Home > Reviews >   Reviews Details

ടാറ്റയുടെ പ്രീമിയം എസ്‍യുവി- ഹെക്സ
ഐപ്പ് കുര്യന്‍
Posted on: Thursday, Feb 16, 2017   2:00 PM


വലുപ്പം കൂടിയ യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മിക്കുന്നത് ടാറ്റയ്ക്ക് പുതുമയല്ല. തൊണ്ണൂറുകളില്‍ പുറത്തിറക്കിയ സിയറയില്‍ തുടങ്ങുന്നു ആ പാരമ്പര്യം. എസ്റ്റേറ്റ് , സഫാരി, ആരിയ എന്നീ മോഡലുകളും കമ്പനി പുറത്തിറക്കി. ഇതില്‍ ഏറ്റവും വിജയം നേടിയത് സഫാരി ആയിരുന്നു. വന്‍ പരാജയമായത് ആരിയയും. ഒടുവില്‍ സംഭവിച്ച ആ തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയൊരു എസ്‍യുവിയെ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. പേര് ഹെക്സ. 


രൂപകല്‍പ്പന


ടാറ്റ മോട്ടോഴ്സ് പുതുതായി സ്വീകരിച്ച ഇംപാക്ട് ഡിസൈന്‍ ശൈലിയാണ് ഹെക്സയ്ക്ക് ഉപയോഗിക്കുന്നത്. ഇതേ ശൈലിയില്‍ രൂപപ്പെടുത്തിയ ആദ്യ മോഡല്‍ ഹാച്ച്ബാക്കായ ടിയാഗോയാണ്. ടാറ്റ നിര്‍മിച്ചതില്‍ വച്ചേറ്റവും നവീനമായ രൂപകല്‍പ്പനയുള്ള കാറായിരുന്നല്ലോ ടിയാഗോ. ആരിയയ്ക്ക് എംപിവി ലുക്ക് ആയിരുന്നെങ്കില്‍ ഹെക്സ തനി എസ്‍യുവി സ്റ്റൈലിലാണ്. വഴി മാറിക്കൊടുക്കാന്‍ മറ്റുള്ളവര്‍ക്ക് തോന്നിക്കും വിധമുള്ള ഗാംഭീര്യം നിറഞ്ഞ മുന്‍ഭാഗം. പരന്ന ബോണറ്റ്, വലിയ മെഷ് ഗ്രില്‍ , പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ എന്നിവയെല്ലാം ഹെക്സയ്ക്ക് നല്ല റോഡ് പ്രസന്‍സ് സമ്മാനിക്കുന്നു. ഈടുറ്റ നിര്‍മിതിയാണ് ബോഡിയുടേത്. ഡബിള്‍ ബാരല്‍ ഹെഡ്‍ലാംപ് കാണാന്‍ നല്ല ഭംഗിയുണ്ട്.
Tata Hexa
ആരിയയ്ക്കും സഫാരി സ്റ്റോമിനും ഉപയോഗിച്ച എക്സ്‍ 2 പ്ലാറ്റ്ഫോമിലാണ് ഹെക്സയും നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരിയയ്ക്ക സമാനമാണ് വീല്‍ബേസും ( 2850 മിമീ) ഗ്രൗണ്ട് ക്ലിയറന്‍സും (200മിമീ). എന്നാല്‍ നീളവും വീതിയും ഉയരവും ഹെക്സയ്ക്ക് അധികമുണ്ട്. എക്സ്‍യുവി 500, ഇന്നോവ ക്രിസ്റ്റ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോഴും നീളവും വീതിയും വീല്‍ബേസും കൂടുതലാണ്.
Tata Hexa
വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ആരിയയുടെ ഛായ നിലനില്‍ക്കുന്നു. ഡോറുകളും റൂഫുമെല്ലാം ആരിയയുടെ പോലെ തന്നെ. ആരിയയ്ക്ക് 18 ഇഞ്ച് വീലുകളാണെങ്കില്‍ ഹെക്സയ്ക്ക് 19 ഇഞ്ച് വീലുകളാണ്. ബോഡി ക്ലാഡിങ്ങും വലുപ്പം കൂടിയ വീലുകളും വാഹനത്തിന് അധിക ഗാംഭീര്യം നല്‍കുന്നു.
Tata Hexa
പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ഫോഡ് എന്‍ഡേവറിനോട് സാമ്യം തോന്നും. ടെയ്ല്‍ലാംപുകളുടെ ആകൃതിയും അവ ഉറപ്പിച്ചിരിക്കുന്ന രീതിയുമെല്ലാമാണ് ആ സാദൃശ്യത്തിനു പിന്നില്‍ . തിളക്കത്തോട് പ്രത്യേക ഇഷ്ടമുള്ള ഇന്ത്യാക്കാരെ തൃപ്തിപ്പെടുത്താന്‍ ക്രോം കൊണ്ടുള്ള അലങ്കാരങ്ങള്‍ ഡിക്കി ഡോറിലും ഡ്യുവല്‍ എക്സോസ്റ്റ് പൈപ്പിലും റിയര്‍ബമ്പറിന്റെ മേല്‍ഭാഗത്തുമെല്ലാം നല്‍കിയിട്ടുണ്ട്. എന്തൊക്കെയായാലും പിന്‍ഭാഗം ഏറെ ആകര്‍ഷകം തന്നെ. സ്റ്റെപ്പിനിയും അലോയ് വീലാണ്. ഇത് ബോഡിയുടെ അടിയില്‍ ഉറപ്പിച്ചിരിക്കുന്നു. 


