Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ഹാലജന്‍ മുതല്‍ ലേസര്‍ വരെ
മധു മധുരത്തില്‍


വാഹനങ്ങളുടെ സുരക്ഷ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നവയാണ് ഹെഡ് ലൈറ്റുകള്‍ . അവയുടെ സാങ്കേതികവിദ്യ അനുദിനം വികസിപ്പിക്കുന്ന തിരക്കിലാണ് വാഹനനിര്‍മാതാക്കള്‍ .പ്രൊജക്ടര്‍ , സീനോണ്‍ , എല്‍ഇഡി , ലേസര്‍ തുടങ്ങിയ പദങ്ങള്‍ ഹെഡ്‍ലാംപുമായി ബന്ധപ്പെട്ട് കേള്‍ക്കാറുണ്ട്. അവയൊക്കെ എന്താണെന്ന് വിശദമാക്കുകയാണിവിടെ.


ഹാലജന്‍ ലാംപ്


വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ബള്‍ബിന് സമാനമായാണ് ഇതിന്റെ പ്രവര്‍ത്തനം. സാധാരണ ബള്‍ബുകള്‍ വായുരഹിതമാണെങ്കില്‍ ഇവയില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഹാലജന്‍ വാതകം നിറച്ചിട്ടുണ്ട്. നിഷ്‍ക്രിയ വാതകമായ ഹാലജന്റെ സാന്നിധ്യം മൂലം ഇതിന്റെ ടങ്സ്റ്റണ്‍ ഫിലമെന്റിന് ഉയര്‍ന്ന താപനില കൈവരിക്കാനും അങ്ങനെ കൂടുതല്‍ പ്രകാശം നല്‍കാനുമാകും. മഞ്ഞമലര്‍ന്ന പ്രകാശമാണ് ഹാലജന്‍ ബള്‍ബ് നല്‍കുക. ഏകദേശം 100 മീറ്റര്‍ ദൂരത്തേയ്ക്ക് പ്രകാശം പരത്താന്‍ ഹാലജന്‍ ബള്‍ബിനു കഴിയും.
Halogen Lamp
ഹാലജന്‍ വാതകവുമായി ടങ്സ്റ്റന്‍ നടത്തുന്ന പ്രത്യേക രാസപ്രവര്‍ത്തനം മൂലം ഫിലമെന്റ് ഏറെക്കാലം നീണ്ടുനില്‍ക്കും. കൂടാതെ ബള്‍ബിന്റെ ഉള്‍ഭാഗം മങ്ങിപ്പോകാതെയും ഇരിക്കും.
Halogen Lamp
ഉള്ളിലെ വാതകത്തിന്റെ മര്‍ദ്ദവും ഫിലമെന്റിന്റെ ഉയര്‍ന്ന ചൂടും താങ്ങാനായി കടുപ്പമുള്ള ക്വാര്‍ട്സ് ഗ്ലാസാണ് ഇതിന്റെ നിര്‍മാണത്തിനു ഉപയോഗിക്കുന്നത്. ക്വാര്‍ട്സ് ഗ്ലാസിന്റെ പുറത്ത് എണ്ണമയം പറ്റിയാല്‍ അത് മങ്ങിപ്പോകും. അതുകൊണ്ടാണ് ഹാലജന്‍ ബള്‍ബുകളുടെ ഗ്ലാസില്‍ കൈകൊണ്ട് നേരിട്ടു തൊടരുതെന്നു പറയുന്നത്. ചൂടിന്റെ രൂപത്തില്‍ ഊര്‍ജനഷ്ടം ഉണ്ടാകുന്നു എന്നത് ഹാലജന്‍ ബള്‍ബിന്റെ പോരായ്മയാണ്.


