Home > Reviews >   Reviews Details

The Polo With a Boot !
ഐപ്പ് കുര്യന്‍
Posted on: Monday, Aug 08, 2016   4:00 PM


ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന സെഡാനുകളില്‍ 82 ശതമാനവും കോംപാക്ട് സെഡാനുകളാണ്. കടുത്ത മത്സരം നടക്കുന്ന ഈ വിപണിയില്‍ ഒന്നാം സ്ഥാനം മാരുതി ഡിസയറിനാണ്. യഥാക്രമം ഹോണ്ട അമെയ്സ് ,ഹ്യുണ്ടായി എക്സന്റ് , ഫോഡ് ഫിഗോ ആസ്‍പൈര്‍ , ടാറ്റ സെസ്റ്റ് മോഡലുകളാണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍ . വേര്‍തിരിച്ച ഡിക്കിയുള്ള കാറുകള്‍ക്കുള്ള ജനപ്രീതി അടുത്തകാലത്തെങ്ങും അവസാനിക്കില്ലെന്ന് ബോധ്യമായതോടെ ഫോക്സ്‍വാഗനും ഒരു കോംപാക്ട് സെഡാന്‍ പുറത്തിറക്കി. ഇന്ത്യയ്ക്കായി മാത്രം ജര്‍മന്‍ കമ്പനി നിര്‍മിച്ച ആദ്യ കാറിന് പേര് അമിയോ. ഞാന്‍ സ്നേഹിക്കുന്നു എന്ന് അര്‍ഥമുള്ള ലാറ്റിന്‍ പദമായ അമോയില്‍ നിന്നാണ് അമിയോ എന്ന പേരുണ്ടായത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫോക്സ്‍വാഗനില്‍ നിന്ന് എത്തിയ പുത്തന്‍ മോഡല്‍ എങ്ങനെയുണ്ടെന്ന് ടെസ്റ്റ് ഡ്രൈവിലൂടെ വിലയിരുത്താം.


രൂപകല്‍പ്പന


ഹാച്ച്ബാക്കായ പോളോ അടിസ്ഥാനമാക്കി നിര്‍മിച്ച രണ്ടാമത്തെ മോഡലാണ് അമിയോ. സി സെഗ്‍മെന്റ് സെഡാനായ വെന്റോ ആണ് ആദ്യ മോഡല്‍ . പോളോയുടെ പ്ലാറ്റ്ഫോം വീല്‍ബേസ് കൂട്ടി പരിഷ്കരിച്ചാണ് വെന്റോയ്ക്ക് ഉപയോഗിച്ചതെങ്കില്‍ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലാണ് അമിയോ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്റീരിയര്‍ സ്പേസ് വെന്റോയ്ക്കൊപ്പമില്ല. അത് പോളോയ്ക്ക് സമാനമാണ്. ബൂട്ട് പുതിയതായി എത്തി എന്നു മാത്രം.
Ameo
ഫ്രണ്ട് ബമ്പര്‍ പരിഷ്കരിച്ചതിലൂടെ മുന്‍ഭാഗത്തേയ്ക്ക് കവിഞ്ഞുനിന്ന 35 മിമീ നീളം കുറച്ചു. ഇങ്ങനെ ലാഭിച്ച നീളം പിന്‍ഭാഗത്തിനു നല്‍കി. റൂഫിന്റെ ഉയരം 50 മിമീ കുറച്ചിട്ടുണ്ട്. ഇതെല്ലാം സെഡാന്‍ രൂപത്തിന് തികവ് നല്‍കുന്നു. ഹാച്ച്ബാക്കിനു വാലു പിടിപ്പിച്ചതുപോലെ തോന്നിക്കില്ല. മുന്‍ഭാഗത്തുനിന്നുള്ള കാഴ്ചയില്‍ തനി പോളോ തന്നെ. ഡോറുകള്‍ ,ബോണറ്റ് , ഹെഡ്‍ലാംപുകള്‍ , ഗ്രില്‍ എന്നിവയെല്ലാം പോളോയുടേതാണ്.
Ameo
പിന്‍ഭാഗം പൂര്‍ണ്ണമായും പുതിയതാണ്. ബൂട്ടിന്റെ രൂപകല്‍പ്പന സ്കോഡ റാപ്പിഡിനെ ഓര്‍മിപ്പിക്കും. പോളോയുടേതുപോലെ ഫോക്സ്‍വാഗന്‍ ലോഗോയിലല്ല ഡിക്കി ഡോറിന്റെ ലോക്ക്. നമ്പര്‍ പ്ലേറ്റിനു മുകളില്‍ ലോക്ക് ഉറപ്പിച്ചിരിക്കുന്നു.


