Home > Reviews >   Reviews Details

ഇന്നോവ ക്രിസ്റ്റ വേറെ ലെവലാണ്
ഐപ്പ് കുര്യന്‍
Posted on: Wednesday, Jun 15, 2016   10:00 AM


വില്‍പ്പന വിജയം നേടിയ ക്വാളിസിനു പകരമായാണ് 2005 ല്‍ ഇന്നോവ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതല്‍ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായി തുടരാന്‍ ഇന്നോവയ്ക്ക് കഴിഞ്ഞു. ഒടുവില്‍ ഇന്നോവയ്ക്കും ഒരു പകരക്കാരനെത്തി - ഇന്നോവ ക്രിസ്റ്റ. അത് ഇന്നോവയുടെ രണ്ടാം തലമുറയല്ലേ എന്നു ചോദിച്ചേക്കാം. എന്നാല്‍ വില , സൗകര്യങ്ങള്‍ , സുരക്ഷാസംവിധാനങ്ങള്‍ എന്നിവ പരിഗണിച്ചാല്‍ പഴയ ഇന്നോവയല്ല ഇന്നോവ ക്രിസ്റ്റ എന്നു ബോധ്യമാകും. ഇന്നോവ ക്രിസ്റ്റയെ വിശദമായി പരിചയപ്പെടാന്‍ ടെസ്റ്റ് ഡ്രൈവിലേയ്ക്ക് കടക്കാം.