സീനോണ്‍ ലാംപ്


എച്ച്ഐഡി ( ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ലാംപ് എന്നും പേരുണ്ട്. ട്യൂബ്‍ ലൈറ്റിനോട് സമാനമാണ് സീനോണ്‍ ലാംപിന്റെ പ്രവര്‍ത്തനം. ഫിലമെന്റ് ജ്വലിപ്പിച്ചല്ല പ്രകാശമുണ്ടാകുന്നത്. ബള്‍ബില്‍ നിറച്ചിരിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള സീനോണ്‍ വാതകത്തെ വൈദ്യുതിതരംഗങ്ങളാല്‍ ഉത്തേജിപ്പിച്ചാണ് പ്രകാശം ഉണ്ടാക്കുന്നത്.നീലകലര്‍ന്ന വെളുത്ത പ്രകാശമാണ് സീനോണ്‍ ലാംപുകള്‍ ചൊരിയുക.
Xenon Lamp
ട്യൂബ് ലൈറ്റുകളെപ്പോലെ, തെളിയാനും പൂര്‍ണ്ണ ശോഭയോടെയാകാനും സീനോണ്‍ ലാംപിന് ഒരു സെക്കന്‍ഡ് വൈകും. അതുകൊണ്ടുതന്നെ ഹൈ ബീം ( ബ്രൈറ്റ്) മോഡിന് അത് യോജിക്കില്ല. ഡിം മോഡില്‍ നിന്ന് ബ്രൈറ്റ് മോഡിലേയ്ക്കിടുമ്പോള്‍ ഒരു സെക്കന്‍ഡ് നേരം പ്രകാശം ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. ഇതിനെ മറികടക്കാന്‍ ഒരു ഹാലജന്‍ ലാംപും സീനോണ്‍ ലാംപിനൊപ്പം ഉപയോഗിക്കുന്നു. ഹൈ ബീമിനാണ് ഹാലജന്‍ ഉപയോഗിക്കുന്നത്. ഫലത്തില്‍ സീനോണ്‍ ലാംപുകളുള്ള കാറിന്റെ ഹെഡ്‍ലാംപ് യൂണിറ്റുകളില്‍ ആകെ നാല് ബള്‍ബുകളുണ്ടാകും.
Xenon Lamp
ഹാലജന്‍ ലാംപുകളെ അപേക്ഷിച്ച് വിലക്കൂടുതലാണ് സീനോണ്‍ ലാംപിന്. എന്നാല്‍ ദീര്‍ഘകാല ഈടുനില്‍പ്പ് , കുറഞ്ഞ വൈദ്യുതി ഉപഭോഗം , തെളിമയുള്ള പ്രകാശം എന്നീ ഗുണങ്ങള്‍ സീനോണ്‍ ലാംപിനുണ്ട്. 1992 ലാണ് സീനോണ്‍ ലാംപുകള്‍ കാറുകളില്‍ ഉപയോഗിച്ച് തുടങ്ങിയത്. ഹാലജന്‍ ബള്‍ബിനെക്കാല്‍ അഞ്ചിരട്ടി ആയുസ് സീനോണ്‍ ലാംപിനുണ്ട്. 10,000 മണിക്കൂറോളം പ്രവര്‍ത്തിക്കും.


ബൈ സീനോണ്‍ ലാംപ്


പേര് കേള്‍ക്കുമ്പോള്‍ രണ്ട് സീനോണ്‍ ബള്‍ബുകള്‍ ഉപയോഗിക്കുന്നുണ്ടാവും എന്നു കരുതേണ്ട. ഒറ്റ സീനോണ്‍ ബള്‍ബേയുള്ളൂ ഇതിന്. ഹൈ ബീമിനും ലോ ബീമിനും ഇതാണുപയോഗിക്കുന്നത്.
Bi xenon lamp
ബള്‍ബ് ചലിപ്പിച്ച് പ്രകാശത്തിന്റെ ദിശമാറ്റിയോ ബള്‍ബ് ഭാഗികമായി മറച്ചോ ആണ് ലോം ബീം സൃഷ്ടിക്കുന്നത്. ഒരു ഹാലജന്‍ ബള്‍ബിനുള്ള സ്ഥലം ലാഭിക്കാമെന്നതിനാല്‍ ബൈ സീനോണ്‍ ലാംപ് യൂണിറ്റ് വലുപ്പം കുറച്ച് നിര്‍മിക്കാനാവും.


