Home > Reviews >   Reviews Details

യമണ്ടന്‍ എന്‍ഡേവര്‍
ഐപ്പ് കുര്യന്‍
Posted on: Wednesday, May 10, 2017   2:00 PM


ഇന്ത്യയിലെ ആദ്യകാല പ്രീമിയം എസ്‍യുവികളിലൊന്നാണ് ഫോഡ് എന്‍ഡേവര്‍. 2003 ല്‍ വിപണിയിലെത്തിയ എന്‍ഡേവര്‍ മികച്ച വില്‍പ്പനയാണ് നേടിയത്. 2009 ല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വിപണിയിലെത്തുന്നതുവരെ എന്‍ഡേവറായിരുന്നു താരം. നിലവില്‍ ഈ വിഭാഗത്തില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് ഈ രണ്ടു മോഡലുകള്‍ തമ്മിലാണ്. പുതിയ തലമുറ എന്‍ഡേവറിനെ പുറത്തിറക്കി കളം പിടിച്ചടക്കാന്‍ ഫോഡ് ഇറങ്ങിയതോടെ ഫോര്‍ച്യൂണറിന്റെ പുതിയ മോഡലിനെ ടൊയോട്ടയും അവതരിപ്പിച്ചു. വില്‍പ്പനയില്‍‍ ഫോര്‍ച്യൂണറാണ് മുന്നിലെങ്കിലും എന്‍ഡേവറാണ് മികച്ചതെന്നൊരു ശ്രുതിയുണ്ട്. അത് എത്രമാത്രം സത്യമാണെന്ന് എന്‍ഡേവറിനെ ടെസ്റ്റ് ഡ്രൈവ് ചെയ്ത് മനസിലാക്കാം. 


രൂപകല്‍പ്പന


പെട്ടി രൂപമായിരുന്നു പഴയ എന്‍ഡേവറിനെങ്കില്‍ രണ്ടാം തലമുറ എന്‍ഡേവറിന്റെ ബോഡിയ്ക്ക് ഉരുളിമയുണ്ട്. വലിച്ചുനീട്ടിയപോലുള്ള ശരീരപ്രകൃതി മാറി കൂടുതല്‍ ഭംഗിയുള്ളതായി മാറി. എസ്‍യുവി തലയെടുപ്പ് ഫോര്‍ച്യൂണറിനെക്കാളുണ്ടെന്ന് വ്യക്തം. വലുപ്പം കൂടിയ ക്രോം ഗ്രില്ലും ഉയരത്തിലുള്ള ബോണറ്റും 18 ഇഞ്ച് വീലുകളുമെല്ലാം എന്‍ഡേവറിനു നല്ല റോഡ് പ്രസന്‍സ് നല്‍കുന്നു. ഡിക്കി ഡോറില്‍ ഉറപ്പിച്ചിരുന്ന സ്റ്റെപ്പിനി ടയര്‍ വാഹനത്തിന്റെ അടിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
Ford Endeavor
ഏറെ ബലവത്താണ് ബോഡി. ഡോര്‍ അടയ്ക്കുമ്പോഴുള്ള ഘനഗംഭീരമായ ശബ്ദം വാഹനത്തിന്റെ ഉറപ്പ് വെളിവാക്കുന്നു. ഓഫ് റോഡിങ് മികവിനും കൂടുതല്‍ ഭാരം വഹിക്കുന്നതിനും ഫ്രെയിമില്‍ ബോഡി ഉറപ്പിച്ചുള്ള നിര്‍മിതിയാണ് ഇതിന്റേത്. ഫോര്‍ച്യൂണറിനും ഇങ്ങനെ തന്നെ.


ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ നീളവും വീതിയും വീല്‍ബേസും കൂടുതലുണ്ട് എന്‍ഡേവറിന്. 4.9 മീറ്റര്‍ നീളമുള്ള എന്‍ഡേവറിന് 2,850 മിമീ ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 225 മിമി. ആഴമുള്ള വെള്ളക്കെട്ടുകളെ താണ്ടാന്‍ എതിരാളികളെക്കാള്‍ ശേഷിയുണ്ട് എന്‍ഡേവറിന്. 800 മിമീ പൊക്കത്തിലുള്ള വെള്ളത്തിലൂടെയും എന്‍ഡേവര്‍ കൂസലില്ലാതെ പോകും.
Ford Endeavor
ആഡംബര പൂര്‍ണ്ണമാണ് ഇന്റീരിയര്‍ . ബീജ് , ഗ്രേ നിറങ്ങള്‍ ഇടകലര്‍ന്ന ഡാഷ്ബോര്‍ഡ്, മുന്തിയയിനം ലെതര്‍ കൊണ്ടുള്ള അപ്ഹോള്‍സ്റ്ററി, ലളിതമായ സെന്റര്‍ കണ്‍സോള്‍ , ഉയര്‍ന്ന നിലവാരമുള്ള സ്വിച്ചുകള്‍ എന്നിവയെല്ലാം ഇന്റീരിയറിനും പ്രീമിയം ഫീല്‍ നല്‍കുന്നു. ഫോര്‍ച്യൂണറിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു, ഇന്റീരിയര്‍ നിലവാരം. ചെരിവ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ് വീലില്‍ മൊത്തം 22 ബട്ടനുകളുണ്ട്. ഫോണ്‍ , ഓഡിയോ, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ക്രൂസ് കണ്‍ട്രോള്‍ എന്നിവയെല്ലാം സ്റ്റിയറിങ്ങിലെ ബട്ടനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. ലൈറ്റിന്റെയും വൈപ്പറിന്റെയും സ്റ്റാക്കുകള്‍ പഴയ മോഡിലേതുപോലെ വശം തെറ്റിച്ചല്ല. ലൈറ്റുകളുടെ നിയന്ത്രണം വലതുവശത്തും വൈപ്പര്‍ കണ്‍ട്രോള്‍ ഇടതുവശത്തും നല്‍കിയിരിക്കുന്നു. ബട്ടനുകള്‍ പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍ സീറ്റ് എട്ട് തരത്തില്‍ ക്രമീകരിക്കാം.
Ford Endeavor
പനോരമിക് സണ്‍റൂഫ്, മുന്നില്‍ പാര്‍ക്കിങ് സെന്‍സര്‍ , സെമി ഓട്ടോ പാരലല്‍ പാര്‍ക്ക് അസിസ്റ്റ്, രണ്ട് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എസി എന്നീ ഫീച്ചറുകള്‍ എന്‍ഡേവറിന് അധികമായുണ്ട് . ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുള്ള 10 സ്പീക്കര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഫോര്‍ച്യൂണറിന്റെ ആറ് സ്പീക്കര്‍ സിസ്റ്റത്തേക്കാള്‍ മികച്ചതാണ്. സ്റ്റിയറിങ്ങിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടന്‍ , നാവിഗേഷന്‍ സിസ്റ്റം എന്നിവയാണ് എന്‍ഡേവറിനെ അപേക്ഷിച്ച് ഫോര്‍ച്യൂണറിനുള്ള അധിക ഫീച്ചറുകള്‍ . രണ്ട് എസ്‍യുവികളുടെയും ഡിക്കി ഡോര്‍ കീ ഫോബിലെ ബട്ടന്‍ അമര്‍ത്തി ഉയര്‍ത്താം.


Ford Endeavor
മൂന്ന് നികളിലായി ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് ഇന്റീരിയര്‍ . മുന്‍നിരയില്‍ ഏറ്റവും സ്ഥലസൗകര്യം എന്‍ഡേവറിനാണ്. രണ്ടാം നിരയില്‍ ആവശ്യത്തിനു ലെഗ്റൂം നല്‍കുന്നുണ്ടെങ്കിലും ഫോര്‍ച്യൂണറിനൊപ്പം വരില്ല അത്. എന്നാല്‍ തുടകള്‍ക്ക് നല്ല താങ്ങേകാന്‍ ഫോഡ് എസ്‍യുവിയുടെ സീറ്റുകള്‍ക്ക് കഴിയുന്നു. മൂന്നാം നിരയിലേയ്ക്ക് കടക്കുക അല്‍പ്പം ആയാസകരമാണ്. ഫോര്‍ച്യൂണറിന്റെ രണ്ടാം നിരസീറ്റിന്റെ ഒരുഭാഗം മടക്കി മുന്നോട്ട് മറിക്കാവുന്നതാണെങ്കില്‍ എന്‍ഡേവറിന്റെ സീറ്റ് ബാക്ക് റെസ്റ്റ് മാത്രമേ മടക്കാനാവൂ. എന്നാല്‍ സീറ്റ് മുന്നിലേയ്ക്ക് തള്ളി നീക്കാനാവും. മൂന്നാം നിര സീറ്റും ആവശ്യം പോലെ വീതിയുള്ളതാണ്. ഡിക്കിയിലെ ബട്ടന്‍ അമര്‍ത്തിയാല്‍ മതി, മൂന്നാം നിര സീറ്റ് മടങ്ങി ഫ്ലോറിന്റെ നിരപ്പിലാകും. എന്‍ഡേവറിനെ ഏഴ് സീറ്ററോ അഞ്ച് സീറ്ററോ ആയി മാറ്റുന്നത് വളരെ സിംപിള്‍ . അതേ സ്ഥാനത്ത് ഫോര്‍ച്യൂണറില്‍ സീറ്റ് മടക്കണമെങ്കില്‍ കൈബലം പ്രയോഗിക്കണം.
Ford Endeavor  


