Home > Reviews >   Reviews Details

ഏഴ് സീറ്റര്‍ ഹോണ്ട എസ്‍യുവി
ഐപ്പ് കുര്യന്‍
Posted on: Wednesday, Jul 27, 2016   12:00 PM


എസ്‍യുവി എന്നാല്‍ മഹീന്ദ്ര സ്കോര്‍പ്പിയോ അല്ലെങ്കില്‍ ടാറ്റ സഫാരി മനസില്‍ വരുന്ന കാലമുണ്ടായിരുന്നു. അതിനു മാറ്റമുണ്ടായത് റെനോ ഡസ്റ്ററിന്റെ വരവോടെയാണ്. പിന്നാലെ നിസാന്‍ ടെറാനോയും മാരുതിഎസ് ക്രോസും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം എത്തി. ഇപ്പോള്‍ കോംപാക്ട് എസ്‍യുവി വിഭാഗത്തിലാണ് കടുത്ത മത്സരം നടക്കുന്നത്. ഈ വിപണിയിലേയ്ക്ക് എതിരാളികള്‍ക്കില്ലാത്ത സവിശേഷതയുമായാണ് ഹോണ്ടയുടെ ബിആര്‍വിയുടെ വരവ്. ഏഴ് സീറ്ററാണ് ബിആര്‍വി. ഈ മോഡലിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ടെസ്റ്റ് ഡ്രൈവിലേയ്ക്ക് കടക്കാം.


രൂപകല്‍പ്പന


അമെയ്സ് , മൊബീലിയോ മോഡലുകളെപ്പോലെ ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് ബിആര്‍വിയും നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഏറ്റവും നീളമേറിയ മോഡലാണിത്. മൊബീലിയോയെക്കാള്‍ 10 മിമീ അധികമുണ്ട് , ബിആര്‍വിയുടെ വീല്‍ബേസ്. സ്കോര്‍പ്പിയോ കഴിഞ്ഞാല്‍ കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ ഏറ്റവും നീളമുള്ള മോഡലും ബിആര്‍വിയാണ്.
Honda BRV
മുന്‍ഭാഗത്തിന് എസ്‍യുവിയുടെ തലയെടുപ്പ് ആവശ്യം പോലെയുണ്ട്. സിറ്റിയിലേതുപോലെയുള്ള കട്ടികൂടിയ ക്രോം സ്ട്രിപ്പ് പ്രൊജക്ടര്‍ ഹെഡ്‍ലാംപ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്നു. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ മൊബീലിയോ എംപിവി പോലെ തോന്നും എന്നത് പോരായ്മ. സില്‍വര്‍ റൂഫ് റയിലുകള്‍ എസ്‍യുവി ലുക്ക് നല്‍കാന്‍ സഹായിക്കുന്നു. 16 ഇഞ്ച് വീലുകള്‍ ബിആര്‍വിയുടെ ആകാരത്തിന് യോജിച്ചതാണ്. പിന്‍ഭാഗത്തിന്റെ രൂപകല്‍പ്പന ഗംഭീരം തന്നെ. മൊബീലിയോ ഘടകങ്ങള്‍ ഉപയോഗിക്കാതിരുന്നത് ഭാഗ്യം. റിവേഴ്സ് ലാംപുകളാണ് ബൂട്ട് ലിഡിലുള്ളത്. സ്റ്റെപ്പിനി ടയര്‍ വാഹനത്തിന് അടിയിലാണ് ഉറപ്പിച്ചിരിക്കുന്നത്.
Honda BRV
അനായാസം കയറാനും ഇറങ്ങാനും കഴിയുന്നവിധമാണ് ബിആര്‍വിയുടെ സീറ്റ് ക്രമീകരണം. നവീകരിച്ച അമെയ്സിലേതുപോലുള്ളതാണ് ഡാഷ്ബോര്‍ഡ്. ബ്ലാക്ക് - ബിജ് നിറത്തിനു പകരം പൂര്‍ണ്ണമായി കറുപ്പ് നിറത്തിലാണെന്നതുമാത്രമാണ് വ്യത്യാസം.
Honda BRV
സ്മാര്‍ട്ട് കീ ബിആര്‍വിയ്ക്കുണ്ട്. ഡോര്‍ ഹാന്‍ഡിലിലെ സെന്‍സറില്‍ വിരലമര്‍ത്തുന്നതോടെ ഡോര്‍ തുറക്കും. കീയിലെ ബട്ടന്‍ അമര്‍ത്തിയും ഡോര്‍ അണ്‍ലോക്ക് ചെയ്യാം. ഡോര്‍ ലോക്കാവുന്നതും അണ്‍ലോക്കാവുന്നതും നിശബ്ദമായാണ്. അമെയ്സിനെക്കാള്‍ വിലയേറിയ വാഹനമായതുകൊണ്ടുതന്നെ പ്ലാസ്റ്റിക് നിലവാരം മെച്ചമായിരിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെ ഉണ്ടായില്ല. ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യപ്പെടുത്തിയാല്‍ ഡാഷ്ബോര്‍ഡിന്റെ നിലവാരം മോശമാണ്. ഡ്രൈവര്‍ സീറ്റിലിരിക്കുമ്പോള്‍ നല്ല റോഡ് കാഴ്ച ലഭിക്കുന്നുണ്ട്. എ പില്ലറിനു കട്ടിക്കൂടുതലുണ്ടെങ്കിലും അത് കാഴ്ചയെ കാര്യമായി തടസപ്പെടുത്തുന്നില്ല. മൊബീലിയോയില്‍ നിന്ന് വ്യത്യസ്തമായി ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ഹെഡ്റെസ്റ്റുകളും നല്‍കിയിരിക്കുന്നത് നല്ല കാര്യം.
Honda BRV
നവീകരിച്ച അമെയ്സിലും സിറ്റിയിലും പരിചയപ്പെട്ട ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബിആര്‍വിയ്ക്കും. മൂന്ന് ഡയലുകള്‍ ഇതില്‍ ഉല്‍പ്പെടുന്നു. അനായാസം വായിക്കാവുന്ന തരമാണിവ. രണ്ട് ട്രിപ്പ് മീറ്ററുകള്‍ , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , ശരാശരി ഇന്ധനക്ഷമത, ക്ലോക്ക് , ബാഹ്യതാപനില, ഓഡോ മീറ്റര്‍ എന്നിവ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയില്‍ തെളിയും.


ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിരാശപ്പെടുത്തും. വിലക്കുറവുള്ള വിറ്റാര ബ്രെസയില്‍ പോലും ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്ളപ്പോള്‍ ബിആര്‍വിയില്‍ ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഹെഡ്സെറ്റാണ്. എന്നാല്‍ ആറ് സ്പീക്കറുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ശബ്ദ നിലവാരം മികച്ചതാണ്. ബ്ലൂടൂത്ത് മുഖേന സ്മാര്‍ട്ട്ഫോണിനെ മ്യൂസിക് സിസ്റ്റവുമായി പെയര്‍ ചെയ്യാം. സ്റ്റിയറിങ്ങില്‍ ഫോണ്‍ കണ്‍ട്രോള്‍ നല്‍കിയിട്ടില്ലെന്നത് മറ്റൊരു പോരായ്മയാണ്. ഒരു ലീറ്റര്‍ കുപ്പി വയ്ക്കാവുന്നതാണ് ഡോര്‍ പോക്കറ്റുകള്‍ .


ഡ്രൈവര്‍ സീറ്റിലിരുന്ന് പിന്‍ഭാഗത്തേയ്ക്ക് നോക്കിയാല്‍ മൊബീലിയോ എംപിവിയുടെ ഇന്റീരിയറിലിരിക്കുന്ന പ്രതീതിയാണ്. മൂന്ന് നിരകളിലായി ഏഴ് പേര്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നു. ആദ്യ രണ്ട് നിരകളിലെ സീറ്റുകള്‍ക്കും ആവശ്യം പോലെ ഹെഡ് - ലെഗ് റൂമുണ്ട്. രണ്ടാം നിരസീറ്റ് പിന്നിലേയ്ക്ക് നീക്കി ലെഗ്സ്പേസ് കൂട്ടാം. ഈ സീറ്റിന്റെ ബാക്ക് റെസ്റ്റ് 60 ഡിഗ്രി വരെ പിന്നിലേയ്ക്ക് ചെരിക്കാനുമാകും. ലോംഗ് ട്രിപ്പ് യാത്രകള്‍ ഇതേറെ സുഖകരമാക്കും. മൂന്നാം നിരയില്‍ ആറടിപൊക്കക്കാര്‍ക്ക് പോലും ലെഗ് സ്പേസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഹെഡ്റൂം കുറവാണ്.
Honda BRV
എല്ലാ സീറ്റുകളും നിവര്‍ന്നിരിക്കുമ്പോഴും 223 ലീറ്റര്‍ ബൂട്ട്സ്പേസ് ലഭിക്കുന്നുണ്ട്. വലുപ്പം കൂടിയ മഹീന്ദ്ര എക്സ്‍യുവി 500 യെക്കാള്‍ അധികമാണിത്. അവസാന നിരസീറ്റ് മടക്കിയാല്‍ ലഗേജ്സ്പേസ് 691 ലീറ്ററാകും. മൂന്നാം നിര സീറ്റിന്റെ ബാക്ക് റെസ്റ്റ് രണ്ടായി വേര്‍തിരിച്ചിരിക്കുന്നത് നന്നായി. ലഗേജ് സ്പേസ് ഇഷ്ടാനുസരണം വിപുലപ്പെടുത്താം.ക്ലൈമറ്റ് കണ്‍ട്രോള്‍ എസിയുടെ പെര്‍ഫോമന്‍സ് മികച്ചതാണ്. പിന്‍സീറ്റുകളിലേയ്ക്ക് വേഗത്തില്‍ തണുപ്പ് എത്തിക്കാന്‍ പ്രത്യേകം എസി യൂണിറ്റ് റൂഫില്‍ നല്‍കിയിട്ടുണ്ട്. അടിസ്ഥാന വകഭേദം ഒഴികെയുള്ളവയ്ക്ക് ഇതുണ്ട്.


