Home > Reviews >   Reviews Details

ജീത്തോ മിനി വാന്‍
ഐപ്പ് കുര്യന്‍
Posted on: Tuesday, Aug 08, 2017   10:00 AM


എതിരാളിയില്ലാതെ വിലസുകയായിരുന്നു ടാറ്റയുടെ മാജിക് ഐറിസ്. 2011 മേയില്‍ വിപണിയിലെത്തിയ മാജിക് ഐറിസ് മികച്ച വില്‍പ്പനയാണ് നേടിയത്. വെള്ളിമൂങ്ങ എന്നു വട്ടപ്പേരുള്ള മാജിക് ഐറിസിനോട് മത്സരിക്കാന്‍ ഒരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. പേര് ജീത്തോ മിനി വാന്‍ . ടാറ്റ മാജിക് ഐറിസിനെ വിപണിയില്‍ അടിയറവ് പറയിക്കാന്‍ ജീത്തോ മിനി വാനിനു കഴിയുമോ എന്നു ടെസ്റ്റ് ഡ്രൈവിലൂടെ വിലയിരുത്താം.


രൂപകല്‍പ്പന


വില്‍പ്പന വിജയം നേടിയ മിനി ട്രക്കായ ജീത്തോയുടെ പ്ലാറ്റ്ഫോമിലാണ് മിനി വാന്‍ നിര്‍മിച്ചിരിക്കുന്നത്. ഡ്രൈവര്‍ കംപാര്‍ട്ട്മെന്റ് വരെയുള്ള ഭാഗവും ഡാഷ്ബോര്‍ഡും ജീത്തോ ട്രക്കിന്റേതുപോലെയാണ്. പിന്‍ഭാഗം മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഷെവര്‍ലെ സ്പാര്‍ക്കിനെ ഓര്‍മിപ്പിക്കും,ടെയ്ല്‍ലാംപുകള്‍ .
Mahindra Jeeto Minivanനഗരങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെയുള്ള ഓട്ടത്തിന് സഹായകമായ ഒതുക്കമുള്ള ബോഡി ഘടനയും നാല് മീറ്റര്‍ ടേണിങ് റേഡിയസുള്ള സ്റ്റിയറിങ്ങും ജീത്തോ മിനി വാനിനുണ്ട്. 2,250 മിമീ എന്ന അളവിലുള്ള നീളമേറിയ വീല്‍ബേസ് വാഹനത്തിനു മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കും. മാജിക് ഐറിസിനെ അപേക്ഷിച്ച് ഏറെ വിശാലമാണ് ഇന്റീരിയര്‍ .
Mahindra Jeeto Minivan
കാറുകളുടേതുപോലെയുള്ള ഡാഷ്ബോര്‍ഡ്. ഗീയര്‍മാറ്റം അനായാസമാക്കുന്നതിന് ഡാഷ്ബോര്‍ഡില്‍ ഗീയര്‍ ലിവര്‍ ഉറപ്പിച്ചിരിക്കുന്നു. ബക്കറ്റ് സീറ്റുകളാണ് ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും. പിന്നിലെ ബെഞ്ച് സീറ്റില്‍ മൂന്ന് പേര്‍ക്കിരിക്കാം. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നല്‍കിയിട്ടുണ്ട്. പിന്നിലെ സീറ്റിലിരുന്നാല്‍ കാല്‍ നിവര്‍ത്തിവയ്ക്കാവുന്ന വിധം സ്ഥലമുണ്ട്. ലഗേജ് ആവശ്യം പോലെ വയ്ക്കാം. പിന്‍സീറ്റിനു പിറകിലും ലഗേജ് വയ്ക്കാന്‍ സ്ഥലമുണ്ട്.
Mahindra Jeeto Minivan
സെമി ഹാര്‍ഡ് ടോപ്പ് , ഹാര്‍ഡ് ടോപ്പ് ബോഡി വകഭേദങ്ങള്‍ ജീത്തോ മിനി വാനുണ്ട്. നിലവില്‍ സെമി ഹാര്‍ഡ് ടോപ്പ് വകഭേദം മാത്രമാണ് ലഭ്യം. സണ്‍റൈസ് റെഡ് , അള്‍ട്രാ മറൈന്‍ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ മിനി വാന്‍ ലഭ്യമാണ്. 


