Home > Reviews >   Reviews Details

സി ക്ലാസില്‍ നിന്നൊരു എസ്‍യുവി
ഐപ്പ് കുര്യന്‍
Posted on: Friday, Dec 16, 2016   10:00 AM


മെഴ്‍സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‍യുവി ശ്രേണിയിലെ അടിസ്ഥാന മോഡല്‍ ജിഎല്‍എ ക്ലാസാണ്. അതിനു മുകളിലുള്ളത് ജിഎല്‍ഇ ക്ലാസും. ഇവയ്ക്കിടയിലെ വിടവ് നികത്താന്‍ ജര്‍മന്‍ കമ്പനി അവതരിപ്പിച്ച പുതിയ മോഡലാണ് ജിഎല്‍സി. ഇന്ത്യയില്‍ മുഖം കാണിച്ചിട്ടില്ലാത്ത ജിഎല്‍കെയുടെ പിന്‍ഗാമിയാണിത്. ഔഡി ക്യു 5 , ബിഎംഡബ്ല്യു എക്സ്‍ 3 മോഡലുകളോടു മത്സരിക്കാനെത്തിയ ജിഎല്‍സിയെ ടെസ്റ്റ് ഡ്രൈവിലൂടെ പരിചയപ്പെടാം.


രൂപകല്‍പ്പന


പേരിലെ അവസാന അക്ഷരം സൂചിപ്പിക്കുന്നതുപോലെ സി ക്ലാസ് സെഡാന്റെ പ്ലാറ്റ്ഫോമിലാണ് ജിഎല്‍സി നിര്‍മിച്ചിരിക്കുന്നത് ( ജിഎല്‍എ എ ക്ലാസിനെ അടിസ്ഥാനമാക്കിയും ജിഎല്‍ഇ ഇ ക്ലാസിനെ അടിസ്ഥാനമാക്കിയുമാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഓര്‍മിക്കുമല്ലോ).എന്നാല്‍ വീല്‍ബേസ് 33 മിമീ കൂടുതലുണ്ട്. അതുകൊണ്ടുതന്ന മുന്നിലെയും പിന്നിലെയും സീറ്റുകള്‍ക്ക് മികച്ച ലഗ് സ്പേസ് കിട്ടുന്നു. എസ്‍യുവിയേക്കാളുപരി ഒരു ക്രോസ് ഓവര്‍ ലുക്കാണ് ജിഎല്‍സിയ്ക്ക്.
Mercedes Benz GLC
മുന്‍ ഭാഗത്തിന് സി ക്ലാസിന്റെ നല്ല ഛായയുണ്ട്. ഗ്രില്ലും പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളുമെല്ലാം സിയുടേതു പോലെ തന്നെ. ബോണറ്റിലെ ലൈനുകളും പുതിയ ബമ്പറുമാണ് ജിഎല്‍സിയ്ക്ക് സെഡാനില്‍ നിന്ന് വ്യത്യസ്തമായ രൂപം സമ്മാനിക്കുന്നത്.

