Home > Reviews >   Reviews Details

ചെറിയ ഹോണ്ട
ഐപ്പ് കുര്യന്‍
Posted on: Saturday, Dec 10, 2016   11:00 AM


നഗരവാസികള്‍ക്ക് ഇണങ്ങുന്ന ഹാച്ച്ബാക്കായാണ് ഹോണ്ട ബ്രിയോ 2011 ഇന്ത്യന്‍ വിപണിയിലെത്തിയത്. മാരുതി, ഹ്യുണ്ടായി മോഡലുകളുമായുള്ള മത്സരത്തില്‍ ബ്രിയോ വിപണിയില്‍ പിന്തള്ളപ്പെട്ടെങ്കിലും മോശമല്ലാത്ത വില്‍പ്പന ബ്രിയോയ്ക്ക് നേടാനായി. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായി ബ്രിയോയില്‍ പരിഷ്കാരം നടത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. നവീകരിച്ച ബ്രിയോയെ ടെസ്റ്റ് ഡ്രൈവിലൂടെ പരിചയപ്പെടാം.


രൂപകല്‍പ്പന


പുതിയ അമെയ്സിന്റെ കൂടെപ്പിറപ്പെന്നു പറയിക്കുന്നതാണ് നവീകരിച്ച ബ്രിയോയുടെ മുന്‍ഭാഗം. ഗ്രില്‍, ഹെഡ് ലാംപ് എന്നിവ അടക്കം മുന്‍ഭാഗത്തിനു അമെയ്സുമായി അത്രയ്ക്കണ്ട് സാമ്യം. അമെയ്സിന്റെ ഗ്രില്ലില്‍ ക്രോം സാന്നിധ്യമുണ്ടെന്നു മാത്രം.
Honda Brio
വശങ്ങളില്‍ യാതൊരു മാറ്റവുമില്ല. ടെയ്ല്‍ ലാംപിന്റെ ഉള്‍ഘടനയില്‍ ചെറിയ മാറ്റവും എല്‍ഇഡി ലൈറ്റുകളുള്ള റിയര്‍ സ്പോയ്‍ലറുമാണ് പിന്നിലെ പുതുമ. ബ്രിയോയുടെ സവിശേഷതയായ ഗ്ലാസ് ഹാച്ച് നിലനിര്‍ത്തിയിരിക്കുന്നു. വൈപ്പര്‍ നീക്കം ചെയ്ത് പകരം ഡീഫോഗര്‍ പിന്നിലെ ഗ്ലാസിനു നല്‍കിയിട്ടുണ്ട്.
Honda Brio
ഡാഷ്ബോര്‍ഡ് രൂപകല്‍പ്പന പഴഞ്ചനാണെന്ന പരാതിയ്ക്ക് പുതിയ ബ്രിയോയില്‍ ഹോണ്ട പരിഹാരം കണ്ടിട്ടുണ്ട്. അമെയ്സിലും ബിആര്‍വിയിലും കണ്ടതരം ഡാഷ്ബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. സമാനവില നിലവാരമുള്ള മറ്റേതൊരു ഹാച്ച് ബാക്കിന്റേതിനേക്കാള്‍ ഗുണമേന്മയുള്ള നിര്‍മിതിയാണ് ഇതിന്റേത് .
Honda Brio
ഡിജിറ്റല്‍ എസി കണ്‍ട്രോള്‍ , ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടൂ ഡിന്‍ മ്യൂസിക് സിസ്റ്റം , ആകര്‍ഷകമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും പുതിയ കാര്യങ്ങളാണ്. പുറമേ കാണുംപോലെയല്ല അതിവിശാലമാണ് ഇന്റീരിയര്‍ . മുന്നിലും പിന്നിലും ആവശ്യം പോലെ ലഗ്- ഹെഡ് റൂമുണ്ട്.  പിന്‍ സീറ്റ് രണ്ട് പേര്‍ക്ക് ഇരിക്കാനാണ് അനുയോജ്യം.
Honda Brio
3,610 മിമീ നീളമുള്ള കാറിനുള്ളില്‍ യാത്രക്കാര്‍ക്ക് കൂടുതതല്‍ ഇടം നല്കാനുള്ള ഹോണ്ടയുടെ അത്യുത്സാഹം ലഗേജ് സ്പേസ് കുറച്ചുകളഞ്ഞു. 175 ലീറ്റര്‍ മാത്രമാണ് ലഗേജ് കപ്പാസിറ്റി ( എറ്റിയോസ് ലിവ -251 ലീറ്റര്‍, ഗ്രാന്‍ഡ് ഐ ടെന്‍-256 ലീറ്റര്‍, സ്വിഫ്ട്-204 ലീറ്റര്‍).


