Home > Reviews >   Reviews Details

മള്‍ട്ടിക്സ് എന്ന ത്രീ ഇന്‍ വണ്‍ വാഹനം
ഐപ്പ് കുര്യന്‍
Posted on: Wednesday, Dec 28, 2016   8:00 AM


ചെറുകിട വ്യാപാരികള്‍ക്കും കൃഷിക്കാര്‍ക്കും ഫാം ഉടമകള്‍ക്കും അലുമിനിയം ഫാബ്രിക്കേഷന്‍ , ഇലക്ട്രിക് വയറിങ്, പ്ലംബിങ് തുടങ്ങിയവ ചെയ്യുന്നവര്‍ക്കുമൊക്കെ യോജിച്ച ഒരു വാഹനം. പേര് മള്‍ട്ടിക്സ്. യാത്രാ വാഹനമായും ചരക്ക് വാഹനമായും മള്‍ട്ടിക്സിനെ ഉപയോഗിക്കാം. ഈ വാഹനത്തിന്റെ ഡീസല്‍ എന്‍ജിനില്‍ നിന്ന് വൈദ്യുതിയും ഉത്പാദിപ്പിക്കാം. 2015 ജൂണിലായിരുന്നു മള്‍ട്ടിക്സിന്റെ വിപണിപ്രവേശമെങ്കിലും കേരളത്തില്‍ വില്‍പ്പനയ്ക്കെത്തിയത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. മള്‍ട്ടിക്സിന്റെ മികവുകള്‍ ടെസ്റ്റ് ഡ്രൈവിലൂടെ മനസിലാക്കാം.


