Home > Reviews >   Reviews Details

മാരുതി ഇഗ്‍നിസ് - The Premium Tall Boy Car
ഐപ്പ് കുര്യന്‍
Posted on: Monday, Jan 23, 2017   6:00 PM


പൊക്കം കൂടിയ ചെറുകാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രിയമുണ്ട്. ഹ്യുണ്ടായി സാന്‍ട്രോ തുടക്കമിട്ട ടോള്‍ ബോയ് ഹാച്ച്ബാക്ക് വിഭാഗത്തില്‍ എത്തിയ മാരുതി വാഗണ്‍ ആര്‍ , മാരുതി റിറ്റ്സ് , റെനോ ക്വിഡ് , ഡാറ്റ്സണ്‍ റെഡിഗോ, മഹീന്ദ്ര കെയുവി 100 മോഡലുകള്‍ നേടിയ വില്‍പ്പന വിജയം ഈ വസ്തുത ശരിവയ്ക്കുന്നു. ഈ വിഭാഗത്തില്‍ പുതിയൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസൂക്കി. മാരുതി റിറ്റ്സിനു പകരക്കാരനായാണ് ഇഗ്‍നിസ് എന്ന പുതുമോഡലിനെ കമ്പനി പുറത്തിറക്കിയത്. മാരുതിയുടെ പ്രീമിയം ഷോറൂമായ നെക്സയിലൂടെ വില്‍പ്പനയ്ക്കെത്തിയ മൂന്നാമത്തെ മോഡലായ ഇഗ്‍നിസിനെ ടെസ്റ്റ് ഡ്രൈവിലൂടെ അടുത്തറിയാം.


