Home > Reviews >   Reviews Details

Redi To GO
ഐപ്പ് കുര്യന്‍
Posted on: Thursday, May 26, 2016   11:00 AM


എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ആള്‍ട്ടോ 800 നും ഹ്യുണ്ടായി ഇയോണിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് റെനോ ക്വിഡ് എത്തിയത്. ആകര്‍ഷകമായ വില , എസ്‍യുവി ലുക്ക് , വിശാലമായ ഇന്റീരിയര്‍ എന്നിവയെല്ലാം കൊണ്ട് ക്വിഡ് വിപണിയിലെ താരമായി മാറി. ഇതേ വിഭാഗത്തില്‍ ക്വിഡിന്റെ ഒരു ബന്ധു കൂടി എത്തുകയാണ്. റെനോയുടെ കൂട്ടാളിയായ നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സണ്‍ അവതരിപ്പിക്കുന്ന റെഡിഗോ ആണത്. ക്വിഡിനെക്കാള്‍ വിലക്കുറവുണ്ടെന്നതാണ് റെഡിഗോയുടെ പ്രധാന ആകര്‍ഷണീയത. 


രൂപകല്‍പ്പന


ഗോ , ഗോ പ്ലസ് മോഡലുകള്‍ക്ക് ശേഷം പുറത്തിറക്കുന്ന റെഡിഗോയെ അര്‍ബന്‍ ക്രോസ് ഹാച്ച്ബാക്ക് എന്നാണ് ഡാറ്റ്സണ്‍ വിശേഷിപ്പിക്കുന്നത്. ക്രോസ് ഓവറിന്റേതുപോലെ വിശാലമായ ഇന്റീരിയര്‍ , ഉയര്‍ന്ന സീറ്റ് പൊസിഷന്‍ , കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുള്ള ഹാച്ച്ബാക്ക് എന്നര്‍ഥം. മാരുതി വാഗണ്‍ ആറിനെപ്പോലെ ടോള്‍ ബോയ് രൂപകല്‍പ്പനയാണ് റെഡിഗോയ്ക്ക്. ക്രോസ് ഓവറിന്റെ തലയെടുപ്പുണ്ട്. മുന്‍ഭാഗത്തെക്കാള്‍ രൂപഭംഗി പിന്‍ഭാഗത്തിനാണ്.
Datsun RediGo
ക്വിഡിന്റേതുപോലെ സിഎംഎഫ് - എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയും നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ബോഡി അളവുകളില്‍ ഇവ തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. നീളം, വീതി എന്നിവ ക്വിഡിനാണ് കൂടുതല്‍ . എന്നാല്‍ കൂടുതല്‍ ഉയരം റെഡിഗോയ്ക്കുണ്ട്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ തന്നെ ഏറ്റവും ഉയരമുള്ളത് റെഡിഗോയ്ക്കാണ്. കൂട്ടത്തിലേയ്ക്കും ചെറുതാണ് മാരുതി ആള്‍ട്ടോ 800. വിവിധ മോഡലുകളുടെ സാങ്കേതികവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Datsun RediGo
എതിരാളികളെ അപേക്ഷിച്ച് കൂടുതലുണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്. വലിയ ഹമ്പുകളെയും പേടികൂടാതെ മറികടക്കാന്‍ 185 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് ( ക്വിഡിന് 180 മിമീ) സഹായിക്കുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ആദ്യമായി എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ റെഡിഗോ നല്‍കുന്നു . ഹെഡ്‍ലാംപ് ഓണാക്കുമ്പോള്‍ ഡേ ടൈം റണ്ണിങ് ലാംപുകള്‍ സ്വയം ഓഫാകും. എല്‍ഇഡികള്‍ക്ക് അല്‍പ്പം കൂടി പ്രകാശതീവ്രത വേണ്ടിയിരുന്നു.