രൂപകല്‍പ്പന


റോഡില്ലാത്തയിടത്തുകൂടിയുള്ള യാത്രയ്ക്ക് പറ്റിയ ആള്‍ ടെറെയ്ന്‍ വെഹിക്കിള്‍ ( എടിവി) നിര്‍മാണത്തില്‍ വിദഗ്ധരായ അമേരിക്കന്‍ കമ്പനി പൊളാരിസും ഇന്ത്യന്‍ കമ്പനി എയ്ഷറും ചേര്‍ന്നാണ് മള്‍ട്ടിക്സിനെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും ടെസ്റ്റ് ട്രാക്കില്‍ 18 ലക്ഷം കിലോമീറ്റര്‍ നീണ്ട പരീക്ഷണഓട്ടങ്ങളില്‍ കരുത്ത് തെളിയിച്ച ശേഷമാണ് മള്‍ട്ടിക്സ് വിപണിയിലെത്തിയത്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ഈ മോഡലിനായി എയ്ഷര്‍ - പോളാരിസ് 350 കോടി രൂപ ചെലവിട്ടു. രാജസ്ഥാനിലെ ജയ്‍പൂര്‍ പ്ലാന്റിലാണ് വണ്ടിയുടെ ഉത്പാദനം. പഴ്‍സണല്‍ യൂട്ടിലിറ്റി വെഹിക്കിള്‍ എന്നാണ് മള്‍ട്ടിക്സിന് കമ്പനി നല്‍കുന്ന വിശേഷണം.
Multix
ടാറ്റ ഐറിസിനെപ്പോലെ ഏവരുടെയും നോട്ടം ആകര്‍ഷിക്കുന്ന രൂപമാണ് നാല് ചക്രങ്ങളുള്ള മള്‍ട്ടിക്സിന്റേത്. കാഴ്ചയ്ക്ക് നല്ല ഭംഗി. നിര്‍മാണനിലവാരവും കൊള്ളാം. എയ്ഷറിന്റെയോ പോളാരിസിന്റേയോ ലോഗോ വാഹനത്തിലില്ല. മള്‍ട്ടിക്സ് എന്ന പ്രത്യേക പ്രൊഡക്ട് നാമത്തിന്റെ ലോഗോ മാത്രം പതിച്ചിരിക്കുന്നു.
Multix
പ്രൈവറ്റ് വാഹനമാണ് മള്‍ട്ടിക്സ്. അതുകൊണ്ടുതന്നെ ബാഡ്ജ് കൂടാതെ വണ്ടി ഓടിക്കാം. നീളം , വീതി , ഉയരം എന്നിവ യഥാക്രമം 3235 മിമീ , 1585 മിമീ, 1856 മിമീ. ചുവപ്പ് , വെളുപ്പ് , സില്‍വര്‍ , മഞ്ഞ നിറങ്ങളില്‍ മള്‍ട്ടിക്സ് ലഭ്യമാണ്. മഞ്ഞ , ചുവപ്പ് നിറങ്ങളിലാണ് മള്‍ട്ടിക്സ് കൂടുതല്‍ ആകര്‍ഷണീയം.
Multix
നാനോയുടെ പോലെ, എന്‍ജിന്‍ പിന്നിലായതിനാല്‍ ബോണറ്റിനടിയിലാണ് സ്പെയര്‍ വീല്‍ വച്ചിരിക്കുന്നത്. പുറത്തേയ്ക്ക് തുറക്കുന്ന ബോണറ്റിനുള്ളില്‍ നിന്ന് സ്റ്റെപ്പിനി ടയര്‍ എടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഇടതുവശത്താണ് ഇന്ധനടാങ്കിന്റെ മൂടി. ടാങ്കില്‍ 11.5 ലീറ്റര്‍ ഇന്ധനം സംഭരിക്കാം.
Multix
പോളാരിസിന്റെ ആള്‍ ടെറെയ്ന്‍ വാഹനങ്ങളുടെ പോലെ ട്യൂബുലാര്‍ ഫ്രെയിമാണ് മള്‍ട്ടിക്സിന്. പതിമൂന്ന് ഇഞ്ചാണ് വീല്‍ വലുപ്പം. നാല് ചക്രത്തിനും ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുള്ള വാഹനത്തിന് 225 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ് . ഓഫ് റോഡിങ്ങിനും യോജിക്കുമെന്നു വ്യക്തം.
Multix
ലളിതമാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. അനായാസം വായിക്കാവുന്ന ഫ്യുവല്‍ ഗേജ് , സ്പീഡോമീറ്റര്‍ , ടെംപറേച്ചര്‍ ഗേജ് എന്നിവ നല്‍കിയിരിക്കുന്നു. ടാക്കോമീറ്ററോ സ്പീഡോ മീറ്ററോ നല്‍കിയിട്ടില്ല. രണ്ടാം തലമുറ മാരുതി 800 ന്റേതുപോലുള്ളതാണ് വൈപ്പര്‍ , ലൈറ്റ് സ്റ്റാക്കുകള്‍ . ഡാഷ്ബോര്‍ഡിന്റെ മുകളില്‍ നടുക്കായി യുഎസ്ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റമുണ്ട്. സ്റ്റിയറിങ് വീലിന് സമീപം ഡാഷ്ബോര്‍ഡിലാണ് ഗീയര്‍ ലിവര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇടതുകൈ അധികം നീട്ടാത അനായാസമായി ഗീയര്‍മാറ്റാന്‍ ഇത് സൗകര്യമാരുക്കുന്നു. അംബാസഡറിന്റേതുപോലെ ഡ്രൈവര്‍സീറ്റിന് ഇടതുവശത്തായാണ് ഹാന്‍ഡ് ബ്രേക്ക് ലിവറിന്റെ സ്ഥാനം. ഇത് തപ്പിപ്പിടിച്ച് കൈകാര്യം ചെയ്യണം. മുന്നിലും പിന്നിലും ബഞ്ച് സീറ്റാണ്. ഗീയര്‍ലിവറിന്റെ തടസം ഇല്ലാത്തതുകൊണ്ട് മുന്നില്‍ മൂന്ന് പേര്‍ക്ക് വേണമങ്കില്‍ ഇരിക്കാം. പിന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് സുഖകരമായി ഇരിക്കാം.
Multix
സീറ്റുകള്‍ നിവര്‍ന്നിരിക്കമ്പോള്‍ 418 ലീറ്റര്‍ ലഗേജ് സ്പേസുണ്ട്. പിന്നിലെ സീറ്റ് വെറും മൂന്ന് മിനിറ്റിനുള്ളില്‍ അനായാസം മടക്കാം. അതുകഴിഞ്ഞാല്‍ പിന്നെ അതിവിശാലമായ നിരപ്പുള്ള ലഗേജ് സ്പേസ് ( 1918 ലീറ്റര്‍ ) കിട്ടും. എസി ഇല്ല. ഭാരം 650 -750 കിലോഗ്രാം.


