Home  >   Tips and Tricks  >   Tips and Tricks Details
ഡ്രൈവര്‍ സീറ്റില്‍ ഇരിക്കേണ്ട വിധം
അലന്‍ ഹാഷിം
Posted on: Wednesday, Jan 28, 2015   10.00 AM

 


ഡ്രൈവര്‍ സീറ്റിലുള്ള ഇരിപ്പ് ശരിയല്ലെങ്കില്‍ ഡ്രൈവിങ് വേണ്ടപോലെ സുരക്ഷിതമാകില്ല. ഡ്രൈവിങ്ങിന്റെ ആയാസം കുറയ്ക്കുന്നതിലും ശരിയായുള്ള ഇരിപ്പ് മുഖ്യപങ്കുവഹിക്കുന്നു. വാഹനം നല്ല രീതിയില്‍ ഓടിക്കുന്നതിന് എങ്ങനെ സീറ്റിലിരിക്കണം എന്നു വിശദീകരിക്കുകയാണിവിടെ.


അകലം ആവശ്യത്തിന്


ചിലര്‍ സ്റ്റിയറിങ് വീലിനോട് വളരെ ചേര്‍ന്നിരിക്കും വിധം സീറ്റ് ക്രമീകരിക്കും. ചിലരാകട്ടെ സ്റ്റിയറിങ് വീല്‍ എത്തി പിടിക്കേണ്ട അവസ്ഥയില്‍ സീറ്റ് അകലത്തിലായി ഇടും. ഈ രണ്ടു രീതിയും ശരിയല്ല. സ്റ്റിയറിങ് വീലിനോട് വളരെ ചേര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണം കൈവന്നതായി തോന്നുമെങ്കിലും അത് കൈയുടെ സ്വതന്ത്രമായ ചലനത്തിനു തടസമാകും. വേഗത്തില്‍ സ്റ്റിയറിങ് വീല്‍ തിരിക്കേണ്ട അവസ്ഥയില്‍ കൈകള്‍ തമ്മില്‍ പിണയും.


വശങ്ങളിലേയ്ക്കുള്ള കാഴ്ചയും അതു പരിമിതപ്പെടുത്തും. സ്റ്റിയറിങ്ങുമായി വളരെ ചേര്‍ന്ന് ഇരിക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്തെ കാഴ്ചകള്‍ വളരെ വ്യക്തമാണെങ്കിലും ഇടത് - വലത് വശങ്ങളിലെ കാഴ്ചയുടെ പരിധി കുറയും. ബാഹ്യ റിയര്‍ വ്യൂ മിറര്‍ നോക്കണമെങ്കില്‍ തല തിരിക്കേണ്ടതായും വരും. മാത്രമല്ല അപകടമുണ്ടായാല്‍ സ്റ്റിയറിങ് വീലില്‍ നെഞ്ച് കൂടുതല്‍ ശക്തിയോടെ ഇടിക്കാനും കാല്‍ മുട്ടുകള്‍ ഡാഷ്ബോര്‍ഡിനോട് ചേര്‍ന്നമര്‍ന്ന് പരിക്കേല്‍ക്കാനുമുള്ള സാധ്യത ഏറെയാണ്. 


സ്റ്റിയറിങ് വീലുമായി കൂടുതല്‍ അകലമിടുന്നതും സുരക്ഷിതമല്ല. കൈമുട്ട് നിവര്‍ത്തി വച്ചിരുന്ന് സ്റ്റിയറിങ് തിരിക്കാന്‍ ആയാസപ്പെടേണ്ടിവരും. ഇത് ഡ്രൈവറെ വേഗത്തില്‍ ക്ഷീണിപ്പിക്കും. കൂടാതെ മുന്നില്‍ നിന്നും വാഹനത്തിന് ഇടിയേറ്റാല്‍ നിവര്‍ന്നിരിക്കുന്ന കൈമുട്ടിലൂടെ കൂടുതല്‍ ആഘാതം ശരീരത്തില്‍ ഏല്‍ക്കും. പൂര്‍ണ്ണമായി നിവര്‍ത്തിവച്ച കൈയുടെ മണിബന്ധം സ്റ്റിയറിങ് വീലിന്റെ മേല്‍ഭാഗത്ത് വയ്ക്കാനാവണം. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈകളുടെ മുട്ടുകള്‍ അല്‍പ്പം വളഞ്ഞിരിക്കുന്ന വിധം സ്റ്റിയറിങ്ങില്‍ പിടിക്കാനാവും. 20 -30 ഡിഗ്രി ആംഗിളില്‍ കൈമുട്ടുകള്‍ മടങ്ങിയിരിക്കണം. സ്റ്റിയറിങ് മേല്‍ ഭാഗത്തോ കീഴ് ഭാഗത്തോ അല്ല കൈകള്‍ വയ്ക്കേണ്ടത്. ക്ലോക്കിലെ സൂചികള്‍ 10:10 സമയം കാണിക്കുന്ന സ്ഥിതിയില്‍ സ്റ്റിയറിങ് വീലില്‍ കൈകള്‍ ഉറപ്പിക്കുക. ഇത് സ്റ്റിയറിങ് വീല്‍ അനായാസം തിരിക്കാന്‍ സഹായിയ്ക്കും.

