Home  >   Tips and Tricks  >   Tips and Tricks Details
പുതിയ കാര്‍ വാങ്ങുമ്പോള്‍
മധു മധുരത്തില്‍
Posted on: Tuesday, Jun 21, 2016   2:00 PM



പുതിയ കാര്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ സാമ്പത്തിക ലാഭം നേടാനാവും. അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുക.


1. പ്രതിമാസം 2,500 കിലോമീറ്ററിലേറെ ദൂരം യാത്രയുണ്ടെങ്കില്‍ മാത്രം ഡീസല്‍ വാഹനം തിരഞ്ഞെടുക്കുക. ഡീസല്‍ വാഹനത്തിന് പെട്രോള്‍ വകഭേദത്തെ അപേക്ഷിച്ച് ഒരു ലക്ഷം രൂപയോളം വിലക്കൂടുതലാണെന്നു മാത്രമല്ല മെയ്‍ന്റനന്‍സ് ചെലവും കൂടുതലാണ്.


2. വീട്ടിലേയ്ക്കുള്ള വഴി ഇടുങ്ങിയതാണെങ്കില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്‍ ടെസ്റ്റ് ഡ്രൈവ് സമയത്ത് നിര്‍ബന്ധമായും വീട്ടിലെത്തിക്കണം. വീടിന്റെ മുറ്റത്ത് വണ്ടി കയറുമോ എന്നറിയണമല്ലോ? അല്ലാത്തപക്ഷം വാങ്ങിയ പുത്തന്‍ കാര്‍ വഴിയില്‍ ഇടാനാവും യോഗം.


3. പ്രതിമാസ ശമ്പളത്തിന്റെ 20 ശതമാനമോ അതിനു താഴെയോ ആയിരിയ്ക്കണം ഇഎംഐ. വാഹനത്തിന് ഇന്ധനത്തിനും സര്‍വീസിനുമായി വേറെയും ചെലവു വരുമെന്ന് ഓര്‍മിക്കുക. നിങ്ങള്‍ക്ക്  പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി കയ്യില്‍ കിട്ടുന്നതെങ്കില്‍ പ്രതിമാസ വായ്പ തിരിച്ചടവ് 4,000 രൂപയില്‍ കവിയരുത്. അതിനുയോജിക്കുന്ന മോഡല്‍ തിരഞ്ഞെടുക്കുക.


4. വാഹനവായ്പയ്ക്ക് അഞ്ച് ശതമാനം വരെ കമ്മീഷന്‍ ഡീലര്‍ഷിപ്പിനു ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് ബാങ്കിനെ സമീപിച്ച് ലോണ്‍ തരപ്പെടുത്തിയാല്‍ സാമ്പത്തികലാഭം നേടാനാവും.


5. ഡീലര്‍ഷിപ്പിലെ എക്സിക്യുട്ടീവ് പറയുന്ന വിലയ്ക്ക് കാര്‍ വാങ്ങരുത്. നിര്‍ബന്ധമായും വില പേശല്‍ നടത്തുക. കാര്‍ വിലയില്‍ അഞ്ച് ശതമാനം വരെ വിലക്കിഴിവ് ഇങ്ങനെ നേടിയെടുക്കാം. നല്ല ഡിമാന്റുള്ള മോഡലുകള്‍ക്ക് ഇത് ബാധകമല്ല. പല ഡീലര്‍ഷിപ്പുകളില്‍ നിന്ന് വിലവിവരം വാങ്ങി താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വില കാണിച്ചിരിക്കുന്നവരില്‍ നിന്ന് വാഹനം വാങ്ങുക.


6. പുതിയ വാഹനം വാങ്ങുമ്പോള്‍ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സാണ് മിക്കവരും സ്വീകരിക്കുക. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഇന്‍ഷുറന്‍സ് എടുത്താല്‍ 40 ശതമാനം വരെ ഇളവ് നേടാം.


7. പഴയ കാര്‍ ഡീലര്‍ഷിപ്പില്‍ എക്സ്‍ചേഞ്ച് ചെയ്യുന്നതിനേക്കാള്‍ ലാഭകരം വാഹനം നേരിട്ട് വില്‍ക്കുന്നതാണ്. ഏതെങ്കിലുമൊരു ഇ കൊമേഴ്സ് സൈറ്റില്‍ പരസ്യം ചെയ്താല്‍ വളരെ പെട്ടെന്ന് പഴയ കാര്‍ കച്ചവടം ചെയ്യാം.


8. വാഹനം തുരുമ്പെടുക്കാതിരിക്കാന്‍ വേണ്ടതെല്ലാം അതിന്റെ നിര്‍മാതാക്കള്‍ തന്നെ ചെയ്തിട്ടുണ്ട്. ടെഫ്ലോണ്‍ കോട്ടിങ്, അണ്ടര്‍ബോഡി കോട്ടിങ് എന്നീ പേരുകളില്‍ കൂടുതല്‍ പണം ഈടാക്കാന്‍ ഡീലര്‍ഷിപ്പുകാര്‍ ശ്രമിക്കും. അതിനു വഴങ്ങിക്കൊടുക്കരുത്. അതൊക്കെ ഓഫര്‍ ആയി തരാം എന്നു പറഞ്ഞാല്‍ അതിനുള്ള ചെലവ് വാഹനവിലയില്‍ കുറച്ച് തരാന്‍ ആവശ്യപ്പെടുക.



Related Stories







TOP

Designed and developed by EGGS