വളരെ വിശാലമാണ് ഇന്റീരിയര്‍ . പരമാവധി സ്ഥലം ലാഭിച്ചുകൊണ്ടുള്ള രൂപകല്‍പ്പനയാണ് ഡാഷ്ബോര്‍ഡിന്. കറുപ്പ് നിറത്തിലായതിനാല്‍ പെട്ടെന്നു മുഷിയില്ലെന്ന മെച്ചമുണ്ട്. ടാറ്റ ബ്രാന്‍ഡിലിറങ്ങുന്ന ഏതൊരു മോഡലിനെക്കാളും മെച്ചമാണ് ഡാഷ്ബോര്‍ഡിന്റെ പ്ലാസ്റ്റിക് നിലവാരം. സമാനവിലയുള്ള വാഹനങ്ങള്‍ക്കൊപ്പം നില്‍ക്കും ഇത്. ചെറു സ്പര്‍ശം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന നിലവാരമുള്ള ബട്ടനും സ്വിച്ചുകളുമൊക്കെ അനായാസം കൈകാര്യം ചെയ്യാവുന്ന വിധം ഡാഷ്ബോര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്നു.
Tata Hexa
സ്പീഡോ ടാക്കോ മീറ്ററുകള്‍ക്കിടയിലെ 3.5 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയില്‍ ഫ്യുവല്‍ ഗേജ് , ടെംപറേച്ചര്‍ ഗേജ് , രണ്ട് ട്രിപ്പ് മീറ്ററുകള്‍ , ശരാശരി - തത്സമയ ഇന്ധനക്ഷമത, ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , അന്തരീക്ഷ താപനില, ഡോര്‍ തുറന്നുകിടക്കുന്നതിന്റെ മുന്നറിയിപ്പ് , ക്ലോക്ക് എന്നിവ തെളിയും. ക്ലൈമറ്റ് കണ്‍ട്രോള്‍ നോബുകള്‍ ഉറപ്പിച്ചിരിക്കുന്നത് വളരെ താഴ്ത്തിയാണ്. ഉപയോഗിച്ച് ശീലമാകും വരെ ഇത് വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഡ്രൈവര്‍ സീറ്റിലിരുന്ന് എസി ഡിസ്പ്ലേ ശരിയായി കാണാനും കഴിയില്ല. ഉചിതമായ ഉയരമുള്ള സീറ്റുകളും വിശാലമായി തുറക്കുന്ന ഡോറുകളും വണ്ടിയിലേയ്ക്ക് കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നു.