എന്‍ജിന്‍ - ഡ്രൈവ്


ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകളുള്ള എന്‍ഡേവറിന് 2.2 ലീറ്റര്‍ - നാല് സിലിണ്ടര്‍ (158 ബിഎച്ച്പി -385 എന്‍എം) , 3.2 ലീറ്റര്‍ ,അഞ്ച് സിലിണ്ടര്‍ (197 ബിഎച്ച്പി -470 എന്‍എം) ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. രണ്ട് വീല്‍ ഡ്രൈവ് , നാല് വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭ്യമാണ്.


മൈലേജ്


2.2 ലീറ്റര്‍ ആറ് സ്പീഡ് മാന്വല്‍ - 14.12 കിമീ / ലീറ്റര്‍


2.2 ലീറ്റര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് - 12.62 കിമീ / ലീറ്റര്‍


3.2 ലീറ്റര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് - 10.91 കിമീ / ലീറ്റര്‍
Ford Endeavor
ഫോര്‍ച്യൂണറിന് 2.7 ലീറ്റര്‍ പെട്രോള്‍ ( 164 ബിഎച്ച്പി -245 എന്‍എം) , 2.8 ലീറ്റര്‍ ഡീസല്‍ ( 175 ബിഎച്ച്പി -450 എന്‍എം) എന്‍ജിനുകളുണ്ട്. 3.2 ലീറ്റര്‍ എന്‍ജിനുള്ള എന്‍ഡേവറാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തതത്. കരുത്ത് കൂടുതലുള്ള എന്‍ഡേവര്‍ ഫോര്‍ച്യൂണറിനെക്കാള്‍ മെച്ചപ്പെട്ട പ്രകചനം കാഴ്ച വയ്ക്കുന്നു. മികവുള്ള ഇന്‍സുലേഷനാണ് പാസഞ്ചര്‍ ക്യാബിനു നല്‍കിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്റെ ശബ്ദം ഉള്ളില്‍ അറിയാനില്ല. പ്രീമിയം സെഡാനിലേതുപോലെ സുഖകരമായ യാത്ര. ഹമ്പുകളുടെയും ഗട്ടറുകളുടെയേും ആഘാതം സസ്പെന്‍ഷന്‍ നന്നായി ആഗിരണം ചെയ്ത് യാത്രാസുഖം നല്‍കുന്നു. സ്റ്റിയറിങ് വളരെ കട്ടി കുറഞ്ഞതായതുകൊണ്ട് നഗരവീഥികളില്‍ സുഖരമായി കൈകാര്യം ചെയ്യാം. ഇത്രയും വലിയൊരു വാഹനമാണ് ഓടിക്കുന്നതെന്ന തോന്നലില്ല. ഹാച്ചബാക്ക് ഓടിക്കുന്ന ലാഘവത്തോടെ കൊണ്ടുപോകാം. ഹൈവേയിലെ ഉയര്‍ന്ന വേഗത്തില്‍ ബോഡി റോള്‍ അനുഭവപ്പെടുന്നുണ്ട്.
Ford Endeavor
ഓഫ് റോഡ് മികവെടുത്താലും എന്‍ഡേവറാണ് മുന്നില്‍ . ഏതു മലയും താണ്ടാന്‍ എന്‍ഡേവര്‍ തയ്യാര്‍ . ഫോര്‍ വീല്‍ഡ്രൈവ് എസ്‍യുവിയുടെ ടെറെയ്ന്‍ മാനേജ്മെന്റ് സിസ്റ്റവും റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്കും ഓഫ് റോഡിങ്ങ് മികവേകുന്നു. നോര്‍മല്‍ , സാന്‍ഡ് /സ്നോ, റോക്ക് മോഡുകള്‍ ഇതിനുണ്ട്. ഗീയര്‍ ലിവറിനു സമീപത്തുള്ള ഡയല്‍ തിരിച്ച് ആവശ്യമുള്ള മോഡ് തിരഞ്ഞെടുക്കാം. ഓഫ് റോഡിലെ വെല്ലുവിളികള്‍ വാഹനം തന്നെ ഏറ്റെടുക്കും. ആവശ്യാനുസരണം സ്റ്റിയറിങ്ങും ബ്രേക്കും ആക്സിലറേറ്ററും പ്രയോഗിച്ചാല്‍ മതി ഉടുമ്പിനെപ്പോലെ മലയിലും കുത്തിറക്കത്തിലുമെല്ലാം അടിപതറാതെ എന്‍ഡേവര്‍ നീങ്ങും.


