Home  >   Tips and Tricks  >   Tips and Tricks Details
പഞ്ചറായ ടയര്‍ മാറ്റിയിടാം
മധു മധുരത്തില്‍
Posted on: Monday, Sep 07, 2015   2:20 PM



വണ്ടി പുതിയതായിട്ട് കാര്യമില്ല. ടയര്‍ പഞ്ചറായാല്‍ വഴിയില്‍ പെട്ടതുതന്നെ. സമയം മോശമാണെങ്കില്‍ ആരുടെയെങ്കിലും സഹായവും കിട്ടില്ല. അതുകൊണ്ടുതന്നെ പഞ്ചറായ ടയര്‍ എങ്ങനെ മാറ്റിയിടാമെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. 


വാഹനം റോഡരികില്‍ നിരപ്പുള്ള ഭാഗത്തേയ്ക്ക് നീക്കി സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഹസാഡ് വാണിങ് ലൈറ്റുകള്‍ ( ഇതിന്റെ സ്വിച്ച് സ്റ്റിയറിങ്ങ് വീലിനുസമീപമോ ഡാഷ്ബോര്‍ഡിലോ ഉണ്ടാകും) ഓണ്‍ ചെയ്തിടുക. രാത്രി സമയമാണെങ്കില്‍ റിഫ്ലക്ടിവ് വാണിങ് ട്രയാംഗിളുകള്‍ വാഹനത്തില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലത്തിലായി മുന്നിലും പിന്നിലും വയ്ക്കണം. മറ്റുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കേടായിക്കിടക്കുന്ന വാഹനത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ഇതെല്ലാം സഹായിക്കും. ഹാന്‍ഡ് ബ്രേക്ക് വലിച്ചിടാനും ശ്രദ്ധിക്കുക.
Car Tyre Replacing
ഇനി ഡിക്കി തുറന്ന് സ്റ്റെപ്പിനി വീലും ജാക്കിയും ലിവറുമൊക്കെ പുറത്തെടുക്കാം. വീല്‍ കവറുണ്ടെങ്കില്‍ ആദ്യം അത് നീക്കം ചെയ്യുക. നട്ടുകള്‍ ഓരോന്നായി അയവുവരുത്തുക.ആന്റിക്ലോക്ക്‌വൈസ് ദിശയിലാണ് ( ക്ലോക്കിലെ / വാച്ചിലെ സൂചി തിരിയുന്നതിന് നേരെ എതിര്‍ദിശയില്‍) സ്പാനര്‍ ഉപയോഗിച്ച് നട്ട് തിരിക്കേണ്ടത്. യാതൊരു കാരണവശാലും നട്ട് പൂര്‍ണ്ണമായി ഊരിയെടുക്കരുത്. ജാക്കി വച്ച് പൊക്കിയശേഷം നട്ട് അയയ്ക്കാന്‍ ശ്രമിച്ചാല്‍ ടയര്‍ കറങ്ങിപ്പോകാന്‍ ഇടയാകും.


ഇനി ജാക്കി വച്ച് വണ്ടി ഉയര്‍ത്താം. ഓണേഴ്സ് മാന്വല്‍ കാറില്‍ സൂക്ഷിക്കുന്നതിന്റെ ഗുണം ഇത്തരം സാഹചര്യങ്ങളിലാണ്. ജാക്കി ഏത് പൊസിഷനില്‍ ഉറപ്പിക്കണമെന്ന് ചിത്രത്തിന്റെ സഹായത്തോടെ ഓണേഴ്സ് മാന്വലില്‍ വിവരിച്ചിട്ടുണ്ടാകും. അത് മനസിലാക്കി യഥാസ്ഥാനത്ത് ജാക്കി വച്ച് വണ്ടി ഉയര്‍ത്തുക. പ്രതലം അയവുള്ളതാണെങ്കില്‍ ജാക്കി നിരപ്പുള്ള തടിക്കഷണത്തിനു മുകളില്‍ വച്ചാല്‍ മതി. ടയര്‍ തറനിരപ്പിനു മുകളില്‍ നില്‍ക്കും വരെ ഉയര്‍ത്തണം. ഇനി അയഞ്ഞിരിക്കുന്ന നട്ടുകള്‍ ഓരോന്നായി ഊരിയെടുത്ത ശേഷം രണ്ടു കൈകളും കൊണ്ട് പിടിച്ച് പഞ്ചറായ ടയര്‍ നീക്കം ചെയ്യാം. അഴിച്ചെടുത്ത നട്ടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.
Car Tyre Replacing
വീല്‍ ഹബിലെ ബോള്‍ട്ടുകളുമായി വീലിലെ ദ്വാരങ്ങള്‍ നേര്‍ക്കുനേര്‍ വരുത്തിക്കൊണ്ട് സ്റ്റെപ്പിനി ടയര്‍ തള്ളിക്കയറ്റുക. വീല്‍ നട്ടുകള്‍ ഓരോന്നായി കൈകൊണ്ട് തിരിച്ച് മുറുക്കുക. എല്ലാ നട്ടുകളും ഒരേ അളവില്‍ മുറുക്കിക്കഴിഞ്ഞാല്‍ ജാക്കി നീക്കാം. ഇനി സ്പാനര്‍ ഉപയോഗിച്ച് നട്ട് ശരിയായി മുറുക്കുക. ഒരു നട്ട് കഴിഞ്ഞാല്‍ അതിന്റെ നേരെ എതിര്‍വശത്തുള്ള നട്ട് വേണം മുറുക്കാന്‍ . മാറിയിട്ട ടയറില്‍ കാറ്റ് കുറവാണെങ്കില്‍ വാഹനം കുറഞ്ഞ വേഗത്തില്‍ ഓടിച്ചുകൊണ്ട് അടുത്തുള്ള ടയറുകടയിലോ പെട്രോള്‍ പമ്പിലോ ചെന്ന് ആവശ്യത്തിനു കാറ്റ് നിറയ്ക്കുക. പഞ്ചറായ ടയര്‍ തകരാര്‍ പരിഹരിച്ച് വാഹനത്തില്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പഞ്ചര്‍ എപ്പോഴാണ് സംഭവിക്കുകയെന്ന് അറിയാനാവില്ലല്ലോ.



Related Stories







TOP

Designed and developed by EGGS