രൂപകല്‍പ്പന 


2015 ലെ ജനീവ മോട്ടോര്‍ ഷോയിലെത്തിയ ഐഎം4 കണ്‍സപ്റ്റാണ് ഇഗ്‍നിസായി രൂപാന്തരപ്പെട്ടത്. വിപണിയിലെ മറ്റൊരു കാറിനോടും വിദൂര സാമ്യം പോലുമില്ലാത്ത രൂപമാണ് ഇഗ്‍നിസിന്റേത്. എസ്‍യുവിയുടെ ചെറുരൂപം പോലെയുണ്ട്. പരസ്യചിത്രങ്ങളിലും വീഡിയോയിലും ഇഗ്‍നിസിനെ കണ്ടപ്പോള്‍ തോന്നിയ മതിപ്പ് നേരിട്ടുള്ള കാഴ്ചയില്‍ കുറഞ്ഞു എന്നതാണ് വാസ്തവം. ബോഡിയുടെ നിര്‍മാണനിലവാരം അത്ര പോരെന്നു തോന്നി.
Maruti Ignis
മുന്‍ഭാഗം ഏറെ മനോഹരമാണ്. യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളും ഇഗ്‍നിസിന്റെ ഭംഗി കൂട്ടുന്നു. നിര്‍ഭാഗ്യവശാല്‍ ആല്‍ഫ എന്ന ടോപ് എന്‍ഡ് വകഭേദത്തില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. മറ്റു വകഭേദങ്ങളുടെ സാധാരണ റിഫ്ലക്ടര്‍ ഹെഡ‍്‍ലാംപ് ഇഗ്‍നിസിന്റെ പ്രീമിയം ലുക്ക് കുറയ്ക്കുന്നുണ്ട്.
Maruti Ignis
പിന്‍ഭാഗത്തിന്റെ രൂപകല്‍പ്പനയില്‍ പഴമയുടെ ശകലങ്ങള്‍ കാണാം. ആദ്യ മാരുതി 800 ന്റെ പിന്‍ഭാഗം ഉരുട്ടി എടുത്തതുപോലെയുണ്ട്. റിയര്‍ വിന്‍ഡോയ്ക്ക് പിന്നില്‍ സി പില്ലറില്‍ മൂന്ന് അഴി പോലെയുള്ള ഡിസൈന്‍ അഭംഗിയായി തോന്നി. ബൂട്ട് സ്പേസ് 260 ലീറ്ററാണ് .സ്വിഫ്ടിന്റെ 204 ലീറ്റര്‍ ബൂട്ട് സ്പേസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു കൊള്ളാം. ബൂട്ട് സ്പേസ് പ്രായോഗിതയുള്ളതുമാണ്. 180 മിമീ എന്ന കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സ് നമ്മുടെ റോഡുകളിലെ ഉപയോഗത്തിന് ഏറെ അനുയോജ്യം തന്നെ.
Maruti Ignis
മഹീന്ദ്ര സ്കോര്‍പ്പിയോയിലേതുപോലെ പരമാവധി സ്ഥലം ലാഭിക്കും വിധം ഏറെ ഒതുക്കിയുള്ള രൂപകല്‍പ്പനയാണ് ഡാഷ്ബോര്‍ഡിന്. കറുപ്പ് - വെളുപ്പ് വര്‍ണ്ണങ്ങള്‍ ചേര്‍ത്തുള്ള ഡാഷ്ബോര്‍ഡിന്റെ പ്ലാസ്റ്റിക്കിന് നല്ല നിലവാരമുണ്ട്. എന്നാല്‍ വെളുപ്പ് നിറമുള്ള ഭാഗം പെട്ടെന്നുതന്നെ അഴുക്ക് പിടിച്ച് വൃത്തികേടാകാന്‍ ഇടയുണ്ട്. പൂര്‍ണ്ണമായും കറുപ്പ് നിറം അല്ലെങ്കില്‍ വെളുപ്പിന് പകരം ബീജ് / ഗ്രേ നിറം ഉപയോഗിക്കുന്നതായിരുന്നു നല്ലത്.
Maruti Ignis
സ്റ്റിയറിങ് വീല്‍ ശ്രദ്ധിക്കുക. മാരുതി മോഡലുകളില്‍ കണ്ടുമടുത്ത രൂപകല്‍പ്പനയല്ല അതിന്. തികച്ചും പുതുമയുണ്ട്. ഡോര്‍ ഹാന്‍ഡിലുകളില്‍ ബോഡി കളര്‍ പാനലുകള്‍ നല്‍കിയിരിക്കുന്നു. ഉപയോഗിച്ച് പഴകുമ്പോള്‍ ഇതിന്റെ നിറം മങ്ങാതിരുന്നാല്‍ കൊള്ളാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എസിയും മുന്തിയ വകഭേദമായ ആല്‍ഫയ്ക്ക് മാത്രമേയുള്ളൂ. സാധാരണ എസി ഉപയോഗിക്കുന്ന വകഭേദങ്ങളുടെ എസി കണ്‍ട്രോളുകള്‍ ഭംഗിയായാണ് ക്രമീകരിച്ചിരിക്കുന്നത്.
Maruti Ignis
സ്മാര്‍ട്ട്ഫോണ്‍ , ഐപാഡ്/ഐഫോണ്‍ ലിങ്ക് ചെയ്യാന്‍ ആവശ്യമായ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയുമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മുന്തിയ വകഭേദമായ ആല്‍ഫയില്‍ മാത്രമാണുള്ളത്. അല്ലാത്തവയ്ക്ക് സാധാരണ ബ്ലൂടൂത്ത് -യുഎസ്‍ബി കണക്ടിവിറ്റിയുള്ള സിഡി ഓഡിയോ സിസ്റ്റമാണ്. ടാബ്‍ലെറ്റിന്റെ ആകൃതിയിലുള്ള പാനലിലാണ് ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് ഇത് ഉറപ്പിച്ചിരിക്കുന്നത്.
Maruti Ignis
3.7 മീറ്റര്‍ നീളമുള്ള ഇഗ്‍നിസ് സ്വിഫ്ടിനെ (3.85 മീറ്റര്‍ ) അപേക്ഷിച്ച് ചെറുതാണ്. എന്നാല്‍ സ്വിഫ്ടിനെക്കാള്‍ നേരിയ തോതില്‍ ( 5 മിമീ) വീല്‍ബേസ് അധികമുണ്ട്. പൊക്കവും കൂടുതലുണ്ട്. എന്നാല്‍ വീതി കുറവാണ്. പിന്‍സീറ്റിന് ഷോള്‍ഡര്‍ റൂം കുറവായതുകൊണ്ടുതന്നെ രണ്ട് മുതിര്‍ന്നവര്‍ക്ക് സുഖകരമായി ഇരിക്കാനാണ് അത് യോജിക്കുന്നത്. നടുക്ക് ഒരു കുട്ടിയെ ഇരുത്താം.
Maruti Ignis
റിറ്റ്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഗ്നിസിനു നീളം 5 മിമീ കുറവ്, വീതി 10 മിമീ അധികം, ഉയരം 25 മിമീ കുറവ്, വീല്‍ബേസ് 45 മിമീ അധികം, ഗ്രൗണ്ട് ക്ലിയറന്‍സ് 10 മിമീ അധികം. റിറ്റ്സിന്റെയും സ്വഫ്ടിന്റെയും പെട്രോള്‍ മോഡലുകള്‍ക്ക് യഥാക്രമം 1005 കിലോഗ്രാം, 965 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരമെന്നിരിക്കെ ഇ‍ഗ്‍നിസിനു തൂക്കം 825-860 കിലോഗ്രാം മാത്രം.
Maruti Ignis
മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഹെഡ് - ലെഗ് റൂം ലഭിക്കുന്നുണ്ട്. സീറ്റിന്റെ ബാക്ക് റെസ്റ്റുകള്‍ക്ക് നല്ല ഉയരമുള്ളത് പൊക്കം കൂടിയ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പുസുഖം നല്‍കും. പിന്‍സീറ്റ് രണ്ടായി വേര്‍തിരിച്ച് മടക്കാനാവും. ലഗേജ് സ്പേസ് ആവശ്യം പോലെ കൂട്ടാന്‍ ഇതു സഹായിക്കും.
Maruti Ignis
സുരക്ഷയുടെ കാര്യത്തില്‍ ഇഗ്‍നിസ് സന്തോഷം നല്‍കുന്നു. എല്ലാ വകഭേദങ്ങള്‍ക്കും എബിഎസും രണ്ട് എയര്‍ബാഗുകളും കുട്ടികള്‍ക്കുള്ള സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനവും നല്‍കിയിട്ടുണ്ട്.


