൊമിനിക് കുര്യന്‍
Posted on: Monday, Sep 05, 2016


ബൈക്ക് മോഷണം പോകുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഉറ്റ ചങ്ങാതിയോ കുടംബത്തിലെ ആരെങ്കിലുമോ നമ്മെ വിട്ടുപിരിഞ്ഞാലുണ്ടാകുന്നത്ര ദുഃഖം അതുണ്ടാക്കും. പൊലീസില്‍ പരാതിപ്പെട്ട് ബൈക്ക് വീണ്ടെടുക്കുന്നതൊന്നും എളുപ്പമല്ല. കണ്ടുകിട്ടിയാല്‍ തന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വണ്ടി തിരികെ കിട്ടുമ്പോള്‍ വല്ലാത്ത പരുവത്തിലായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ബൈക്ക് മോഷണം പോകാതെയിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുകയാണ് വേണ്ടത്. 


1. ഹാന്‍ഡില്‍ ലോക്ക് ഇടാന്‍ മറക്കരുത് 


പ്രൊഫഷണല്‍ കള്ളന്മാരെ സംബന്ധിച്ചിടത്തോളം ഹാന്‍ഡില്‍ ലോക്ക് തകര്‍ക്കുക നിസാരമാണെങ്കിലും അതിനു കൂടി മിനക്കെടുക്കുന്നത് മോഷണശ്രമം വൈകിക്കും. ആരുടെയെങ്കിലും ശ്രദ്ധയില്‍ അത് പെട്ടാല്‍ മോഷണം തടയാനുമാകും. സാധാരണ കള്ളന്മാരെ അകറ്റാന്‍ ഹാന്‍ഡില്‍ ലോക്ക് തന്നെ ധാരാളം. അതുകൊണ്ടുതന്നെ ബൈക്ക് പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡില്‍ ലോക്ക് നിര്‍ബന്ധമായും ഇടുക. 


2. വിവിധതരം പൂട്ടുകള്‍


കുറച്ച് പണിപ്പെട്ടാലേ ഈ വണ്ടി മോഷ്ടിക്കാനാവൂ എന്നൊരു തോന്നല്‍ കള്ളന്റെ മനസില്‍ ഉണ്ടാക്കാന്‍ കഴിയണം. അതിനായി വിവിധ തരം പൂട്ടുകള്‍ ഉപയോഗിക്കുയാണ് നല്ല മാര്‍ഗം. താഴെ പറയുന്നവയില്‍ രണ്ടെണ്ണമെങ്കിലും ഉപയോഗിക്കുന്നത് നന്ന്.


വയര്‍ / കേബിള്‍ ലോക്ക്


സൈക്കിളിന് ഉപയോഗിക്കുന്ന ലോക്കിന് സമാനമാണിത്. മുന്നിലെ വീലും ഫ്രെയിമും ചേര്‍ത്ത് ലോക്ക് ചെയ്യുക. നിലവാരമുള്ള ബ്രാന്‍ഡുകളുടെ വയര്‍ ലോക്കിന് 500 രൂപയോളം മുടക്കണം.
Wirelock 


