Home  >   Tips and Tricks  >   Tips and Tricks Details
ടയറില്‍ നൈട്രജന്‍ നിറയ്ക്കേണ്ട കാര്യമുണ്ടോ?
മധു മധുരത്തില്‍
Posted on: Monday, Apr 18, 2016   2:00 PM



വാഹനത്തിന്റെ ടയറില്‍ സാധാരണ വായുവിന് പകരം നൈട്രജന്‍ നിറയ്ക്കുന്നവര്‍ ഏറെയുണ്ട്. ടയര്‍ പൊട്ടിത്തെറിക്കില്ല, കൂടുതല്‍ മൈലേജ് കിട്ടും എന്നിങ്ങനെയുള്ള ഗുണങ്ങള്‍ കേട്ടാണ് മിക്കവരും നൈട്രജന്‍ നിറയ്ക്കാറുള്ളത്. വാസ്തവത്തില്‍ സാധാരണ വണ്ടികളുടെ നൈട്രജന്‍ നിറയ്ക്കേണ്ട കാര്യമുണ്ടോ എന്നൊന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാം.


അന്തരീക്ഷവായുവില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും ഒരു ശതമാനം മറ്റു വാതകങ്ങളും അടങ്ങുന്നു. ഇത്രയേറെ നൈട്രജന്‍ വായുവില്‍ ഉള്ളപ്പോള്‍ നൈട്രജന്‍ മാത്രമായി എന്തിനു ടയറില്‍ നിറയ്ക്കണമെന്നു തോന്നുന്നില്ലേ? അതെപ്പറ്റി വിശദീകരിക്കാം. ഒന്നാമതായി സാധാരണ വായുവില്‍ ഈര്‍പ്പം ഉണ്ടാകും. ഇത് ടയര്‍ ഓടിച്ചൂടാകുമ്പോള്‍ ടയറിന്റെ ഉള്ളിലെ മര്‍ദ്ദം വര്‍ധിക്കാന്‍ ഇടയാക്കും. അതിവേഗം ഓടുന്ന വാഹനങ്ങളില്‍ ടയര്‍ പൊട്ടാന്‍ വരെ ഇത് കാരണമാകും. ഈര്‍പ്പം മൂലം റിമ്മിനു തുരുമ്പെടുക്കാനും സാധ്യതയുണ്ട്. എന്നാല്‍ നൈട്രജന്‍ നിറച്ചാല്‍ ഈവക പ്രശ്നങ്ങളില്ല. സാധാരണ വായുവിനെക്കാള്‍ തണുപ്പും നൈട്രജന്‍ ഗ്യാസിനുണ്ട്.

ഓക്സിജന്‍ തന്മാത്രയെക്കാള്‍ വലുപ്പക്കൂടുതല്‍ നൈട്രജനുണ്ട്. അതിനാല്‍ ടയറിലെ അതിസൂഷ്മ വിടവുകളിലൂടെ നൈട്രജന്‍ സാവധാനമേ ചോരുകയുള്ളൂ. ഇത് കൂടുതല്‍ സമയം ടയറിലെ മര്‍ദ്ദം ഒരേ പോലെ നിലനിര്‍ത്താന്‍ സഹായിക്കും.


മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉള്ളതിനാലാണ് റേസിങ് കാറുകളുടെയും വിമാനങ്ങളുടെയും ടയറില്‍ നൈട്രജന്‍ നിറയ്ക്കുന്നത്. സാധാരണ വാഹനങ്ങള്‍ക്ക് പക്ഷേ ഇതിന്റെ ആവശ്യമില്ല. പകല്‍സമയത്ത് മണിക്കൂറില്‍ 80 കിലോമീറ്ററിനു മേല്‍ വേഗത്തില്‍ സ്ഥിരമായി ഹൈവേ യാത്രയുളളവര്‍ മാത്രം വാഹനത്തിന്റെ ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍ മതിയാകും. മണിക്കൂറില്‍ 45 കിമീ പോലും ശരാശരി വേഗം നേടാനാവാത്ത നമ്മുടെ റോഡുകളില്‍ ഓടിക്കുമ്പോള്‍ ടയറില്‍ സാധാരണ വായു മതി. 


ടയര്‍ ഒന്നിന് നൈട്രജന്‍ നിറയ്ക്കാന്‍ 40 -50 രൂപയാണ് ചെലവ്. സ്റ്റെപ്പിനി അടക്കം അഞ്ച് ടയറില്‍ കാറ്റ് നിറയ്ക്കുമ്പോള്‍ 200-250 രൂപ ചെലവാകും. പെട്രോള്‍ പമ്പില്‍ നാല് ടയറിലെ കാറ്റ് പരിശോധിച്ച് കുറവ് നികത്തുന്നതിന് ടിപ്പായി നല്‍കുന്ന 10 രൂപയുടെ സ്ഥാനത്താണ് ഇത്രയും അധികം ചെലവ്.


ടയറിലെ വായു പൂര്‍ണ്ണമായി നീക്കം ചെയ്തശേഷം വേണം നൈട്രജന്‍ നിറയ്ക്കാന്‍ . ഇടയ്ക്ക് ടയര്‍ പ്രഷര്‍ കുറയുമ്പോള്‍ ആ കുറവ് നികത്താനും നൈട്രജന്‍ തന്നെ ഉപയോഗിക്കണം. അല്ലാത്ത പക്ഷം നൈട്രജന്‍ നിറച്ചതുകൊണ്ടുള്ള ഗുണം കിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണ കാര്‍ ഉടമയ്ക്ക് നൈട്രജന്‍ നിറയ്ക്കല്‍ മിനക്കേടുണ്ടാക്കുന്ന കാര്യം തന്നെ.






Related Stories







TOP

Designed and developed by EGGS