Home > Reviews >   Reviews Details

പുതുപുത്തന്‍ മാരുതി ഡിസയര്‍
ഐപ്പ് കുര്യന്‍
Posted on: Wednesday, Jun 07, 2017   6:40 PM


മാരുതി സുസൂക്കിയുടെ എന്‍ട്രി ലെവല്‍ സെഡാനായ എസ്റ്റീമിനു പകരക്കാരനായാണ് ഡിസയര്‍ വിപണിയിലെത്തിയത്. ഹാച്ച്ബാക്കായ ഇന്‍ഡിക്കയ്ക്ക് വാല് പിടിപ്പിച്ച് ഇന്‍ഡിഗോ സെഡാനായി മാറ്റിയ ടാറ്റയുടെ തന്ത്രമാണ് മാരുതിയും പിന്തുടര്‍ന്നത്. അങ്ങനെ 2008 ല്‍ സ്വിഫ്ടിനു ഡിക്കി ഘടിപ്പിച്ച് സ്വിഫ്ട് ഡിസയര്‍ എന്ന പേരില്‍ വിപണിയിലിറക്കി. കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര വില്‍പ്പന വിജയമാണ് ഡിസയര്‍ സ്വന്തമാക്കിയത്. സര്‍ക്കാര്‍ നാല് മീറ്ററില്‍ താഴെ നീളമുള്ള കാറുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതോടെ 2012ല്‍ നീളം കുറഞ്ഞ ഡിസയറിനെ പുറത്തിറക്കി. വാസ്തവത്തില്‍ ആദ്യ മോഡലിനെ അപേക്ഷിച്ച് ഭംഗിക്കുറവായിരുന്നു പിന്‍ഗാമിയ്ക്ക്. ഏച്ചുകെട്ടിയതുപോലെ ബൂട്ട് ഘടിപ്പിച്ച രൂപം. ഡിക്കി സ്പേസും കുറവ്. ഇതൊക്കെയാണെങ്കിലും ഡിസയറിന്റെ ജനപ്രീതിയ്ക്ക് കുറവുണ്ടായില്ല. എന്‍ട്രിലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായി, ഹോണ്ട, ഫോക്സ്‍വാഗന്‍ , ഫോഡ് കമ്പനികളുടെ മോഡലുകള്‍ എത്തിയെങ്കിലും ഡിസയറിനെ പിന്തള്ളാനായില്ല. ഏറ്റവും വില്‍പ്പനയുള്ള എന്‍ട്രി ലെവല്‍ സെഡാനായി ഡിസയര്‍ വിലസി. ഇതിനോടകം 13.80 ലക്ഷത്തിലേറെ ഡിസയറുകളാണ് നിരത്തിലിറങ്ങിയത്.
Maruti Dzire
കാലാനുസൃതമായ മാറ്റങ്ങളുമായി ഇപ്പോള്‍ മൂന്നാം തലമുറ ഡിസയര്‍ വിപണിയിലെത്തിയിരിക്കുകയാണ്. പഴയ മോഡലിന്റെ കുറവുകള്‍ പരിഹരിച്ച് അധികരൂപഭംഗിയോടെ എത്തിയ ഡിസയറിന് ഏറ്റവും മൈലേജുള്ള ഡീസല്‍ കാര്‍ എന്ന സവിശേഷതയുമുണ്ട്.


