Home > Reviews >   Reviews Details

ക്വിഡ് ക്ലൈംബര്‍
ഐപ്പ് കുര്യന്‍
Posted on: Thursday, Jun 22, 2017   2:50 PM


മാരുതി ആള്‍ട്ടോയും ഹ്യുണ്ടായി ഇയോണും അരങ്ങുതകര്‍ക്കുന്ന എന്‍ട്രിലെവല്‍ കോംപാക്ട് കാര്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ മോഡലാണ് റെനോ ക്വിഡ് . പല മാസങ്ങളിലും ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളുടെ പട്ടികയില്‍ ഇടം നേടാന്‍ ക്വിഡിനു കഴിഞ്ഞു. എസ്‍യുവിയുടെ പോലുള്ള രൂപം, ആവശ്യം പോലെ ഉള്‍വിസ്താരം, ന്യായമായ വില എന്നിവയൊക്കെയാണ് ക്വിഡിന് വിജയം നേടിക്കൊടുത്തത്. ആദ്യകാലത്ത് 800 സിസി എന്‍ജിനു കരുത്ത് പോരെന്ന് പരാതി പറഞ്ഞവരുടെ വായടപ്പിക്കാന്‍ ഒരു ലിറ്റര്‍ എന്‍ജിനുമായി എത്തിയ ക്വിഡിനു കഴിഞ്ഞു.
Renault Kwid Climber
ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടി കൂടി അവതരിപ്പിച്ചതോടെ ക്വിഡിന് വീണ്ടും ആവശ്യക്കാരേറി. 2015 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ക്വിഡ് ഇതിനോടകം ഒന്നര ലക്ഷത്തോളം നിരത്തിലിറങ്ങിയിട്ടുണ്ട്. മോഡലിനു പുതുമ നല്‍കാന്‍ ഇടയ്ക്കിടെ പരിഷ്കാരങ്ങള്‍ ആവശ്യമാണല്ലോ. അതിന്റെ ഭാഗമായി റെനോ അവതരിപ്പിച്ച പ്രത്യേക പതിപ്പാണ് ക്വിഡ് ക്ലൈംബര്‍ . ഈ മോഡലിന്റെ സവിശേഷതകളും ഒരു ലീറ്റര്‍ എന്‍ജിനുള്ള ക്വിഡിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സും ടെസ്റ്റ് ഡ്രൈവിലൂടെ വിലയിരുത്താം.


