Toyota Platinum Etios

ഇന്ത്യയ്ക്കു വേണ്ടി ടൊയോട്ട രൂപകല്‍പ്പന ചെയ്ത മോഡലാണ് എറ്റിയോസ്. 2010 ഡിസംബറില്‍ പുറത്തിറങ്ങി. 2014 ഒക്ടോബറില്‍ ആദ്യ മോഡല്‍ പരിഷ്കാരം നടന്നു. 2016 സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതിയ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുതിയതിന്റെ പേര് പ്ലാറ്റിനം എറ്റിയോസ് എന്നു മാറ്റിയിട്ടുണ്ട്. മാരുതി ഡിസയര്‍, മഹീന്ദ്ര വെരീറ്റോ, ഫിയറ്റ് ലിനിയ ക്ലാസിക്, ഹോണ്ട അമെയ്സ് എന്നിവയാണ് എറ്റിയോസിന്റെ പ്രധാന എതിരാളികള്‍. അതിസുന്ദരമെന്നോ നൂതനമെന്നോ എറ്റിയോസിനെ വിളിക്കാനാവില്ല. എന്നാല്‍ ഭംഗി തീരെ കുറവുമല്ല. വളരെ വീതികൂടിയ കാറായതിനാല്‍ സീറ്റുകള്‍ക്ക് ഇഷ്ടംപോലെ വലിപ്പമുണ്ട്. പിന്‍സീറ്റിലും മൂന്നുപേര്‍ക്ക് നെഞ്ചും വിരിച്ച് ഇരിക്കാം. ദീര്‍ഘദൂരയാത്രകള്‍ക്കുള്ള ലഗേജ് വയ്ക്കാനുള്ള ബൂട്ട് സ്പേസുമുണ്ട്. എബിഎസ് , രണ്ട് എയര്‍ബാഗുകള്‍ എന്നിവ അടിസ്ഥാന വകഭേദത്തിനുമുണ്ട്. ടൊയോട്ടയുടെ മറ്റു മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോഡിയുടെയും ഇന്റീരിയറിന്റെയും ഗുണമേന്മ കുറവാണെന്നത് പോരായ്മ. എന്നാല്‍ ടൊയോട്ടയുടെ മികച്ച സര്‍വീസ് എറ്റിയോസ് ഉപഭോക്താക്കള്‍ക്ക് മനസുഖം നല്‍കും. പെട്ടോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ എറ്റിയോസിനുണ്ട്. കുറഞ്ഞ അറ്റകുറ്റപ്പണിച്ചെലവും ഉയര്‍ന്ന ഇന്ധനക്ഷമതയും എറ്റിയോസിനെ വിശ്വസ്തമായ ഒരു ഫാമിലി കാറാക്കുന്നു. Last Updated On 1st November 2016