പ്രൊജക്ടര്‍ ഹെഡ്‍ലാംപ്


പ്രൊജക്ടര്‍ ഹെഡ്‍ലാംപില്‍ സീനോണ്‍ ബള്‍ബ് ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. അത് ഹാലജന്‍ ബള്‍ബോ എല്‍ഇഡി ലാംപോ ആകാം. ലെന്‍സിന്റെ സഹായത്തോടെ പ്രകാശം ചിതറിപ്പോകാതെ റോഡിലേയ്ക്ക് ഫോക്കസ് ചെയ്യുകയാണ് പ്രൊജക്ടര്‍ ഹെഡ്‍ലാംപ് ചെയ്യുന്നത്.
Projector headlamp
കൂടുതല്‍ ദൂരത്തിലേയ്ക്ക് പ്രകാശം പരത്തി മികച്ച റോഡ് കാഴ്ച പ്രൊജക്ടര്‍ ഹെഡ്‍ലാംപ് നല്‍കുന്നു. വാഹനത്തിന്റെ ഭംഗി കൂട്ടുന്നതിലും പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ മുഖ്യപങ്ക് വഹിക്കുന്നു. പ്രൊജക്ടര്‍ ഹെഡ്‍ലാംപില്‍ ചെളി പറ്റിയാല്‍ അതിന്റെ പ്രകടനം മോശമാകും. അതുകൊണ്ടുതന്നെ പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ക്ക് അത് കഴുകാനുള്ള വാഷര്‍ സംവിധാനവും ഉണ്ടായിരിക്കണം.


എല്‍ഇഡി ഹെഡ്‍ലാംപ്


ലൈറ്റ് എമിറ്റിങ് ഡയോഡ് അഥവാ എല്‍ഇഡി 2004 മുതല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യം ഡേ ടൈം റണ്ണിങ് ലാംപുകളായാണ് എല്‍ഇഡി കാറുകളില്‍ സ്ഥാനം പിടിച്ചത്. 2007 ല്‍ പൂര്‍ണ്ണമായും എല്‍ഇഡി ഉപയോഗിച്ചുള്ള ഹെഡ്‍ലാംപ് ഔഡിയുടെ ആര്‍ 8 സ്പോര്‍ട്സ് കാറില്‍ അവതരിപ്പിച്ചു. സൂര്യപ്രകാശത്തിനോട് അടുത്ത് നില്‍ക്കുന്ന പ്രകാശമാണ് എല്‍ഇഡി നല്‍കുന്നത്.
LED Headlamp
പെട്ടെന്ന് പ്രകാശിക്കാനുള്ള കഴിവ്, കുറഞ്ഞ ഊര്‍ജഉപഭോഗം, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവയാണ് എല്‍ഇഡിയുടെ മേന്മകള്‍ . ചില വാഹനങ്ങളില്‍ ലോ ബീമിനു മാത്രവും ചിലവയില്‍ ലോ, ഹൈ ബീമുകള്‍ക്കു രണ്ടിനും എല്‍ഇഡി ഉപയോഗിക്കുന്നുണ്ട്.


ഡേ ടൈം റണ്ണിങ് ലാംപുകള്‍


എതിരെ വരുന്ന വാഹനം കണ്ണില്‍ പെടാത്തതാണ് പല അപകടങ്ങള്‍ക്കും കാരണം. ആ വാഹനത്തില്‍ ശ്രദ്ധ ആകര്‍ഷിക്കും വിധം ഒരു ലൈറ്റുണ്ടെങ്കില്‍ ഒരുപക്ഷേ അപകടം ഒഴിവാക്കാം. ഈ ഉപയോഗം കണ്ട് വാഹനങ്ങള്‍ക്ക് നല്‍കിയ സംവിധാനമാണ് ഡേ ടൈം റണ്ണിങ് ലാംപുകള്‍ . പേരുസൂചിപ്പിക്കുന്നതുപോലെ പകല്‍ സമയത്ത് അവ പ്രകാശിച്ചു നില്‍ക്കും.
DRL
എല്‍ഇഡിയാണ് പൊതുവേ ഇതിന് ഉപയോഗിക്കുന്നത്. ഹെഡ്‍ലാംപ് യൂണിറ്റിലോ ബമ്പറിലോ ആണ് ഇവ ഘടിപ്പിക്കാറുള്ളത്. വാഹനത്തിന്റെ അഴക് കൂട്ടുന്നതിലും ഡേ ടൈം റണ്ണിങ് ലാംപുകള്‍ക്ക് സ്ഥാനമുണ്ട്. ഡിആര്‍എല്‍ എന്നാണ് ചുരുക്കപ്പേര്.


കോണറിങ് ലൈറ്റുകള്‍


വളവുകളുടെ വശങ്ങളിലേയ്ക്ക് പ്രകാശം നല്‍കി മെച്ചപ്പെട്ട കാഴ്ച ഉറപ്പുനല്‍കുന്ന സംവിധാനമാണിത്. സ്റ്റിയറിങ് വീലിന്റെ ചലനത്തിന് അനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
Cornering Lamp
ഹെഡ്‍ലാംപിന്റെ ഭാഗമായോ പ്രത്യേക യൂണിറ്റായോ കോണറിങ് ലൈറ്റ് ഘടിപ്പിക്കാറുണ്ട്. ചില വാഹനങ്ങളില്‍ ഫോഗ് ലാംപാണ് കോണറിങ് ലൈറ്റായി പ്രവര്‍ത്തിക്കുക.