രൂപകല്‍പ്പന


ബലേനോയ്ക്ക് ഉപയോഗിക്കുന്ന ഹാര്‍ട്ട്ടെക്ട് എന്ന പുത്തന്‍ പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ ഡിസയറിന്റെയും നിര്‍മിതി. ഭാരം കുറവുള്ളതും എന്നാല്‍ കൂടുതല്‍ ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. എന്‍ജിന്‍ ഒഴികെ ഒന്നും പഴയ ഡിസയറുമായി പങ്കുവയ്ക്കുന്നില്ല. സ്വിഫ്ട് ഡിസയര്‍ എന്നായിരുന്ന പേര് പുതിയതില്‍ ഡിസയര്‍ എന്നു ചുരുക്കിയിട്ടുണ്ട്.
Maruti Dzire
കാഴ്ചയ്ക്ക് ഏറെ മനോഹരമാണ് പുതിയ ഡിസയര്‍ . ഹാച്ച്ബാക്കിന് ഡിക്കി കൂട്ടിച്ചേര്‍ത്തപോലെ തോന്നുകയേ ഇല്ല. നീളം പഴയതുപോലെ 3995 മിമീ ആണെങ്കിലും വീല്‍ബേസ് 20 മിമീ കൂടിയിട്ടുണ്ട്. ഇത് മുന്‍സീറ്റിനും പിന്‍സീറ്റിനും അധിക ലെഗ്‍റൂം നല്‍കുന്നു.പിന്‍സീറ്റിന്റെ ലെഗ്റൂം 55 മിമീ വര്‍ധിച്ചെന്ന് മാരുതി അവകാശപ്പെടുന്നു.വീതി 40 മിമീ വര്‍ധിപ്പിച്ചു, 1735 മിമീ. എന്നാല്‍ ഉയരം 40 മിമീ കുറച്ചിട്ടുണ്ട്, 1515 മിമീ. ക്രോം ലൈനിങ്ങുള്ള തള്ളിനില്‍ക്കുന്ന ഗ്രില്ലാണ് പുതിയ ഡിസയറിന്. ഗ്രില്ലിന്റെ ആകൃതി മിനി കൂപ്പറിനെ ഓര്‍മിപ്പിക്കും. ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ ഓട്ടോമാറ്റിക്കാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഹെഡ്‍ലാംപുകള്‍ മുന്തിയ വകഭേദത്തിനു മാത്രമേയുള്ളൂ. അല്ലാത്തവയ്ക്ക് റിഫ്ലക്ടര്‍ ഹെഡ്‍ലാംപ് യൂണിറ്റാണ്.
Maruti Dzire
എന്‍ജിന്‍ കംപാര്‍ട്ട്മെന്റിന്റെ നീളം കുറച്ചിരിക്കുന്നു. ഇത് ഇന്റീരിയറിനും ബൂട്ടിനും കൂടുതല്‍ വിസ്താരം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. ബൂട്ട് സ്പേസ് 62 ലീറ്റര്‍ വര്‍ധിച്ച് 378 ലീറ്ററായി. സെഡ് , സെഡ് പ്ലസ് എന്നീ മുന്തിയ വകഭേദങ്ങള്‍ക്ക് 15 ഇഞ്ച് ടൂ ടോണ്‍ അലോയ് വീലുകളാണ്.
Maruti Dzire
ടെയ്ല്‍ ലാംപുകള്‍ എല്‍ഇഡി ടൈപ്പാണ്. എല്ലാ വകഭേദങ്ങള്‍ക്കും ഇതുതന്നെ. ഗ്രൗണ്ട് ക്ലിയറന്‍സ് ഏഴ് മിമീ കുറഞ്ഞ് 163 മില്ലീമീറ്റര്‍ ആയി. സ്പീഡ് ബ്രേക്കറുകളെ അടിതട്ടാതെ മറികടക്കാന്‍ ഇത് പര്യാപ്തമാണെങ്കിലും കുത്തനെയുള്ള ചെരിവുകളില്‍ നിന്ന് നിരപ്പിലേയ്ക്കിറങ്ങുമ്പോള്‍ മുന്‍ഭാഗം നിലത്തു തട്ടാതെ ശ്രദ്ധിച്ച് എടുക്കണം.
Maruti Dzire
ഡാഷ്ബോര്‍ഡ് പൂര്‍ണ്ണമായും പുതിയതാണ്. പ്ലാസ്റ്റിക് നിലവാരം മെച്ചപ്പെടുത്തിയിച്ചുണ്ട്. ബ്ലാക്ക് - ബിജ് നിറത്തിലുള്ള ഇന്റീരിയറില്‍ സാറ്റിന്‍ ക്രോം , ഫോക്സ് വുഡ് എന്നിവകൊണ്ടുള്ള അലങ്കാരങ്ങളുണ്ട്. ഡാഷ്ബോര്‍ഡിന്റെ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ സിസ്റ്റം എന്നിവയുണ്ട്. പിന്‍സീറ്റിനായി റിയര്‍ എസി വെന്റ് നല്‍കിയതും പുതുമയാണ്. ഇതില്‍ 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റും രണ്ട് കപ്പ് ഹോള്‍ഡറുകളും നല്‍കിയത് ഉപകാരപ്രദമാണ്. ഓട്ടോമാറ്റിക് എസി മുന്തിയ വകഭേദങ്ങള്‍ക്കുണ്ട്. സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടനും പുതിയ ഫീച്ചറാണ്.
Maruti Dzire
ഇന്റീരിയറില്‍ മുന്നിലും പിന്നിലും വീതി കൂടിയിട്ടുണ്ട്. നടുവിനും തുടകള്‍ക്കും വേണ്ടപോലെ താങ്ങേകുന്നതാണ് പിന്നിലെ സീറ്റ്. സ്റ്റിയറിങ് വീല്‍ ശ്രദ്ധിക്കുക. ചുവട് ഭാഗം പരന്ന പുതിയ സ്റ്റിയറിങ്ങിന് ഭംഗിയും പ്രായോഗികതയുണ്ട്. ആറടി പൊക്കമുള്ളയാള്‍ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴും പിന്നില്‍ ഇഷ്ടംപോലെ ലെഗ്റൂമുണ്ട്. എന്നാല്‍ ഉയരക്കാരെ സംബന്ധിച്ചിടത്തോളം പിന്‍സീറ്റില്‍ ഹെഡ്റൂം അല്‍പ്പം കുറവാണ്. പിന്‍ സീറ്റിന് നടുവില്‍ മടക്കിവയ്ക്കാവുന്ന ആംറെസ്റ്റുണ്ട്. രണ്ട് പേര്‍ക്ക് വിശാലമായി ഇരിക്കാം. ട്രാന്‍സ്‍മിഷന്‍ ടണലിനു തടിപ്പ് കൂടുതലായതിനാല്‍ പിന്‍സീറ്റിനു നടുക്ക് പൊക്കം കുറഞ്ഞവര്‍ക്കേ ഇരിക്കാനാവൂ.
Maruti Dzire
സുരക്ഷയുടെ കാര്യത്തിലും പുതിയ ഡിസയര്‍ മുന്നിട്ടുനില്‍ക്കുന്നു. കൂടുതല്‍ ബലവത്തായ ബോഡിയുള്ള ഡിസയറിന്റെ അടിസ്ഥാന വകഭേദത്തിനും എബിഎസ് - ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ , ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുണ്ട്.