രൂപകല്‍പ്പന


2016 ഓട്ടോ എക്സ്‍പോയില്‍ ക്വിഡ് ക്ലൈംബറിന്റെ കണ്‍സപ്റ്റിനെ റെനോ പ്രദര്‍ശിപ്പിച്ചിരുന്നു. ക്വിഡിന്റെ എസ്‍യുവി ഭാവം വര്‍ധിപ്പിച്ചാണ് ക്ലൈംബറിനെ ഒരുക്കിയിരിക്കുന്നത്. ഫോഗ് ലാംപുകള്‍ക്ക് പുതിയ ചുറ്റുഭാഗം, സ്കിഡ് പ്ലേറ്റുകളുള്ള ഫ്രണ്ട് - റിയര്‍ ബമ്പറുകള്‍ , ഓറഞ്ച് നിറത്തിലുള്ള ബാഹ്യ മിററുകള്‍ , പുതിയ അലോയ് വീലുകള്‍ , റൂഫ് റയിലുകള്‍ , മുന്നിലെ ഡോറുകളിലും പിന്നിലെ വിന്‍ഡ് ഷീല്‍ഡിന്റെ മൂലയില്‍ ക്ലൈംബര്‍ ലോഗോ തുടങ്ങിയവ പുറം കാഴ്ചയിലെ പ്രത്യേകതകള്‍ . സീറ്റുകള്‍ , സെന്റര്‍ കണ്‍സോള്‍ , ഗീയര്‍നോബ്, എസി വെന്റുകള്‍ , ഡോര്‍ ട്രിമ്മുകള്‍ എന്നിവയിലെല്ലാം ഓറഞ്ച് നിറത്തിലുള്ള അലങ്കാരമുണ്ട്. ബ്രോണ്‍സ് , പ്ലാനറ്റ് ഗ്രേ, ഇലക്ട്രിക് ബ്ലൂ എന്നീ ബോഡി നിറങ്ങളാണ് ക്വിഡ് ക്ലൈംബറിനുള്ളത്.
Renault Kwid Climber
ആറടിയിലേറെ ഉയരമുള്ളവര്‍ക്കും യോജിച്ച ചെറുകാറാണ് ക്വിഡ്. വിശാലമായ ഇന്റീരിയര്‍. ആള്‍ട്ടോ, ഇയോണ്‍ എന്നിവയെക്കാള്‍ നീളവും വീല്‍ബേസും ഉള്ളതിന്റെ മെച്ചം. മുന്‍ സീറ്റില്‍ വലിയ ഉയരക്കാര്‍ക്കും സുഖമായി ഇരിക്കാം. പിന്‍ സീറ്റ് ശരാശരി പൊക്കമുള്ളവര്‍ക്കാണ് ഇണങ്ങുക. അധികം വണ്ണമില്ലാത്തവരാണെങ്കില്‍ മൂന്ന് പേര്‍ക്ക് പിന്‍സീറ്റില്‍ ഇരിക്കാം. ആറടി ഉയരമുള്ളവര്‍ക്ക് പിന്‍സീറ്റില്‍ മുട്ടിടിക്കാതെ കഴിയാം. പക്ഷേ ഹെഡ് റൂം കുറവാണ്. സ്വിഫ്ട്, ഗ്രാന്‍ഡ് ഐ10 പോലുള്ള ബി പ്ലസ് ഹാച്ച്ബാക്കുകളെ വെല്ലുന്ന ബൂട്ട് സ്പേസാണ് ക്വിന്റേത്. 300 ലീറ്ററുണ്ട് കപ്പാസിറ്റി.
Renault Kwid Climber
ക്വിഡിന്റെ 180 മിമീ ഗ്രൗണ്ട് ക്ലിയറന്‍സും എതിരാളികളെ പിന്നിലാക്കുന്നു. റോഡ് മോശമാണെങ്കിലും ക്വിഡിനെ അടിതട്ടാതെ കൊണ്ടുപോകാന്‍ ഈ ഗ്രൗണ്ട് ക്ലിയറന്‍സ് സഹായിക്കുന്നു.
Renault Kwid Climber
ഡാഷ് ബോര്‍ഡ് നോക്കുക. ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരുപാട് കണ്‍ട്രോള്‍ നോബുകള്‍ ഇല്ല. വളരെ സിംപിള്‍ . പ്ലാസ്റ്റിക് നിലവാരവും കൊള്ളാം. ഡസ്റ്ററിലും ലോഡ്ജിയിലുമൊക്കെ കണ്ട ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെ്ന്‍മെന്റ് സിസ്റ്റം സെന്റര്‍ കണ്‍സോളില്‍ നിറഞ്ഞിരിക്കുന്നു. യുഎസ്ബി, ബ്ലൂടൂത്ത് - ഓക്സിലറി ഇന്‍പുട്ട് കണക്ടിവിറ്റികളുള്ള സിസ്റ്റത്തില്‍ നാവിഗേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഡി പ്ലേയര്‍ , മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. പവര്‍വിന്‍ഡോ സ്വിച്ച് , സെന്‍ട്രല്‍ ലോക്കിങ് ബട്ടന്‍ , ഹസാഡ് ലൈറ്റ് സ്വിച്ച് എന്നിവ ടച്ച് സ്ക്രീന്‍ സിസ്റ്റത്തിനു താഴെയായി കൊടുത്തിരിക്കുന്നു.
Renault Kwid Climber
ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയില്‍ ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , തത്സമയ മൈലേജ് , ട്രിപ് മീറ്റര്‍ , ഓഡോ മീറ്റര്‍ , ശരാശരി മൈലേജ് , ശരാശരി വേഗത , ഗീയര്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാമുണ്ട്. ടാക്കോ മീറ്റര്‍ ലഭ്യമല്ല. ഡാഷ്ബോര്‍ഡിന്റെ ഇടതുവശത്ത് മൂന്ന് തട്ടുകളായി സ്റ്റോറേജ് സ്പേസ് നല്‍കിയിരിക്കുന്നു.


