Home  >   Tips and Tricks  >   Tips and Tricks Details
കാറില്‍ എലിശല്യം ഉണ്ടായാല്‍
മധു മധുരത്തില്‍
Posted on: Thursday, Oct 01, 2015   12:00 PMകാറിനുള്ളിലെ സുഖകരമായ അന്തരീക്ഷം എലികള്‍ക്കും ഏറെ ഇഷ്ടമാണ്. സീറ്റിന്റെ കുഷ്യനും മറ്റും ഉപയോഗിച്ച് കാറിനുള്ളില്‍ തന്നെ അവ വാസസ്ഥലമൊരുക്കും. അതുകൊണ്ടും തീരില്ല , ഇടയ്ക്ക് പല്ലുകള്‍ രാകിമിനുക്കാന്‍ വയറുകളും റബര്‍ ഹോസുകളും പ്ലാസ്റ്റിക്ക് ഘടകങ്ങളുമൊക്കെ കരണ്ട് നശിപ്പിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ആയിരക്കണക്കിനു രൂപയുടെ നഷ്ടം എലി വരുത്തിവയ്ക്കും. പ്രധാന വയറുകള്‍ എലി കരണ്ട് തിന്നതിനെത്തുടര്‍ന്ന് എന്‍ജിന്റെ ഇസിയു പോലും തകരാറിലായ സംഭവം ഉണ്ടായിട്ടുണ്ട്. ഇസിയു മാറ്റി വയ്ക്കണമെങ്കില്‍ അരലക്ഷം രൂപയിലേറെയാണ് ചെലവ്.


എലി സന്ദര്‍ശിക്കുന്ന കാറുകളില്‍ അതിന്റെ കാഷ്ഠമോ മണമോ ഉണ്ടാകും. അങ്ങനെ വന്നാല്‍ എലിയെ എത്രയും പെട്ടെന്ന് പിടികൂടി നശിപ്പിക്കുകയാണ് വേണ്ടത് (എലിയെ കൊല്ലാന്‍ വിലക്കില്ലാത്തതു ഭാഗ്യം).  എലിപ്പെട്ടിയോ പശയുള്ള ബുക്ക് പോലുള്ള എലിക്കെണിയോ ഇതിനായി ഉപയോഗിക്കാം. വിഷം വയ്ക്കുന്നത് ബുദ്ധിയല്ല. കാറിനുള്ളില്‍ കണ്ണില്‍ പെടാത്ത സ്ഥലത്ത്  വിഷം തിന്ന എലി ചത്ത് കിടന്നാല്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. അത് ചീഞ്ഞാലുളള നാറ്റം സഹിക്കാവുന്നതിലും അപ്പുറമായിരിയ്ക്കും.
Rat in Car
ഗ്ലൗബോക്സിനു പിന്നിലായുള്ള എയര്‍ ക്യാബിന്‍ ഫില്‍ട്ടറിനുള്ളിലാണ് എലി കൂടുതലായും കൂടുവയ്ക്കുക. അങ്ങനെ സംഭവിച്ചാല്‍ ഡാഷ്ബോര്‍ഡ് അഴിച്ച് എസി സിസ്റ്റം മൊത്തത്തില്‍ വൃത്തിയാക്കണം. ഇതിന് 1,500-2,000 രൂപ ചെലവു വരും. എലിയുടെ വിസര്‍ജ്യവും രോമമുമൊത്ത രോഗങ്ങളുണ്ടാക്കുമെന്ന് അറിയാമല്ലോ. സര്‍വീസ് സെന്ററില്‍ കൊടുത്ത് വാഹനത്തിന് ഇന്റീരിയര്‍ ക്ലീനിങ് കൂടി നടത്തുക.


മുന്‍കരുതലുകള്‍  • എലികള്‍ അതിന്റെ കൂടിന്റെ 20 അടി ചുറ്റളവിലാണ് ഇര നേടുക. വീട്ടില്‍ എലികളുണ്ടെങ്കില്‍ സ്വഭാവികമായും അതു കാറില്‍ കയറുമെന്നു ചുരുക്കം. അതിനാല്‍ വീട്ടിലെ എലിശല്യം ആദ്യം തീര്‍ക്കുക.

