Home > Reviews >   Reviews Details

പുതുമകളോടെ ഹോണ്ട സിറ്റി
ഐപ്പ് കുര്യന്‍
Posted on: Wednesday, Mar 29, 2017   5:00 PM


ഇന്ത്യയില്‍ മിഡ് സൈസ് സെഡാന്‍ വിഭാഗത്തിനു തുടക്കമിട്ട വാഹനമാണ് ഹോണ്ട സിറ്റി. ഹോണ്ടയുടെ ആദ്യ കാറായി 1998 ല്‍ ഇവിടെയെത്തിയ സിറ്റി ജപ്പാന്‍ വിപണിയിലെ മൂന്നാം തലമുറ സിറ്റിയായിരുന്നു. ഡീസല്‍ എന്‍ജിന്റെ അഭാവമൊന്നും സിറ്റിയുടെ ജനപ്രീതിയ്ക്ക് തടസ്സമായില്ല.  പതിമൂന്ന് വര്‍ഷം ഈ വിഭാഗത്തിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലായി തുടര്‍ന്നു. എന്നാല്‍ പില്‍ക്കാലത്ത് തകര്‍പ്പന്‍ ഫ്ലൂയിഡിക് രൂപകല്‍പ്പനയും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രകടനക്ഷമതയേറിയ ഡീസല്‍ എന്‍ജിനുമെല്ലാമായി പുതിയ ഹ്യുണ്ടായി വെര്‍ന കളത്തിലിറങ്ങിയത് സിറ്റിയ്ക്ക് ക്ഷീണം ചെയ്തു . 2014 ജനുവരിയില്‍ നാലാം തലമുറ സിറ്റിയെ പുറത്തിറക്കിയാണ് ഹോണ്ട അതിനു പരിഹാരം കണ്ടത് ആദ്യമായി ഡീസല്‍ എന്‍ജിനുമായെത്തിയ സിറ്റിയെ ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു. പെട്രോള്‍ എന്‍ജിന്‍ മാത്രമുണ്ടായിരുന്നിട്ടുകൂടി ജനപ്രീതി നേടിയ സിറ്റിയ്ക്ക് ഡീസല്‍ എന്‍ജിന്‍ കൂടി ലഭിച്ചതോടെ വില്‍പ്പനയില്‍ മുന്‍ഗാമികളുടെ റെക്കോര്‍ഡ് തിരുത്തി മുന്നേറാനായി. നാലാം തലമുറ സിറ്റി മാത്രം ഇന്ത്യയില്‍ 2.40 ലക്ഷത്തിലേറെയാണ് നിരത്തിലിറങ്ങിയത്.
Honda City 2017
വെര്‍നയെ വില്‍പ്പനയില്‍ പിന്നിലാക്കിയ സിറ്റിയ്ക്ക് അടുത്തകാലത്ത് വെല്ലുവിളിയായത് മാരുതി സിയാസാണ്. അതിനു മറുമരുന്നായി സിറ്റിയെ പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. രൂപഭംഗിയും സൗകര്യങ്ങളും വര്‍ധിപ്പിച്ച് എത്തിയ നവീകരിച്ച സിറ്റിയെ പരിചയപ്പെടാം.