എന്‍ജിന്‍ - ഡ്രൈവ്


ബോഡിയില്‍ മാത്രമാണ് പരിഷ്കാരം . എന്‍ജിനു മാറ്റമില്ല. ക്വിഡ് ക്ലൈംബറിന്റെ ഒരു ലീറ്റര്‍ (999 സിസി) , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 67 ബിഎച്ച്പി -91 എന്‍എം ആണ് ശേഷി.  ആള്‍ട്ടോ കെ10, ഇയോണ്‍ 1.0 ലീറ്റര്‍ മോഡലുകള്‍ക്ക് ഒപ്പം നില്‍ക്കുന്നു ഇത്. അഞ്ച് സ്പീഡ് മാന്വല്‍ , എംഎംടി ഗീയര്‍ബോക്സ് (റെനോയുടെ ഭാഷയില്‍ ഈസി- ആര്‍) ഓപ്ഷനുകള്‍ ലഭ്യമാണ്. മൈലേജ് മാന്വല്‍ - 23.01 കിമീ / ലീറ്റര്‍ , എഎംടി -24.04 കിമീ / ലീറ്റര്‍. 800 സിസി എന്‍ജിനെ അപേക്ഷിച്ച് 24 ബിഎച്ച്പി കരുത്തും 19 എന്‍എം ടോര്‍ക്കും അധികമുണ്ട് ഒരു ലീറ്റര്‍ എന്‍ജിന്. പെര്‍ഫോമന്‍സില്‍ ഈ വ്യത്യാസം പ്രകടമാണ്. എന്നാല്‍ മൈലേജില്‍ വലിയ വ്യത്യാസം ഇല്ലതാനും. 800 സിസി ക്വിഡിന് 25.17 കിമീ/ ലീറ്റര്‍ ആണ് മൈലേജ്.
Renault Kwid Climber
എഎംടിയുള്ള ക്വിഡ് ക്ലൈംബറാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. മാരുതിയുടെയും ടാറ്റയുടേയും എഎംടി മോഡലുകളില്‍ ഗീയര്‍ ലിവര്‍ ഉണ്ടെങ്കില്‍ ക്വിഡില്‍ അതിനു പകരം വട്ടത്തിലുള്ള ഒരു നോബാണ് നല്‍കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളിലാണ് സെലക്ടര്‍ നോബിന്റെ സ്ഥാനം. ബ്രേക്ക് പെഡല്‍ അമര്‍ത്തിക്കൊണ്ട് ഈ നോബ് തിരിച്ച് ഫോര്‍വാഡ്,റിവേഴ്സ് ,ന്യൂട്രല്‍ മോഡുകള്‍ തിരഞ്ഞെടുക്കാം.
Renault Kwid Climber
മൂന്ന് സിലിണ്ടര്‍ എന്‍ജിനുകള്‍ക്ക് ഐഡ്‍ലിങ്ങില്‍ പൊതുവെയുള്ള വിറയല്‍ ക്വഡിന്റെ എന്‍ജിനുമുണ്ട്. എന്നാല്‍ എന്‍ജിന്‍ വേഗമാര്‍ജിക്കുന്നതോടെ ശബ്ദവും വിറയലും കുറയും. എന്നാല്‍ എന്‍ജിന്‍ കംപാര്‍ട്ട്മെന്റിന്റെ ഇന്‍സുലേഷന്‍ അല്‍പ്പം കൂടി മെച്ചപ്പെടുത്തേണ്ടയിരിക്കുന്നു. മികച്ച യാത്രാസുഖം സസ്പെന്‍ഷന്‍ ഉറപ്പു നല്‍കുന്നു.
Renault Kwid Climber
ആക്സിലറേറ്റര്‍ കൊടുക്കാതെ തന്നെ വണ്ടി ചെറിയ വേഗത്തില്‍ മുന്നോട്ട് എടുക്കുന്ന ക്രീപ്പ് ഫങ്ഷന്‍ നല്‍കാത്തത് പോരായ്മയാണ്. ഇത് ഭാവിയില്‍ റെനോ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.ട്രാഫിക് ബ്ലോക്കുകളില്‍ നിരങ്ങി നിങ്ങേണ്ടി വരുമ്പോഴും ഇടുങ്ങിയ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴും കയറ്റത്തില്‍ നിര്‍ത്തി എടുക്കേണ്ടി വരുമ്പോഴുമൊക്കെ ഈ കുറവ് അനുഭവിക്കേണ്ടിവരും. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് കയറ്റത്തില്‍ നിര്‍ത്തി എടുക്കാന്‍ പരിശീലിക്കുക. ഹൈവേ യാത്രയില്‍ 23 കിമീ / ലീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം.