രൂപകല്‍പ്പന


നിര്‍മാണച്ചെലവ് പരമാവധി കുറയ്ക്കുന്നതിനും ഈടുനില്‍പ്പ് ഉറപ്പാക്കുന്നതിനും പഴമയെ കൂട്ടുപിടിച്ചാണ് ക്രിസ്റ്റയെ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ട്യൂബുലാര്‍ ഷാസിയില്‍ ഉറപ്പിച്ച ബോഡിയും ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ്ങും അതിന് ഉദാഹരണങ്ങള്‍ . എന്നാല്‍ ബാക്കിയുള്ള എല്ലാ ഘടകങ്ങളും പുതിയതാണ്.
Innova Crysta
അടിസ്ഥാന രൂപഘടന പഴയതുപോലെയാണ്. എന്നാല്‍ വലുപ്പം കൂടിയിട്ടുണ്ട് . വീല്‍ ബേസില്‍ മാറ്റമില്ല , 2750 മിമീ. നീളം 150 മില്ലിമീറ്ററും വീതി 70 മില്ലിമീറ്ററും ഉയരം 35 മില്ലിമീറ്ററും ആണ് കൂടിയിരിക്കുന്നത്. നീളത്തിലുണ്ടായ വര്‍ധന രണ്ടാം നിര സീറ്റിന്റെ ലഗ് സ്പേസ് കൂട്ടിയിട്ടുണ്ട്. കൂടാതെ വലിയൊരു സ്യൂട്ട്കേസ് വയ്ക്കാനും മാത്രം വലുപ്പമുള്ളതായി ബൂട്ട് സ്പേസ് മാറി.
Innova Crysta
മുന്‍ഭാഗത്തിന് എസ്‍യുവിയുടേതുപോലെയുള്ള ഗാംഭീര്യമുണ്ട്. ഷഡ്‌ഭുജാകൃതിയിലുള്ള ഗ്രില്ലിലെ ഇരട്ട ക്രോം വരകള്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളുമായി ഭംഗിയായി ഇഴുകിചേരുന്നു.എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഹെ‍‍ഡ്‍ലാംപ് യൂണിറ്റിലുണ്ട് .ബമ്പറിന്റെ ഇരുവശത്തുമായി ഫോഗ് ലാംപുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിരിക്കുന്നു. വശങ്ങളില്‍ നിന്നുള്ള ലുക്ക് പഴയതുപോലെ തന്നെ. മൂന്നാം നിരയുടെ വിന്‍ഡോയ്ക്ക് രൂപമാറ്റമുണ്ട്. മുമ്പ് ചതുരത്തിലായിരുന്ന വിന്‍ഡോയ്ക്ക് ഇപ്പോള്‍ ത്രികോണാകൃതിയാണ്.
Innova Crysta
പിന്‍ഭാഗത്തിനും എസ്‍യുവി ലുക്കുണ്ട്. തലതിരിഞ്ഞ എല്‍ ഷേപ്പിലുള്ള ടെയ്ല്‍ ലാംപുകള്‍ക്ക് നല്ല ഭംഗി. മുന്തിയ വകഭേദത്തിന് റിയര്‍ സ്പോയ്‍ലറുണ്ട്. ഷാര്‍ക്ക് ഫിന്‍ ടൈപ്പ് ആന്റിന മുകളില്‍ നല്‍കിയിരിക്കുന്നു.
Innova Crysta
ഇന്റീരിയറിലാണ് അതിശപ്പിക്കുന്ന മാറ്റങ്ങള്‍ . ജര്‍മന്‍ ലക്ഷുറി കാറുകളെ ഓര്‍മിപ്പിക്കുന്നതരം ഭംഗിയും നിലവാരവും ഡാഷ്ബോര്‍ഡിനം ഇന്റീരിയര്‍ ഘടകങ്ങള്‍ക്കുമുണ്ട്. സ്വീകരണ മുറി പോലെ വിശാലമായ ഇന്റീരിയര്‍ തികച്ചും ആഡംബരപൂര്‍ണ്ണമാണ്. നേര്‍ത്ത നീലപ്രകാശം ചൊരിയുന്ന ആംബിയന്റ് ഇലൂമിനേഷന്‍ ഉണ്ട്. വലിയ ഡയലുകളുള്ള ടാക്കോ സ്പീഡോ മീറ്ററുകള്‍ക്കിടയില്‍ 4.2 ഇഞ്ച് ടിഎഫ്‍ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്ക്രീന്‍ നല്‍കിയിരിക്കുന്നു. ഇന്ധന ഉപഭോഗം, ശരാശരി വേഗം, താപനില തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇതിലുണ്ട്. ഡാഷ്ബോര്‍ഡിന്റെ നടക്കുള്ള ഏഴിഞ്ച് ടച്ച് സ്കീന്‍ ഡിസ്പ്ലേയില്‍ ഓഡിയോ, വീഡിയോ , നാവിഗേഷന്‍ ,റിവേഴ്സ് ക്യാമറ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Innova Crysta
ഓട്ടോമാറ്റിക്കാണ് എസി. മുന്‍ സീറ്റുകള്‍ കൂടുതല്‍ വീതിയുള്ളതും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന രൂപത്തിലുമാക്കിയിട്ടുണ്ട്. ഇത് ദീര്‍ഘ ദൂരയാത്രകള്‍ സുഖകരമാക്കുന്നു. ഡ്രൈവര്‍ സീറ്റ്ഇലക്ട്രിക്കലായി ക്രമീകരിക്കാം. മുന്‍സീറ്റുകളുടെ പിന്നിലായി വിമാനത്തിലേതുപോലെ ട്രേ നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടയില്‍ ലഘുഭഷണം കഴിക്കാന്‍ ഇതുപയോഗിക്കാം. എന്നാല്‍ 14 ഇഞ്ച് ലാപ്‍ടോപ്പ് വയ്ക്കാനും മാത്രം സ്ഥലം ഇതിനില്ല.
Innova Crysta
നിരവധി സ്റ്റോറേജ് സ്പേസുകള്‍ ക്രിസ്റ്റയിലുണ്ട്. ബോട്ടില്‍ ഹോള്‍ഡറുകള്‍ തന്നെ 20 എണ്ണമുണ്ട് . എല്ലാ ഡോറുകളിലും ഒരു ലീറ്റര്‍ കുപ്പി വയ്ക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. മൂന്നാം നിര സീറ്റ് 50-50 അനുപാതത്തില്‍ മടക്കാം. അവസാനനിര സീറ്റില്‍ മുതിര്‍ന്നവര്‍ക്കും സുഖമായി ഇരിക്കാം .ഏഴ് , എട്ട് സീറ്റ് ഓപ്ഷനുകള്‍ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. രണ്ടാം നിരയില്‍ ബക്കറ്റ് സീറ്റുകളാണ് ഏഴ് സീറ്റര്‍ വേരിയന്റിന്.
Innova Crysta
രണ്ടാമത്തെയും മൂന്നാത്തെയും നിരയ്ക്കായി പ്രത്യേകം എസി വെന്റുകളുണ്ട്. ഇവയ്ക്കായി പ്രത്യേകം ഇലക്ട്രേണിക് കണ്‍ട്രോളുകളും നല്‍കിയിരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി പോര്‍ട്ടും രണ്ട് 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെ‍റ്റുകളുമാണുള്ളത്. ഏഴ് സീറ്റര്‍ വാഹനത്തിന് ഇതില്‍ കൂടുതലെണ്ണം വേണ്ടിയിരുന്നു.
Innova Crysta
ഇന്നോവ ക്രിസ്റ്റ സുരക്ഷാകാര്യത്തില്‍ മുന്‍ഗാമിയെക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നു. അടിസ്ഥാന വകഭേദത്തിനു പോലും മൂന്ന് എയര്‍ബാഗ് ( ഡ്രൈവര്‍ , ഡ്രൈവര്‍ കാല്‍മുട്ട് , മുന്‍സീറ്റ് യാത്രികന്‍ ), എബിഎസ് എന്നിവയുണ്ട്. മുന്തിയ വകഭേദമായ സെഡ് എക്സിന് ഏഴ് എയര്‍ബാഗുകള്‍ , വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ,ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയുണ്ട്. ക്രൂസ് കണ്‍ട്രോള്‍ , ഏഴിഞ്ച് ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ - ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ എന്നിവയും പുതിയ ഫീച്ചറുകളില്‍ പെടുന്നു.