വില


ടോയോട്ട ഫോര്‍ച്യൂണറിനെ അപേക്ഷിച്ച് വിലക്കുറവ് ഫോഡ് എന്‍ഡേവറിനുണ്ട്. ഒരു പുസ്തകമാക്കാന്‍ പോന്ന ഫീച്ചറുകള്‍ എന്‍ഡേവറില്‍ കാണാം. സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങായി തന്നെ നിരവധി ഫീച്ചറുകള്‍ എന്‍ഡേവര്‍ നല്‍കുന്നു. ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍ എയര്‍ബാഗ് , എബിഎസ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എട്ട് തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ , ടച്ച് സ്ക്രീനുള്ള ഫോഡ് സിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ , ക്രൂസ് കണ്‍ട്രോള്‍ , സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവ അടിസ്ഥാന വകഭേദമായ ട്രെന്‍ഡിനുണ്ട്.
Ford Endeavor
ഏഴ് എയര്‍ബാഗുകള്‍ , ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകള്‍ , ഡേ ടൈം റണ്ണിങ് ലാംപുകള്‍ , ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ , ഇലക്ട്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ മുന്തിയ വകഭേദമായ ടൈറ്റാനിയത്തിന് അധികമായുണ്ട്.
Ford Endeavor
2.2 ലീറ്റര്‍ മാന്വല്‍ ഫോര്‍ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 27.39 ലക്ഷം രൂപ.


2.2 ലീറ്റര്‍ ഓട്ടോമാറ്റിക് ടൂ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 27.16 ലക്ഷം രൂപ.


2.2 ലീറ്റര്‍ ഓട്ടോമാറ്റിക് ടൂ വീല്‍ ഡ്രൈവ് - ടൈറ്റാനിയം - 29.18 ലക്ഷം രൂപ.


3.2 ലീറ്റര്‍ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 28.46 ലക്ഷം രൂപ.


3.2 ലീറ്റര്‍ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് - ടൈറ്റാനിയം - 32.12 ലക്ഷം രൂപ.
Ford Endeavor  


അവസാനവാക്ക്


വലുപ്പം കൂടിയതും പ്രകടനമികവുമുള്ള എസ്‍യുവി നോക്കുന്നവര്‍ക്ക് ഫോഡ് എന്‍ഡേവര്‍ ഇണങ്ങും. സിറ്റിയാത്രകള്‍ക്കും വീക്ക് എന്‍ഡിലെ ഉല്ലാസയാത്രകള്‍ക്കും ഒരു പോലെ അനുയോജ്യം. എന്‍ജിന്‍ കരുത്ത്, സൗകര്യങ്ങള്‍ , സുരക്ഷ , സാങ്കേതികവിദ്യ എന്നിവയിലെല്ലാം ഫോര്‍ച്യൂണറിനെക്കാള്‍ എന്‍ഡേവര്‍ മുന്നിട്ടുനില്‍ക്കുന്നു. എതിരാളിയെ അപേക്ഷിച്ച് വിലക്കുറവും എന്‍ഡേവറിനുണ്ട്.
Ford Endeavor
ടൊയോട്ട ബ്രാന്‍ഡിനോടുള്ള മമത, മികച്ച വില്‍പ്പനാനന്തരസേവനം, റീസെയില്‍ വാല്യു എന്നിവയാണ് ഫോര്‍ച്യൂണറിനു വിപണിയില്‍ പ്രിയം നേടിക്കൊടുക്കുന്നത്. എന്‍ഡേവറിനു സര്‍വീസ് ചെലവ് കുറവാണെന്ന് ഫോഡ് അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷം ആണ് സര്‍വീസ് ഇടവേള. മുടക്കിനൊത്ത മൂല്യം നല്‍കുന്നത് എന്‍ഡേവര്‍ തന്നെ.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : കൈരളി ഫോഡ്, ഫോണ്‍ : 95670 31021






TOP