  • ആഹാരവസ്തുക്കളുടെ ഗന്ധമാണ് എലിയെ കാറിലേയ്ക്ക് ആകര്‍ഷിക്കുക. ദീര്‍ഘദൂര യാത്രയും മറ്റും കഴിഞ്ഞ് വണ്ടി പാര്‍ക്ക് ചെയ്യും മുമ്പ് മിഠായി കടലാസുകളും നിലത്തു വീണ ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്ത് വണ്ടിയ്ക്കുള്‍ഭാഗം വൃത്തിയായി സൂക്ഷിക്കുക. വാഹനത്തിന്റെ ഇന്റീരിയറില്‍ ദുര്‍ഗന്ധമുണ്ടാകാതെ തടയാനും ഇതു സഹായിക്കും.

  • പുകയിലയുടെ മണം എലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ ചെറിയ കഷണങ്ങളാക്കിയ പുകയില ,  തുണികൊണ്ടുള്ള ചെറു സഞ്ചിയിലാക്കി ബോണറ്റിനുള്ളില്‍ പലയിടത്തായി വയ്ക്കുക. വണ്ടി ഓടുമ്പോള്‍ താഴെ വീഴാത്തവിധം വേണം അവ വയ്ക്കാന്‍ .

  • എസിയുടെ എയര്‍ ഇന്‍ടേക്കിലൂടെയാണ് പ്രധാനമായും എലി കാറിനുള്ളില്‍ കടക്കുക. അതുകൊണ്ടുതന്നെ വണ്ട് പാര്‍ക്ക് ചെയ്യുമ്പോള്‍ എസി റീസര്‍ക്കുലേഷന്‍ മോഡിലിടുക.

  • റബര്‍ ബുഷുകള്‍ക്കും എസി എയര്‍ ഇന്‍ടേക്കിനുമൊക്കെ ഇരുമ്പ് വല നല്‍കി എലി കാറില്‍ കടക്കുന്നത് തടയാം.

  • സ്റ്റാര്‍ട്ടാക്കാതെ കിടക്കുന്ന കാറുകള്‍ എലികള്‍ വാസസ്ഥലമാക്കും. ബാറ്ററി ട്രേ , ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍ , സ്റ്റെപ്പിനി ടയര്‍ എന്നിവിടങ്ങളിലാണ് എലി പ്രധാനമായും കൂട് വയ്ക്കുക. ആഴ്ചയിലൊരിക്കലെങ്കിലും ഡിക്കിയും ബോണറ്റും തുറന്ന് പരിശോധിക്കുന്നത് ഉത്തമം.

  • കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. കാര്‍ഷെഡില്‍ കാര്‍ഷിക വിളകളും ആക്രി സാധാനങ്ങളുമൊന്നും സൂക്ഷിക്കുന്ന ശീലം മാറ്റുക.

  • മനുഷ്യന്‍ ആദിമ കാലം തൊട്ടേ എലിയെ തുരത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗവും പരീക്ഷിക്കാവുന്നതാണ് - പൂച്ചയെ വളര്‍ത്തുക. വാഹനങ്ങളോട് പ്രത്യേക താല്‍പ്പര്യം തന്നെ പൂച്ചയ്ക്കുണ്ട്. പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയെ ദിവസത്തില്‍ ഒരിക്കലെങ്കിലും തൊട്ടുതലോടാറുള്ള പൂച്ചയെ പേടിച്ച് എലി ഏഴയലത്ത് വരില്ല. സ്റ്റുവര്‍ട്ട് ലിറ്റില്‍ കാര്‍ട്ടൂണ്‍ പരമ്പരയിലെ സ്നോബൈല്ലിനെ പോലെയുള്ള മടിയന്‍ പൂച്ചയാണെങ്കില്‍ പ്രതീക്ഷിച്ച ഫലം കിട്ടില്ല.

  • ഡോര്‍ തുറന്നുകിടന്നാല്‍ കാറിലേയ്ക്ക് കയറാന്‍ എലിയ്ക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ല. അതുകൊണ്ടുതന്നെ എല്ലാ ഡോറുകളും ഡിക്കിയുടേത് അടക്കം ശരിയായി അടച്ചിട്ടുണ്ടെന്ന് പാര്‍ക്കിങ് വേളയില്‍ ഉറപ്പുവരുത്തണം.


കാറിലെ എലി ശല്യം ഒഴിവാക്കാന്‍ ഫലപ്രദമായ വേറെയും വിദ്യകള്‍ അറിയാമെങ്കില്‍ കമന്റ് ബോക്സില്‍ എഴുതുക. നിങ്ങളുടെ അറിവ് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടട്ടെ.


Related StoriesTOP