Home  >   Tips and Tricks  >   Tips and Tricks Details
ഹോണ്‍ ഒ കെ പ്ലീസ്
മധു മധുരത്തില്‍
Posted on: Friday, Jan 13, 2017   11:00 AM



ഹോണ്‍ ഒ കെ പ്ലീസ് ആണ് ശരി. അനാവശ്യമായി അതുപയോഗിക്കുമ്പോഴാണ് ഹോണ്‍ നോട്ട് ഒ കെ ആകുന്നത്. ഡ്രൈവിങ്ങില്‍ സുരക്ഷ ഉറപ്പാക്കുന്ന പ്രധാനമായ ഉപകരണമാണ് ഹോണ്‍ . ശരിയായ സമയത്തുള്ള ഹോണ്‍ സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളെ ഒഴിവാക്കും. ഹോണടിയ്ക്കേണ്ടത് എവിടെയൊക്കെയാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.


വിദ്യാലയങ്ങള്‍ , ആശുപത്രികള്‍ , ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് സമീപം ഹോണ്‍ അടിക്കുന്നവരെ മരമണ്ടന്മാരെന്നാണ് വിളിക്കേണ്ടത്. രോഗാവസ്ഥയില്‍ കിടക്കുന്നവര്‍ക്ക് ഹോണടി ശബ്ദം എത്ര ആരോജകമായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. റോഡ് സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിക്കൊണ്ട് ഡ്രൈവ് ചെയ്യുക. ഹോണടി നിരോധിച്ചുകൊണ്ടുള്ള സൈന്‍ ബോര്‍ഡുകളെ അനുസരിക്കുക.
No Horn
ഇനി മറ്റൊരു കൂട്ടരുണ്ട്. ട്രാഫിക് സിഗ്നലില്‍ പച്ച കത്തുമ്പോള്‍ ഹോണ്‍ മുഴക്കുന്നവര്‍. മുന്നിലുള്ള വാഹനത്തിലിരിക്കുന്നവര്‍ക്കും കാഴ്ചശക്തിയുണ്ടെന്നും അവര്‍ക്കും പെട്ടെന്ന് മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ടെന്നും മനസിലാക്കുക. അപ്പോള്‍ പിന്നെ എന്തിനു ഹോണടിച്ച് മറ്റുള്ളവരുടെ ചെവി പൊട്ടിക്കണം?


ട്രാഫിക് തടസം നേരിട്ടാല്‍ ഒന്നും നോക്കാതെ ഹോണടിക്കുകയല്ല വേണ്ടത്. റോഡില്‍ പണി നടക്കുന്നതുകൊണ്ടോ അപകടം സംഭവിച്ചതുകൊണ്ടോ ആകാം മുന്നിലുള്ള വാഹനങ്ങള്‍ സാവധാനം നീങ്ങുകയോ നിശ്ചലമായി കിടക്കുകയോ ചെയ്യുന്നത്.


സൈക്കില്‍ യാത്രക്കാരുടെയോ കാല്‍നടയാത്രക്കാരുടെയോ തൊട്ടടുത്ത് ചെന്ന് നീട്ടി ഹോണടിക്കാതിരിക്കുക. പെട്ടെന്ന് ഹോണടിശബ്ദം കേട്ട് ഞെട്ടി അവര്‍ റോഡിലേയ്ക്ക് കയറാന്‍ സാധ്യതയുണ്ട്.


റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്നവരെ ഹോണടിച്ച് പേടിപ്പിക്കുന്നത് മാന്യതയല്ല. വാഹനം നിര്‍ത്തിയോ വേഗം കുറച്ചോ റോഡ് ക്രോസ് ചെയ്യാന്‍ അവര്‍ക്ക് അവസരമൊരുക്കുക.


ഹോണ്‍ അടിയ്ക്കേണ്ട സാഹചര്യങ്ങള്‍


റോഡ് കാഴ്ച തടസ്സപ്പെടുന്ന വളവുകളില്‍ പകല്‍ സമയത്ത് ഹോണ്‍ മുഴക്കണം. വളവുകളില്‍ വേഗം കുറച്ച് പോകണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം മനസിലാക്കിക്കൊടുക്കാന്‍ ഹോണടിയ്ക്ക് കഴിയും. ഇത് വാഹനം വേഗം കുറച്ച് കൂടുതല്‍ സൈഡ് ചേര്‍ത്ത് ഓടിച്ചുവരാന്‍ എതിരെയുള്ള ഡ്രൈവറെ പ്രേരിപ്പിക്കും. രാത്രിയില്‍ വളവുകളില്‍ ഹെഡ് ലൈറ്റ് ബ്രൈറ്റ് മോഡില്‍ പ്രകാശിപ്പിച്ച് എതിരെ വരുന്നവര്‍ക്ക് സൂചന നല്‍കുക.


ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുകയാണ് നിങ്ങള്‍ . റോഡില്‍ ചെറിയൊരു കയറ്റവുമുണ്ട്. മുന്നിലെ വാഹനം ഓടിക്കുന്നയാള്‍ അശ്രദ്ധമായി ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്യുകയും വണ്ടി പിന്നിലേയ്ക്ക് ഉരുണ്ടുവരുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ ഹോണില്‍ കൈ അമര്‍ത്തിപ്പിടിച്ച് മുന്നിലുള്ള ഡ്രൈവര്‍ക്ക് സൂചന നല്‍കുക.
Horn OK Please
പൊതുവേ ട്രക്കിന്റെ ഡ്രൈവിങ് പൊസിഷന്‍ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ അതിലിരിക്കുന്ന ഡ്രൈവര്‍ ഇടയ്ക്കിടെയെല്ലാം റിയര്‍ വ്യൂ മിറര്‍ നോക്കിയില്ലെങ്കില്‍ ചെറിയ കാറുകള്‍ ശ്രദ്ധയില്‍ പെടില്ല. എല്ലായിപ്പോഴും എല്ലാ ഡ്രൈവര്‍മാരും ശ്രദ്ധാലുക്കളായിരിക്കുമെന്ന് പറയാനാവില്ല. അതിനാല്‍ ട്രക്ക് , ബസ് പോലുള്ള വലിയ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യും മുമ്പ് ചെറുതായി ഹോണ്‍ മുഴക്കി ഡ്രൈവര്‍ക്ക് സൂചന നല്‍കുക. അത് ഗൌനിച്ചില്ലെങ്കില്‍ അല്‍പ്പം നീട്ടിത്തന്നെ ഹോണ്‍ അടിക്കുക. അനുകൂലമായ റോഡ് സാഹചര്യങ്ങളില്‍ മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.


മുന്നിലെ വാഹനം പെട്ടെന്ന് വേഗം കുറയ്ക്കുക, ഇടത്തേയ്ക്കോ വലത്തേയ്ക്കോ യാതൊരു സൂചനയും നല്‍കാതെ തിരിയുക, അഹങ്കാരത്തോടെ ഓവര്‍ടേക്ക് ചെയ്ത വാഹനം  നിങ്ങളുടെ വാഹനത്തിന് അഭിമുഖമായി എത്തുക , പ്രധാനറോഡിലൂടെ പോകുന്ന നിങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് ഇടവഴിയില്‍ നിന്ന് വാഹനം പാഞ്ഞുവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ യാതൊരു പരിഗണനയും കൂടാതെ നീട്ടി ഹോണ്‍ അടിക്കുക തന്നെ വേണം. മറ്റേ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മനസിലാകണല്ലോ അയാള്‍ തെറ്റ് പ്രവര്‍ത്തിച്ചുവെന്ന്.


വളരെ അത്യാവശ്യ കാര്യത്തിന് വേഗത്തില്‍ പോകേണ്ട സാഹചര്യങ്ങളില്‍ ഹോണ്‍ മുഴക്കി മറ്റുള്ള വാഹനങ്ങളെ വഴിയൊതുക്കാന്‍ പ്രേരിപ്പിച്ച് മുന്നോട്ട് പോകാം. യാതോരുകാരണവശാലും മറ്റുള്ളവരെ കബളിപ്പിച്ച് വേഗത്തില്‍ പോകാന്‍ ഹോണ്‍ അടിയ്ക്കരുത്.


മുന്നിലെ വാഹനത്തിന്റെ ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നതായി കണ്ടാല്‍ ഓവര്‍ടേക്ക് ചെയ്യും മുമ്പ് നീട്ടി ഹോണടിച്ച് സൂചന നല്‍കുക.


സൈക്കിള്‍ യാത്രികരെ കണ്ണില്‍ പെട്ടാല്‍ 100 മീറ്റര്‍ അകലെ നിന്നേ ചെറിയ ഹോണ്‍ മുഴക്കി നിങ്ങളുടെ വാഹനത്തിന്റെ വരവറിയിക്കുക. കാറിന്റെ ഉയര്‍ന്ന വേഗമുണ്ടാക്കുന്ന കാറ്റ് സൈക്കിലിന്റെ ബാലന്‍സ് ചെറുതായി തെറ്റിക്കും. ചെറിയ ഹോണടി കേള്‍ക്കുമ്പോള്‍ സൈക്കിള്‍ യാത്രക്കാരന്‍  ഹാന്‍ഡില്‍ ക്രമീകരിച്ച് കൂടുതല്‍ ബാലന്‍സ് നേടിക്കൊള്ളും.


ഫോണില്‍ സംസാരിച്ച് റോഡ് കുറകെ കടക്കുന്നവര്‍ക്ക് ഒട്ടും ശ്രദ്ധയുണ്ടാകില്ല. അത്തരക്കാരെ കണ്ടാല്‍ ഹോണടിച്ച് സൂചന നല്‍കാന്‍ മറക്കരുത്.



Related Stories







TOP

Designed and developed by EGGS