ബീജ്- ബ്ലാക്ക് ഫിനിഷുള്ള ഡാഷ്ബോര്‍ഡ് എതിരാളികളുടേതിനെ അപേക്ഷിച്ച് മേല്‍ത്തരം പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതാണ്. അഞ്ചിഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ നാവിഗേഷനും ഇല്ലെന്നത് പോരായ്മ. യുഎസ്ബി, ബ്ലൂടൂത്ത് , എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ആന്‍ഡ്രോയ്ഡ് മിറര്‍ ലിങ്ക് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് ഗൂഗിള്‍ മാപ്പ് നാവിഗേഷനായി ഉപയോഗിക്കാം. നാല് സ്പീക്കറുള്ള സിസ്റ്റത്തിന്റെ ശബ്ദനിലവാരം കൊള്ളാം.
Ameo
മുന്‍സീറ്റുകള്‍ക്ക് ഇടയിലായി സ്റ്റോറേജ് സ്ഥലമുള്ള ആം റെസ്റ്റ് നല്‍കിയിട്ടുണ്ട് ഇത് മടക്കി വയ്ക്കാവുന്ന തരമാണ്. സ്മാര്‍ട്ട് ഫോണും പേഴ്സുമൊക്കെ ഇതില്‍ വയ്ക്കാം. ഈ സെഗ്മെന്റില്‍ ഇതാദ്യം. ആം റെസ്റ്റില്‍ കൈവച്ചുകൊണ്ടുതന്നെ ഗീയര്‍ മാറാം. മുന്‍സീറ്റുകള്‍ മികച്ച യാത്രാസുഖമാണ് നല്‍കുന്നത്. ഡ്രൈവര്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാം.
Ameo
മുന്‍സീറ്റ് ബാക്ക്റെസ്റ്റിന് പിന്‍ഭാഗത്തിന് കുഴിവ് നല്‍കിയത് പിന്‍സീറ്റിന് കൂടുതല്‍ ലഗ്റൂം ഉറപ്പാക്കുന്നു. ആറടി പൊക്കമുള്ളവര്‍ക്കും ഇരിക്കാന്‍ കൊള്ളാം. ഈ വിഭാഗത്തിലെ മറ്റ് മോഡലുകളുമായ താരതമ്യം ചെയ്യുമ്പോള്‍ പിന്‍സീറ്റ് ഭാഗം ഇടുക്കമുള്ളതാണ്. ഫ്ലോറിലെ ഹമ്പ് വലുതാണ്. സീറ്റിനു നടക്കുള്ളയാള്‍ ഹമ്പിനു ഇരുവശങ്ങളിലേയ്ക്കും കാലിട്ട് ഇരിക്കേണ്ടി വരും. ഹ്യുണ്ടായി എക്സന്റിനെപ്പോലെ റിയര്‍ എസി വെന്റുണ്ട്. പിന്നിലെ എസി വെന്റിനു താഴെ ഉറപ്പിച്ചിരിക്കുന്ന ബോട്ടില്‍ ഹോള്‍‍ഡര്‍ ഏറെ ഉപകാരപ്രദമാണ് . കുപ്പി വച്ചാല്‍ എസി തണുപ്പിച്ചുകൊള്ളും.
Ameo
330 ലീറ്ററാണ് ബൂട്ട് സ്പേസ്. ഹോണ്ട അമെയ്സ് , ഹ്യുണ്ടായി എക്സന്റ് മോഡലുകളെ അപേക്ഷിച്ച് കുറവാണിത്. പക്ഷേ ഡിസയറിനെക്കാള്‍ 15 ലീറ്റര്‍ അധികമുണ്ട്, പോളോയെക്കാള്‍ 35 ലീറ്ററും. ലഗേജുകള്‍ അനായാസം എടുത്തുവയ്ക്കാവുന്ന വിധമുള്ള ഉയരത്തിലാണ് ഡിക്കിയുടെ ക്രമീകരണം എന്നത് മേന്മ.


Ameo
രണ്ട് എയര്‍ബാഗുകളും എബിഎസും എല്ലാ വകഭേദത്തിനുമുണ്ട്. മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ , ക്രൂസ് കണ്‍ട്രോള്‍ , നാല് പവര്‍ വിന്‍ഡോകള്‍ക്കും ആന്റി പിഞ്ച് ഫങ്ഷന്‍ എന്നീ ഫീച്ചറുകള്‍ ഈ സെഗ്‍മെന്റില്‍ ആദ്യമായി അമിയോ അവതരിപ്പിക്കുന്നു. പവര്‍ വിന്‍ഡോ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈയോ തലയോ ഇടയ്ക്ക് പെട്ടാല്‍ ഗ്ലാസ് ഉയരുന്നത് തടയുന്നതാണ് ആന്റി പിഞ്ച് ഫങ്ഷന്‍ . 


എന്‍ജിന്‍ - ഡ്രൈവ്


നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളൂ അമിയോയ്ക്ക് . പോളോയില്‍ ഉപയോഗിക്കുന്നതരം 1.2 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 74 ബിഎച്ച്പി -110 എന്‍എം ആണ് ശേഷി. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള കാറിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ്. ലീറ്ററിന് 17.83 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഫിഗോ ആസ്പൈറിനോട് മത്സരിക്കാന്‍ 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സുമുള്ള വകഭേദം ഏതാനും മാസങ്ങള്‍ക്കകം വിപണിയിലെത്തും. 