Datsun RediGo
വളരെ ലളിതമാണ് റെഡിഗോയുടെ ഡാഷ്ബോര്‍ഡ്. ഡാഷ്ബോര്‍ഡിന്റെ നിര്‍മാണനിലവാരവും ഓഡിയോ സിസ്റ്റവും ഗോയിലേതിലും മെച്ചമാണ്. യുഎസ്ബി , ഓക്സിലറി ഇന്‍പുട്ട് , സിഡി എന്നിവയിലൂടെ ഇതില്‍ പാട്ട് കേള്‍ക്കാം. എഫ്എം റേഡിയോയുമുണ്ട്. പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഗീയര്‍ലിവറിനു മുന്നിലാണ് നല്‍കിയിരിക്കുന്നത്. ഉപയോഗിച്ച് ശീലമാകും വരെ ഇത് കൈകാര്യം ചെയ്യുക അത്ര സുഖകരമല്ല.
Datsun RediGo
പൊക്കം കൂടിയവര്‍ക്കും സുഖകരമായി യാത്ര ചെയ്യാവുന്ന വിധം ഉയരം കൂടിയ ഇന്റീരിയറാണ് റെഡിഗോയുടെ. ഹെഡ് - ലെഗ് റൂം ആവശ്യത്തിലേറെയുണ്ട്.
Datsun RediGo
സീറ്റുകള്‍ മെലിഞ്ഞതാണെങ്കിലും പിന്‍ഭാഗത്തിനു നല്ല സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. തുടകള്‍ക്കും വേണ്ടത്ര താങ്ങ് ലഭിക്കുന്നു. പിന്‍സീറ്റില്‍ രണ്ട് മുതിര്‍ന്നവര്‍ക്ക് സുഖകരമായി ഇരിക്കാം. മൂന്നാമതൊരാളെകൂടി ഇരുത്തണമെങ്കില്‍ മറ്റു യാത്രക്കാര്‍ കാര്യമായി ഒതുങ്ങിക്കൊടുക്കണം. ഇന്റീരിയര്‍ നിലവാരം ആള്‍ട്ടോയെക്കാള്‍ മെച്ചമാണ്. ഇക്കാര്യത്തില്‍ ഏറ്റവും മികവുള്ളത് ഹ്യുണ്ടായി ഇയോണിനാണ്.
Datsun RediGo
വലിയ അനലോഗ് സ്പീഡോമീറ്ററും ചെറിയൊരു ഡിജിറ്റല്‍ ഡിസ്പ്ലേയും പിന്നെ സ്ഥിരം ഇന്‍ഡിക്കേറ്ററുകളും അടങ്ങുന്നതാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . ടാക്കോ മീറ്റര്‍ , ഓഡോ മീറ്റര്‍ , ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ , ശരാശരി മൈലേജ് , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , ഗീയര്‍ഷിഫ്ട് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ ഒരുപാട് വിവരങ്ങള്‍ ചെറിയ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാര്‍ വില പരമാവധി കുറയ്ക്കാന്‍ പല ഫീച്ചറുകളും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ലോക്കിങ് , കീലെസ് എന്‍ട്രി , റിയര്‍വ്യൂമിറര്‍ ഉള്ളില്‍ നിന്ന് ക്രമീകരിക്കാനുള്ള സംവിധാനം എന്നിവ അതില്‍ പെടും.
Datsun RediGo
ലഗേജ് സ്പേസിന്റെ കാര്യത്തില്‍ ക്വിഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം റെഡിഗോയ്ക്കുണ്ട് , 222 ലീറ്റര്‍ . നാല് പേരുടെ ലഗേജ് വയ്ക്കാന്‍ ഇത് ധാരാളം മതി.സുരക്ഷയുടെ കാര്യത്തില്‍ കൂടുതലൊന്നും റെഡിഗോയും നല്‍കുന്നില്ല, ഈ വിഭാഗത്തില്‍പെട്ട മറ്റു മോഡലുകളെപ്പോലെ ഡ്രൈവര്‍ എയര്‍ബാഗ് മാത്രമുണ്ട്. എബിഎസ് ഇല്ല. 