എന്‍ജിന്‍ - ഡ്രൈവ്


സ്വിഫ്ടിലും ബലേനോയിലും ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഇഗ്‍നിസിനും. പെട്രോള്‍ എന്‍ജിന് ശേഷി 82 ബിഎച്ച്പി -113 എന്‍എം. ലീറ്ററിന് 20.89 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ശേഷി 74 ബിഎച്ച്പി -190 എന്‍എം. ലീറ്ററിന് 26.80 കിമീ ആണ് മൈലേജ്. രണ്ട് എന്‍ജിനുകള്‍ക്കും അഞ്ച് സ്പീഡ് മാന്വല്‍ കൂടാതെ എഎംടി ഗീയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാണ്. നമ്മുടെ നാട്ടിലെ റോഡ് സാഹര്യങ്ങളില്‍ പെട്രോളിന് 17 കിമീ/ ലീറ്ററും ഡീസലിന് 21 കിമീ/ ലീറ്ററും ശരാശരി മൈലേജ് പ്രതീക്ഷിക്കാം.
Maruti Ignis
പെട്രോള്‍ വകഭേദമാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ഉയരത്തിലുള്ള സീറ്റ് ആയതിനാല്‍ കയറാനും ഇറങ്ങാനും വളരെ എളുപ്പമാണ്. സ്വിഫ്ടിനെക്കാള്‍ ഭാരക്കുറവുള്ളതുകൊണ്ടുതന്നെ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് പെട്രോള്‍ എന്‍ജിന്‍ കാഴ്ച വയ്ക്കുന്നു. വളരെ നിശബ്ദമാണ് പെട്രോള്‍ എന്‍ജിന്‍ .വിറയലും തീരെയില്ല.
Maruti Ignis
വീതിയേറിയ ടയര്‍ ആയതിനാല്‍ മോശമായ റോഡുകളിലും ഉള്ളില്‍ കുടുക്കം അനുഭവപ്പെടുന്നില്ല. വളവുകള്‍ വീശുമ്പോള്‍ മെച്ചപ്പെട്ട സ്ഥിരതയും ഈ ടയറുകള്‍ നല്‍കുന്നു. സസ്പെന്‍ഷനും മികവുള്ളതാണ്.