20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത മികവുള്ള സൗണ്ട് സിസ്റ്റമാണ് ഹെക്സയുടേത്. 10 സ്പീക്കറുകളുള്ള ജെബിഎല്‍ സിസ്റ്റം യാത്രകളെ ഉല്ലാസപൂര്‍ണ്ണമാക്കും. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ നാവിഗേഷന്‍ കൂടാതെ ഡിജിറ്റല്‍ വെഹിക്കിള്‍ മാന്വല്‍ , സര്‍വീസ് ആപ്പ് എന്നിവയുമുണ്ട്. വാഹനത്തിന്റെ സര്‍വീസ് ഇടവേള, സര്‍വീസ് ചെലവ്, വര്‍ക്ക്ഷോപ്പ് എന്നിവയെപ്പറ്റിയെല്ലാം സര്‍വീസ് ആപ്പിലൂടെ അറിയാം. ഓക്സിലറി ഇന്‍പുട്ട്, യുഎസ്ബി പോര്‍ട്ട്, എസ്‍ഡി കാര്‍ഡ് സ്ലോട്ട് എന്നിവ ഇതിനുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ഫീച്ചറുകളില്ലെന്നത് ന്യൂനത.
Tata Hexa
ആകെ മൂന്ന് 12 വോള്‍ട്ട് ഔട്ട്‍ലെറ്റുകളും രണ്ട് യുഎസ്ബി പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഡിക്കി സ്പേസില്‍ ഉറപ്പിച്ച 12 വോള്‍ട്ട് ഔട്ട്‍ലെറ്റ് മൂന്നാം നിര സീറ്റിലുള്ളവര്‍ക്ക് ഉപയോഗിക്കാം.


ആറ് , ഏഴ് സീറ്റ് ഓപ്ഷനുകളില്‍ ഹെക്സ ലഭ്യമാണ്. രണ്ടാം നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് ആറ് സീറ്റര്‍ വകഭേദത്തിന്. ഏഴ് സീറ്ററിന് ആ സ്ഥാനത്ത് 60: 40 അനുപാതത്തില്‍ വേര്‍തിരിവുള്ള ബഞ്ച് സീറ്റാണ്. രണ്ടു തരം സീറ്റുകള്‍ക്കും മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീക്കി ലെഗ് സ്പേസ് ക്രമീകരിക്കാനുള്ള സംവിധാനമുണ്ട്. ബാക്ക് റെസ്റ്റ് പിന്നിലേയ്ക്ക് ചെരിക്കാനുമാകും. ആറ് സീറ്ററാണ് കൂടുതല്‍ നല്ലത്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്കിടയിലൂടെ അനായാസം പിന്നിലെ സീറ്റിലേയ്ക്ക് കയറിപ്പറ്റാം. ഏഴ് സീറ്ററില്‍ രണ്ടാം നിരയിലെ സീറ്റ് മടക്കി വേണം മൂന്നാം നിരയിലേയ്ക്ക് കയറാന്‍ .
Tata Hexa
വണ്ണം കൂടിയ യാത്രക്കാരെയും തൃപ്തിപ്പെടുത്താനും മാത്രം വലുപ്പമുണ്ട് സീറ്റുകള്‍ക്ക്. മുന്‍സീറ്റുകള്‍ക്കിടയില്‍ ഉറപ്പിച്ച എസി വെന്റുകള്‍ കൂടാതെ ബി, സി പില്ലറുകളിലും എസി വെന്റ് നല്‍കിയിരിക്കുന്നു. വലുപ്പമേറിയ ഇന്റീരിയര്‍ വേഗത്തില്‍ തണുപ്പള്ളതാക്കാന്‍ ഇവയ്ക്ക് കഴിയുന്നു. സണ്‍ഫിലിമിന് നിരോധനമുള്ള സാഹചര്യത്തില്‍ പിന്നിലെ വിന്‍ഡോകള്‍ക്ക് ഉയര്‍ത്തി വയ്ക്കാവുന്ന സണ്‍ ബ്ലൈന്‍ഡുകള്‍ നല്‍കിയിരിക്കുന്നത് നല്ല കാര്യം.