എന്‍ജിന്‍ - ഡ്രൈവ്


രണ്ട് പുതിയ ഡീസല്‍ എന്‍ജിനുകളുമാണ് ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുന്നത്. പഴയ 2.5 ലീറ്റര്‍ എന്‍ജിനെക്കാള്‍ കരുത്തും ഇന്ധനക്ഷമതയുമുള്ളതാണ് പുതിയ 2.4 ലീറ്റര്‍ ജിഡി ടര്‍ബോ ഡീസല്‍ എന്‍ജിന്‍ .148 ബിഎച്ച്പി -343 എന്‍എം ആണ് എന്‍ജിന്‍ ശേഷി ( പഴയ 2.5 ലീറ്റര്‍ എന്‍ജിന് 101 ബിഎച്ച്പി -200 എന്‍എം). അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്സുള്ള 2.4 ലീറ്റര്‍ വേരിയന്റിന് 15.10 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.
Innova Crysta
2.8 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 172 ബിഎച്ച്പി -360 എന്‍എം ആണ് ശേഷി. ഫോര്‍ച്യൂണറിന്റെ മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിന് കരുത്ത് 169 ബിഎച്ച്പി മാത്രമാണെന്ന് ഓര്‍പ്പിക്കട്ടെ.ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിന്റെ ഗീയര്‍ബോക്സ്. ഇന്നോവയില്‍ ആദ്യമായാണ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്സ്. ലീറ്ററിന് 14.29 കിമീ ആണ് മൈലേജ്. പവര്‍ , ഇക്കോ , നോര്‍മല്‍ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളുണ്ട്. പരമാവധി പെര്‍ഫോമന്‍സ് നേടാന്‍ പവര്‍ മോഡും കൂടുതല്‍ മൈലേജിന് ഇക്കോ മോഡും ഉപയോഗിക്കാം. കരുത്തിനും മൈലേജിനും സമാസമം പ്രാധാന്യം നല്‍കുന്നതാണ് നോര്‍മല്‍ മോഡ്.
Innova Crysta
ഓട്ടോമാറ്റിക് ഗീയര്‍ബോക്സുള്ള ഇന്നോവ ക്രിസ്റ്റയാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. വലിയൊരു വാഹനമെങ്കിലും ഇന്നോവ ക്രിസ്റ്റയെ ഒരു ചെറുകാര്‍ ഓടിക്കുന്ന ലാഘവത്തോടെ കൊണ്ടുനടക്കാം. ടര്‍ബോലാഗില്ലാത്ത നല്ല പെര്‍ഫോമന്‍സ്. സ്പീഡോ മീറ്റര്‍ സൂചി 100 ലേയ്ക്ക് പായുന്നത് അറിയുകയേയില്ല. സ്പീഡ് ബ്രേക്കറിന്റെയും ഗട്ടറിന്റെയുമൊക്ക ആഘാതം തീര്‍ത്തും മയപ്പെടുത്താന്‍ സസ്‍പെന്‍ഷന്‍ സംവിധാനത്തിനു കഴിയുന്നു.  സൗണ്ട് ഇന്‍സുലേഷന്‍ കാര്യമായി മെച്ചപ്പെടുത്തിയെന്നു ടൊയോട്ട അവകാശപ്പെടുന്നുണ്ടെങ്കിലും പാസഞ്ചര്‍ ക്യാബിനില്‍ ഡീസല്‍ എന്‍ജിന്റെ ശബ്ദം കടന്നുവരുന്നുണ്ട് .


