Home > Reviews >   Reviews Details

കരുത്തന്‍ റെഡിഗോ
ഐപ്പ് കുര്യന്‍
Posted on: Thursday, Oct 05, 2017   1:40 PM


ഡസ്റ്ററും ടെറാനോയും പോലെ, സണ്ണിയും സ്കാലയും പോലെ. സഹോദര മോഡലുകളാണ് ക്വിഡും റെഡിഗോയും. റെനോ ക്വിഡിന്റെ ഡാറ്റ്സണ്‍ വകഭേദം. എസ്‍യുവി ലുക്കുമായി എത്തി വിപണി കീഴടക്കിയ റെനോ ക്വിഡിന്റെ എന്‍ജിനും പ്ലാറ്റ്ഫോമുമെല്ലാമാണ് റെഡിഗോയ്ക്കും ഉപയോഗിക്കുന്നത്. റെഡിഗോയ്ക്ക് പക്ഷേ ഒരു ടോള്‍ ബോയ് ഹാച്ച്ബാക്ക് രൂപമാണ്. ക്വിഡിനെക്കാള്‍ വിലയും കുറവ്. കോംപാക്ട് ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി ആള്‍ട്ടോയോടും ഹ്യുണ്ടായി ഇയോണിനോടുമാണ് ഈ സഹോദര മോഡലുകളുടെ മത്സരം. ക്വിഡിന്റേതുപോലെ കൂടുതല്‍ കരുത്തുറ്റ ഒരു ലീറ്റര്‍ എന്‍ജിനുമായി ഈ മത്സരം കൊഴുപ്പിക്കുകയാണ് ഇപ്പോള്‍ റെഡിഗോ. ഒരു ലീറ്റര്‍ എന്‍ജിനുള്ള റെനോ ക്വിഡിനെ അടുത്തറിയാം.


രൂപകല്‍പ്പന


പിന്‍ഭാഗത്ത് ഒരു ലീറ്റര്‍ ബാഡ്ജ് ഉണ്ടെന്നത് ഒഴികെ 800 സിസി റെഡിഗോയുമായി ഒരു ലീറ്റര്‍ വകഭേദത്തിന് വ്യത്യാസമില്ല. മാരുതി വാഗണ്‍ ആറിനെപ്പോലെ ടോള്‍ ബോയ് രൂപകല്‍പ്പനയാണ് റെഡിഗോയ്ക്ക്. ക്രോസ് ഓവറിന്റെ തലയെടുപ്പുണ്ട്. മുന്‍ഭാഗത്തെക്കാള്‍ രൂപഭംഗി പിന്‍ഭാഗത്തിനാണ്.
Datsun Redigo 1.0 Litre
ക്വിഡിന്റേതുപോലെ സിഎംഎഫ് - എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയും നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ബോഡി അളവുകളില്‍ ഇവ തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. നീളം, വീതി എന്നിവ ക്വിഡിനാണ് കൂടുതല്‍ . എന്നാല്‍ കൂടുതല്‍ ഉയരം റെഡിഗോയ്ക്കുണ്ട്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ തന്നെ ഏറ്റവും ഉയരമുള്ളത് റെഡിഗോയ്ക്കാണ്. കൂട്ടത്തിലേയ്ക്കും ചെറുതാണ് മാരുതി ആള്‍ട്ടോ 800.
Datsun Redigo 1.0 Litre
എതിരാളികളെ അപേക്ഷിച്ച് കൂടുതലുണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്. വലിയ ഹമ്പുകളെയും പേടികൂടാതെ മറികടക്കാന്‍ 185 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് ( ക്വിഡിന് 180 മിമീ) സഹായിക്കുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ആദ്യമായി എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ റെഡിഗോ നല്‍കുന്നു . ഹെഡ്‍ലാംപ് ഓണാക്കുമ്പോള്‍ ഡേ ടൈം റണ്ണിങ് ലാംപുകള്‍ സ്വയം ഓഫാകും. എല്‍ഇഡികള്‍ക്ക് അല്‍പ്പം കൂടി പ്രകാശതീവ്രത വേണ്ടിയിരുന്നു.
Datsun Redigo 1.0 Litre
ഇന്റീരിയറില്‍ അല്‍പ്പം മാറ്റമുണ്ട്. ഗ്രേയ്ക്ക് പകരം ബ്ലാക്ക് നിറത്തിലാണ് ഡാഷ്ബോര്‍ഡും സീറ്റ് കവറും. വളരെ ലളിതമാണ് റെഡിഗോയുടെ ഡാഷ്ബോര്‍ഡ്. യുഎസ്ബി , ഓക്സിലറി ഇന്‍പുട്ട് , സിഡി എന്നിവയിലൂടെ ഇതില്‍ പാട്ട് കേള്‍ക്കാം. എഫ്എം റേഡിയോയുമുണ്ട്. പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ ഗീയര്‍ലിവറിനു മുന്നിലാണ് നല്‍കിയിരിക്കുന്നത്. ഉപയോഗിച്ച് ശീലമാകും വരെ ഇത് കൈകാര്യം ചെയ്യുക അത്ര സുഖകരമല്ല. റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് ഒരു ലീറ്റര്‍ ക്വിഡിന് അധികമായുള്ള ഫീച്ചറാണ്.


