Home > Reviews >   Reviews Details

ഇക്കോസ്പോര്‍ട് 2016 മോഡല്‍
ഐപ്പ് കുര്യന്‍
Posted on: Tuesday, May 17, 2016   10:30 AM


സബ് കോംപാക്ട് എസ്‍യുവി എന്നാല്‍ ഇക്കോ സ്പോര്‍ട് എന്നായിരുന്നു കുറച്ചുകാലം മുമ്പുവരെയുള്ള സ്ഥിതി. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ വന്നതോടെ അതു മാറി. ആകെയൊരു കണ്‍ഫ്യൂഷന്‍ . ഇതിലേതു വാങ്ങണം? 2016 മോഡല്‍ ഇക്കോസ്പോര്‍ടിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് വായിച്ച ശേഷമാകാം തീരുമാനം . കൂടുതല്‍ കരുത്തുള്ള ഡീസല്‍ എന്‍ജിനും ചില കൂട്ടിച്ചേര്‍ക്കലുകളും നവീകരിച്ച മോഡലിനുണ്ട്.


രൂപകല്‍പ്പന


എല്ലാവര്‍ക്കും പരിചിതമായ ഇക്കോസ്പോര്‍ടിന്റെ രൂപകല്‍പ്പനയെപ്പറ്റി വിവരിക്കുന്നില്ല. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവിയുടെ പുതുമകള്‍ എന്തൊക്കെയെന്നു നോക്കാം. ഒറ്റ നോട്ടത്തില്‍ മനസിലാക്കാവുന്ന പരിഷ്കാരങ്ങള്‍ ഇക്കോസ്പോര്‍ടിലില്ല. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ 2016 മോഡലിനുണ്ട്. മറ്റു കാറുകളിലേതുപോലെ ഹെഡ്‍ലാംപിനോട് ചേര്‍ന്നല്ല ഇവയുടെ സ്ഥാനം. ഫോഗ് ലാംപുകളിലാണ് ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Ecosport 2016
വെളിച്ചം കുറവുള്ളപ്പോള്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഹെഡ്‍ലാംപുകള്‍ പുതിയ ഫീച്ചറാണ്. ഹെഡ് ലാംപ് യൂണിറ്റിന്റെ അടിഭാഗത്ത് പ്രത്യേക എല്‍ഇഡി ലാംപുകള്‍ നല്‍കിയിരിക്കുന്നത് ഭംഗി കൂട്ടുന്നു. പിന്നില്‍ നിന്നുള്ള വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിന്റെ പ്രകാശം ശല്യമുണ്ടാക്കാത്തവിധം ഓട്ടോ ഡിമ്മിങ് റിയര്‍വ്യു മിറര്‍ നല്‍കിയതും പുതുമ. ഡിക്കി ഡോര്‍ തുറക്കാനുള്ള സെന്‍സര്‍ ബട്ടന്‍ ഗ്രാബ് ഹാന്‍ഡിലിന് അടിയിലേയ്ക്ക് മാറ്റിയത് നന്നായി. വളരെ അനായാസമായി ഇപ്പോള്‍ ഡിക്കി തുറക്കാം. ഗോള്‍ഡന്‍ ബ്രോണ്‍സ് എന്ന പുതിയ നിറവും 2016 മോഡലിനുണ്ട്.
Ecosport 2016
ഇന്‍ഡിക്കേറ്റര്‍ സ്റ്റാക്ക് ഇടതുവശത്ത് നിന്നും വലതുവശത്തേയ്ക്ക് മാറ്റിയിരിക്കുന്നു. അറിയാതെ വൈപ്പര്‍ ഇടുന്ന പ്രശ്നം ഇനിയുണ്ടാവില്ല.ഡോര്‍ ഹാന്‍ഡില്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , എസി വിന്‍ഡോ റെഗുലേറ്റര്‍ എന്നിവയിലെ ക്രോം സ്പര്‍ശം ഇന്റീരിയറിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. ഹാന്‍ഡ് ബ്രേക്ക് ലിവറിന് ലെതര്‍ ആവരണമുണ്ട്. പഴയ ഇക്കോസ്പോര്‍ടില്‍ മുന്‍സീറ്റ് യാത്രക്കാരനു സമീപത്തായിരുന്നു ഹാന്‍ഡ് ബ്രേക്ക് ലിവര്‍ നല്‍കിയിരുന്നത്. സീറ്റ് ബെല്‍റ്റ് ഇടുമ്പോള്‍ ഇത് അസൗകര്യം സൃഷ്ടിച്ചിരുന്നു. അതിനു പരിഹാരമായി ഡ്രൈവര്‍ സീറ്റിനോട് ചേര്‍ത്ത് ഹാന്‍ഡ് ബ്രേക്കുകള്‍ നല്‍കി. മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറും ഇക്കോസ്പോര്‍ടിലെ പുതിയ ഫീച്ചറാണ്.
Ecosport 2016
എതിരാളിയായ വിറ്റാര ബ്രെസയ്ക്ക് കൂടുതല്‍ ഇന്റീരിയര്‍ സ്പേസുണ്ട്. എന്നാല്‍ ബൂട്ട് സ്പേസ് കുറവാണ്. ഇക്കോസ്പോര്‍ടിന് 346 ലീറ്ററും വിറ്റാര ബ്രെസയ്ക്ക് 328 ലീറ്ററുമാണ് ബൂട്ട് കപ്പാസിറ്റി. ഫീച്ചറുകള്‍ പരിഗണിക്കുമ്പോള്‍ ബ്രെസയാണ് മുന്നില്‍ . റിവേഴ്സ് പാര്‍ക്കിങ് ക്യാമറ , പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ , ഏഴിഞ്ച് ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ , കാര്‍ പ്ലേ , ക്രൂസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ബ്രെസയ്ക്ക് അധികമായുണ്ട്.
Ecosport 2016
കൂടുതല്‍ എയര്‍ബാഗുകള്‍ ഇക്കോസ്പോര്‍ടിനുണ്ട്. ബ്രെസയ്ക്ക് രണ്ട് എയര്‍ബാഗുള്ളപ്പോള്‍ ഇക്കോസ്പോര്‍ടിന്റെ മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകളാണുള്ളത്. 