Innova Crysta
ദീര്‍ഘദൂരയാത്രയ്ക്കു ശേഷവും ക്ഷീണം ലവലേശം അനുഭവപ്പെടില്ല. ഇന്നോവയെ ഏവരുടെയും പ്രിയ വാഹനമായി മാറ്റുന്നതും ഈ യാത്രാസുഖം തന്നെ. പൊക്കമുള്ള വാഹനമാണെങ്കിലും ഇന്നോവയ്ക്ക് ബോഡി റോള്‍ വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. ഹൈഡ്രോളിക് സ്റ്റിയറിങ് ആയതുകൊണ്ടുതന്നെ കുറഞ്ഞ വേഗത്തില്‍ സ്റ്റിയറിങ്ങിന് അല്‍പ്പം കട്ടിക്കൂടുതലുണ്ട്. യൂ ടേണ്‍ എടുക്കുമ്പോള്‍ സ്റ്റിയറിങ്ങില്‍ അല്‍പ്പം കൂടുതല്‍ ബലം കൊടുക്കേണ്ടതായുണ്ട്. വീലുകളുടെ വലുപ്പം കൂട്ടി. പഴയതിന് 15 ഇ‍ഞ്ച് വീലുകളായിരുന്നെങ്കില്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 17 ഇഞ്ച് വീലുകളാണ്. 


വില


എംപിവി വിഭാഗത്തിലെ മഹീന്ദ്ര സൈലോ, റെനോ ലോഡ്ജി , മാരുതി എര്‍ട്ടിഗ , ഹോണ്ട മൊബീലിയോ എന്നിവയെക്കാള്‍ വിലയുള്ള മോഡലായിരുന്നു ഇന്നോവ. ഇപ്പോള്‍ ആ വില വ്യത്യാസം വളരെ കൂടുതലായി. വലുപ്പവും ആഡംബരവും ഭംഗിയും സുരക്ഷയും കൂടിയപ്പോള്‍ വിലയിലും വര്‍ധനവുണ്ടാകുക സ്വഭാവികം. മുന്‍ഗാമിയെക്കാള്‍ രണ്ട് ലക്ഷം രൂപ മുതല്‍ 4.2 ലക്ഷം രൂപ വരെ വില അധികമാണ് ഇന്നോവ ക്രിസ്റ്റയ്ക്ക്. അതുകൊണ്ടുതന്നെ ഇന്നോവ ക്രിസ്റ്റയുടെ വിലനിലവാരമുള്ള മറ്റൊരു എംപിവി മോഡല്‍ വിപണിയിലില്ല. ഇന്നോവ ക്രിസ്റ്റയുടെ ഓണ്‍റോഡ് വില അറിയാന്‍ കാര്‍ സെലക്ടര്‍ കാണുക. 


കൊച്ചി എക്സ്‍ഷോറൂം വില


2.4 ലീറ്റര്‍ ഡീസല്‍


ജി - 14.13 ലക്ഷം രൂപ


ജിഎക്സ്‍ - 15.04 ലക്ഷം രൂപ


വിഎക്സ് - 17.98 ലക്ഷം രൂപ


സെഡ് എക്സ്‍‍ - 19.80 ലക്ഷം രൂപ
Innova Crysta 


2.8 ലീറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക്


ജിഎക്സ്‍ - 16.34 ലക്ഷം രൂപ


സെഡ് എക്സ്‍‍ - 21.10 ലക്ഷം രൂപ.


അവസാനവാക്ക്


ഇന്നോവയുടെ കുറവുകള്‍ നികത്തി ടൊയോട്ട അവതരിപ്പിച്ച മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഇന്നോവയുടെ പ്രീമിയം പതിപ്പ് എന്നു വിശേഷിപ്പിക്കാം. 20 ലക്ഷത്തിനു മേല്‍ വിലയുള്ള പ്രീമിയം കാര്‍ വാങ്ങുന്നവരെയും ഇന്നോവയില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയുമാണ് ഇന്നോവ ക്രിസ്റ്റ ലക്ഷ്യം വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഗീയര്‍ബോക്സും കൂടുതല്‍ സുരക്ഷയും ആഡംബരവുമുള്ള ഇന്നോവയ്ക്ക് വില കൂടുതലായാലും ഏറെ ആവശ്യക്കാരുണ്ടാകുമെന്ന ടൊയോട്ടയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വിപണിയിലെത്തി ഏതാനും ആഴ്ചകള്‍ക്കകം 20,000 ലേറെ ബുക്കിങ് ടൊയോട്ട എംപിവി നേടിക്കഴിഞ്ഞു.കമ്പനി പ്രതീക്ഷിച്ചതുപോലെ ടോപ് എന്‍ഡ് വകഭേദത്തിനാണ് കൂടുതല്‍ ബുക്കിങ് ലഭിക്കുന്നതും.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിന് കടപ്പാട് : നിപ്പോണ്‍ ടൊയോട്ട , നാട്ടകം, കോട്ടയം. ഫോണ്‍ : 98470 86007.


TOP