എന്‍ജിന്‍ - ഡ്രൈവ്


ജീത്തോ മിനി വാനിന്റെ 625 സിസി, ഒരു സിലിണ്ടര്‍ , എം ഡ്യൂറാ, ഡയറക്ട് ഇന്‍ജക്ഷന്‍ , ബിഎസ് 4 ഡീസല്‍ എന്‍ജിന് 16 ബിഎച്ച്പി-38 എന്‍എം ആണ് ശേഷി. മാജിക് ഐറിസിന്റെ എന്‍ജിനെ അപേക്ഷിച്ച് കരുത്ത് കൂടുതലുണ്ട്. ലിറ്ററിന് 26 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മാജിക് ഐറിസിനിത് 31 കിമീ / ലീറ്റര്‍ . നാല് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. വാഹനത്തിനു പിന്നിലാണ് എന്‍ജിന്‍ ഉറപ്പിച്ചിരിക്കുന്നത്.
Mahindra Jeeto Minivan
മറ്റ് സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് വിറയല്‍ കുറവാണ് ജീത്തോ മിനിവാനിന്. ഗീയര്‍മാറ്റം ഏറെ സുഖകരമാണ്. ഉയരത്തിലുള്ള ഡ്രൈവിങ് സീറ്റും വലുപ്പം കൂടിയ വിന്‍ഡ് ഷീല്‍ഡും മികച്ച റോഡ് കാഴ്ച നല്‍കുന്നു. മുന്നില്‍ ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്നതിനാല്‍ വാഹനത്തെ വരുതിയില്‍ നിര്‍ത്താനും എളുപ്പമാണ്. ഡ്രൈവിങ് സുഖം നല്‍കാനും ജീത്തോ മിനി വാനിനു കഴിയുന്നു. 180 മിമീ എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് മോശമായ റോഡുകളിലൂടെയും പായാന്‍ ജീത്തോയെ പ്രാപ്തമാക്കുന്നു. മണിക്കൂറില്‍ 60 കിലോമീറ്ററാണ് മിനി വാനിന്റെ പരമാവധി വേഗം.
Mahindra Jeeto Minivan
രണ്ട് വര്‍ഷം അല്ലെങ്കില്‍ 40, 000 കിലോമീറ്റര്‍ ( ഏതാണോ ആദ്യം തികയുന്നത് വരെ) വാറന്റി ജീത്തോ മിനി വാനിനുണ്ട്. പതിനായിരം കിലോമീറ്ററാണ് സര്‍വീസ് ഇടവേള.


വില


കൊച്ചിയിലെ എക്സ്‍ഷോറൂം വില 3.43 ലക്ഷം രൂപയാണ്. റോഡ് ടാക്സും ഇന്‍ഷുറന്‍സും മറ്റു ചെലവുകളുമടക്കം റോഡില്‍ ഇറങ്ങുമ്പോല്‍ 3.95 ലക്ഷം രൂപയാകും.
Mahindra Jeeto Minivan
ടാറ്റ ഐറിസുമായായി താരതമ്യപ്പെടുത്തുമ്പോള്‍ 20,000 രൂപ വിലക്കൂടുതലാണ് മഹീന്ദ്ര മിനി വാനിന്. എന്നാല്‍ അതിനൊത്ത മൂല്യം മഹീന്ദ്ര മോഡല്‍ നല്‍കുന്നുണ്ട്.

Mahindra Jeeto Minivan


അവസാനവാക്ക്


മുച്ചക്ര യാത്രാവാഹനങ്ങളില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മോഡല്‍ .മാജിക് ഐറിസിനെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലസൗകര്യം , മെച്ചപ്പെട്ട എന്‍ജിന്‍ പെര്‍ഫോമന്‍സ്, കൂടുതല്‍ സുരക്ഷ എന്നിവ ജീത്തോ മിനി വാനിനുണ്ട്. മഹീന്ദ്രയുടെ വിശ്വാസ്യതയും മികച്ച സര്‍വീസ് ശൃംഖലയും മറ്റ് പ്ലസ് പോയിന്റുകള്‍ . 'വെള്ളിമൂങ്ങ'യ്ക്ക് ജീത്തോ മിനി വാന്‍ ഭീഷണിയാവുക തന്നെ ചെയ്യും.
Mahindra Jeeto Minivan
ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : ടിവിഎസ് മഹീന്ദ്ര, നാട്ടകം, കോട്ടയം. ഫോണ്‍ : 99958 65805.


TOP