എന്‍ജിന്‍-ഡ്രൈവ്


എന്‍ജിനു മാറ്റമില്ല. അമെയ്സിനു ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനാണ് ബ്രിയോയ്ക്കും. 6000 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പി ലഭിക്കും. അ‍ഞ്ച് സ്പീഡ് മാനുവല്‍ , ഓട്ടോമാറ്റിക് ഗീയര്‍ ബോക്സ് ഓപ്ഷനുകളുണ്ട്. ഹോണ്ടയുടെ മറ്റേതൊരു മോഡലിനെപ്പോലെയും മികച്ചതാണ് ഹാച്ച്ബാക്കിന്റെ പ്രകടനം. മണിക്കൂറില്‍ 100 കിമീ വേഗത്തിലും ബ്രിയോയ്ക്ക് കിതപ്പില്ല. നല്ല സ്ഥിരതയുമുണ്ട്.
Honda Brio
തിരക്കുനിറഞ്ഞ നഗരവീഥികളിലെ യാത്രയ്ക്കം ഏറെ അനുയോജ്യമാണ് ബ്രിയോ. ഹോണ്ട കാറുകളുടെ സവിശേഷതയായ കട്ടികുറഞ്ഞ ക്ലച്ച് ബ്രിയോയിലും കാണാം. ഗീയര്‍മാറ്റം ഏറെ സുഖകരമാക്കാന്‍ ഇതിനു കഴിയുന്നു. മികച്ച ടോര്‍ക്ക് ഡെലിവറി മൂലം സെക്കന്‍ഡ് ഗീയറില്‍ തന്നെ നിരങ്ങി നീങ്ങാം. കൊള്ളാവുന്ന പ്രകടത്തിനൊപ്പം മികച്ച മൈലേജും ബ്രിയോ ഉറപ്പു നല്‍കുന്നു. ലീറ്ററിനു 18.50 കിമീ ( ഓട്ടോമാറ്റിക്കിന് - 16.50 കിമീ / ലീറ്റര്‍) മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Honda Brio
വളരെ കൃത്യതയുണ്ട് സ്റ്റിയറിങ്ങിന്. ഒറ്റക്കൈ കൊണ്ട് യൂ ടേണ്‍ എടുക്കാം. എ പില്ലര്‍ മെലിഞ്ഞതായതുകൊണ്ടുതന്നെ വളവുകളിലും മെച്ചപ്പെട്ട റോഡ് കാഴ്ച ഡ്രൈവര്‍ സീറ്റിലിരിക്കുമ്പോള്‍ ലഭിക്കുന്നു.ഡ്രൈവര്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. റിയര്‍ എസി വെന്റ് ഇല്ലെങ്കില്‍ കൂടി പാസഞ്ചര്‍ ക്യാബിനില്‍ പെട്ടെന്ന് തണുപ്പ് നിറയ്ക്കാന്‍ എസിയ്ക്ക് കഴിയുന്നുണ്ട്.
Honda Brio 


വില


ഇ എംടി - 4.83 ലക്ഷം രൂപ , എസ് എംടി- 5.36 ലക്ഷം രൂപ , വിഎക്സ് എംടി- 6.18 ലക്ഷം രൂപ , വിഎക്സ് ഓട്ടോമാറ്റിക്- 7.05 ലക്ഷം രൂപ . ടോപ് എന്‍ഡ് വകഭേദത്തിന് എബിഎസ്, രണ്ട് എയര്‍ബാഗ് എന്നിവയുണ്ട്.
Honda Brio 


അവസാനവാക്ക്


പുറമേ ചെറുത് , ഉള്ളാലെ വലുത്, കരുത്തും മൈലേജുമുള്ള പെട്രോള്‍ എന്‍ജിന്‍ എന്നിങ്ങനെ നല്ലൊരു സിറ്റി കാറിനു വേണ്ട എല്ലാ ഗുണങ്ങളും ബ്രിയോയ്ക്കുണ്ട്. നഗരങ്ങളില്‍ ജീവിക്കുന്ന ചെറിയ കുടുംബങ്ങള്‍ക്ക് ഏറെ അനുയോജ്യം. ഇന്റീരിയറിന്റെ രൂപകല്‍പ്പന കാലഹരണപ്പെട്ടതാണെന്ന പരാതി നവീകരിച്ച ബ്രിയോ പരിഹരിക്കുന്നു.
Honda Brio
എതിരാളികളായ മാരുതി സ്വിഫ്ട് , ടൊയോട്ട എറ്റിയോസ് ലിവ, ഹ്യുണ്ടായി  ഗ്രാന്‍ഡ് ഐ 10 , മഹീന്ദ്ര കെയുവി 100 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിയോയുടെ വില ആകര്‍ഷകമല്ല. പക്ഷേ അവയ്ക്കൊന്നും ഹോണ്ടയുടെ ബ്രാന്‍ഡ് മൂല്യവും ഗുണമേന്മയും വിശ്വാസ്യതയും അവകാശപ്പെടാനില്ലല്ലോ.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : വിഷന്‍ ഹോണ്ട, സിമെന്റ് കവല, കോട്ടയം. ഫോണ്‍ : 95260 51175


TOP