എന്‍ജിന്‍ - ഡ്രൈവ്


ക്വിഡിന് കരുത്തേകുന്ന 799 സിസി , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ റെഡിഗോയിലും. 53.2 ബിഎച്ച്പി - 72 എന്‍എം ആണ് എന്‍ജിന്‍ ശേഷി. ക്വിഡിനെക്കാള്‍ ഭാരക്കുറവുള്ളതുകൊണ്ട് മെച്ചപ്പെട്ട പെര്‍ഫോമന്‍സ് റെഡിഗോയ്ക്ക് സ്വന്തം. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള കാര്‍ 15.98 സെക്കന്‍ഡുകൊണ്ട് 100 കിമീ വേഗമെടുക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രകടനം നമ്പര്‍ വണ്‍ ആണ്. മണിക്കൂറില്‍ 140 കിമീ ആണ് പരമാവധി വേഗം.
Datsun RediGo
ആനന്ദത്തിന്റെ നഗരം എന്നു വിശേഷിപ്പിക്കുന്ന കൊല്‍ക്കത്തിയിലാരുന്നു റെഡിഗോയുടെ മീഡിയ ഡ്രൈവ് ഡാറ്റ്‍സണ്‍ സംഘടിപ്പിച്ചത്. അതിരാവിലെ തന്നെ സൂര്യന്‍ ഉദിക്കുന്ന നാട്ടില്‍ നഗരം ഉണരുംമുമ്പേ റെഡിഗോയില്‍ യാത്ര തുടങ്ങി.
Datsun RediGo
ആള്‍ട്ടോ 800, ഹ്യുണ്ടായി ഇയോണ്‍ , റെനോ ക്വിഡ് എന്നിവയെക്കാള്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സാണ് റെഡിഗോ കാഴ്ചവച്ചത്. എതിരാളികളെക്കാള്‍ ഭാരക്കുറവുള്ളതിന്റെ മെച്ചം. കയറ്റത്തില്‍ നിര്‍ത്തി എടുക്കുമ്പോള്‍ ക്വിഡിനുള്ള വലി മടുപ്പ് റെഡിഗോയ്ക്കില്ല. പാസഞ്ചര്‍ ക്യാബിന്റെ ഇന്‍സുലേഷന്‍ കുറേക്കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. എന്‍ജിന്‍ശബ്ദം കൂടുതലായി അറിയാനുണ്ട്. ഐഡ്‍ലിങ്ങില്‍ വിറയലും അനുഭവപ്പെടുന്നു. ക്വിഡിലേതുപോലെ ഫസ്റ്റ് ഗീയറിനു സമീപത്താണ് റിവേഴ്സ് ഗീയര്‍ . ഗീയര്‍നോബിനു താഴെയുള്ള വലയം വലിച്ചുയര്‍ത്തി പിടിച്ച് വേണം റിവേഴ്സ് ഗീയര്‍ ഇടാന്‍.
Datsun RediGo
ഉയരത്തിലുള്ള ഡ്രൈവിങ് പൊസിഷന്‍ മികച്ച് റോഡ് കാഴ്ച നല്‍കുന്നു. വലുപ്പം കൂടിയ ബാഹ്യമിററുകള്‍ പിന്നില്‍ നിന്നുള്ള വിശാലമായ കാഴ്ചയൊരുക്കുന്നുണ്ട്. ഉയര്‍ന്ന വേഗത്തില്‍ മെച്ചപ്പെട്ട സ്ഥിരത റെഡിഗോയ്ക്കുണ്ട്. ഉയരം കൂടിയ കാറായതിനാല്‍ വളവുകള്‍ വീശുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്നര്‍ക്ക് ഉലച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ബ്രേക്കിന് കാര്യക്ഷമത പ്രശംസനീയമാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലുള്ള ഓട്ടത്തില്‍ സഡന്‍ ബ്രേക്ക് പ്രയോഗിച്ചപ്പോഴും പാളിപ്പോകാതെ റെഡിഗോ നിന്നു. എസി തകര്‍പ്പനാണ്. പിന്‍സീറ്റിലേയ്ക്കും നന്നായി തണുപ്പെത്തുന്നുണ്ട്.
Datsun RediGo
എത്ര കിട്ടും എന്ന ചോദ്യം കോംപാക്ട് കാറുകളുടെ കാര്യത്തില്‍ പ്രധാനമാണ്. അക്കാര്യത്തില്‍ റെഡിഗോ അല്‍പ്പം പോലും നിരാശപ്പെടുത്തുന്നില്ല. ഈ വിഭാഗത്തില്‍ ഏറ്റവും മൈലേജുള്ള പെട്രോള്‍ മോഡല്‍ എന്ന ബഹുമതി ക്വിഡുമായി റെഡിഗോ പങ്കിടുന്നു. ലീറ്ററിന് 25.17 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. 


വില


റെനോ ക്വിഡിനെപ്പോലെ 98 ശതമാനം തദ്ദേശീയമായി ഉത്പാദിപ്പിച്ച ഘടകങ്ങളാണ് റെഡിഗോയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇത് വില കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കമ്പനിയെ സഹായിച്ചു. എക്സ്‍ഷോറൂം വില 2.50 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ജൂണ്‍ ആദ്യവാരം റെഡിഗോയുടെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും.
Datsun RediGo 


അവസാനവാക്ക്


മാരുതി ആള്‍ട്ടോ 800 ന്റെ വിലയ്ക്ക് വാങ്ങാവുന്ന കൂടുതല്‍ ഇന്റീരിയര്‍ വിസ്താരവും പെര്‍ഫോമന്‍സുമുള്ള ടോള്‍ബോയ് ഹാച്ച്ബാക്കാണ് റെഡിഗോ. പെര്‍ഫോമന്‍സ് , മൈലേജ് , എസി എന്നിവയിലും ആള്‍ട്ടോയെക്കാള്‍ മികച്ചതാണ്.
Datsun RediGo
ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് പോലുള്ള നിലവാരം കൂടിയ ഫീച്ചറുകള്‍ വേണ്ടവര്‍ ക്വിഡ് പരിഗണിക്കുക. ഡാറ്റ്സണ്‍ ബ്രാന്‍ഡില്‍ മുമ്പ് പുറത്തിറങ്ങിയ ഗോ , ഗോ പ്ലസ് മോഡലുകള്‍ക്ക് നേടാനാവാത്ത വില്‍പ്പന വിജയം റെഡിഗോയ്ക്ക് ലഭിക്കുമെന്നുറപ്പ്. 


TOP