രൂപകല്‍പ്പന


പഴയതിലും കൂര്‍ത്ത മുന്‍ഭാഗമാണ്. വലുപ്പം കൂടിയ ക്രോം ഗ്രില്‍ ചെറുതാക്കിയിരിക്കുന്നു. ഹെഡ്‍ലാംപ് അല്‍പ്പം കൂടി വീതിയുള്ളതായി. ഇതില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ് ഉള്‍ക്കൊള്ളിച്ചത് എടുത്തുപറയേണ്ട കാര്യം. ഇത് എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്.
Honda City 2017
വിഎക്സ് , സെഡ്എക്സ്‍ വകഭേദങ്ങളുടെ ഹെഡ്‍ലാംപുകള്‍ എല്‍ഇഡി ടൈപ്പാണ്. അല്ലാത്തവയ്ക്ക് ഹാലൊജന്‍ ടൈപ്പും. മുന്നിലെ ബമ്പറിനും പുതിയ രൂപകല്‍പ്പനയാണ്. ഫോഗ് ലാംപുകള്‍ക്കും എല്‍ഇഡിയാണ് ഉപയോഗിക്കുന്നത്.
Honda City 2017
പിന്‍ഭാഗത്ത് വലിയ മാറ്റങ്ങളില്ല. മുന്തിയ വകഭേദമായ സെഡ് എക്സിന്റെ ടെയ്ല്‍ലാംപില്‍ എല്‍ഇഡിയാണ് ഉപയോഗിക്കുന്നത്. ഡിക്കി ഡോറില്‍ എല്‍ഇഡി സ്റ്റോപ് ലാംപുള്ള സ്പോയ്‍ലറും മുന്തിയ വകഭേദത്തിനേയുള്ളൂ. പുതിയ റിയര്‍ ബമ്പര്‍ പിന്നില്‍ നിന്നുള്ള കാഴ്ചയില്‍ സിറ്റിയ്ക്ക് പൊക്കക്കൂടുതല്‍ തോന്നിക്കും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്സ് വന്നതാണ് വശങ്ങളിലെ പുതുമ. മുമ്പ് 15 ഇഞ്ച് വീലുകളായിരുന്നു. സെഡ്എക്സ്‍ ഒഴികെയുള്ള വകഭേദങ്ങള്‍ക്ക് ഇപ്പോഴും 15 ഇഞ്ച് വീലുകളാണ്.
Honda City 2017
മുമ്പ് ഏറ്റവും വിലകൂടിയ വകഭേദത്തില്‍ മാത്രം ലഭ്യമായിരുന്ന ഇലക്ട്രിക് സണ്‍റൂഫ് ഇപ്പോള്‍ അതിനു തൊട്ടുതാഴെയുള്ള വകഭേദത്തിലും ലഭിക്കും. നിലവാരമികവിനു പേരുകേട്ട ഇന്റീരിയറിലെ പ്രധാന പുതുമ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്.ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ്  സിസ്റ്റത്തിന് മിറര്‍ ലിങ്ക് , ജിപിഎസ് നാവിഗേഷന്‍ , 1.5 ജിബി ഇന്റേണല്‍ മെമ്മറി, വൈഫൈ, ബ്ലൂടൂത്ത് , വോയ്സ് റെക്കഗ്നീഷന്‍ , രണ്ട് യുഎസ്‍ബി പോര്‍ട്ടുകള്‍ , എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുണ്ട്. സ്മാര്‍ട്ട്ഫോണിലെ വൈഫൈ ഹോട്ട്‍സ്പോട്ട് ഓണ്‍ ചെയ്ത് സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാം. ആന്‍ഡ്രോയ്ഡ് ഓട്ടോ , ആപ്പിള്‍ കാര്‍ പ്ലേ എന്നിവ ഇല്ലാത്തത് പോരായ്മ. സ്റ്റിയറിങ്ങിന് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം പുതുതായി ലഭിച്ചു. ഉയരം കൂടിയ ഡ്രൈവര്‍ക്ക് ഇതേറെ പ്രയോജനപ്പെടും. ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്.
Honda City 2017
നിരപ്പുള്ള ഫ്ലോര്‍ , സുഖകരവും മുന്‍ഭാഗത്ത് ഏറെ സ്ഥലസൌകര്യവും നല്‍കുന്ന സീറ്റുകള്‍ , മേല്‍ത്തരം ഡാഷ്ബോര്‍ഡ് എന്നിങ്ങനെയുള്ള സിറ്റിയുടെ സവിശേഷതകള്‍ മാറ്റമില്ലാതെയുണ്ട്. ബൂട്ട് സ്പേസ് വിശാലമാണ്, 510 ലീറ്ററാണ് ശേഷി.
Honda City 2017
രണ്ട് എയര്‍ബാഗുകള്‍ , എബിഎസ്- ഇബിഡി എന്നിവ എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്. സൈഡ് - കര്‍ട്ടന്‍ എയര്‍ബാഗുകളടക്കം ആറ് എയര്‍ബാഗുകള്‍ മുന്തിയ വകഭേദമായ സെഡ്‍എക്സിനുണ്ട്.


എന്‍ജിന്‍ - ഡ്രൈവ്


സിറ്റി ഉപഭോക്താക്കളുടെ മനം കവര്‍ന്ന എന്‍ജിനുകള്‍ക്ക് മാറ്റമില്ല. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന 117 ബിഎച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 99 ബിഎച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സിറ്റിയ്ക്ക്. 