പൊക്കം കൂടിയവര്‍ക്കും സുഖകരമായി യാത്ര ചെയ്യാവുന്ന വിധം ഉയരം കൂടിയ ഇന്റീരിയറാണ് റെഡിഗോയുടെ. ഹെഡ് - ലെഗ് റൂം ആവശ്യത്തിലേറെയുണ്ട്.
Datsun Redigo 1.0 Litre
സീറ്റുകള്‍ മെലിഞ്ഞതാണെങ്കിലും പിന്‍ഭാഗത്തിനു നല്ല സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. തുടകള്‍ക്കും വേണ്ടത്ര താങ്ങ് ലഭിക്കുന്നു. പിന്‍സീറ്റില്‍ രണ്ട് മുതിര്‍ന്നവര്‍ക്ക് സുഖകരമായി ഇരിക്കാം. മൂന്നാമതൊരാളെകൂടി ഇരുത്തണമെങ്കില്‍ മറ്റു യാത്രക്കാര്‍ കാര്യമായി ഒതുങ്ങിക്കൊടുക്കണം. ഇന്റീരിയര്‍ നിലവാരം ആള്‍ട്ടോയെക്കാള്‍ മെച്ചമാണ്. ഇക്കാര്യത്തില്‍ ഏറ്റവും മികവുള്ളത് ഹ്യുണ്ടായി ഇയോണിനാണ്.


വലിയ അനലോഗ് സ്പീഡോമീറ്ററും ചെറിയൊരു ഡിജിറ്റല്‍ ഡിസ്പ്ലേയും പിന്നെ സ്ഥിരം ഇന്‍ഡിക്കേറ്ററുകളും അടങ്ങുന്നതാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ . ടാക്കോ മീറ്റര്‍ , ഓഡോ മീറ്റര്‍ , ഫ്യുവല്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ , ശരാശരി മൈലേജ് , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , ഗീയര്‍ഷിഫ്ട് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ ഒരുപാട് വിവരങ്ങള്‍ ചെറിയ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Datsun Redigo 1.0 Litre
ലഗേജ് സ്പേസിന്റെ കാര്യത്തില്‍ ക്വിഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം റെഡിഗോയ്ക്കുണ്ട് , 222 ലീറ്റര്‍ . നാല് പേരുടെ ലഗേജ് വയ്ക്കാന്‍ ഇത് ധാരാളം മതി. സുരക്ഷയുടെ കാര്യത്തില്‍ കൂടുതലൊന്നും റെഡിഗോയും നല്‍കുന്നില്ല, ഈ വിഭാഗത്തില്‍പെട്ട മറ്റു മോഡലുകളെപ്പോലെ ഡ്രൈവര്‍ എയര്‍ബാഗ് മാത്രമുണ്ട്. എബിഎസ് ഇല്ല. 


