Home > Reviews >   Reviews Details

സിറ്റിയെ വെല്ലാന്‍ പുതിയ വെര്‍ന
ഐപ്പ് കുര്യന്‍
Posted on: Thursday, Oct 19, 2017   12:00 PM


സി സെഗ്മെന്റ് സെഡാന്‍ വിപണിയിലെ ഒന്നാം സ്ഥാനം ഹോണ്ട സിറ്റിയില്‍ നിന്ന് പിടിച്ചെടുത്ത ചരിത്രമുണ്ട് ഹ്യുണ്ടായി വെര്‍നയ്ക്ക്. തകര്‍പ്പന്‍ ഫ്ലൂയിഡിക് രൂപകല്‍പ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രകടനക്ഷമതയേറിയ ഡീസല്‍ എന്‍ജിനുമെല്ലാമായി 2011 ല്‍ പുറത്തിറങ്ങിയ നാലാം തലമുറ വെര്‍നയ്ക്കു മുന്നിലാണ് സിറ്റിയ്ക്ക് കീഴടങ്ങേണ്ടി വന്നത്. ഏതാനും വര്‍ഷം ഈ വിഭാഗത്തിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലായി വെര്‍ന തുടര്‍ന്നു. എന്നാല്‍ പുതിയ തലമുറ സിറ്റിയും മാരുതി സിയാസും എത്തിയതോടെ വെര്‍നയുടെ പ്രഭാവം ക്ഷയിച്ചു. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ അഞ്ചാം തലമുറ വെര്‍നയെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. ആയിരം കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ തലമുറ വെര്‍നയെ കമ്പനി ഒരുക്കിയിരിക്കുന്നത്. 


