Home > Reviews >   Reviews Details

മുഖശ്രീ കൂട്ടി അമെയ്സ്
ഐപ്പ് കുര്യന്‍
Posted on: Wednesday, Jun 29, 2016   10:30 AM


എന്‍ട്രി ലെവല്‍ സെഡാനുകളിലെ രാജാവായ മാരുതി ഡിസയറിനോട് എതിരിടാനാണ് 2013 മാര്‍ച്ചില്‍ ഹോണ്ട അമെയ്സ് എത്തിയത്. ഡിസയറിന്റെ കീരിടം സ്വന്തമാക്കാനായില്ലെങ്കിലും അമെയ്സനിന് പല മാസങ്ങളിലും വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നേടാനായി. ഹോണ്ടയെ സംബന്ധിച്ചിടത്തോളം അമെയ്സ് ഏറെ പ്രാധാന്യമുള്ള മോഡല്‍ കൂടിയാണ്. സ്ഥിതി അല്‍പ്പം പരുങ്ങലിലായ കാലത്ത് ഹോണ്ടയ്ക്ക് പുതുജീവന്‍ നല്‍കിയത് അമെയ്സ് ആയിരുന്നു. ഇടത്തരക്കാരുടെ ഇടയിലും ഹോണ്ടയെന്ന ബ്രാന്‍ഡ് നെയിമിന് വേരോട്ടം നല്‍കാന്‍ അമെയ്സിനു കഴിഞ്ഞു. പുറത്തിറങ്ങി മൂന്നു വര്‍ഷം പിന്നിട്ട അമെയ്സ് ഇതിനോടകം വിപണിയിലിറങ്ങിയത് രണ്ട് ലക്ഷത്തിലേറെയാണ്. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള രണ്ടാമത്തെ മോഡലുമാണ് അമെയ്സ്. അടുത്തകാലത്ത് എതിരാളികള്‍ കൂടുതല്‍ ഫീച്ചറുകളുമായി എത്തിയതോടെ അമെയ്സിനെയും ഒന്നു പരിഷ്കരിച്ചിരിക്കുകയാണ് ഹോണ്ട. ബാഹ്യരൂപത്തില്‍ ചില്ലറ മാറ്റങ്ങളും പുതിയ ഫീച്ചറുകളും നല്‍കി നവീകരിച്ച അമെയ്സിനെ പരിചയപ്പെടാം.


രൂപകല്‍പ്പന


അമെയ്സിന്റെ മുന്‍ഭാഗത്തിനു ഭംഗി പോരെന്നു പരക്കെ ആക്ഷേപമുണ്ടായിരുന്നു. 2016 മോഡലില്‍ ആ കുറവ് കമ്പനി പരിഹരിച്ചു. മൊബീലിയോയുടെ പോലെ കൂടുതല്‍ ക്രോം തിളക്കമുള്ള പുതിയ ഗ്രില്‍ അമെയ്സിനു കൂടുതല്‍ വീതിയും പൗരുഷവും തോന്നിക്കുന്നു. ഇരുവശത്തെയും ഹെഡ്‍ലാംപുകള്‍ വരെ നീളുന്നുണ്ടിത്. പുതിയ ബമ്പറും മസ്കുലാര്‍ ലുക്ക് കൂട്ടുന്നു. പിന്‍ഭാഗത്ത് ടെയ്ല്‍ ലാംപില്‍ വരുത്തിയ നവീകരണവും അമെയ്സിനെ മനോഹരമാക്കുന്നു. ബാഹ്യരൂപത്തിലെ മാറ്റങ്ങള്‍ കുറവാണെങ്കിലും കാറിന് ഏറെ പുതുമ നല്‍കാന്‍ അവയ്ക്കു കഴിയുന്നുണ്ട്.
Amaze 2016
ഇന്റീരിയറില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ പ്രശംസനീയമാണ്. പഴയ അമെയ്സിന്റെ ഡാഷ്ബോര്‍ഡ് ബ്രിയോ ഹാച്ച്ബാക്കിന്റെ പോലുള്ളതാണെങ്കില്‍ പുതിയതില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‍‍യുവിയായ ബിആര്‍വിയുടെ തരമാണ്. നിറത്തില്‍ മാത്രം വ്യത്യാസമുണ്ട്. ബ്ലാക്ക് - ബീജ് വര്‍ണ്ണസങ്കലത്തിലുള്ള ഡാഷ്ബോര്‍ഡിന് മികച്ച നിര്‍മാണനിലവാരമുണ്ട്. ഹോണ്ടയുടെ സ്റ്റാന്‍ഡേര്‍ഡിനൊത്ത് ഡാഷ്ബോര്‍ഡ് ഉയര്‍ന്നത് ഇപ്പോഴാണ്.
Amaze 2016
സിറ്റിയിലെതിനു സമാനമാണ് പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . ഓ‍ഡിയോ സിസ്റ്റത്തിന് ബ്ലൂടൂത്ത് കണക്ടിവിറ്റി , ക്ലൈമറ്റ് കണ്‍ട്രോള്‍ എസി എന്നിവ പുതിയതായി എത്തി. ഡോര്‍ ട്രിമ്മുകളുടെ നിലവാരവും വര്‍ധിപ്പിച്ചു. പുതിയ എസി കണ്‍ട്രോളുകള്‍ ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമാണ്.
Amaze 2016
നാലുമീറ്ററില്‍ നീളം ഒതുങ്ങുന്ന കാറാണെന്ന് ഓര്‍മിപ്പിക്കാത്തവിധം വിശാലമാണ് ഇന്റീരിയര്‍ . മൂന്നു പേര്‍ക്ക് സുഖകരമായി ഇരിക്കാവുന്ന പിന്‍സീറ്റിന് മുന്നില്‍ ധാരാളം ഇടം. ആറടി ഉയരമുള്ളവര്‍ക്കും മുട്ട് ഇടിക്കില്ല.അമെയ്സിന്റെ ബൂട്ട് സ്പേസ് എതിരാളികളെക്കാള്‍ മികച്ചതാണെന്ന് അറിയാമല്ലോ. മുഖ്യ എതിരാളിയായ സ്വിഫ്ട് ഡിസയറിനു 316 ലീറ്റര്‍ ബൂട്ട് സ്പേസുള്ള സ്ഥാനത്ത് അമെയ്സിന് 400 ലീറ്ററുണ്ട്.