ഉപയോഗപ്രദമാണ് മൂന്നാം നിര സീറ്റും. ആറടിയില്‍ താഴെ ഉയരമുള്ളവര്‍ക്ക് മൂന്നാം നിരസീറ്റില്‍ സുഖമായി ഇരിക്കാം. വിശാലമായ ഗ്ലാസ് ഏരിയ ഇള്ളതിനാല്‍ മൂന്നാം നിരയില്‍ ഇരിക്കുമ്പോള്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാകില്ല. 


ആരിയയിലേതുപോലെ റൂഫില്‍ അനാവശ്യമായ സ്റ്റോറേജ് ബോക്സുകള്‍ നല്‍കാത്തത് ഭാഗ്യം. ആകെയുള്ള സണ്‍ ഗ്ലാസ് ഹോള്‍ഡര്‍ ഡ്രൈവര്‍ സീറ്റിനു മുകളില്‍ വലതുവശത്തായാണ്.
Tata Hexa
മൂന്നു നിര സീറ്റുള്ള മറ്റു വാഹനങ്ങളെപ്പോലെതന്നെ ലഗേജ് സ്പേസ് കാര്യമായില്ല. എല്ലാ സീറ്റുകളും നിവര്‍ത്തി വച്ചിരിക്കുമ്പോള്‍ 128 ലീറ്ററാണ് ലഗേജ് സ്പേസ്. എക്സ്‍യുവി 500 യുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വലിയ കാര്യം തന്നെ.


രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് , ഇബിഡി എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്. ആറ് എയര്‍ബാഗുകള്‍ , ഇഎസ്പി- ട്രാക്ഷന്‍ കണ്‍ട്രോള്‍ , ഹില്‍ ഹോള്‍ഡ് അസിസ്റ്റ് . ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാസംവിധാനങ്ങള്‍ മുന്തിയ വകഭേദത്തിലുണ്ട്. സണ്‍ റൂഫ് , പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ കൂടി നല്‍കേണ്ടതായിരുന്നു.


എന്‍ജിന്‍ - ഡ്രൈവ്


സഫാരി സ്റ്റോമിലേതുപോലെ 2.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ ചാര്‍ജ്ഡ് , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനാണ് ഹെക്സയ്ക്കും. 154 ബിഎച്ച്പി -400 എന്‍എം ആണ് എന്‍ജിന്‍ ശേഷി. മാന്വല്‍ ഗീയര്‍ബോക്സ് റിയര്‍ വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും ലഭിക്കും. എന്നാല്‍ ഓട്ടോമാറ്റിക് റിയര്‍ വീല്‍ ഡ്രൈവ് ഹെക്സയില്‍ മാത്രമാണ് ലഭ്യം. ഫോര്‍ വീല്‍ ഡ്രൈവിനൊപ്പം ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് നല്‍കുന്നത് വാഹനത്തിന്റെ ഭാരം വര്‍ധിപ്പിക്കും. വിലയേറിയതുമാക്കും. അതു വാങ്ങാന്‍ ആളെ കിട്ടില്ലെന്ന ധാരണ കൊണ്ടാകും ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ടൂവീല്‍ ഡ്രൈവില്‍ മാത്രം ഒതുക്കിയത്.
Tata Hexa
ഉയരത്തിലുള്ള ഡ്രൈവിങ് സീറ്റ്  മുന്നിലെ റോഡിന്റെ വിശാലമായ കാഴ്ചയാണ് നല്‍കുന്നത്. ഹാച്ച്ബാക്കുകളും സെഡാനുകളുമൊക്കെ ചെറുതെന്നു തോന്നും. ഡ്രൈവര്‍ സീറ്റും സ്റ്റിയറിങ് വീലും തമ്മിലുള്ള അകലം കൂടുതലാണെന്നത് പോരായ്മയാണ്. ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്ങിന്റെ ചെരിവും കൂടി ക്രമീകരിക്കാനുള്ള സൗകര്യം കൂടി നല്‍കേണ്ടിയിരുന്നു.