എന്‍ജിന്‍ - ഡ്രൈവ്


652 സിസി, വാട്ടര്‍ കൂള്‍ഡ് , ബിഎസ് 4 ഡീസല്‍ എന്‍ജിനാണ് മള്‍ട്ടിക്സിനു കരുത്തേകുന്നത്. റിയര്‍ വീല്‍ ഡ്രൈവായ മള്‍ട്ടിക്സിന്റേ പിന്‍ഭാഗത്താണ് എന്‍ജിന്‍ ഉറപ്പിച്ചിരിക്കുന്നത്. ഒറ്റ സിലിണ്ടര്‍ എന്‍ജിന് 12.80 ബിഎച്ച്പി - 37 എന്‍എം ആണ് ശേഷി. നാല് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ്. ലീറ്ററിന് 28.45 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
Multix
എന്‍ജിന്റെ പിന്‍ഭാഗത്തുള്ള എക്സ്‍ പോര്‍ട്ടില്‍ അക്സസറിയായി വാങ്ങാവുന്ന ജനറേറ്റര്‍ ഘടിപ്പിക്കാം. എന്‍ജിന്റെ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്ററിന് മൂന്ന് കിലോവാട്ട് വൈദ്യുതി ഉണ്ടാക്കാനാവും.  ഡ്രില്ലിങ് മെഷിന്‍ , വാട്ടര്‍ പമ്പ് , ലൈറ്റുകള്‍ എന്നിവയൊക്കെ ഈ കറന്റ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ജനറേറ്ററിന് 49,000 രൂപയാണ് വില. എക്സ്‍ പോര്‍ട്ട് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റുകാര്യങ്ങളുടെ വീഡിയോ ചുവടെ ചേര്‍ക്കുന്നു.
എറണാകുളം പനങ്ങാട് സിന്തൈറ്റ് ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഓഫ്റോഡ് ട്രാക്കിലാണ് മള്‍ട്ടിക്സിന്റെ ടെസ്റ്റ് ഡ്രൈവ് കമ്പനി സംഘടിപ്പിച്ചത്. മള്‍ട്ടിക്സിന്റെ കഴിവുകള്‍ നന്നായി പരീക്ഷിച്ചറിയാന്‍ പറ്റിയ ചുറ്റുപാട്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ ഓട്ടോറിക്ഷകളുടെ അത്ര ബഹളക്കാരനല്ല മള്‍ട്ടിക്സ്. വിറയലും നന്നേ കുറവ്. ട്രാക്കിലൂടെ ഓട്ടത്തില്‍ മള്‍ട്ടിക്സ് മനം കവര്‍ന്നു.
Multix
ഓട്ടോറിക്ഷ പോലെ അനായാസം യൂടേണ്‍ എടുക്കാം. വെറും 3.93 മീറ്റര്‍ ആണ് ടേണിങ് റേഡിയസ്. ചരലു നിറഞ്ഞ ട്രാക്കിലൂടെ യൂടേണ്‍ എടുക്കുമ്പോഴും വണ്ടി പാളുന്നില്ല. നല്ല സ്ഥിരത. നിറച്ചും ആളെ കയറ്റിപ്പോകുമ്പോഴും വണ്ടി നന്നായി വലിക്കുന്നു. ഹമ്പുകള്‍ ചാടുമ്പോള്‍ സീറ്റില്‍ നിന്ന് തെറിച്ച് യാത്രക്കാരുടെ തല ഇടിക്കുന്നില്ല. സസ്പെന്‍ഷന്റെ മെച്ചം. റോഡില്ലാത്തിടത്തുകൂടിയും ഓടിച്ചുപോകാവുന്ന വാഹനം. ശരിക്കും ജീപ്പ് പോലെ ധൈര്യമായി എവിടെയും കൊണ്ടുപോകാം മള്‍ട്ടിക്സിനെ.മോശം റോഡോ വലിയ കയറ്റമോ ഒന്നും അതിനു പ്രശ്നമല്ല.


വില


വിലയുടെ കാര്യത്തിലും മള്‍ട്ടിക്സിന് ആകര്‍ഷണീയതയുണ്ട്. രണ്ട് വകഭേദങ്ങളില്‍ ലഭ്യമായ മള്‍ട്ടിക്സിന്റെ കേരളത്തിലെ എക്സ്‍ഷോറൂം വില 3.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. എറണാകുളം ( പെരുമ്പാവൂര്‍), കാസര്‍കോട്, കണ്ണൂര്‍ , മഞ്ചേരി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പുണ്ട്.
Multix
ചോളമണ്ഡലം ഇന്‍വെസ്റ്റമെന്റ് ആന്‍ഡ് ഫിനാന്‍സ് , പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ശ്രീറാം ഫിനാന്‍സ് എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് മള്‍ട്ടിക്സിന് വായ്പ എയ്ഷര്‍- പൊളാരിസ് ലഭ്യമാക്കുന്നുണ്ട്. വാഹനവിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും.


അവസാനവാക്ക്


ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്ക് ഏറ്റവും യോജിച്ച വാഹനം.കുടുംബ ആവശ്യങ്ങള്‍ക്കും വ്യാപാര- കൃഷി - തൊഴില്‍ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഇണങ്ങും മള്‍ട്ടിക്സ്. മാരുതി ഓമ്നി , ടാറ്റ ഐറിസ് മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മള്‍ട്ടിക്സിനു കഴിയും. വില്‍പ്പന - സര്‍വീസ് ശൃംഖല വിപുലമാകുന്നതോടെ നാട്ടിലെങ്ങും മള്‍ട്ടിക്സ് നിറയാനാണ് സാധ്യത.
Multix 


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : എയ്ഷര്‍ - പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ്.


പെരുമ്പാവൂര്‍ ഷോറൂം : ഓട്ടോക്വീന്‍ മോട്ടോഴ്സ് , ഫോണ്‍ : 94470 53626 , autoqueenmotors@gmail.com


TOP