ഡിജിറ്റല്‍ എല്‍ഇഡി ഹെഡ്‍ലാംപ്


മെഴ്‍സിഡീസ് ബെന്‍സ് മള്‍ട്ടി ബീം എല്‍ഇഡി എന്നും ഔഡി മാട്രിക്സ് എല്‍ഇഡി എന്നും ബിഎംഡബ്ല്യു ഇന്റലിജന്റ് ഹെഡ്‍ലൈറ്റ് ടെക്നോളജി എന്നും വിളിക്കുന്ന സാങ്കേതികവിദ്യയാണിത്. ഡ്രൈവര്‍ ഡിം, ബ്രൈറ്റ് മോഡുകള്‍ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. മുന്നിലെ ട്രാഫിക് വിലയിരുത്തി ഈ സംവിധാനം സ്വയം അതെല്ലാം ചെയ്യും.
Digital LED Lamp
നിരവധി എല്‍ഇഡി ചിപ്പുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ എല്‍ഇഡി ഹെഡ്‍ലാംപിലെ ഒരോ എല്‍ഇഡിയും സ്വതന്ത്രമായി നിയന്ത്രിച്ച് റോഡില്‍ പ്രകാശം പതിയുന്നത് വ്യത്യാസപ്പെടുത്താനാവും. റോഡിലെ വാഹനങ്ങളെയും കാല്‍നടയാത്രകരെയും മറ്റു തടസ്സങ്ങളെയെല്ലാം ക്യാമറ സഹായത്തോടെ വിലയിരുത്തിയാണ് ഹെഡ്‍ലൈറ്റ് പ്രകാശം പരത്തുന്നത്. ഹൈ ബീമിലിടുമ്പോഴും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണില്‍ വെട്ടം അടിയ്ക്കാതെ നോക്കാന്‍ ഈ സംവിധാനത്തിനു കഴിയും. 300 മുതല്‍ 400 മീറ്റര്‍ വരെ അകലത്തില്‍ മുന്നില്‍ പോകുന്ന വാഹനങ്ങളെ തിരിച്ചറിഞ്ഞാണ് ഹെഡ്‍ലാംപിന്റെ പ്രവര്‍ത്തനം.ലേസര്‍ ലൈറ്റ്


എല്‍ഇഡി കഴിഞ്ഞെത്തിയ നൂതന ഓട്ടോമോട്ടീവ് ലൈറ്റിങ് സംവിധാനമാണിത്. എല്‍ഇഡിയെക്കാള്‍ നാലിരട്ടി പ്രകാശം നല്‍കാന്‍ ഇതിനു കഴിയും. വലുപ്പവും തീരെ കുറവാണ്. പക്ഷേ ചെലവേറും. ലേസര്‍ രശ്മികളുടെ തീവ്രത കുറച്ചാണ് ഹെഡ്‍ലാംപ് യൂണിറ്റില്‍ ഉപയോഗിക്കുന്നത്. 2014 ല്‍ ബിഎംഡബ്ല്യു ഐ8 , ഔഡി ആര്‍ 8 എല്‍എംഎക്സ് മോഡലുകളിലാണ് ആദ്യമായി ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചത്. 2015 ല്‍ ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരീസിലും ലേസര്‍ ലൈറ്റ് ഇടം നേടി.
Laser Lamp
ഹൈ ബീമില്‍ 600 മീറ്റര്‍ വരെ ദൂരത്തേയ്ക്ക് പ്രകാശം ചൊരിയാന്‍ ലേസര്‍ ലൈറ്റിനു കഴിയും. എല്‍ഇഡിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടി ദൂരമാണിത്. ലേസര്‍ ഹെഡ്‍ലാംപ് യൂണിറ്റില്‍ എല്‍ഇഡിയും ഉപയോഗിക്കുന്നുണ്ട്. വാഹനം മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമെടുക്കുമ്പോഴാണ് ലേസര്‍ ഡയോഡ് പ്രവര്‍ത്തിക്കുക. ലേസറിന്റെ പ്രകാശത്തിന് തീവ്രതയുള്ളതിനാല്‍ ക്യാമറയുടെ സഹായത്തോടെ എതിരെ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.Related StoriesTOP