Home > Reviews >   Reviews Details

ഹോണ്ടയുടെ ചെറിയ എസ്‍യുവി
ഐപ്പ് കുര്യന്‍
Posted on: Wednesday, Apr 12, 2017   9:00 AM


എസ്‍യുവിയുടെ രൂപഗാംഭീര്യം. ഉയരത്തിലുള്ള സീറ്റുകള്‍ നല്‍കുന്ന യാത്രാസുഖം. ഹാച്ച്ബാക്ക് പോലെ അനായാസം കൈകാര്യം ചെയ്യാം. ഈ ഗുണങ്ങളാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികള്‍ക്ക് ജനപ്രീതി നേടിക്കൊടുത്തത്. ഹാച്ച്ബാക്കില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരാണ് സബ്കോംപാക്ട് എസ്‍യുവിയുടെ ആരാധകരിലേറെയും. ഫോഡ് ഇക്കോസ്പോര്‍ട് ആദ്യം വിജയക്കൊടി പാറിച്ച ചെറു എസ്‍യുവികളുടെ വിപണിയില്‍ മാരുതി വിറ്റാര ബ്രെസയാണ് ഇപ്പോള്‍ താരം. അല്‍പ്പം വൈകിയാണെങ്കിലും ഈ വിപണിയുടെ സാധ്യത മുതലാക്കാന്‍ ഹോണ്ടയും എത്തി. ജാസിനെ അടിസ്ഥാനമാക്കി ഹോണ്ട നിര്‍മിച്ച ചെറു എസ്‍യുവിയായ ഡബ്ല്യു ആര്‍വിയെ പരിചയപ്പെടാം.


