Home  >   Tips and Tricks  >   Tips and Tricks Details
ടയര്‍ പൊട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
മധു മധുരത്തില്‍
Posted on: Thursday, Mar 02, 2017   2:00 PM



ചൂടുകാലത്ത് വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്. ഉയര്‍ന്ന വേഗത്തിലുള്ള ഹൈവേ യാത്രകളില്‍ ടയര്‍ പൊട്ടിയാല്‍ അത് വന്‍ ദുരന്തത്തിനു ഇടയാക്കും. ടയര്‍ പൊട്ടാനുള്ള കാരണങ്ങളും അങ്ങനെ സംഭവിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളും മനസിലാക്കുക.


ടയറില്‍ മതിയായ അളവില്‍ കാറ്റു നിറയ്ക്കാത്തതാണ് ടയര്‍ പൊട്ടാനുള്ള പ്രധാന കാരണം. ടയറില്‍ കുറഞ്ഞ അളവില്‍ മാത്രം കാറ്റുള്ളപ്പോള്‍ അത് റോഡ് പ്രതലത്തില്‍ അത് കൂടുതല്‍ പരന്നുകിടക്കും. ഇത് കൂടുതല്‍ ഘര്‍ഷണമുണ്ടാക്കുന്നതിനാല്‍ ടയര്‍ ചൂടായി പൊട്ടിപ്പോകാന്‍ ഇടയാകും. വാഹനത്തില്‍ അമിതമായി ഭാരം കയറ്റുന്നതും ടയറിനു തകരാറുണ്ടാക്കും. കുറഞ്ഞ നിലവാരമുള്ളതോ തേയ്മാനം വന്നതോ ആയ ടയറുകളാണ് മറ്റൊരു കാരണം. ഓരോ ടയറിനും നിശ്ചിത പരമാവധി വേഗമുണ്ട്. അതില്‍ കൂടുതല്‍ ആയാല്‍ ചൂട് കൂടി ടയര്‍ പൊട്ടാനിടയാകും.


മുന്‍കരുതലുകള്‍


1.ടയറില്‍ വിള്ളലോ മുഴപ്പോ ഇല്ലെന്നു യാത്രയ്ക്ക് മുമ്പ് ഉറപ്പാക്കുക.


2. ടയറിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ചൈനീസ് കമ്പനികളുടെ വിലക്കുറവുള്ള ടയറുകള്‍ വാങ്ങാതിരിക്കുക.


3. ടയറിന്റെ ത്രെഡുകള്‍ക്ക് കുറഞ്ഞത് 1.6 മിമീ കനം ഉണ്ടായിരിക്കണം.


4. വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ടയറില്‍ കാറ്റു നിറയ്ക്കുക. ടയറിലെ കാറ്റ് പരിധിയില്‍ കൂടുതലോ കുറവോ ആയിരിക്കരുത്.


5. നാലുവരിപാതയിലായാലും മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗം എടുക്കാതിരിക്കുക.


ടയര്‍ പൊട്ടിയാല്‍


ടയര്‍ പൊട്ടുമ്പോഴുണ്ടാകുന്ന അങ്കലാപ്പില്‍ ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്ത് ബ്രേക്ക് ചവിട്ടാനാണ് സ്വഭാവികമായും ശ്രമിക്കുക. എന്നാല്‍ അത് വാഹനത്തിന്റെ നിയന്ത്രണം തെറ്റിച്ച് വലിയ അപകടമുണ്ടാക്കാന്‍ ഇടയാക്കും. ടയര്‍ പൊട്ടുന്ന അവസരത്തില്‍ പേടി തോന്നുമെങ്കിലും മനസാന്നിധ്യം കഴിവതും പെട്ടെന്നു വീണ്ടെടുക്കുക.


സ്റ്റിയറിങ്ങില്‍ 10-2 പൊസിഷനില്‍ കൈകള്‍ രണ്ടും പിടിക്കുക. ആക്സിലറേറ്റര്‍ പ്രയോഗിച്ച് തന്നെ മുന്നോട്ട് നീങ്ങുക. ഇത് വാഹനത്തിന്റെ ദിശമാറാതിരിക്കാന്‍ സഹായിക്കും. സ്റ്റിയറിങ്ങ് വേണ്ടവിധം നിയന്ത്രിച്ച് വാഹനം പാളാതെ നേരെ കൊണ്ടുപോകുക. വണ്ടി എതെങ്കിലും വശത്തേയ്ക്ക് പാളുന്നുണ്ടെങ്കില്‍ അതിനു എതിര്‍ വശത്തേയ്ക്ക് സ്റ്റിയറിങ് തിരിച്ച് നേരെയാക്കുക. സ്റ്റിയറിങ് തിരിക്കുന്നതും മയത്തില്‍ വേണം. അല്ലെങ്കില്‍ വാഹനം പാളിമറിയാനിടയാകും. ഗീയറുകള്‍ ഒന്നൊന്നായി ഡൗണ്‍ ചെയ്ത് ആക്സിലറേറ്റര്‍ കുറച്ച് വേഗം ക്രമാനുഗതമായി കുറച്ച് നിരപ്പായ സൈഡിലേയ്ക്ക് വാഹനത്തെ നീക്കുക. ടേണ്‍ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഇനി സാവധാനം ബ്രേക്ക് പ്രയോഗിച്ച് വാഹനം പൂര്‍ണ്ണമായി നിശ്ചലമാക്കാം.




Related Stories







TOP