ആന്റി തെഫ്ട് സെക്യൂരിറ്റി സിസ്റ്റം


കാറുകള്‍ക്കുള്ളതുപോലെ അലാം മുഴക്കുന്ന ആന്റി തെഫ്ട് സെക്യൂരിറ്റി സിസ്റ്റം ബൈക്കുകള്‍ക്കും ലഭ്യമാണ്. ബൈക്കിന് അനക്കം തട്ടിയാലുടന്‍ ശബ്ദം പുറപ്പെടുവിക്കും ഈ സംവിധാനം. ഇത് കള്ളന്മാരെ അകറ്റും. റൂട്ട്സ് , സീനോസ് ബ്രാന്‍ഡുകളാണ് കൂടുതല്‍ വിശ്വസനീയം. വില : റൂട്ട്സ് ഗ്ലാഡിയേറ്റര്‍ 2 - 1,550 രൂപ, സീനോസ് - 849 രൂപ.
ഫോര്‍ക്ക് ലോക്ക്
മുന്നിലെ ഫോര്‍ക്ക് സസ്പെന്‍ഷനുമായാണ് ഇത് ഘടിപ്പിക്കുക. ലോക്കിട്ടാല്‍ പിന്നെ മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ ബൈക്ക് ഉരുട്ടാനാവില്ല. വാഹനത്തില്‍ സ്ഥിരമായി ഉറപ്പിക്കാവുന്നതിനാല്‍ ലോക്ക് പ്രത്യേകം കൊണ്ടുനടക്കേണ്ടതുമില്ല. നിങ്ങളുടെ ബൈക്കിന്റെ ഫോര്‍ക്കിന് യോജിക്കുന്ന ലോക്ക് പ്രത്യേകം തിരഞ്ഞെടുക്കുക. വില 408 രൂപ.


ഡിസ്ക് ലോക്ക്


മുന്‍ചക്രത്തിന് ഡിസ്ക് ബ്രേക്കുള്ള ടൂവീലറുകള്‍ക്ക് ഇത് ഉപയോഗിക്കാം. വലുപ്പം കുറവായതിനാല്‍ കൊണ്ടുനടക്കാന്‍ എളുപ്പമാണ്. ഡിസ്ക് ബ്രേക്കിന്റെ ദ്വാരങ്ങളിലാണ് ഇത് ഇടുക. മറവി കൂടുതലായുള്ളവര്‍ അലാം ഉള്ളതരം ഡിസ്ക് ലോക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. ലോക്ക് എടുക്കാന്‍ മറന്ന് വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചാല്‍ അലാം കേള്‍ക്കും. അലാം ഉള്ള ലോക്കിന് 2,000 രൂപയാണ് വില. സാധാരണയ്ക്ക് 500 രൂപ.


ജിപിഎസ് ട്രാക്കര്‍


വാഹനം മോഷ്ടിച്ചാല്‍ വിവരം എസ്എംഎസ് മുഖേന ലഭിക്കും. കൂടാതെ വാഹനത്തിന്റെ സ്ഥാനം മൊബൈല്‍ ആപ്പില്‍ കൂടി ലൊക്കേറ്റ് ചെയ്യാനുമാകും.വില 1920 രൂപ.

പാര്‍ക്ക് ചെയ്യുമ്പോള്‍


വെളിച്ചം കുറഞ്ഞ അധിക ആളനക്കമില്ലാത്ത സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്യരുത്. റെയില്‍വേ, ബസ് സ്റ്റേഷനുകളിലെ പാര്‍ക്കിങ് ഏരിയയില്‍ ദിവസങ്ങളോളം ബൈക്ക് വയ്ക്കാതിരിക്കുക. വാഹനമോഷ്ടാക്കളുടെ നോട്ടം കൂടുതല്‍ പതിയുന്ന ഇടങ്ങളാണവ.
Bike Parking lot
ഷോപ്പിങ് സെന്റുകളുടെ പാര്‍ക്കിങ് ഏരിയയിലെ സെക്യൂരിറ്റിയെ വിശ്വസിച്ച് വണ്ടി പാര്‍ക്ക് ചെയ്യരുത് വണ്ടി മോഷണം പോയാല്‍ അവര്‍ കൈമലര്‍ത്തും. പണം നല്‍കി പാര്‍ക്ക് ചെയ്യുന്നിടത്ത് അല്‍പ്പം കൂടി സുരക്ഷ ലഭിക്കുമെന്നു കരുതാം. ദിവസങ്ങളോളം വണ്ടി എടുക്കാതെ വീട്ടില്‍ വയ്ക്കുന്നുണ്ടെങ്കില്‍ നല്ല കട്ടിയുള്ള ചെയിനിട്ട് തൂണുമായി ചേര്‍ത്ത് ലോക്ക് ചെയ്യുക. 