Mercedes Benz GLC
അഞ്ച് പേര്‍ക്ക് സുഖകരമായി ഇരിക്കാവുന്ന എസ്‍യുവിയ്ക്ക് 550 ലീറ്റര്‍ ലഗേജ് സ്പേസുണ്ട്. ഔഡി ക്യു ഫൈവിനെ അപേക്ഷിച്ച് കൂടുതലാണിത്. എന്നാല്‍ ഡിക്കിയില്‍ ഉറപ്പിച്ച സ്റ്റെപ്പിനി ടയര്‍ ഏറെ സ്ഥലം കവരുന്നുണ്ട്. ഫലത്തില്‍ വലിയ ബൂട്ട് സ്പേസിന്റെ മെച്ചം പ്രായോഗികതലത്തില്‍ ലഭിക്കുന്നില്ല. സ്റ്റെപ്പിനി ടയര്‍ ഊരിവച്ചാല്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അതിന് ആരെങ്കിലും തയ്യാറാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ബട്ടന്‍ അമര്‍ത്തി പിന്‍ സീറ്റ് മടക്കാനാവും.
Mercedes Benz GLC
മെഴ്‍സിഡീസ് ബെന്‍സിന്റെ മറ്റേതൊരു എസ്‍യുവികളില്‍ നിന്നും വ്യത്യസ്തമായാണ് ജിഎല്‍സിയുടെ പിന്‍ഭാഗത്തിന്റെ രൂപകല്‍പ്പന. കൂപ്പെയുടെ പോലെ ഏറെ ചായ്‍വുണ്ട് പിന്‍ഭാഗത്തിന്. എസ് ക്ലാസിന്റേതുപോലുള്ള എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍ രാത്രിയില്‍ കൂടുതല്‍ മനോഹരമായി തോന്നും. മറ്റ് മെഴ്‍സിഡിസ് ബെന്‍സ് എസ്‍യുവികളിലേതുപോലെ പിന്നിലെ ബമ്പറില്‍ രണ്ട് എക്സ്‍സോസ്റ്റുകളെ പൊതിഞ്ഞുകൊണ്ടുള്ള ക്രോം അലങ്കാരം ഇതിനുമുണ്ട്. ഡിക്കി ഡോര്‍ ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയും.
Mercedes Benz GLC
ഇന്റീരിയറില്‍ കടക്കുമ്പോള്‍ വീണ്ടും സി ക്ലാസ് സെഡാനെ ഓര്‍മിക്കും. അത്രയ്ക്കും സാമ്യമുണ്ട് ജിഎല്‍സിയുടെ ഇന്റീരിയറിന്. കാണുമ്പോഴും തൊടുമ്പോഴും ഒരുപോലെ ആനന്ദം നല്‍കുന്ന നിര്‍മാണനിലവാരം ഇന്റീരിയറിനുണ്ട്. എതിരാളികളെക്കാള്‍ എല്ലാ അര്‍ഥത്തിലും മികച്ചതാണ് ജിഎല്‍സിയുടെ ഇന്റീരിയര്‍ .എല്ലാ കണ്‍ട്രോളുകളും അനായാസം കൈകാര്യം ചെയ്യാവുന്നവിധം ക്രമീകരിച്ചിരിക്കുന്നു.
Mercedes Benz GLC
ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കാറിന്റെ ബാഹ്യഭാഗത്തുനിന്നുള്ള 360 ഡിഗ്രി കാഴ്ച കാണാം. പാര്‍ക്ക് ചെയ്യുമ്പോഴും ഓഫ് റോഡില്‍ പോകുമ്പോഴും പരിസരം വീക്ഷിച്ച് സുരക്ഷിതമായി വാഹനം കൈകാര്യം ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുന്നു. 20 സിഡി സ്റ്റീരിയോ, ഗാര്‍മിന്‍ നാവിഗേഷന്‍ സിസ്റ്റം , രണ്ട് യുഎസ്‍ബി പോര്‍ട്ടുകള്‍ , ബ്ലൂടൂത്ത്, എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ട്. സെന്റര്‍ കണ്‍സോളിലെ ടച്ച് പാഡില്‍ വിരലോടിച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആവശ്യമായത് അനായാസം തിരഞ്ഞെടുക്കാം. മൂന്ന് താപമേഖലകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എസിയാണ് ജിഎല്‍സിയ്ക്ക്. ആകാശത്തിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യണമെങ്കില്‍ പനോരമിക് സണ്‍ റൂഫ് തുറന്നാല്‍ മതി.


എന്‍ജിന്‍ - ഡ്രൈവ്


പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന് ശേഷി 245 ബിഎച്ച്പി - 370 എന്‍എം. 2.1 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിത് 170 ബിഎച്ച്പി -400 എന്‍എം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കും ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്. നാല് വീല്‍ ഡ്രൈവുള്ള എസ്‍യുവി ഓഫ്റോഡിങ്ങിനും പറ്റിയതാണ്.
Mercedes Benz GLC
ഡീസല്‍ വകഭേദമായ 220 ഡിയാണ് ടെസ്റ്റ് ഡ്രൈവിനു ഉപയോഗിച്ചത്. പാസഞ്ചര്‍ ക്യാബിലേയ്ക്ക് അല്‍പ്പം പോലും എന്‍ജിന്‍ ശബ്ദമോ വിറയലോ കടന്നുവരാത്ത വിധമുള്ള ഇന്‍സുലേഷനാണ് എന്‍ജിന്‍ കംപാര്‍ട്മെന്റിനു നല്‍കിയിരിക്കുന്നത്. റോഡിലെ ഗട്ടറുകളുടെ ആഘാതം തെല്ലും ഉള്ളില്‍ അറിയാനില്ല. സസ്പെന്‍ഷന്റെ മികവിനു നന്ദി.