രൂപകല്‍പ്പന


എലാന്‍ട്രയെ പോലെ കെ 2 പ്ലാറ്റ്ഫോമിലാണ് വെര്‍ന നിര്‍മിച്ചിരിക്കുന്നത്. ഏറെ ബലവത്തായ സ്റ്റീല്‍ കൊണ്ടുള്ള പ്ലാറ്റ്ഫോം നിര്‍മിതി വെര്‍നയ്ക്ക് അധിക സുരക്ഷ നല്‍കുന്നു. ഹ്യുണ്ടായിയുടെ ഡി സെഗ്‍മെന്റ് സെഡാനായ എലാന്‍ട്ര ചെറുതാക്കിയതുപോലെയാണ് പുതിയ വെര്‍നയുടെ രൂപം. റൂഫ് പോലും എലാന്‍ട്ര സ്റ്റൈലിലാണ്. എക്സന്റിന്റെ പോലുള്ളതാണ് ഗ്രില്‍ . പ്രൊക്ടര്‍ ടൈപ്പാണ് ഹെഡ്‍ലാംപുകള്‍ . ഇതില്‍ ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ വിഭാഗത്തിലാദ്യമായി പ്രൊജക്ടര്‍ ഫോഗ് ലാംപുകള്‍ വെര്‍നയിലുണ്ട്.
Hyundai Verna 2017
എലാന്‍ട്രയിലേതുപോലെ ഡിക്കി ഡോറിലേയ്ക്കും വ്യാപിച്ച നീളമേറിയ ടെയ്ല്‍ലാംപുകള്‍ പിന്നില്‍ നിന്നുള്ള കാഴ്ചയില്‍ വെര്‍നയ്ക്ക് ഏറെ വീതി തോന്നിക്കുന്നു. എല്‍ഇഡി ടൈപ്പാണ് ടെയ്ല്‍ ലാംപുകള്‍ . വെര്‍നയ്ക്ക് പഴയതിലും വലുപ്പം കൂടിയിട്ടുണ്ടെങ്കിലും കാഴ്ചയ്ക്ക് അതു തോന്നില്ല. വീല്‍ബേസ് 30 മില്ലീമീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. നീളം 62 മിമീയും വീതി 29 മിമീയും കൂടി. പുതിയ വെര്‍ണയുടെ നീളം - 4,440 മിമീ, വീതി -1729 മിമീ, ഉയരം 1475 മിമീ, വീല്‍ബേസ് -2,600 മിമീ. ബൂട്ട് കപ്പാസിറ്റിയില്‍ 15 ലീറ്ററാണ് വര്‍ധന. ഇപ്പോള്‍ 480 ലീറ്ററായി. സിറ്റിയ്ക്കും സിയാസിനും 510 ലീറ്ററാണ് ബൂട്ട് സ്പേസ്. കൈ തൊടാതെ ഡിക്കി ഡോര്‍ തുറക്കാം. പോക്കറ്റില്‍ കരുതിയ കീ ഫോബുമായി ഡിക്കിയ്ക്ക് സമീപം മൂന്ന് സെക്കന്‍ഡിലേറെ നിന്നാല്‍ മതി ഡിക്കി ഡോര്‍ താനെ ഉയരും. രണ്ടു കയ്യിലും ഷോപ്പിങ് ബാഗുമായി വരുമ്പോള്‍ ഈ സൗകര്യം ഏറെ പ്രയോജനം ചെയ്യും.
Hyundai Verna 2017
ഹ്യുണ്ടായി കാറുകളുടെ ഇന്റീരിയറിന് പൊതുവേയുള്ള ഉയര്‍ന്ന ഗുണനിലവാരം വെര്‍നയിലും കാണാം. ക്രെറ്റ, എലാന്‍ട്ര, എലൈറ്റ് ഐ 20 മോഡലുകളിലെ ഡാഷ്ബോര്‍ഡ് ഡിസൈനുകള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തിയതുപോലെ തോന്നും വെര്‍നയുടെ ഡാഷ്ബോര്‍ഡ്. ഈ മോഡലുകളുടെ പല ഘടകങ്ങളും ഇന്റീരിയറില്‍ ഉപയോഗിക്കുന്നുമുണ്ട്.
Hyundai Verna 2017
സെന്റര്‍ കണ്‍സോളിലെ ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയിലൂടെ ഇതുമായി സ്മാര്‍ട്ട് ഫോണ്‍ ബന്ധിപ്പിക്കാം. സാറ്റലൈറ്റ് നാവിഗേഷന്‍ , ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. എസ്‍ഡി കാര്‍ഡില്‍ സംഭരിച്ച ഡാറ്റ ഉപയോഗിച്ചാണ് നാവിഗേഷന്റെ പ്രവര്‍ത്തനം. മൂന്ന് വര്‍ഷത്തേയ്ക്ക് മാപ്പ് സൗജന്യമായി ഹ്യുണ്ടായി അപ്ഡേറ്റ് ചെയ്ത് നല്‍കും. സ്പീക്കറുകളുടെ ഓഡിയോ നിലവാരം മികച്ചതുതന്നെ.
Hyundai Verna 2017
സി സെഗ്മെന്റ് സെഡാനുകളില്‍ ആദ്യമായി തണുപ്പിക്കല്‍ സൗകര്യമുള്ള മുന്‍ സീറ്റുകള്‍ വെര്‍നയിലുണ്ട്. പിന്നിലെ സീറ്റിനും ആവശ്യം പോലെ വീതിയുണ്ട്. പിന്‍ഭാഗം ചരിഞ്ഞ റൂഫ് ആയതിനാല്‍ പിന്‍സീറ്റില്‍ ആറടിയിലേറെ പൊക്കമുള്ളവര്‍ക്ക് ഹെഡ്‍റൂം കുറവാണ്. സിറ്റി, സിയാസ് മോഡലുകളുടെ അത്ര വിശാലമല്ല വെര്‍നയുടെ പിന്‍സീറ്റ് ഭാഗം .എന്നാല്‍ ശരാശരി ഇന്ത്യാക്കാരന് ഇത്രയും മതിയാകും. പിന്‍ സീറ്റിനായി പ്രത്യേക എസി വെന്റ് , പിന്നിലെ വിന്‍ഡ് സ്ക്രീനിന് ഉയര്‍ത്തി വയ്ക്കാവുന്ന സണ്‍ ബ്ലൈന്‍ഡ്, ഉയരം ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, യുഎസ്ബി ചാര്‍ജര്‍ ഔട്ട്‍ലെറ്റുള്ള ആം റെസ്റ്റ് എന്നിവ വെര്‍നയിലുണ്ട്. പ്രകൃത്യാലുള്ള കാറ്റും വെളിച്ചവും ആസ്വദിച്ച് യാത്ര ചെയ്യാന്‍  ഇലക്ട്രിക് സണ്‍റൂഫും നല്‍കിയിട്ടുണ്ട്. ഇത് എസ്‍എക്സ് ഓപ്ഷന്‍ , എസ് എക്സ് പ്ലസ് വകഭേദങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് എയര്‍ബാഗുകള്‍ ,എബിഎസ് എന്നിവ ബേസ് വേരിയന്റിനുമുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകളുണ്ട്.