എന്‍ജിന്‍ - പെര്‍ഫോമന്‍സ്


ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ കോംപാക്ട് എസ്‍യുവിയായ ബിആര്‍വിയ്ക്ക് പെട്രോള്‍ , ഡീസല്‍ വകഭേദങ്ങളുണ്ട്. സിറ്റിയില്‍ നിന്ന് കടം കൊണ്ട എന്‍ജിനുകളാണിവ. 1.5 ലീറ്റര്‍ , ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പി -200 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണിതിന്. മൈലേജ് 21.9 കിമീ / ലീറ്റര്‍ .


1.5 ലീറ്റര്‍ , പെട്രോള്‍ എന്‍ജിന് ശേഷി 117 ബിഎച്ച്പി -146 എന്‍എം. പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സും ലഭ്യമാണ്. സ്റ്റിയറിങ്ങില്‍ പാഡില്‍ ഷിഷ്ട് ഇതിനുണ്ട്. എതിരാളികള്‍ക്കില്ലാത്ത ഫീച്ചറാണിത്. പെട്രോളിന്റെ മാന്വല്‍ വകഭേദത്തിന് 15.4 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക്കിന് 16 കിമീ / ലീറ്റര്‍ എന്നിങ്ങനെയാണ് മൈലേജ്.
Honda BRV
ഡ്രൈവര്‍ സൈഡില്‍ ഡാഷ്ബോര്‍ഡിന്റെ വലതുവശത്താണ് സ്റ്റാര്‍ട്ടര്‍ ബട്ടന്‍ . ക്ലച്ചില്‍ ചവിട്ടി ഈ ബട്ടന്‍ അമര്‍ത്തുന്നതോടെ എന്‍ജിന്‍ സ്റ്റാര്‍ട്ടാകും. ടര്‍ബോ ലാഗ് തീര്‍ത്തും കുറവുള്ളതാണ് ഡീസല്‍എന്‍ജിന്‍ . ക്രമാനുഗതമായാണ് വേഗമെടുക്കുന്നത്. നിറയെ യാത്രക്കാരെയും വച്ച് കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോള്‍ പോലും വളരെ സ്മൂത്തായി വണ്ടി വലിക്കുന്നുണ്ട്. വളരെ കൃത്യതയുള്ള ഷിഫ്ടിങ്ങാണ് ഗീയര്‍ബോക്സ് കാഴ്ചവച്ചത്. സസ്പെന്‍ഷന്‍ കാര്യക്ഷമത മികച്ചതാണ്. ഉയര്‍ന്ന വേഗത്തിലും നല്ല സ്ഥിരതയുണ്ട്. കൂടാതെ മൂന്നാം നിര സീറ്റില്‍ ചാട്ടം അനുഭവപ്പെട്ടില്ല. ഹാച്ച്ബാക്ക് പോലെ അനായാസം ബിആര്‍വിയെ കൈകാര്യം ചെയ്യാം. ബ്രേക്കിന്റെ കാര്യക്ഷമതയും പ്രശംസനീയമാണ്.