മെഴ്‍സിഡീസ് ബെന്‍സിന്റെ ഫോര്‍ മാറ്റിക് ഓഫ്റോഡ് പാക്കേജ് ജിഎല്‍സിയ്ക്കുണ്ട്. ആള്‍ വീല്‍ ഡ്രൈവ് എസ്‍യുവിയ്ക്ക് ഓഫ് റോഡ്, ഇന്‍ക്ലൈന്‍ ( കുത്തനെയുള്ള ഇറക്കത്തില്‍ ), സ്ലിപ്പറി ( വഴുക്കലുള്ള റോഡില്‍ ) മോഡുകള്‍ ഉണ്ട്. ഇതില്‍ ഓരോന്നും തിരഞ്ഞെടുക്കുന്നതനുസരിച്ച് ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ആവശ്യമാംവിധം ക്രമീകരിക്കപ്പെടും. പാര്‍ക്കിങ് അസിസ്റ്റ് , അറ്റന്‍ഷന്‍ അസിസ്റ്റ്, ആഡാപ്റ്റിവ് ബ്രേക്ക് ലൈറ്റുകള്‍ , ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം, ഏഴ് എയര്‍ബാഗുകള്‍ എന്നിവയും ജിഎല്‍സിയെ മികച്ച സുരക്ഷയുള്ള വാഹനമാക്കി മാറ്റുന്നു. ആവേശം നല്‍കുന്ന പെര്‍ഫോമന്‍സ് ജിഎല്‍സിയ്ക്കില്ല. എന്നാല്‍ ഭൂരിപക്ഷം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന എന്‍ജിന്‍ പ്രകടനം എസ്‍യുവി കാഴ്ചവയ്ക്കുന്നുണ്ട്. വാഹനത്തിന്റെ മികച്ച സ്റ്റെബിലിറ്റിയും ഹാന്‍ഡ്‍ലിങ്ങും ആരെയും ആകര്‍ഷിക്കും.
Mercedes Benz GLC
ലോകത്തിലെ ആദ്യ ഒമ്പത് സ്പീഡ് ഹൈഡ്രോഡൈനാമിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനാണ് ജിഎല്‍സിയുടേത്. സാധാരണ ഓട്ടോമാറ്റിക് ഗീയര്‍ബോക്സുകളെ അപേക്ഷിച്ച് കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന വേഗം കൈവരിക്കാന്‍ ഈ ഓട്ടോമാറ്റിക്കിനു കഴിയും. കംഫര്‍ട്ട് , ഇക്കോ , സ്പോര്‍ട് , സ്പോര്‍ട് പ്ലസ് എന്നിവ കൂടാതെ ഓടിക്കുന്ന വ്യക്തിയ്ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാവുന്ന ഡ്രൈവ് മോഡും ജിഎല്‍സിയ്ക്കുണ്ട്. ട്രാന്‍സ്മിഷന്‍ , സ്റ്റിയറിങ് , എന്‍ജിന്‍ എന്നിവയുടെ പ്രവര്‍ത്തനം ഓരോ മോഡിലും പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെടും.
Mercedes Benz GLC
8.3 സെക്കന്‍ഡ് കൊണ്ട് 100 കിമീ വേഗം ആര്‍ജിയ്ക്കും എന്ന മെഴ്‍സിഡീസ് ബെന്‍സിന്റെ അവകാശവാദം ശരിവയ്ക്കുന്ന പെര്‍ഫോമന്‍സ് ജിഎല്‍സി നല്‍കുന്നു. മണിക്കൂറില്‍ 210 കിമീ ആണ് പരമാവധി വേഗം.


വില


കോഴിക്കോട് എക്സ്‍ഷോറൂം വില ജിഎല്‍സി 220 ഡി( ഡീസല്‍) -56.83 ലക്ഷം രൂപ, ജിഎല്‍സി 300 ( പെട്രോള്‍) -57.03 ലക്ഷം രൂപ.
Mercedes Benz GLC 


അവസാനവാക്ക്


ഔഡി ക്യു ഫൈവ് , ബിഎംഡബ്ല്യു എക്സ്‍ 3 മോഡലുകളെക്കാള്‍ ഭംഗിയുള്ള നല്ലൊരു ലക്ഷുറി എസ്‍യുവി. റോഡ് നിറയുന്ന രൂപം , മേന്മയേറിയതും വിശാലവമായ ഇന്റീരിയര്‍ , ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടിയ സുരക്ഷ എന്നിവയും പ്രത്യേകതകള്‍.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : മെഴ്‍സിഡീസ് ബെന്‍സ് ഇന്ത്യ.


TOP