പാസഞ്ചര്‍ ക്യാബിനിലേയ്ക്ക് എന്‍ജിന്‍ ശബ്ദം കടന്നുവരാത്തവിധം മെച്ചപ്പെട്ട ഇന്‍സുലേഷന്‍ നല്‍കിയിട്ടുണ്ട്. അല്‍പ്പം നീട്ടി തള്ളി  ഇടേണ്ട ഗീയറുകളാണ് ഹെക്സയുടേത്. ക്ലച്ചിന് വലിയ കട്ടി കുറവായതിനാല്‍ ഗീയര്‍ മാറ്റം ആയാസകരമല്ല.മടുപ്പിക്കുന്ന ടര്‍ബോ ലാഗില്ല. എന്‍ജിന്‍ ആര്‍പിഎം 1700 കടക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് ലഭിച്ചുതുടങ്ങും. മൂന്നാം ഗീയറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചുപോകാം. സിറ്റി ഡ്രൈവിങ്ങില്‍ ഇത് ഗുണം ചെയ്യും.
Tata Hexa
ഹെക്സയുടെ 2280 കിലോഗ്രാം ഭാരം പരിഗണിക്കുമ്പോള്‍ എന്‍ജിന്‍  പിക്ക് അപ്പ് മോശമല്ല. ടാറ്റയുടെ കാറുകളില്‍ യാത്രാസുഖം കുറവാണെന്ന് ആരും പരാതി പറയാനിടയില്ല. ഹെക്സയുടെ കാര്യത്തിലും അങ്ങനെ തന്നെ. ലോങ് ട്രിപ്പില്‍ പോലും വിരസതയോ ക്ഷീണമോ ഉണ്ടാക്കുന്നില്ല ഹെക്സയിലെ യാത്ര. റോഡിലെ കുഴികളുടെ ആഘാതം ഉള്ളിലിരിക്കുന്നവരെ അറിയാതെ നോക്കാന്‍ സസ്പെന്‍ഷനു കഴിയുന്നു. നാല് ചക്രങ്ങള്‍ക്കും ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്ന ഹെക്സ, ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഏറെ അനുസരണയോടെ പെരുമാറുന്നു.ഹൈവേയില്‍ ലിറ്ററിന് 14 കിമീ മൈലേജ് പ്രതീക്ഷിക്കാം.


മാന്വല്‍ ഗീയര്‍ബോക്സുള്ള ഫോര്‍ വീല്‍ ഡ്രൈവ് ഹെക്സയ്ക്ക് സൂപ്പര്‍ ഡ്രൈവ് മോഡുകള്‍ ( ഓട്ടോ, കംഫര്‍ട്ട് , ഡൈനാമിക്, റഫ്) നല്‍കിയിട്ടുണ്ട്. റോഡ് , ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കനുസരിച്ച് സെന്റര്‍ കണ്‍സോളിലെ പ്രത്യേക ഡയല്‍ തിരിച്ച് ഇഷ്ടാനുസരണം മോഡ് തിരഞ്ഞെടുക്കാം. ഓട്ടോ മോഡില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വാഹനം സ്വയം എന്‍ജിന്‍ , ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. ആവശ്യം വന്നാല്‍ ഫോര്‍ വീല്‍ ഡ്രൈവിലേയ്ക്ക് സ്വയം മാറും. കംഫര്‍ട്ട് മോഡില്‍ റിയര്‍ വീല്‍ ഡ്രൈവാണ്. സാധാരണ റോഡുകളിലൂടെയുള്ള യാത്രയില്‍ പരമാവധി ഇന്ധനക്ഷമതയോടെ ഓടിക്കാനുള്ളതാണ് ഈ മോഡ്.  ഡൈനാമിക് മോഡിലും റിയര്‍ വീല്‍ ‍ഡ്രൈവാണ്. പക്ഷേ പരമാവധി എന്‍ജിന്‍ കരുത്ത് ലഭ്യമാക്കി പെട്ടെന്നുള്ള വേഗമെടുക്കല്‍ സാധ്യമാക്കും. ഹൈവേ ഡ്രൈവിങ്ങിന് ഇത് കൊള്ളാം. പക്ഷേ മൈലേജ് കുറവായിരിക്കും.


