Toyota Etios Liva

ഇന്ത്യയ്ക്കുവേണ്ടി, ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച കാര്‍ എന്ന ലേബലുമായെത്തിയ എറ്റിയോസ് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പാണ് എറ്റിയോസ് ലിവ. 2011 ജൂണില്‍ വിപണിയിലെത്തി. 2014 ഒക്ടോബറിലും 2016 സെപ്റ്റംബറിലും മോഡല്‍ പരിഷ്കാരം നടന്നു. ഹാച്ചായി മാറിയ എറ്റിയോസ് കൂടുതല്‍ സുന്ദരിയാണ്. മുന്‍ഭാഗം മുതല്‍ സി പില്ലര്‍ വരെ എറ്റിയോസ് തന്നെയാണ് ലിവ. സി പില്ലറിനു പിന്നിലേക്ക് യാഥാസ്ഥിതിക രൂപകല്‍പ്പന വിട്ട് എറ്റിയോസ് ആധുനിക രൂപത്തിലേക്ക് മാറി, ലിവയായി മാറുന്നു. ലിവയുടെ ഉള്‍ഭാഗം എറ്റിയോസ് സെഡാന്റേതു പോലെതന്നെ. നഗരയാത്രയ്ക്കു പറ്റിയ എന്‍ജിനും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മികച്ച ഫീച്ചേഴ്സുമുണ്ട്. ഉള്‍ഭാഗത്തെ പ്ളാസ്റ്റിക്കിന്റെ താഴ്ന്ന നിലവാരമാണ് ലിവയുടെ ഗുണങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത്. എങ്കിലും ഇന്റീരിയര്‍ സ്പേസ് സെഡാനുകളെപ്പോലും അമ്പരപ്പിക്കുന്നതാണ്. ടൊയോട്ട ബ്രാന്‍ഡിന്റെ വിശ്വാസ്യതയും കമ്പനി നല്‍കുന്ന മികച്ച വില്‍പ്പനാനന്തരസേവനവും ലിവയ്ക്ക് ജനപ്രീതി നല്‍കുന്നു. മാരുതി സ്വിഫ്ട് , ഹ്യുണ്ടായി ഗ്രാന്‍ഡ് 10 , ഫിയറ്റ് പുന്റോ ഇവോ എന്നിവയോടാണ് എറ്റിയോസ് ലിവ എതിരിടുന്നത്. പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കും.രണ്ട് എയര്‍ബാഗുകളും എബിഎസും എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്. Last Updated On 1st November 2016