എല്ലാ പെഡലുകളും പൂര്‍ണ്ണമായി അമര്‍ത്താന്‍ കഴിയും വിധം സീറ്റ് ക്രമീകരിക്കുക. ഇരിക്കുമ്പോള്‍ കാല്‍ മുട്ടുകള്‍ 45 ഡിഗ്രി ആംഗിളില്‍ മടങ്ങിയിട്ടുണ്ടാവണം. തുടകള്‍ക്ക് നല്ല സപ്പോര്‍ട്ടും ലഭിക്കണം.


ബാക്ക് റെസ്റ്റ് ക്രമീകരണം


ഇനി വേണ്ടത് സീറ്റിന്റെ ബാക്ക്റെസ്റ്റ് ക്രമീകരിക്കുകയാണ്. പിന്നിലേയ്ക്ക് ചാരിയിരിയ്ക്കുന്നത് കൂടുതല്‍ സുഖപ്രദമായി തോന്നാമെങ്കിലും സ്റ്റിയറിങ് വീല്‍ വേണ്ടവണ്ണം കൈകര്യം ചെയ്യുന്നതിന് അത് തടസമാകും. സീറ്റിന്റെ ചാരുന്നഭാഗം ഏകദേശം നേരേ നിവര്‍ന്ന് ഇരിക്കും വിധം ക്രമീകരിക്കുന്നതാണ് നല്ലത്


റിവേഴ്സ് എടുക്കുമ്പോള്‍ പിന്‍ ഭാഗം വ്യക്തമായി കാണുന്നതിനായി മുന്‍സീറ്റുകളുടെ ഹെഡ്റെസ്റ്റുകള്‍ നീക്കം ചെയ്യുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതേറെ അപകടമുണ്ടാക്കും. വാഹനത്തിന്റെ പിന്‍ഭാഗത്ത് ഇടിയേറ്റാല്‍ യാത്രക്കാര്‍ മുന്നിലേയ്ക്കാഞ്ഞശേഷം പിന്നിലേയ്ക്ക് ശക്തമായി വന്നിടിയ്ക്കും. ഈ സമയത്ത് കഴുത്തിനും തലയ്ക്കും സംരക്ഷണം നല്‍കുന്നത് ഹെഡ്റെസ്റ്റാണ്. നിങ്ങളുടെ തലപ്പൊക്കത്തിന് ഒപ്പമായി ഹെഡ്റെസ്റ്റ് ക്രമീകരിക്കുക.


സീറ്റ് അധികം പൊക്കണ്ട


സീറ്റ് കൂടുതല്‍ പൊക്കി വയ്ക്കുന്നതും തെറ്റായ രീതിയാണ്. ഉയരത്തില്‍ ഇരിക്കുമ്പോള്‍ റോഡ് വ്യക്തമായി കാണാനാവും. പക്ഷേ അത് ഹൃസ്വദൂരത്തിലുള്ള കാഴ്ചയേ നല്‍കൂ. അകലെയുള്ള കാര്യങ്ങള്‍ കാണാന്‍ തടസമുണ്ടാക്കും. റോഡിലെ കാര്യങ്ങള്‍ ദൂരെ നിന്നേ മനസിലാക്കി അതിന് അനുസൃതമായി പെരുമാറുകയാണല്ലോ ഡ്രൈവിങ്ങില്‍ വേണ്ടത്. ഗട്ടറും ഹമ്പുമൊക്കെ മറികടക്കുമ്പോള്‍ തല റൂഫിലില്‍ ഇടിക്കാനും പൊക്കത്തിലുള്ള ഇരിപ്പ് കാരണമാകും. തലയും കാറിന്റെ റൂഫുമായി ഏറ്റവും കുറഞ്ഞത് ചുരുട്ടിയ മുഷ്ടിയുടെ വീതിയ്ക്ക് തുല്യമായ അകലമുണ്ടായിരിക്കണം.


എന്തു ധരിക്കണം


ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ കാഴ്ചയ്ക്ക് ഭംഗി നല്‍കുമെങ്കിലും ഡ്രൈവിങ്ങിന് അതത്ര ഇണങ്ങില്ല. കാല്‍പാദങ്ങളും കൈ - കാല്‍ മുട്ടുകളും ഉരവുമൊക്കെ അനായാസം ചലിപ്പിക്കാനാവുന്ന വിധം അയവുള്ള വസ്ത്രം തിരഞ്ഞെടുക്കുക. ജാക്കറ്റ് പോലുള്ള പുറങ്കുപ്പായങ്ങള്‍ ഡ്രൈവിങ് സമയത്ത് ഒഴിവാക്കുക.


കുഷ്യന്‍ ഉപയോഗിക്കാം


പൊക്കം വളരെക്കുറവുള്ളവര്‍ക്ക് സ്റ്റിയറിങ് വീലും പെഡലുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. അതൊഴിവാക്കാന്‍ സീറ്റില്‍ കുഷ്യനിട്ട്  ഉയരം ക്രമീകരിക്കുക.Related StoriesTOP