എന്‍ജിന്‍ - ഡ്രൈവ്


എന്‍ജിനു മാറ്റമില്ല. 1.2 ലീറ്റര്‍ , 82 ബിഎച്ച്പി , കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ , 74 ബിഎച്ച്പി, ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ്. പഴയ ഡിസയറിന് ഡീസല്‍ വകഭേദത്തിനു മാത്രമായിരുന്ന അഞ്ച് സ്പീഡ് എഎംടി ലഭ്യമായിരുന്നതെങ്കില്‍ പുതിയതിന് പെട്രോള്‍ വകഭേദത്തിലും അത് ലഭ്യമാണ്.


മൈലേജ് : പെട്രോള്‍ -മാന്വല്‍ / എഎംടി- 22.00 കിമീ/ ലീറ്റര്‍ , ഡീസല്‍ - മാന്വല്‍ / എഎംടി- 28.40 കിമീ/ ലീറ്റര്‍ .
Maruti Dzire
കൂടുതല്‍ ആവശ്യക്കാരുള്ള ഡീസല്‍ ഡിസയറാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. പഴയതിലും 105 കിലോഗ്രാം ബോഡി ഭാരം കുറവുള്ളതുകൊണ്ടുതന്നെ ഡിസയറിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. നവീകരിച്ച സസ്പെന്‍ഷന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. 2000 ആര്‍പിഎമ്മില്‍ എത്തുന്നതുവരെ ടര്‍ബോ ലാഗുണ്ട്. യഥാസമയം ഗീയര്‍ മാറി ഓടിക്കാന്‍ ശീലമാകുമ്പോള്‍ ഇതൊരു പോരായ്മയായി തോന്നില്ല. ഫോഡ് ആസ്പൈറിന്റെ യും ഫോക്സ്‍വാഗന്‍ അമിയോയുടെയും ഡീസല്‍ വകഭേദനം നല്‍കുന്ന പെര്‍ഫോമന്‍സ് ഡിസയറില്‍ പ്രതീക്ഷിക്കേണ്ട. ഒരു സാധാരണ ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടത് ഡിസയര്‍ നല്‍കും. കട്ടി കുറഞ്ഞ ക്ലച്ചും ചെറുതായി തട്ടി നീക്കാവുന്ന ഗീയറുകളും ഡ്രൈവിങ് സുഖകരമാക്കുന്നു. ഉയര്‍ന്ന വേഗത്തില്‍ സ്റ്റിയറിങ്ങിന് കട്ടി കൂറയുന്നു എന്നത് പോരായ്മ.