എന്‍ജിന്‍ - ഡ്രൈവ്


ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ ഡീസല്‍ സെഡാനായ അമെ്സിന് രാജ്യത്തെ ഏറ്റവും മൈലേജുള്ള സെഡാന്‍ എന്ന പ്രത്യേകത ഉണ്ടായിരുന്നു. എന്നാല്‍ മാരുതി ഡിസയറിന്റെ പുതിയ പതിപ്പ് 26.59 മിമീ / ലീറ്റര്‍ മൈലേജ് വാഗ്‍ദാനവുമായി എത്തിയതോടെ അമെയ്സ് രണ്ടാം സ്ഥാനത്തായി.  98.6 ബിഎച്ച്പി ( 3600 ആര്‍പിഎമ്മില്‍ ) - 200 എന്‍എം ( 1750 ആര്‍പിഎമ്മില്‍ ) ശേഷിയുള്ളതാണ് 1.5 ലീറ്റര്‍ ഐ ഡിടെക് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ .ലീറ്ററിന് 25.80 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.
Amaze 2016
ടര്‍ബോ ലാഗ് തീര്‍ത്തും കുറവുള്ളതാണ് അമെയ്സിന്റെ ഡീസല്‍ എന്‍ജിന്‍ . ഡിസയറിലേതുപോലെ ടര്‍ബോ ഓണാകുമ്പോഴുള്ള കുതിച്ചുകയറ്റം അമെയ്സിനില്ല. ക്രമാനുഗതമായാണ് വേഗമെടുക്കല്‍ . അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്സ് കൃത്യതയുള്ളതും അനായാസവുമായ ഗീയര്‍മാറ്റം സാധ്യമാക്കുന്നു. സ്പീഡോ സൂചി മൂന്നക്കത്തിലെത്തിക്കുക പ്രയാസമുള്ള കാര്യമേയല്ല. എന്‍വിഎച്ച് ലെവല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ജിന്‍ ശബ്ദം ഇന്റീരിയറില്‍ അധികം അറിയാനില്ല. ടയര്‍ ശബ്ദവും കുറവുണ്ട്. എതിരാളികളെക്കാള്‍ മികച്ച ഹാന്‍ഡ്‍ലിങ്ങും യാത്രാസുഖവും അമെയ്സ് നല്‍കുന്നു.


നിറച്ചും യാത്രക്കാരുള്ളപ്പോഴും ഹമ്പുകളെ അടിതട്ടാതെ കൈകാര്യം ചെയ്യാന്‍ 165 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് പര്യാപ്തമാണ്.ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് കുറഞ്ഞ വേഗത്തിലുള്ള തിരിക്കല്‍ ആയാസരഹിതമാക്കുന്നു.
Amaze 2016
ഹാച്ച് ബാക്കായ ബ്രിയോയുടെ തരം 1.2 ലീറ്റര്‍ , നാലു സിലിണ്ടര്‍ , ഐ വിടെക് എന്‍ജിനാണ് പെട്രോള്‍ വകഭേദത്തിന്. ശേഷി 87 ബിഎച്ച്പി - 109 എന്‍എം . അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള അമെയ്സിനു ലീറ്ററിനു 17.8 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. ഓട്ടോമാറ്റിക് വകഭേദവും പെട്രോള്‍ അമെയ്സിനുണ്ട്.