പിന്നിലെ വിന്‍ഡ്സ്ക്രീനിലൂടെയുള്ള കാഴ്ച പരിമിതമാണ്. അതുകൊണ്ടുതന്നെ റിവേഴ്സ് പാര്‍ക്കിങ് സഹായി ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ റിവേഴ്സ് ക്യാമറയോ പാര്‍ക്കിങ് സെന്‍സറുകളോ ഹോണ്ട നില്‍കിയിട്ടില്ല.
Honda BRV
റെനോ ഡസ്റ്ററിനു സമാനമായി 210 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് ബിആര്‍വിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മോശം റോഡുകളിലും കൂസലില്ലാതെ പായാന്‍ ഹോണ്ട എസ്‍യുവിയ്ക്ക് കഴിയുന്നു. എന്നാല്‍ ഡസ്റ്ററിനെപ്പോലെ ഫോര്‍ വീല്‍ ഡ്രൈവ് ഇതിനില്ല.


വില


രണ്ട് എയര്‍ ബാഗുകളും എബിഎസും ഡീസല്‍ ബിആര്‍വിയുടെ അടിസ്ഥാന വകഭേദത്തിനുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വകഭേദത്തിന് രണ്ട് എയര്‍ ബാഗുകള്‍ മാത്രമേയുള്ളൂ, എബിഎസില്ല.
Honda BRV 


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : ഇ -8.86 ലക്ഷം രൂപ, എസ്- 9.99 ലക്ഷം രൂപ, വി -11.05 ലക്ഷം രൂപ, വിഎക്സ്- 11.99 ലക്ഷം രൂപ.


പെട്രോള്‍ ഓട്ടോമാറ്റിക് : വി - 12.14 ലക്ഷം രൂപ,


ഡീസല്‍ : ഇ -9.99 ലക്ഷം രൂപ, എസ്- 11.13 ലക്ഷം രൂപ, വി -12.01 ലക്ഷം രൂപ, വിഎക്സ്- 13.08 ലക്ഷം രൂപ.ബിആര്‍വിയുടെ ഓണ്‍റോഡ് വില അറിയാന്‍ കാര്‍ സെലക്ടര്‍ കാണുക. 


അവസാനവാക്ക്


ഹ്യുണ്ടായി ക്രെറ്റ , റെനോ ഡസ്റ്റര്‍ മോഡലുകളെക്കാള്‍ കാര്യമായ വിലക്കുറവ് ബിആര്‍വിയ്ക്കില്ല. ഫീച്ചറുകളും കുറവാണ്. ഏഴ് സീറ്റര്‍ ആണെന്നതാണ് ബിആര്‍വിയുടെ ഹൈലൈറ്റ്. ഈ സെഗ്‍മെന്റിലെ ഏറ്റവും ഉള്‍വിസ്താരമുള്ള മോഡലും ഇതുതന്നെ. അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് യോജിച്ച എസ്‍യുവി എന്ന നിലയിലായിരിക്കും ബിആര്‍വി ജനപ്രീതി നേടുക. ഹോണ്ടയുടെ പ്രീമിയം ബ്രാന്‍ഡിങ് ബിആര്‍വിയ്ക്ക് തുണയാകും.
Honda BRV 


ടെസ്റ്റ് ഡ്രൈവ് വാഹനത്തിന് കടപ്പാട് : വിഷന്‍ ഹോണ്ട , നാട്ടകം, കോട്ടയം-13. ഫോണ്‍ : 0481-2361150, 95260 51175. 


TOP