റിവേഴ്സ് എടുക്കുമ്പോള്‍ റിയര്‍ വ്യൂ മിററിലൂടെയുള്ള കാഴ്ച മാത്രം മതിയാകില്ല. അതുകൊണ്ടുതന്നെ റിവേഴ്സ് പാര്‍ക്കിങ് ക്യാമറ വാങ്ങി ഫിറ്റ് ചെയ്യുന്നത് നന്ന്.


വില


മാരുതി ആള്‍ട്ടോ കെ 10, ഹ്യുണ്ടായി ഇയോണ്‍ മോഡലുകളുമായാണ് ക്വിഡ് ക്ലൈംബര്‍ മത്സരിക്കുന്നത്. ക്വിഡിന്റെ മുന്തിയ വകഭേദമായ ആര്‍എക്സ്‍ടി ( ഒ)യില്‍ മാത്രമാണ് ക്ലൈംബര്‍ ലഭ്യമാക്കിയിരിക്കുന്നത്. ക്വിഡിന്റെ ഒരു ലീറ്റര്‍ വകഭേദത്തെക്കാള്‍ 29,000 രൂപ അധികമാണ് ക്ലൈംബറിനു വില. കൊച്ചി എക്സ്‍ഷോറൂം വില ( ബ്രാക്കറ്റില്‍ ഓണ്‍ റോഡ് വില) : ക്ലൈംബര്‍ മാന്വല്‍ -4.54 ലക്ഷം രൂപ ( 5.19 ലക്ഷം രൂപ) , ക്ലൈംബര്‍ എഎംടി- 4.83 ലക്ഷം രൂപ ( 5.52 ലക്ഷം രൂപ).
Renault Kwid Climber
മറ്റ് ക്വിഡ് വകഭേദങ്ങളുടെ കേരള എക്സ്‍ഷോറൂം വില. ബ്രാക്കറ്റില്‍ ഓണ്‍റോഡ് വിലയും


ക്വിഡ് 800 സിസി 


സ്റ്റാന്‍ഡേര്‍ഡ് -2.88 ലക്ഷം രൂപ (3.31 ലക്ഷം രൂപ)


ആര്‍എക്സ്‍ഇ -3.31 ലക്ഷം രൂപ (3.79 ലക്ഷം രൂപ)


ആര്‍എക്സ്‍എല്‍ -3.57 ലക്ഷം രൂപ (4.07 ലക്ഷം രൂപ)


ആര്‍എക്സ്‍ടി -3.90 ലക്ഷം രൂപ (4.43 ലക്ഷം രൂപ)

Renault Kwid Climber


ക്വിഡ് 1.0 ലീറ്റര്‍ 


ആര്‍എക്സ്‍എല്‍ -3.79 ലക്ഷം രൂപ (4.36 ലക്ഷം രൂപ)


ആര്‍എക്സ്‍ടി -4.12 ലക്ഷം രൂപ (4.72 ലക്ഷം രൂപ)

Renault Kwid Climber


ക്വിഡ് 1.0 ലീറ്റര്‍ എഎംടി 


ആര്‍എക്സ്‍എല്‍ -4.09 ലക്ഷം രൂപ (4.69 ലക്ഷം രൂപ)


ആര്‍എക്സ്‍ടി -4.55 ലക്ഷം രൂപ (5.20 ലക്ഷം രൂപ).


അവസാനവാക്ക്


എന്‍ട്രി ലെവല്‍ കോംപാക്ട് കാറുകളില്‍ ഏറ്റവും മികച്ചതാണ് നോക്കുന്നതെങ്കില്‍ ക്വിഡ് ക്ലൈംബറിനെനെ സ്വന്തമാക്കാം. എസ്‍യുവിയുടെ രൂപഭംഗി, വിശാലമായ ഉള്‍ഭാഗം, മികച്ച മൈലേജ്, ആധുനിക സൗകര്യങ്ങള്‍ എന്നിവയെല്ലാം ന്യായമായ വിലയ്ക്ക് ക്വിഡ് നല്‍കുന്നു. 


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : റെനോ കോട്ടയം , തെള്ളകം. ഫോണ്‍ : 99612 11631 / 90610 59805.


TOP