ഉറപ്പില്ലാത്തതോ വഴുക്കലുള്ളതോ നിറയെ കുണ്ടും കുഴിയും നിറഞ്ഞതോ ആയ റോഡില്‍ റഫ് റോഡ് മോഡ് ഉപയോഗിക്കാം. ബ്രേക്കിന് കൂടുതല്‍ പിടുത്തവും ഈ മോഡില്‍ ലഭിക്കും.
Tata Hexa
200 മിമീ ഗ്രൗണ്ട് ക്ലിയറന്‍സും ഫോര്‍ വീല്‍ ഡ്രൈവും ഓഫ് റോഡ് യാത്രകള്‍ക്ക് ഹെക്സ യോജിച്ചതാക്കുന്നു. ഹില്‍ ഡിസന്റ് കണ്‍ട്രോളും ഇതിനു അനുഗുണമാണ്. ചെങ്കുത്തായ ഇറക്കങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിച്ചാല്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ എട്ട് കിലോമീറ്ററായി പരിമിതപ്പെടും. ഡ്രൈവര്‍ സ്റ്റിയറിങ് മാത്രം കൈകാര്യം ചെയ്താല്‍ മതി. ഇന്നോവ ക്രിസ്റ്റ, എക്സ്‍യുവി 500 മോഡലുകളെക്കാള്‍ ടേണിങ് റേഡിയസ് കൂടുതലാണെന്നതാണ് ഹെക്സയുടെ പ്രധാന പോരായ്മ. 5.75 മീറ്റര്‍ ടേണിങ് റേഡിയസ് ഇടുങ്ങിയ സ്ഥലത്തെ പാര്‍ക്കിങ്ങും യൂടേണുമൊക്കെ ആയാസകരമാക്കുന്നു.


വില


വില കൂടിപ്പോയതാണ് ആരിയയുടെ പരാജയത്തിന് പ്രധാന കാരണമായത്. അതു മനസിലാക്കിത്തന്നെ പരമാവധി ആകര്‍ഷമായ വിലയിലാണ് ഹെക്സയെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ മഹീന്ദ്ര എക്സ്‍യുവി 500 യെക്കാള്‍ വിലക്കുറവ് ഹെക്സയ്ക്കുണ്ട്.
Tata Hexa 


കൊച്ചിയിലെ എക്സ്‍ഷോറൂം വില


എക്സ്‍ഇ - 12.29ലക്ഷം രൂപ


എക്സ്‍എം -14.04 ലക്ഷം രൂപ


എക്സ്‍എംഎ- 14.99 ലക്ഷം രൂപ


എക്സ്‍ടി -16.58 ലക്ഷം രൂപ


എക്സ്‍ടി ഫോര്‍ വീല്‍ഡ്രൈവ് -17.88 ലക്ഷം രൂപ


എക്സ്‍ടി ഓട്ടോമാറ്റിക് -17.79 ലക്ഷം രൂപ


അവസാനവാക്ക്


എസ്‍യുവിയുടെ രൂപഗാംഭീര്യവും എംപിവിയുടെ സ്ഥല സൗകര്യവും കാറിന്റെ യാത്രാസുഖവും ഹെക്സ നല്‍കുന്നു. ദീര്‍ഘദൂരയാത്രകള്‍ക്ക് ഏറെ യോജിച്ച മോഡല്‍ . മോശമായ റോഡുകളിലൂടെയുള്ള ഉപയോഗത്തിനും കൊള്ളാം. നിറയെ ഫീച്ചറുകളുണ്ട്. വിലയും കുറവ്. ഓഫ് റോഡ് യാത്രകള്‍ ഇല്ലാത്തവര്‍ റിയര്‍ വീല്‍ ഡ്രൈവും ഓട്ടോമാറ്റിക് ഗീയര്‍ബോക്സുമുള്ള ഹെക്സ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മഹീന്ദ്ര എസ്‍യുവി 500 യ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഹെക്സയ്ക്ക് കഴിയും. ഇന്നോവ ക്രിസ്റ്റയോടും ഒരു കൈ നോക്കാന്‍ ഹെക്സയ്ക്ക് ആകും.


ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് : എംകെ മോട്ടോഴ്സ് , കോടിമത, കോട്ടയം.ഫോണ്‍ : 99461 02753.






TOP

Car Bike







Designed and developed by EGGS