Home  >   Tips and Tricks  >   Tips and Tricks Details
മിടുക്കരായ ഡ്രൈവര്‍മാര്‍ ചെയ്യാത്ത കാര്യങ്ങള്‍
ഐപ്പ് കുര്യന്‍
Posted on: Saturday, Jul 16, 2016   10:00 AMഡ്രൈവിങ്ങിലെ മികവ് അനുഭവസമ്പത്ത് കൊണ്ട് ലഭിക്കുന്നതാണ്. വളരെ പ്രാവീണ്യമുള്ള ഡ്രൈവര്‍ ഇനിപ്പറയുന്ന അബദ്ധങ്ങള്‍ കാണിക്കാറില്ല.


1. ഇറക്കം ന്യൂട്രലടിക്കുക


ഇന്ധനലാഭം കിട്ടും എന്നൊക്കെ പറഞ്ഞാണ് പലരും ഇറക്കം ന്യൂട്രലില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇത് ഡ്രൈവിങ്ങിന്റെ സുരക്ഷ ഇല്ലാതാക്കും. കയറ്റം കയറാന്‍ ഉപയോഗിച്ച ഗീയറില്‍ തന്നെ വേണം അതേ കയറ്റം ഇറങ്ങാനും. ഗീയറിലായിരിക്കുമ്പോള്‍ എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ വാഹനത്തിന്റെ വേഗം കുറയ്ക്കാനാവും.
Gear Lever
ഇറക്കത്തില്‍ ന്യൂട്രലിലിടുന്നത് മൂലം ബ്രേക്കുകള്‍ അമിതമായി ചൂടാകുകയും ബ്രേക്ക് പിടുത്തം കിട്ടാത്ത സാഹര്യമുണ്ടാകുകയും ചെയ്യും. യാതൊരു കാരണവശാലും എന്‍ജിന്‍ ഓഫ് ചെയ്ത് ന്യൂട്രലില്‍ ഇറക്കം ഇറങ്ങരുത്. എന്‍ജിന്‍ ഓഫായിരിക്കുമ്പോള്‍ പവര്‍ സ്റ്റിയറിങ്ങും പവര്‍ ബ്രേക്കുമൊന്നും പ്രവര്‍ത്തിക്കില്ല. ഫലത്തില്‍ ഇത് വലിയ അപകടമുണ്ടാക്കും.


2. ക്ലച്ചും ബ്രേക്കും ഉപയോഗിച്ച് വേഗം കുറയ്ക്കുക


ക്ലച്ചും ബ്രേക്കും ഉപയോഗിച്ചു മാത്രം വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഗീയര്‍ ആവശ്യമാം വിധം ഡൌണ്‍ ചെയ്ത് എന്‍ജിന്‍ ബ്രേക്കിങ് കൂടി നടത്തിയില്ലെങ്കില്‍ വാഹനം നിശ്ചലാവസ്ഥതയിലെത്താന്‍ വൈകും. ബ്രേക്കിന്റെയും ക്ലച്ചിന്റെയും തേയ്മാനം കുറയ്ക്കാന്‍ ഗീയര്‍ ഉപയോഗിച്ചുള്ള വേഗം കുറയ്ക്കല്‍ സഹായിക്കും. കൂടാതെ എന്‍ജിന്റെ ദീര്‍ഘായുസ്സിനും അത് നല്ലതാണ്.


3. ട്രാഫിക് സിഗ്നല്‍ കാത്ത്കിടക്കുമ്പോള്‍ ക്ലച്ച് അമര്‍ത്തിപ്പിടിക്കുക


ഇങ്ങനെ ചെയ്യുന്നത് ഇന്ധനനഷ്ടം ഉണ്ടാക്കുന്നതിനൊപ്പം ക്ലച്ച് പെട്ടെന്ന് തേഞ്ഞുപോകുന്നതിനും ഇടയാക്കും. അഞ്ച് സെക്കന്‍ഡിലേറെ സമയം കാത്തുകിടക്കേണ്ട സാഹചര്യത്തില്‍ ഗീയര്‍ ന്യൂട്രലിലാക്കുക. ഓട്ടോമാറ്റിക് കാറിന്റെ കാര്യത്തിലും ഇത് ബാധകമാണ്. ഡ്രൈവ് മോഡില്‍ നിന്ന് ന്യൂട്രല്‍ മോഡിലേയ്ക്ക് മാറ്റുക.
Car Pedals 
4. എന്‍ജിന്‍ വെറുതെ ചൂടാക്കുക


