Honda Amaze

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ആദ്യ ഡീസല്‍ സെഡാന്‍ . എന്‍ട്രി ലെവല്‍ സെഡാനുകളിലെ രാജാവായ മാരുതി ഡിസയറിനോട് എതിരിടാനാണ് 2013 മാര്‍ച്ചില്‍ ഹോണ്ട അമെയ്സ് എത്തിയത്. ഡിസയറിന്റെ കീരിടം സ്വന്തമാക്കാനായില്ലെങ്കിലും അമെയ്സനിന് പല മാസങ്ങളിലും വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നേടാനായി. ഹോണ്ടയെ സംബന്ധിച്ചിടത്തോളം അമെയ്സ് ഏറെ പ്രാധാന്യമുള്ള മോഡല്‍ കൂടിയാണ്. സ്ഥിതി അല്‍പ്പം പരുങ്ങലിലായ കാലത്ത് ഹോണ്ടയ്ക്ക് പുതുജീവന്‍ നല്‍കിയത് അമെയ്സ് ആയിരുന്നു. ഇടത്തരക്കാരുടെ ഇടയിലും ഹോണ്ടയെന്ന ബ്രാന്‍ഡ് നെയിമിന് വേരോട്ടം നല്‍കാന്‍ അമെയ്സിനു കഴിഞ്ഞു. പുറത്തിറങ്ങി മൂന്നു വര്‍ഷം പിന്നിട്ട അമെയ്സ് ഇതിനോടകം വിപണിയിലിറങ്ങിയത് രണ്ട് ലക്ഷത്തിലേറെയാണ്. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള രണ്ടാമത്തെ മോഡലുമാണ് അമെയ്സ്. എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായി എക്സന്റ് , ഫിഗോ ആസ്പൈര്‍ , ടാറ്റ സെസ്റ്റ്, ഫോക്സ്‍വാഗന്‍ അമിയോ എന്നിവയും അമെയ്സിന്റെ എതിരാളികളാണ്. ആദ്യ അമെയ്സിന്റെ മുന്‍ഭാഗത്തിനു ഭംഗി പോരെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു. 2016 മാര്‍ച്ചില്‍ വിപണിയിലെത്തിയ പരിഷ്കരിച്ച പതിപ്പ് ആ കുറവ് പരിഹരിച്ചു. ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിര്‍മിച്ച അമെയ്സിനു പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. പെട്രോള്‍ അമെയ്സിനു ഓട്ടോമാറ്റിക് വേരിയന്റുമുണ്ട്. പ്രധാന എതിരാളിയായ ഡിസയറിനെക്കാള്‍ വിലക്കൂടുതലാണ് അമെയ്സിന്. എന്നാല്‍ ഫീച്ചറുകളും പെര്‍ഫോമന്‍സും സ്ഥലസൗകര്യവും പരിഗണിക്കുമ്പോള്‍ ഇത് ഒട്ടും കൂടുതലാണെന്ന് പറയാനാവില്ല. ഹോണ്ട ബ്രാന്‍ഡിന്റെ ഉയര്‍ന്ന മൂല്യവും വിശ്വാസ്യതയും അമെയ്സിന്റെ അധിക മേന്മകള്‍ . Last Updated On 31 st August 2016