രൂപകല്‍പ്പന


ജാസിന്റെ പ്ലാറ്റ്ഫോമിലാണ് ഡബ്ല്യുആര്‍വി നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ജാസില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് ഡബ്ല്യുആര്‍വിയ്ക്ക്. വലുപ്പവും കൂടുതലുണ്ട്.
Honda WR-V
ജാസിനെ അപേക്ഷിച്ച് നീളം 44 മിമീ , വീതി 40 മിമീ, ഉയരം 57 മിമീ എന്നിങ്ങനെ വര്‍ധന ഡബ്ല്യുആര്‍വിയ്ക്കുണ്ട്. വീല്‍ബേസ് 25 മിമീ അധികമുണ്ട്. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികളില്‍ ഏറ്റവും നീളമുള്ള മോഡല്‍ എന്ന സ്ഥാനം ഫോഡ് ഇക്കോസ്പോര്‍ടുമായി പങ്കുവയ്ക്കുകയാണ് ഡബ്ല്യുആര്‍വി, 3,999 മിമീ ആണ് നീളം. ഇതെല്ലാം ഡബ്ല്യുആര്‍വിയ്ക്ക് നല്‍കുന്നത് ഏറ്റവും വിശാലമായ ഇന്റീരിയറാണ്.
Honda WR-V
നാലുമീറ്ററില്‍ താഴെയാണ് നീളമെന്നു തോന്നിക്കാത്ത രൂപമാണ് ഡബ്ല്യുആര്‍വിയുടേത്. വലിയ എസ്‍യുവികളുടെ അതേ ഗാംഭീര്യം. ഉയരത്തിലുള്ള ബോണറ്റ്, വീതിയുള്ള ക്രോം ഗ്രില്‍ , സ്കഫ് പ്ലേറ്റുള്ള ബമ്പര്‍ , 16 ഇഞ്ച് അലോയ് വീലുകള്‍ , റൂഫ് റയിലുകള്‍ എന്നിവയെല്ലാം ലക്ഷണമൊത്ത എസ്‍യുവിയുടെ രൂപം നല്‍കുന്നു. ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‍ലാംപുകള്‍ മനോഹരമാണ്. വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഗ്ലാസ് ഭാഗത്തിന്റെയും റൂഫിന്റെയും ആകൃതി ജാസിനെ ഓര്‍മിപ്പിക്കും. പിന്‍ഭാഗത്തിന്റെ രൂപകല്‍പ്പനയ്ക്ക് തികച്ചും പുതുമയുണ്ട്. എല്‍ ആകൃതിയിലാണ് ടെയ്ല്‍ ലാംപുകള്‍. മൊത്തത്തില്‍ പിന്‍ഭാഗത്തിനും ഏറെ ഭംഗിയുണ്ടെന്ന് പറയാം.
Honda WR-V
ജാസിനോട് ഏറെ സാമ്യമുള്ളതാണ് ഇന്റീരിയര്‍ . ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ വാഹനത്തിലേയ്ക്ക് കയറാനും ഇറങ്ങാനും എളുപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ഡാഷ്ബോര്‍ഡിന് ക്രോം അലങ്കാരങ്ങള്‍ നല്‍കി ഇന്റീരിയറിനു പ്രീമിയം ലുക്ക് നല്‍കാന്‍ ഹോണ്ട ശ്രദ്ധിച്ചു. ഡാഷ്ബോര്‍ഡിന്റെ നിര്‍മാണനിലവാരം മേല്‍ത്തരമാണ്. മുന്‍നിരയില്‍ ആം റെസ്റ്റ് നല്‍കിയിരിക്കുന്നത് സ്വാഗതാര്‍ഹമായ കൂട്ടിച്ചേര്‍ക്കല്‍ . ആം റെസ്റ്റ് കണ്‍സോളില്‍ ഒരു പവര്‍ സോക്കറ്റും യുഎസ്ബി പോര്‍ട്ടുമുണ്ട്.
Honda WR-V
നവീകരിച്ച സിറ്റിയില്‍ ഹോണ്ട അവതരിപ്പിച്ച ഡിജിപാഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡബ്ല്യുആര്‍വിയുടെ മുന്തിയ വകഭേദത്തിലുണ്ട്. ഏഴിഞ്ച് ടച്ച് സ്ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റത്തിന് വൈഫൈ , മിറര്‍ ലിങ്ക്, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ , രണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍ , 1.5 ജിബി ഇന്റേണല്‍ മെമ്മറി , നാവിഗേഷന്‍ സിസ്റ്റം, ഒരു എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുണ്ട്. റിവേഴ്സ് ക്യാമറയും ഡിസ്പ്ലേയുമായി കണക്ട് ചെയ്തിട്ടുണ്ട്.
Honda WR-V
സബ് കോംപാക്ട് എസ്‍യുവികളില്‍ ആദ്യമായി സണ്‍റൂഫ് ഡബ്ല്യുആര്‍വി നല്‍കുന്നുണ്ട്. വലുപ്പം കൂടിയ ഗ്ലാസ് ഏരിയ വിശാലമായ പുറം കാഴ്ച ഉറപ്പാക്കുന്നു. ഹോണ്ടയുടെ മറ്റേതൊരു വാഹനങ്ങളെപ്പോലെയും വിശാലമായ ഇന്റീരിയറാണ് ഡബ്ല്യുആര്‍വിയും നല്‍കുന്നത്. മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഉള്‍വിസ്താരത്തെ നല്ലതേ പറയാനുണ്ടാകൂ. മൂന്ന് പേര്‍ക്ക് പിന്‍സീറ്റില്‍ സുഖകരമായി ഇരിക്കാം.പിന്‍സീറ്റിന് സ്ഥിരമായി ഉറപ്പിച്ച ഹെഡ്റെസ്റ്റുകള്‍ നല്‍കിയിരിക്കുന്നത് പോരായ്മ. ഉയരം കൂടിയവര്‍ക്ക് ദീര്‍ഘൂരയാത്രകളില്‍ ഇത് അസൗകര്യം ഉണ്ടാക്കും. മികച്ച ബൂട്ട് സ്പേസും ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി.
Honda WR-V 


എന്‍ജിന്‍ - ഡ്രൈവ്


ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി - 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി - 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ജാസിലേതുപോലെ സിവിടി ഓട്ടോമാറ്റിക് ഇല്ല.ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ / ലീറ്റര്‍ . 