ആദ്യ സ്റ്റാര്‍ട്ടിങ്ങില്‍ വെറുതെ ആക്സിലറേറ്റര്‍ കൊടുത്ത് എന്‍ജിന്‍ ചൂടാക്കുന്ന ദുശ്ശീലം എന്‍ജിന്റെ ആയുസ് സാരമായി കുറയ്ക്കും. തണുത്തിരിക്കുന്ന എന്‍ജിന് അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനാവശ്യമായ താപനില കൈവരിക്കുന്നതിനും ലൂബ്രിക്കേഷന്‍ ശരിയാക്കുന്നതിനും ഒരു മിനിറ്റോളം എടുക്കും. അതുകൊണ്ടുതന്നെ ഈ സമയത്ത് ആക്സിലറേറ്റര്‍ കൊടുത്ത് ഇരപ്പിക്കുന്നത് ഇന്ധനനഷ്ടവും എന്‍ജിന്റെ അമിത തേയ്മാനവും വരുത്തിവയ്ക്കും. വാഹനം എടുക്കുമ്പോള്‍ ആദ്യ ഒരു കിലോമീറ്ററോളം വലിയ വേഗമെടുക്കാതെ പോകുക.


5. ടര്‍ബോ ചാര്‍ജറുള്ള കാര്‍ പെട്ടെന്ന് നിര്‍ത്തുക


മാരുതി സ്വിഫ്ട് , ഡിസയര്‍  അടക്കമുള്ള ഡീസല്‍ കാറുകള്‍ക്ക് ടര്‍ബോ ചാര്‍ജറുണ്ടെന്ന് അറിയാമല്ലോ. ടര്‍ബോ ചാര്‍ജറുള്ള കാറിന്റെ ഇഗ്നീഷന്‍ ഓഫ് ചെയ്യും മുമ്പ് 30 സെക്കന്‍ഡ് സമയം എന്‍ജിന്‍ വെറുതെ സ്റ്റാര്‍ട്ട് ചെയ്തിടണം. ടര്‍ബോ തണുക്കാനുള്ള സാവകാശം കൊടുക്കാനാണിത്. അല്ലാത്ത പക്ഷം ലൂബ്രിക്കേഷന്റെ കുറവ് മൂലം ടര്‍ബോചാര്‍ജറിന്റെ ആയുസ് കുറയും.
Ignition Off 


6. ടയറുകളിലെ വായുമര്‍ദ്ദം നോക്കാതെയിരിക്കുക


ടയറിലെ കാറ്റ് കൂടുതലായാല്‍ മാത്രമല്ല കുറവാണെങ്കിലും ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ടയറില്‍ വായുമര്‍ദ്ദം കുറവാണെങ്കില്‍ അത് ഘര്‍ഷണം കൂട്ടാനും അതുവഴി ടയര്‍ ചൂടാകാനും കാരണമാകും. ഇത് ടയര്‍ പൊട്ടാനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അമിതമായ ടയര്‍ തേയ്മാനത്തിനും ഇന്ധനനഷ്ടത്തിനും കാരണമാകും. വാഹനനിര്‍മാതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അളവില്‍ ടയറില്‍ വായുമര്‍ദ്ദം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. ടയറിലെ കാറ്റ് പരിശോധിക്കാന്‍ പമ്പില്‍ ചെലവഴിക്കേണ്ടി വരുന്ന ഏതാനും മിനിറ്റുകള്‍ സാമ്പത്തിക ലാഭവും സുരക്ഷയും നേടിത്തരും.


7. കയറ്റത്തിലും ഇറക്കത്തിലും പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് മാത്രം ഉപയോഗിക്കുക


കയറ്റത്തിലാണെങ്കില്‍ ഫസ്റ്റ് ഗീയറിലും ഇറക്കത്തിലാണെങ്കില്‍ റിവേഴ്സ് ഗീയറിലും ഇട്ടശേഷം ഹാന്‍ഡ് ബ്രേക്ക് വലിച്ച് വച്ചാണ് മിക്കരും കാര്‍ പാര്‍ക്ക് ചെയ്യാറുളളത്. എന്നാല്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ റോഡിന്റെ തിട്ടയിലേയ്ക്ക് ടയറുകള്‍ തിരിച്ചുവച്ചാല്‍ കാര്‍ പാര്‍ക്കിങ് കൂടുതല്‍ സുരക്ഷിതമാകും. ടയറിന് അട വയ്ക്കുന്നതിനു തുല്യമായ ഫലം ഇത് നല്‍കും.
Parking


8. ക്ലച്ചില്‍ കാലുവച്ച് ഓടിക്കുക


നല്ല ഡ്രൈവര്‍മാര്‍ ക്ലച്ചില്‍ കാലുവച്ച് വണ്ടി ഓടിക്കില്ല. ക്ലച്ചിന്റെ ആയുസ് സാധാരണയായി 80,000 മുതല്‍ 1.20 ലക്ഷം കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ ക്ലച്ച് പെഡലില്‍ സദാ കാല് വച്ച് വണ്ടി ഓടിച്ചാല്‍ ക്ലച്ചിന്റെ ആയുസ് പകുതിയിലേറെ കുറയും.


 


 Related StoriesTOP