ഓടിക്കാന്‍ ഏറ്റവും സുഖമുള്ള ഹാച്ചുകളിലൊന്നാണ് പോളോ. അമിയോയും പോളോയുടെ ആ ഗുണം നിലനിര്‍ത്തുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അമിയോയുടെ പെട്രോള്‍ എന്‍ജിന്‍ കരുത്ത് കുറഞ്ഞതാണ്. എന്നാല്‍ ശരാശരി ഉപഭോക്താവിനെ തൃപ്തിപ്പെടുത്താനുള്ള ഫെര്‍ഫോമന്‍സ് ഇതുമതി.
Ameo
ഏറെ സുഖകരമാണ് ഗീയര്‍ഷിഫ്ട് പെട്ടെന്നുള്ള ഓവര്‍ടേക്കിന് ഒന്നോ രണ്ടോ ഗീയര്‍ താഴേയ്ക്കിടേണ്ടി വരും. പോളോയിലേതുപോലെ സ്റ്റിയറിങ്ങിന് ഇടതുഭാഗത്ത് വൈപ്പര്‍ സ്വിച്ചാണ്. ഉപയോഗിച്ച് പരിചയമാകും വരെ ഇന്‍ഡിക്കേറ്ററിനു പകരം അറിയാതെ വൈപ്പര്‍ ഇട്ടുപോകും. കുറഞ്ഞ വേഗത്തില്‍ വളരെ മൃദുമായ സ്റ്റിയറിങ് പാര്‍ക്കിങ്ങും സിറ്റി ഡ്രൈവിങ്ങും ആയാസരഹിതമാക്കും. വേഗം കൂടുമ്പോള്‍ സ്റ്റിയറിങ്ങിനു വേണ്ടത്ര കട്ടി ലഭിക്കുന്നുമുണ്ട്. കാറില്‍ നിറയെ യാത്രക്കാരുള്ളപ്പോഴും മൂന്നാം ഗീയറില്‍ 20 കിമീ വേഗത്തില്‍ പോകാം. ഗീയര്‍ ഡൗണ്‍ ചെയ്യാതെ കാലുകൊടുത്ത് വേഗമെടുക്കുകയും ചെയ്യാം. സിറ്റി യാത്രയില്‍ ഇതേറെ പ്രയോജനപ്പെടും.


വില


കോംപാക്ട് സെഡാന്‍ വിപണിയിലെ മുന്‍നിരക്കാരായ ഡിസയര്‍ , അമെയ്സ് , എക്സന്റ് മോഡലുകളെ വെല്ലാന്‍ അമിയോയുടെ വില ആകര്‍ഷകമാക്കാന്‍ ഫോക്സ്‍വാഗന്‍ ശ്രദ്ധിച്ചു. ഡിസയര്‍ , എക്സന്റ് മോഡലുകള്‍ക്കൊപ്പം നില്‍ക്കും അമിയോയുടെ വില. ഫീച്ചറുകള്‍ പരിഗണിക്കുമ്പോള്‍ അമിയോ ആ വിലയ്ക്ക് ലാഭകരമാണ്. പോളോ ഹാച്ച്ബാക്കിനെ അപേക്ഷിച്ചും വിലക്കുറവുണ്ട് അമിയോയുടെ അടിസ്ഥാന വകഭേദത്തിന് . 


കൊച്ചിയിലെ എക്സ്‍ഷോറൂം വില 


ട്രെന്‍ഡ്‍ലൈന്‍ - 5.43 ലക്ഷം രൂപ.


കംഫര്‍ട്ട്‍ലൈന്‍- 6.20 ലക്ഷം രൂപ.


ഹൈലൈന്‍ - 7.27 ലക്ഷം രൂപ.
Ameo 


അടിസ്ഥാന വകഭേദത്തിന് എസി , ചെരിവും ഉയരവും ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് , മുന്നില്‍ പവര്‍ വിന്‍ഡോസ് , സെന്‍ട്രല്‍ ലോക്കിങ് , 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റ് , രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് എന്നിവയുണ്ട്. 


അവസാനവാക്ക്


ജര്‍മന്‍ നിര്‍മാണനിലവാരം , പുതിയ ഫീച്ചറുകള്‍ , ആകര്‍ഷകമായ വില എന്നിവ അമിയോയ്ക്കുണ്ട്. ഉറപ്പേറിയ ബോഡിയുള്ള അമിയോ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് യോജിക്കും. ഫോക്സ്‍വാഗന്‍ ലോഗോ നല്‍കുന്ന പ്രൗഢിയും അമിയോയ്ക്ക് സ്വന്തം.


ടെസ്റ്റ്ഡ്രൈവ് വാഹനത്തിന് കടപ്പാട് : ഇവിഎം ഫോക്സ്‍വാഗന്‍ , തെള്ളകം , കോട്ടയം. ഫോണ്‍ : 98957 64023


TOP