വലുപ്പം കൂടിയ എസ്‍യുവി ഓടിക്കുന്ന പ്രതീതിയാണ് ഡബ്ല്യുആര്‍വി നല്‍കുന്നത് . റോഡ് വിശാലമായി കാണാം. കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് പെട്രോള്‍ വകഭേദം അത്ര സുഖിക്കില്ല. എന്നാല്‍ സിറ്റി യാത്രകള്‍ കൂടുതലുള്ളവര്‍ക്ക് ഈ പ്രകടനം തൃപ്തികരമാണ്. നഗരയാത്രയില്‍ 14-15 കിമീ മൈലേജ് പെട്രോള്‍ ‍ഡബ്ല്യുആര്‍വി നല്‍കും. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സ് ഏറെ സ്മൂത്താണ്. വലുപ്പം കുറഞ്ഞ ഗീയര്‍നോബില്‍ ചെറുതായി നീക്കി ഗീയറുകള്‍ മാറ്റാം. കട്ട കുറഞ്ഞ ക്ലച്ച് ഗീയര്‍മാറ്റം സുഖകരമാക്കുന്നു.
Honda WR-V
100 ബിഎച്ച്പിയ്ക്കടുത്ത് കരുത്തുള്ള ഡീസല്‍ എന്‍ജിന്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള എസ്‍യുവി മൂന്നാം ഗീയറില്‍ 25 കിമീ/ മണിക്കൂര്‍ വേഗത്തിലും കൊണ്ടുപോകാം. ടര്‍ബോ ലാഗ് നന്നേ കുറവ്. എന്‍ജിന്‍ ശബ്ദം ഇന്റീരിയറിലെത്തുന്നുണ്ടെന്ന് പോരായ്മ. ക്യാബിന്‍ ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.
Honda WR-V
ജാസിനെ അപേക്ഷിച്ച് അല്‍പ്പം ഉയരം കൂടുതലുള്ള സസ്പെന്‍ഷനാണ് ഡബ്ല്യുആര്‍വിയ്ക്ക് . 195/60 ടയറുകളുള്ള 16 ഇഞ്ച് വീലുകളും നവീകരിച്ച സസ്പെന്‍ഷനും ചേര്‍ന്ന് 188 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് ഡബ്ല്യുആര്‍വിയ്ക്ക് നല്‍കുന്നു. ജാസിനെക്കാള്‍ 23 മിമീ അധികമാണിത്. വലുപ്പം കൂടിയ സ്പീഡ് ബ്രേക്കറുകളെയും അനായാസം മറികടക്കാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ബോഡി റോള്‍ ഉണ്ടാക്കുന്നുണ്ട്. ജാസിനെക്കാല്‍ മെച്ചപ്പെട്ട യാത്രാസുഖവും ഡബ്ല്യുആര്‍വി നല്‍കുന്നു.


വില 


എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‍ലാംപുകള്‍ , ഓക്സിലറി ഇന്‍പുട്ടുള്ള മ്യൂസിക് സിസ്റ്റം, എസി , ഉയരവും ചെരിവും ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് , പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോള്‍ , എബിഎസ് - ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ ,റിയര്‍ ഡീഫോഗര്‍ എന്നിവ അടിസ്ഥാന വകഭേദത്തിനുണ്ട്. കിലോമീറ്റര്‍ പരിധിയില്ലാതെ മൂന്നു വര്‍ഷത്തെ വാറന്റി ഡബ്ല്യുആര്‍വിയ്ക്ക് ഹോണ്ട നല്‍കുന്നുണ്ട്.
Honda WR-V
എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ് ബട്ടന്‍ ,ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഡീസല്‍ വകഭേദത്തിനു മാത്രമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി ഐ 20 ആക്ടിവ് , ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോഡ് ഇക്കോസ്പോര്‍ട് , ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നീ മോഡലുകള്‍ക്ക് ഡബ്ല്യുആര്‍-വി എതിരാളിയാണ്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : എസ് -7.90 ലക്ഷം രൂപ, വിഎക്സ്‍ -9.14ലക്ഷം രൂപ.


ഡീസല്‍ : എസ് -8.94 ലക്ഷം രൂപ, വിഎക്സ്‍ -10.15 ലക്ഷം രൂപ.


അവസാനവാക്ക്


സബ്കോംപാക്ട് എസ്‍യുവികളില്‍ ഏറ്റവും വിശാലമായ ഇന്റീരിയറും ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആര്‍വി. ഹോണ്ട ഒരു പ്രീമിയം ബ്രാന്‍ഡ് ആയതുകൊണ്ടുതന്നെ ഡബ്ല്യുആര്‍വിയ്ക്ക് എതിരാളികളെക്കാള്‍ അല്‍പ്പം വിലക്കൂടുതലാണ്. വിറ്റാര ബ്രെസയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍ എന്‍ജിന്‍ വകഭേദമുണ്ടെന്നത് ഡബ്ല്യുആര്‍വിയുടെ പ്ലസ് പോയിന്റ്.
Honda WR-V
ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : വിഷന്‍ ഹോണ്ട, സിമന്റ് കവല, കോട്ടയം. ഫോണ്‍ : 95260 51175.






TOP