വില


‍ഹ്യുണ്ടായി എക്സന്റ് , ഹോണ്ട അമെയ്സ് , ടാറ്റ ടീഗോര്‍ , ഫോഡ് ആസ്പൈര്‍ മോഡലുകളുമായാണ് ഡിസയര്‍ മത്സരിക്കുന്നത്. ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20,000 രൂപ മുതല്‍ 60,000 രൂപ വരെ അധികമാണ് ഡിസയറിന്റെ വിവിധ വകഭേദങ്ങളുടെ വില.


കൊച്ചിയിലെ എക്സ്‍ഷോറൂം വില


ഡീസല്‍ 


എല്‍ഡിഐ -6.83 ലക്ഷം രൂപ


എല്‍ഡിഐ ഓപ്ഷണല്‍ -7.05 ലക്ഷം രൂപ


വിഡിഐ -7.32 ലക്ഷം രൂപ


വിഡിഐ ഓപ്ഷണല്‍ -7.44 ലക്ഷം രൂപ


സെഡ്‍ഡിഐ -8.32 ലക്ഷം രൂപ


ഡീസല്‍ എഎംടി


സെഡ്‍ഡിഐ -8.83 ലക്ഷം രൂപ
Maruti Dzire
പെട്രോള്‍


എല്‍എക്സ്‍ഐ  - 5.57 ലക്ഷം രൂപ


എല്‍എക്സ്‍ഐ ഓപ്ഷണല്‍ - 5.78 ലക്ഷം രൂപ


വിഎക്സ്‍ഐ - 6.25 ലക്ഷം രൂപ


വിഎക്സ്‍ഐ ഓപ്ഷണല്‍ - 6.46 ലക്ഷം രൂപ


സെഡ്എക്സ്‍ഐ - 7.26 ലക്ഷം രൂപ

Maruti Dzire


പെട്രോള്‍ എഎംടി


വിഎക്സ്‍ഐ ഓപ്ഷണല്‍ - 6.46 ലക്ഷം രൂപ

Maruti Dzire


അവസാനവാക്ക്


ഇടത്തരക്കാര്‍ക്ക് യോജിച്ച ഒന്നാന്തരം ഫാമിലി കാറാണ് ഡിസയര്‍ . ഡിക്കി സ്പേസ്, ഫീച്ചറുകള്‍ , രൂപകല്‍പ്പന എന്നിവയിലുള്ള പോരായ്മകളെല്ലാം പുതിയ ഡിസയര്‍ പരിഹരിക്കുന്നു. ഉയര്‍ന്ന മൈലേജിനൊപ്പം ഓട്ടോമാറ്റിക് കാറുകളുടെ കൈകാര്യക്ഷമതയും നല്‍കുന്ന എഎംടി പെട്രോള്‍ വകഭേദത്തിലും ലഭ്യമാക്കിയത് ഡിസയറിന്റെ വില്‍പ്പനയില്‍ വീണ്ടും വര്‍ധനയുണ്ടാക്കും.


ടെസ്റ്റ്ഡ്രൈവ് വാഹനത്തിനു കടപ്പാട് : എവിജി മോട്ടോര്‍സ് , കോട്ടയം. ഫോണ്‍ : 98470 53915/20.


TOP