എന്‍ജിന്‍ - ഡ്രൈവ്


ഇക്കോസ്പോര്‍ടിന്റെ 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്റെ കരുത്ത് 8.9 ബിഎച്ച്പി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ എന്‍ജിന്‍ കരുത്ത് 99 ബിഎച്ച്പിയായി. കരുത്ത് കൂടിയപ്പോഴും മൈലേജില്‍ നേരിയതോതിലുള്ള കറവേ ഉണ്ടായിട്ടുള്ളൂ. ലീറ്ററിന് 22.27 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ( മുമ്പ് 22.70 കിമീ / ലീറ്റര്‍ ). വിറ്റാര ബ്രെസയുടെ എന്‍ജിനെ അപേക്ഷിച്ച് 10 ബിഎച്ച്പി അധിക കരുത്തുണ്ട് ഇക്കോസ്പോര്‍ടിന്റെ എന്‍ജിന്. ബ്രെസയ്ക്ക് കൂടുതല്‍ ടര്‍ബോ ലാഗുണ്ടെന്ന ന്യൂനതയുമുണ്ട്. ഇക്കോസപോര്‍ടിനെ അപേക്ഷിച്ച് രണ്ട് കിലോമീറ്റര്‍ അധിക മൈലേജ് വിറ്റാര ബ്രെസയ്ക്ക് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
Ecosport 2016
മികച്ച പെര്‍ഫോമന്‍സുകൊണ്ട് മനം കവരും ഇക്കോസ്പോര്‍ട്. ടര്‍ബോ ചാര്‍ജര്‍ ഉണരുമ്പോഴുള്ള കുതിച്ചു ചാട്ടമില്ല. വളരെ സ്മൂത്തായാണ് വേഗമെടുക്കുന്നത്. പാസഞ്ചര്‍ ക്യാബിന്റെ ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്‍ജിന്‍ ശബ്ദം ഉള്ളില്‍ വളരെ കുറച്ചേ അറിയാനുള്ളൂ. പിന്നെ വലുപ്പം കുറവാണെങ്കിലും വലിയൊരു എസ്‍യുവി ഓടിക്കുന്ന അനുഭവം നല്‍കാനും ഇക്കോസ്പോര്‍ടിനു കഴിയുന്നു. കട്ടിക്കുറവുള്ള ക്ലച്ചും അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്സിന്റെ സ്മൂത്ത് നെസും ഡ്രൈവിങ്ങിനു ഹരം പകര്‍ന്നു. ഹാന്‍ഡ്‍ലിങ് ഏറെ ആകര്‍ഷണീയമായ കാര്യം. സസ്പെന്‍ഷന്‍ സംവിധാനത്തിന്റെ മികവുകൊണ്ട് ഉയര്‍ന്ന വേഗത്തിലും വളവുകള്‍ അരികുപറ്റെ വീശിപ്പോകാം.


