Honda BRV

ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ കോംപാക്ട് എസ്‍യുവിയാണ് ബിആര്‍വി. ഹ്യുണ്ടായി ക്രെറ്റ , റെനോ ഡസ്റ്റര്‍ , മാരുതി എസ്‍ ക്രോസ് മോഡലുകളോട് മത്സരിക്കുന്ന ഈ മോഡല്‍ 2016 മേയ് മാസം വിപണിയിലെത്തി. അമെയ്സ് , മൊബീലിയോ മോഡലുകളെപ്പോലെ ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് ബിആര്‍വിയും നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഏറ്റവും നീളമേറിയ മോഡലാണിത്. സ്കോര്‍പ്പിയോ കഴിഞ്ഞാല്‍ കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ ഏറ്റവും നീളമുള്ള മോഡലും ബിആര്‍വിയാണ്. അല്‍പ്പം പോലും സ്ഥലനഷ്ടം ഉണ്ടാക്കാത്ത ഹോണ്ടയുടെ വിദഗ്ദമായ ഇന്റീരിയര്‍ ഡിസൈന്‍ ബിആര്‍വിയുടെ ഉള്‍ഭാഗം വിശാലമാക്കുന്നു.പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളുണ്ട്. സിറ്റിയില്‍ നിന്ന് കടം കൊണ്ട എന്‍ജിനുകളാണിവ. പെട്രോള്‍ ബിആര്‍വിയ്ക്ക് ഓട്ടോമാറ്റിക് വകഭേദമുണ്ട്. സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ , ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് , പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് , ബ്ലൂടൂത്തുള്ള ടു ഡിന്‍ ഓഡിയോ പ്ലേയര്‍ , ക്ലൈമറ്റ് കണ്‍ട്രോള്‍ എസി , ലെതര്‍ സീറ്റുകള്‍ എന്നിവ ബിആര്‍വിയുടെ പ്രധാന ഫീച്ചറുകളില്‍ പെടുന്നു. എന്നാല്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് സിസ്റ്റം എന്നിവ ഇല്ലാത്തത് പല ഉപഭോക്താക്കളെയും നിരാശപ്പെടുത്തും. രണ്ട് എയര്‍ ബാഗുകളും എബിഎസും ഡീസല്‍ ബിആര്‍വിയുടെ അടിസ്ഥാന വകഭേദത്തിനുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വകഭേദത്തിന് രണ്ട് എയര്‍ ബാഗുകള്‍ മാത്രമേയുള്ളൂ, എബിഎസില്ല. ഹ്യുണ്ടായി ക്രെറ്റ , റെനോ ഡസ്റ്റര്‍ മോഡലുകളെക്കാള്‍ കാര്യമായ വിലക്കുറവ് ബിആര്‍വിയ്ക്കില്ല. ഫീച്ചറുകളും കുറവാണ്. ഏഴ് സീറ്റര്‍ ആണെന്നതാണ് ബിആര്‍വിയുടെ ഹൈലൈറ്റ്. ഈ സെഗ്‍മെന്റിലെ ഏറ്റവും ഉള്‍വിസ്താരമുള്ള മോഡലും ഇതുതന്നെ. വലിയ കുടുംബങ്ങള്‍ക്ക് യോജിച്ച എസ്‍യുവി എന്ന നിലയിലായിരിക്കും ബിആര്‍വി ജനപ്രീതി നേടുക. ഹോണ്ടയുടെ പ്രീമിയം ബ്രാന്‍ഡിങ് ബിആര്‍വിയ്ക്ക് തുണയാകും. Last Updated ON 23th July 2016