ഇന്‍ഷുറന്‍സ് പുതുക്കാന്‍ മറക്കരുത്


ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ ശ്രദ്ധിക്കുക. ഇനിയെങ്ങാനും ബൈക്ക് മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമല്ലോ. പഴക്കമുള്ള ബൈക്കുകള്‍ക്ക് കിട്ടുന്ന ക്ലെയിം തുക കുറവായിരിക്കാം. പക്ഷേ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലേ എഫ്ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് താല്‍പ്പര്യം കാണിക്കൂ.


അടയാളം ഇടുക


ബൈക്കിന്റെ പ്രധാന ഭാഗങ്ങളില്‍ ചില അടയാളങ്ങള്‍ ഇടുക. പേര് , ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, ജനനതീയതി എന്നിവയൊക്കെ അടയാളമായി രേഖപ്പെടുത്താം. ഇവ പെട്ടെന്നൊന്നും മായിക്കാന്‍ കഴിയരുത്. പാര്‍ട്സായോ വണ്ടി മൊത്തമായോ വില്‍ക്കാന്‍ ഇത്തരം അടയാളങ്ങള്‍ തടസമാകും. മോഷ്ടാക്കള്‍ ഇത്തരം വണ്ടികള്‍ ഉപേക്ഷിക്കും. മോഷണം പോയാല്‍ തന്നെ ബൈക്ക് കണ്ടുപിടിക്കാനും അത്തരം അടയാളങ്ങള്‍ സഹാകമാകും.


ആരും കാണരുത്


ബൈക്ക് കാണുമ്പോഴാണ് കള്ളന് അത് തട്ടിയെടുക്കാന്‍ മോഹമുണ്ടാക്കുക. അതിനാല്‍ ബൈക്ക് പാര്‍ക്ക് ചെയ്യുമ്പോള്‍ കവര്‍ കൊണ്ട് മൂടുക. ഇത് വണ്ടി പൊടിപിടിക്കാതെ നോക്കാനും സഹായിക്കും. വാഹനകമ്പനിയുടെ പേര് പതിച്ച കവര്‍ ഉപയോഗിക്കാതിരിക്കുന്നത് നല്ലത്. 


രഹസ്യ സ്വിച്ച്


ഇഗ്നീഷന്‍ സര്‍ക്യൂട്ടില്‍ ഇഗ്നീഷന്‍ കീ കൂടാതെ മറ്റൊരു സ്വിച്ച് കൂടി രഹസ്യമായി ഉറപ്പിക്കുക. ഇത് കൂടി പ്രവര്‍ത്തിപ്പിച്ചാലേ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനാകാവൂ. ഇഗ്നീഷന്‍ കീയിലേയ്ക്കുള്ള വയര്‍ മുറിച്ച് കൂട്ടിമുട്ടിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ തടയാം.


ടെസ്റ്റ് ഡ്രൈവിനു കൊടുക്കുമ്പോള്‍


വണ്ടി വില്‍ക്കാന്‍ പരസ്യം ചെയ്തിട്ടുണ്ടെങ്കില്‍ വാങ്ങാനെത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് വാങ്ങി പരിശോധിച്ചശേഷം മാത്രം ടെസ്റ്റ് ഡ്രൈവിനു നല്‍കുക. വണ്ടി ഓടിച്ചുനോക്കാന്‍ പോയി അതുമായി മുങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.


ബൈക്ക് മോഷണം തടയാന്‍ സഹായിക്കുന്ന വേറെയും പൊടിക്കൈകള്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കാം. അവ താഴെ കൊടുത്തിരിക്കുന്ന കമന്റ് ബോകിസ്ല്‍ എഴുതി മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ. ഈ ഫീച്ചര്‍ ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യാനും ശ്രദ്ധിക്കുമല്ലോ.


Related StoriesTOP