വില 


ഇക്കോസ്പോര്‍ടിനു വെല്ലുവിളി ഉയര്‍ത്തുന്ന വിലയുമായാണ് എതിരാളിയായ വിറ്റാര ബ്രെസ പുറത്തിറങ്ങിയത്. എന്നാല്‍ ബ്രെസയുടെ ആ മികവ് ഫോഡ് തകര്‍ത്തു. ഇക്കോസ്പോര്‍ടിന്റെ വില ഒരു ലക്ഷം രൂപ കമ്പനി വെട്ടിക്കുറച്ചു. അതോടെ രണ്ടുമോഡലുകളുടെയും വില ഏകദേശം സമാനമായി.
Ecosport 2016 


കൊച്ചിയിലെ എക്സ്‍ഷോറൂം വില


1.5 ലീറ്റര്‍ ഡീസല്‍ :ആംബിയന്റ് - 7.50 ലക്ഷം രൂപ ,ട്രെന്‍ഡ് - 8.23 ലക്ഷം രൂപ, ട്രെന്‍ഡ് പ്ലസ് -  8.72 ലക്ഷം രൂപ , ടൈറ്റാനിയം -9.41 ലക്ഷം രൂപ, ടൈറ്റാനിയം പ്ലസ് -9.99 ലക്ഷം രൂപ.


അവസാനവാക്ക്


എസ്‍യുവിയുടെ പ്രൗഢിയും ഹാച്ച്ബാക്കിന്റെ പ്രായോഗികതയും ഒന്നിച്ചുനല്‍കുന്ന മോഡലാണ് ഇക്കോസ്പോര്‍ട്. മികച്ച പെര്‍ഫോമനന്‍സും എസ്‍യുവിയുടെ ഡ്രൈവിങ് സുഖവും ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കോസ്പോര്‍ടാണ് ഇണങ്ങുക. കൂടുതല്‍ ഫീച്ചറുകള്‍ , സര്‍വീസ് ലഭ്യത , കുറഞ്ഞ പരിപാലനച്ചെലവ് , കൂടുതല്‍ മൈലേജ് എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്കുള്ളതാണ് വിറ്റാര ബ്രെസ. മാരുതി എസ്‍യുവിയുടെ വെയ്റ്റിങ് പീരിയഡ് ആറുമാസമായത് ഇക്കോസ്പോര്‍ടിന് ഗുണം ചെയ്യും.
Ecosport 2016 


ടെസ്റ്റ് ഡ്രൈവ് വാഹനത്തിന് കടപ്പാട് : കൈരളി ഫോഡ് , കോട്ടയം.  ഫോണ്‍ : 97446 67723. 


TOP