എന്‍ജിന്‍ - ഡ്രൈവ്


റെനോ ക്വിഡില്‍ ഉപയോഗിക്കുന്ന 999 സിസി , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് റെഡിഗോയുടെ ബോണറ്റിനടിയിലുമുള്ളത്. 67 ബിഎച്ച്പി-91 എന്‍എം ആണ് എന്‍ജിന്‍ ശേഷി. റെഡിഗോയുടെ 800 സിസി എന്‍ജിനെ അപേക്ഷിച്ച് 13 ബിഎച്ച്പി-19 എന്‍എം അധികം. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണിതിന്. ലീറ്ററിന് 22.50 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
Datsun Redigo 1.0 Litre
ഇനി റെഡിഗോ സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം. 800 സിസി എന്‍ജിനെ അപേക്ഷിച്ച് ഐഡ്‍ലിങ്ങില്‍ വിറയല്‍ കുറവുണ്ട്.  ക്വിഡിലേതുപോലെ ഫസ്റ്റ് ഗീയറിനു സമീപത്താണ് റിവേഴ്സ് ഗീയര്‍ . ഗീയര്‍നോബിനു താഴെയുള്ള വലയം വലിച്ചുയര്‍ത്തി പിടിച്ച് വേണം റിവേഴ്സ് ഗീയര്‍ ഇടാന്‍. കുറഞ്ഞ ആര്‍പിഎമ്മില്‍ കൂടുതല്‍ ടോര്‍ക്ക് ലഭിക്കുന്നതിനാല്‍ ഗീയര്‍ മാറ്റം കുറവ് മതി. മണിക്കൂറില്‍ 40 കിമീ വേഗത്തില്‍ നാലാം ഗീയറില്‍ കൊണ്ടുനടക്കാം. സെക്കന്‍ഡ‍് ഗീയറില്‍ തന്നെ കയറ്റം വലിക്കുന്നുണ്ട്. 185 മിമീ എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്  മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്രയ്ക്ക് അനുകൂലഘടകമാണ്.


വില


ക്വിഡിനെ അപേക്ഷിച്ച് 42,000 രൂപയോളം കുറവാണ് റെഡിഗോയുടെ വില. സമാന 800 സിസി റെഡിഗോ വകഭേദത്തെക്കാള്‍ 23,000 രൂപ അധികം കൊടുത്താല്‍ മതി, ഒരു ലീറ്റര്‍ എന്‍ജിനുള്ള റെഡിഗോയ്ക്ക്. കൊച്ചി എക്സ്‍ഷോറൂം വിലയും ഫീച്ചറുകളും


ടി ഓപ്ഷന്‍ -3.70 ലക്ഷം രൂപ


എസി, പവര്‍ സ്റ്റിയറിങ്, ഡിജിറ്റല്‍ ടാക്കോ മീറ്റര്‍ , പവര്‍ വിന്‍ഡോ, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, സെന്‍ട്രല്‍ ലോക്കിങ് , റിമോട്ട് കീ, സിഡി പ്ലേയര്‍ , ആന്റിന, ഇമ്മൊബിലൈസര്‍ എന്നിവ പ്രധാന ഫീച്ചറുകള്‍ .
Datsun Redigo 1.0 Litre
എസ് - 3.85 ലക്ഷം രൂപ


ഡേ ടൈം റണ്ണിങ് ലാംപുകള്‍ , ഡ്രൈവര്‍ എയര്‍ബാഗ് എന്നീ ഫീച്ചറുകള്‍ ഇതിന് അധികമായുണ്ട്.


അവസാനവാക്ക്


വിലക്കുറവുള്ള ചെറിയ കാര്‍ നോക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന നല്ല മോഡല്‍ . പൊക്കമുള്ളവരെയും റെഡിഗോ തൃപ്തിപ്പെടുത്തും. കരുത്ത് കുറവാണെന്ന പരാതി ഒരു ലീറ്റര്‍ എന്‍ജിനുള്ള ഡാറ്റ്സണ്‍ പരിഹരിക്കുന്നു. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് പോലുള്ള നിലവാരം കൂടിയ ഫീച്ചറുകള്‍ വേണ്ടവര്‍ ക്വിഡ് പരിഗണിക്കുക.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിന് കടപ്പാട് : ഇവിഎം ഓട്ടോമോട്ടീവ് ഇന്ത്യ, തെള്ളകം പി.ഒ, കോട്ടയം. ഫോണ്‍ : 81118 80755,0481-3240111.






TOP