എന്‍ജിന്‍ - ഡ്രൈവ്


1.4 പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളും നാല് സ്പീഡ് ഓട്ടോമാറ്റിക് , അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്‍മിഷനുകളും പുതിയ വെര്‍നയില്‍ ഹ്യുണ്ടായി ഉപയോഗിക്കുന്നില്ല.
Hyundai Verna 2017
1.6 ലീറ്റര്‍ പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളില്‍ ചില്ലറ പരിഷ്കാരങ്ങളോടെ പുതിയതിന് നല്‍കി. 1.6 ലീറ്റര്‍ , പെട്രോള്‍ എന്‍ജിന് 121 ബിഎച്ച്പി-151 എന്‍എം ആണ് ശേഷി. 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനിത് 126 ബിഎച്ച്പി-260 എന്‍എം. രണ്ട് എന്‍ജിനുകള്‍ക്കും ആറ് സ്പീഡ് മാന്വല്‍ , ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദങ്ങളുണ്ട്. ക്രെറ്റയില്‍ ഉപയോഗിക്കുന്നതരമാണ് ഈ ഗീയര്‍ബോക്സുകള്‍ . എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് : പെട്രോള്‍ മാന്വല്‍ -17.70 കിമീ/ ലീറ്റര്‍ , പെട്രോള്‍ ഓട്ടോമാറ്റിക് - 15.92 കിമീ/ ലീറ്റര്‍ , ഡീസല്‍ മാന്വല്‍ -24.75 കിമീ/ ലീറ്റര്‍ , ഡീസല്‍ ഓട്ടോമാറ്റിക് - 21.02 കിമീ/ ലീറ്റര്‍ .
Hyundai Verna 2017
ഡീസല്‍ ഓട്ടോമാറ്റിക്കാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. അതിശയിപ്പിക്കുന്ന നിശബ്ദതയോടെയാണ് എന്‍ജിന്റെ പ്രവര്‍ത്തനം. ഡീസല്‍ എന്‍ജിനാണ് ബോണറ്റിനടിയിലെന്ന് തോന്നില്ല. 1,200 ആര്‍പിഎമ്മില്‍ തന്നെ നല്ല പുള്ളിങ്ങുണ്ട്. ക്രമാനുഗതമായാണ് വേഗമെടുക്കല്‍ . ഡ്രൈവിങ് ആസ്വദിച്ച് ഓടിക്കാന്‍ പറ്റിയ കാര്‍ തന്നെ. പഴയ വെര്‍നയില്‍ കട്ടി കുറഞ്ഞ സ്റ്റിയറിങ്ങായിരുന്നെങ്കില്‍ പുതിയയിതില്‍ അതിനു വേണ്ടത്ര മുറുക്കമുണ്ട്. ഉയര്‍ന്ന വേഗത്തില്‍ വാഹനത്തിന്റെ നിയന്ത്രണം ഇത് മെച്ചപ്പെടുത്തുന്നു.


സസ്പെന്‍ഷനില്‍ നടത്തിയ പരിഷ്കാരം യാത്രാസുഖവും ഹാന്‍ഡ്‍ലിങ് മികവും വര്‍ധിപ്പിച്ചു. വളവുകള്‍ വീശുമ്പോള്‍ കാറിന്റെ പിന്‍ഭാഗം തെന്നിമാറുന്നില്ല. ഗട്ടറുകളുടെ ആഘാതം നന്നായി ആഗിരണം ചെയ്ത് കൂടുതല്‍ യാത്രാസുഖം നല്‍കാന്‍ പുതിയ സസ്പെന്‍ഷനു കഴിയുന്നുണ്ട്.


വില


സിയാസ് , സിറ്റി മോഡലുകള്‍ക്ക് ഇടയില്‍ നില്‍ക്കുന്നു വെര്‍നയുടെ വില. മുഖ്യ എതിരാളിയായ സിറ്റിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ആകര്‍ഷകമാണിത്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ 


ഇ -7 .99 ലക്ഷം രൂപ


ഇഎക്സ് -9.29 ലക്ഷം രൂപ


എസ്എക്സ് -9.68 ലക്ഷം രൂപ


എസ്എക്സ് ഓപ്ഷന്‍ -11.34 ലക്ഷം രൂപ
Hyundai Verna 2017
പെട്രോള്‍ ഓട്ടോമാറ്റിക്


ഇഎക്സ് -10.48 ലക്ഷം രൂപ


എസ്എക്സ് ഓപ്ഷന്‍ -12.48 ലക്ഷം രൂപ


ഡീസല്‍


ഇ -9.42 ലക്ഷം രൂപ


ഇഎക്സ് -10.24 ലക്ഷം രൂപ


എസ്എക്സ് -11.37 ലക്ഷം രൂപ


എസ്എക്സ് ഓപ്ഷന്‍ -12.68 ലക്ഷം രൂപ


ഡീസല്‍ ഓട്ടോമാറ്റിക്


ഇഎക്സ് -11.67 ലക്ഷം രൂപ


എസ്എക്സ് പ്ലസ് -12.87 ലക്ഷം രൂപ.


അവസാനവാക്ക്


സൗകര്യങ്ങള്‍ , സാങ്കേതികവിദ്യ, എന്‍ജിന്‍ പെര്‍ഫോമന്‍സ് എന്നിവയില്‍ പുതിയ വെര്‍ന എതിരാളികളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. വിലയും ഏറെ ആകര്‍ഷകമാണ്. ശക്തിയും സൗന്ദര്യവുമിഷ്ടപ്പെടുന്നവര്‍ക്ക് സംശയമില്ലാതെ വെര്‍ന തെരഞ്ഞെടുക്കാം. അ‍ഞ്ചാം തലമുറ ക്രെറ്റ സി സെഗ്മെന്റ് സെഡാന്‍ വിപണിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കാം.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : പോപ്പുലര്‍ ഹ്യുണ്ടായി, അടിച്ചിറ, കോട്ടയം. ഫോണ്‍ : 98957 90650.






TOP