അ‍ഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ സിറ്റിയ്ക്കുണ്ട്. ആറ് സ്പീഡ് ഗീയര്‍ബോക്സാണ് ഡീസലിന്. ഇവയ്ക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് : ഡീസല്‍ - 25.60 കിമീ/ ലീറ്റര്‍ , പെട്രോള്‍ -17.40 കിമീ / ലീറ്റര്‍ , പെട്രോള്‍ ഓട്ടോമാറ്റിക് -18.00 കിമീ / ലീറ്റര്‍ . പെട്രോള്‍ ഓട്ടോമാറ്റിക്കിനാണ് കൂടുതല്‍ ഇന്ധനക്ഷമത.
Honda City 2017
എതിരാളികളായ ഫോക്സ്‍വാഗന്‍ വെന്റോ , സ്കോഡ റാപ്പിഡ് മോഡലുകളുടെ ഡീസല്‍ വകഭേദങ്ങള്‍ക്ക് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ലഭ്യമായ സാഹചര്യത്തില്‍ സിറ്റിയ്ക്കും അതു നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.
Honda City 2017
ഡീസല്‍ സിറ്റിയാണ് ടെസ്റ്റ്ഡ്രൈവ് ചെയ്തത്. സിറ്റിയുടെ ഇന്‍സുലേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ജിന്‍ ശബ്ദം ഇന്റീരിയറിലേക്ക് അരിച്ചുകയറുന്നതേയില്ല. ടര്‍ബോ ലാഗ് കുറവാണ്. 1,500 ആര്‍പിഎം മുതല്‍ ലഭിക്കുന്ന കരുത്ത് മൂന്നാം ഗീയറിലും 20 കിമീ വേഗത്തില്‍ പോകാന്‍ സഹായകമാണ്. നഗരത്തിരക്കില്‍ ഗീയര്‍ മാറി വിഷമിക്കേണ്ടി വരില്ല. ആറ് സ്പീഡ് ഗീയര്‍ ബോക്സിന്റെ കൃത്യതയും കൈകാര്യക്ഷമതയും അഭിനന്ദനീയമാണ്. ക്രമാനുഗതമായാണ് വേഗമെടുക്കല്‍ . ഗീയര്‍ റേഷ്യോ കുറവായതുകൊണ്ടു തന്നെ സഡന്‍ പിക്കപ്പുണ്ട്. സിഗ്നലുകളില്‍ നിന്ന് സിഗ്നലുകളിലേക്ക് കുതിച്ചു പായേണ്ട സിറ്റി യാത്രയില്‍ ഇതു അനുഗ്രഹമാണ്. സ്പീഡോ സൂചി മൂന്നക്കത്തിലെത്തിക്കുക പ്രയാസമുള്ള കാര്യമേയല്ല. റോഡിലൂടെ ഒഴുകി നീങ്ങുന്ന പോലെ പായുന്ന സിറ്റി നല്‍കുന്നത് മികച്ച യാത്രാസുഖം. കട്ടി കുറഞ്ഞ സ്റ്റിയറിങ് സിറ്റി ഡ്രൈവിങ്ങിന് ഏറെ അനുയോജ്യമാണ്.


വില


പെട്രോള്‍ ഓട്ടോമാറ്റിക് , ഡീസല്‍ മോഡലുകള്‍ക്ക് മാത്രമാണ് സെഡ്എക്സ് വകഭേദമുള്ളത്. പെട്രോള്‍ മാന്വലിന് ഇല്ല. കൊച്ചി എക്സ്‍ഷോറൂം വില:


പെട്രോള്‍ : എസ് -8.64 ലക്ഷം രൂപ, എസ്‍വി - 9.69 ലക്ഷം രൂപ, വി - 9.99 ലക്ഷം രൂപ, വിഎക്സ് -11.85 ലക്ഷം രൂപ


പെട്രോള്‍ ഓട്ടോമാറ്റിക് : വി - 11.69 ലക്ഷം രൂപ, വിഎക്സ് - 13.04 ലക്ഷം രൂപ, സെഡ്എക്സ് - 13.72 ലക്ഷം രൂപ


ഡീസല്‍ : എസ്‍വി - 10.91 ലക്ഷം രൂപ, വി - 11.72 ലക്ഷം രൂപ, വിഎക്സ് -13.05 ലക്ഷം രൂപ, സെഡ്എക്സ് - 13.75 ലക്ഷം രൂപ.


അവസാനവാക്ക്


2019 ല്‍ പുതിയ തലമുറ സിറ്റിയെത്തും മുമ്പുള്ള മുഖം മിനുക്കലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലുള്ള കുറവ് ഇതില്‍ പരിഹരിച്ചു.
Honda City 2017
വിശ്വാസ്യത, പെര്‍ഫോമന്‍സ് , മികച്ച മൈലേജ്, മുന്തിയ ബ്രാന്‍ഡ് മൂല്യം എന്നിവയാണ് സിറ്റിയുടെ മേന്മകള്‍ . ഓടിക്കുന്നയാളിനും കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ഒരുപോലെ ആനന്ദം പകരാന്‍  സിറ്റിയ്ക്കു കഴിയുന്നു. എതിരാളികളെ അപേക്ഷിച്ച് വിലക്കൂടുതലാണ് എന്ന കുറവ് സിറ്റിയ്ക്കുണ്ട്. പക്ഷേ ഹോണ്ട സിറ്റി എന്ന ബ്രാന്‍ഡിങ് നല്‍കുന്ന വിശ്വാസ്യതയും ആഡംബരവും ആ കുറവ് നികത്തും.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : വിഷന്‍ ഹോണ്ട, സിമന്റ് കവല, കോട്ടയം. ഫോണ്‍ : 95260 51175.


TOP