പഴയ അഞ്ച് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗീയര്‍ബോക്സിനു പകരം സിറ്റിയിലെ പോലെ സിവിടി ( കണ്ടിന്യൂസ്‍ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ) ആണ് പുതിയ അമെയ്സിന്. എന്‍ട്രിലെവല്‍ സെഡാന്‍ വിഭാഗത്തില്‍ സിവിടി ഓട്ടോമാറ്റിക്കുള്ള ഏക മോഡലും ഇതുതന്നെ. വളരെ സ്മൂത്തായി പെട്ടെന്നുള്ള വേഗമെടുക്കല്‍ സാധ്യമാക്കുന്നതിനൊപ്പം മെച്ചപ്പെട്ട മൈലേജും സിവിടി ഉറപ്പാക്കുന്നു. മാന്വല്‍ ഗീയര്‍ബോക്സുള്ള അമെയ്സിനെക്കാള്‍ രണ്ട് ബിഎച്ച്പി അധിക കരുത്തും ഒരു എന്‍എം അധിക ടോര്‍ക്കും ഓട്ടോമാറ്റിക്കിനുണ്ട് , 89 ബിഎച്ച്പി -110 എന്‍എം. മൈലേജും ഓട്ടോമാറ്റിക്കിനാണ് കൂടുതല്‍ , ലീറ്ററിന് 18.10 കിമീ .പഴയ ഓട്ടോമാറ്റിക്കിന് 15.5 കിമീ / ലീറ്റര്‍ ആയിരുന്നു മൈലേജ്.


വില


പ്രധാന എതിരാളിയായ ഡിസയറിനെക്കാള്‍ വിലക്കൂടുതലാണ് അമെയ്സിന്. എന്നാല്‍ ഫീച്ചറുകളും പെര്‍ഫോമന്‍സും സ്ഥലസൗകര്യവും പരിഗണിക്കുമ്പോള്‍ ഇത് ഒട്ടും കൂടുതലാണെന്ന് പറയാനാവില്ല. 


കൊച്ചി എക്സ് ഷോറൂം വില : 


പെട്രോള്‍


ഇ -5.68 ലക്ഷം രൂപ


എസ് -6.55 ലക്ഷം രൂപ


എസ്‍എക്സ്‍ -7.21 ലക്ഷം രൂപ


വിഎക്സ്‍ -7.58 ലക്ഷം രൂപ


പെട്രോള്‍ സിവിടി ഓട്ടോമാറ്റിക്


എസ് -7.58 ലക്ഷം രൂപ


വിഎക്സ്‍ -8.58 ലക്ഷം രൂപ
Amaze 2016


ഡീസല്‍ 


ഇ -6.86 ലക്ഷം രൂപ


എസ് -7.66 ലക്ഷം രൂപ


എസ്‍എക്സ്‍ -8.18 ലക്ഷം രൂപ


വിഎക്സ്‍ -8.57 ലക്ഷം രൂപ


അവസാനവാക്ക്


മുഖശ്രീയില്ല, ഇന്റീരിയറിനു നിലവാരമില്ല എന്നിങ്ങനെ അമെയ്സിനെപ്പറ്റിയുള്ള പരാതികള്‍ക്ക് പരിഹാരം കണ്ടാണ് നവീകരിച്ച പതിപ്പിനെ ഹോണ്ട വിപണിയിലിറക്കിയിരിക്കുന്നത്. ഡിസയറിനെക്കാല്‍ മെച്ചപ്പെട്ട ഇന്റീരിയര്‍ , രൂപഭംഗി , പെര്‍ഫോമന്‍സ് എന്നിവ അമെയ്സിനുണ്ട്. ഹോണ്ട ബ്രാന്‍ഡിന്റെ ഉയര്‍ന്ന മൂല്യവും വിശ്വാസ്യതയും അമെയ്സിന്റെ അധിക മേന്മകള്‍ .
പെര്‍ഫോമന്‍സ് പ്രത്യേകം പരിഗണിച്ചാല്‍ ഈ വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ഫിഗോ ആസ്പൈറാണ്. തൊട്ടുപിന്നിലാണ് അമെയ്സിന്റെ സ്ഥാനം. ആസ്പൈറിനെക്കാള്‍ മെച്ചപ്പെട്ട മൈലേജും കുറഞ്ഞ പരിപാലനച്ചെലവും അമെയ്സിനു കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.  


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : വിഷന്‍ ഹോണ്ട, സിമന്റ് കവല, കോട്ടയം. ഫോണ്‍ : :0481 2360157, 97472 12265.


TOP