വളരെ കൃത്യതയോടെ വീഴുന്ന ഗീയറുകളും കട്ടി കുറഞ്ഞ ക്ലച്ചുമെല്ലാം ട്രാഫിക് തിരക്കുള്ള റോഡിലെ യാത്രയും സുഖകരമാക്കും. ഗീയര്‍ മാറാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് എഎംടി ഗീയര്‍ബോക്സുള്ള വകഭേദം പരിഗണിക്കാം.
Maruti Ignis
ഉയര്‍ന്ന വേഗത്തില്‍ വളവ് വീശുമ്പോള്‍ ഉള്ളിലിരിക്കുന്നവര്‍ക്ക് വലിയ ഉലച്ചില്‍ അനുഭവപ്പെടുന്നില്ല. ഇഗ്‍നിന്റെ പൊക്കക്കൂടുതല്‍ പരിഗണിക്കുമ്പോള്‍ ഇത് പ്രശംസ അര്‍ഹിക്കുന്നു. നഗരവീഥികളിലെ ഉപയോഗം മുന്നില്‍ കണ്ട് നിര്‍മിച്ചതുകൊണ്ടാകാം ഇഗ്‍നിസിന്റെ ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് വളരെ കട്ടി കുറഞ്ഞതാണ്. വേഗം കൂടുമ്പോള്‍ ഇതിനു കട്ടി കൂടുന്നുമില്ല. ഉയര്‍ന്ന വേഗത്തില്‍ ഹൈവേയിലൂടെയുളള യാത്രയ്ക്ക് പഴം പോലെയുള്ള സ്റ്റിയറിങ് യോജിക്കില്ല. വേഗത്തില്‍ പോകുമ്പോള്‍ സ്റ്റിയറിങ്ങിലെ ചെറിയ ചലനം പോലും വണ്ടിയുടെ ദിശ മാറ്റും. ഭാരക്കുറവുള്ള ബോഡിയാണെങ്കിലും ഉയര്‍ന്ന വേഗത്തില്‍ മികച്ച സ്ഥിരത ഇഗ്‍നിസിനുണ്ട്. മൂന്നക്ക വേഗമെടുക്കാന്‍ അത് ആത്മവിശ്വാസം നല്‍കും.


വില


സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങള്‍ ഇഗ്‍നിസിനുണ്ട്. അടിസ്ഥാന വകഭേദത്തിന് എസി , പവര്‍ സ്റ്റിയറിങ്, എബിഎസ് - ഇബിഡി , രണ്ട് എയര്‍ ബാഗുകള്‍ എന്നിവയുണ്ട്.
Maruti Ignis
പെട്രോളിന്റെയും ഡീസലിന്റെയും എഎംടി വകഭേദങ്ങള്‍ക്ക് ഫുള്‍ ഓപ്ഷനായ ആല്‍ഫ ഇല്ല. ബലേനോ പെട്രോളിനെ അപേക്ഷിച്ച് 73,000 രൂപ വിലക്കുറവിലാണ് ഇഗ്‍നിസിന്റെ വില ആരംഭിക്കുന്നത്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : സിഗ്മ - 4.75 ലക്ഷം രൂപ, ഡെല്‍റ്റ - 5.36 ലക്ഷം രൂപ, സീറ്റ - 5.93 ലക്ഷം രൂപ, ആല്‍ഫ - 6.89 ലക്ഷം രൂപ.


പെട്രോള്‍ ഓട്ടോമാറ്റിക് (എഎംടി): ഡെല്‍റ്റ - 5.92 ലക്ഷം രൂപ, സീറ്റ - 6.49 ലക്ഷം രൂപ.
Maruti Ignis 


ഡീസല്‍ : ഡെല്‍റ്റ - 6.58 ലക്ഷം രൂപ, സീറ്റ - 7.11 ലക്ഷം രൂപ, ആല്‍ഫ - 8.01 ലക്ഷം രൂപ.


ഡീസല്‍ ഓട്ടോമാറ്റിക് (എഎംടി): ഡെല്‍റ്റ - 7.14 ലക്ഷം രൂപ, സീറ്റ - 7.67 ലക്ഷം രൂപ.


അവസാനവാക്ക്


മാരുതി സ്വിഫ്ട്, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 മോഡലുകളുടെ വില നിലവാരത്തില്‍ പൊക്കമുള്ള കാര്‍ തേടുന്നവര്‍ക്ക് പറ്റിയ മോഡല്‍ . മാരുതി വാഗണ്‍ ആറില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യം. യുവതലമുറയെ ആകര്‍ഷിക്കുന്ന പുതുമയുള്ള രൂപം, നല്ല പെര്‍ഫോമന്‍സ് - മൈലേജ് ,മികച്ച ഹാന്‍ഡ്‍ലിങ് , മാരുതി ബ്രാന്‍ഡിനോടുള്ള വിശ്വാസം എന്നിവയെല്ലാം ഇഗ്‍നിസിന് വിപണിയില്‍ വിജയം നേടിക്കൊടുക്കും. നിര്‍മാണനിലവാരം അല്‍പ്പം കുറവാണെന്നത് പോരായ്മ. എഎംടി വകഭേദങ്ങള്‍ക്ക് ഫുള്‍ ഓപ്ഷന്‍ മോഡലായ ആല്‍ഫ ഇല്ലെന്നതും കുറവ്.
Maruti Ignis
ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട്: നെക്സ കോട്ടയം, മണിപ്പുഴ, കോട്ടയം. ഫോണ്‍ :90481 90481.


TOP