Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
കാര്‍ പദപരിചയം
മധു മധുരത്തില്‍കാര്‍ ബ്രോഷറുകളില്‍ സ്ഥിരമായി കാണാറുള്ള സാങ്കേതികപദങ്ങളുടെ അര്‍ഥം മനസിലാക്കുക.


1. എ,ബി,സി പില്ലര്‍ (A,B,C Pillar)


കാറിന്റെ റൂഫിനെ താങ്ങി നിര്‍ത്തുന്ന നിവര്‍ന്നതോ അല്‍പ്പം ചെരിഞ്ഞതോ ആയ തൂണുകളാണിവ. മുന്നിലെ വിന്‍ഡ് സ്ക്രീനിന്റെ ഇരുവശങ്ങളിലുമായി കാണുന്നതാണ് എ പില്ലറുകള്‍ . മുന്നിലെ വിന്‍ഡോ അവസാനിക്കുന്ന ഭാഗത്തുള്ളത് ബി പില്ലറുകള്‍ . പിന്നിലെ വിന്‍ഡ്സ്ക്രീനിന്റെ ഇരുവശത്തുമുള്ളതാണ് സി പില്ലറുകള്‍ . ഹാച്ച്ബാക്കിനും സെഡാനുമൊക്കെ എ,ബി,സി പില്ലറുകളാണുള്ളത്.
ABC Pillar
എംപിവി, എസ്‍യുവി മോഡലുകള്‍ക്ക് ഡി പില്ലറുമുണ്ട്. എ പില്ലറിന് കനം കൂടുതലാണെങ്കില്‍ വളവുകള്‍ തിരിയുമ്പോള്‍ മുന്നിലെ കാഴ്ച പരിമിതപ്പെടും.


2. എയര്‍ബാഗ് (Airbag)


യാത്രക്കാരുടെ നേരിട്ടുള്ള ഇടപെടല്‍ വേണ്ടാത്തതും അപകടമുണ്ടായാല്‍ സ്വയം പ്രവര്‍ത്തിക്കുന്നതുമായ സുരക്ഷാ സംവിധാനമാണ് എയര്‍ബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച സഞ്ചി പോലെയാണ് പ്രവര്‍ത്തനസമയത്ത് കാണപ്പടുക. അപകടമുണ്ടായാല്‍ എയര്‍ ബാഗ് വികസിച്ച് യാത്രക്കാരന്റെ ശിരസ് സ്റ്റിയറിങ്ങിലോ ഡാഷ്ബോര്‍ഡിലോ നേരിട്ട് ഇടിച്ച് പരുക്കേല്‍ക്കാതെ സംരക്ഷിക്കും.
Airbag
നേര്‍ത്ത നൈലോണ്‍ നിര്‍മിത ബാഗില്‍ നൈട്രജന്‍ വാതകമാണ് നിറയുക. ഈ നൈലോണ്‍ ബാഗ് സൂക്ഷ്മമായി മടക്കി സ്റ്റിയറിങ് വീലിനു നടുക്കോ ഡാഷ് ബോര്‍ഡിലോ ഉറപ്പിച്ചിരിക്കും. മുന്നിലെ എയര്‍ബാഗുകള്‍ കൂടാതെ സീറ്റുകളില്‍ ഘടിപ്പിക്കുന്ന സൈഡ് എയര്‍ ബാഗുകള്‍, ഡോറിനു മുകളില്‍ ഘടിപ്പിക്കുന്ന കര്‍ട്ടന്‍ എയര്‍ ബാഗുകള്‍ എന്നിവയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ഒറ്റത്തവണത്തേ ഉപയോഗത്തിനേയുള്ളൂ എയര്‍ബാഗ്. വികസിച്ച എയര്‍ബാഗും അനുബന്ധഘടകങ്ങളും നീക്കം ചെയ്ത് പുതിയതു വയ്ക്കണം.


3. എബിഎസ് (ABS)


ഉയര്‍ന്ന വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ വേഗം പെട്ടെന്നു കുറയ്ക്കാന്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ ടയറുകളുടെ കറക്കം നിലയ്ക്കുമെങ്കില്‍ അത് നിരങ്ങി നീങ്ങും. ടയറിന്റെ കറക്കം നിലച്ചിരിക്കുന്ന  സാഹചര്യത്തില്‍ സ്റ്റിയറിങ് വഴിയുള്ള നിയന്ത്രണം ഫലപ്രദമാകില്ല. ഫലത്തില്‍ വാഹനം നേര്‍രേഖയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടാകും. ഇതൊഴിവാക്കുന്ന സംവിധാനമാണ് എബിഎസ് എന്ന ചുരുക്കപ്പേരുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം.
ABS
ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടുന്ന ഫലമാണ് ഇതുണ്ടാക്കുക. ടയറിന്റെ ചലനം പൂര്‍ണ്ണമായി നിലയ്ക്കുന്നതു തട‍ഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം അതുറപ്പാക്കുന്നു. 


4. സെന്‍ട്രല്‍ ലോക്കിങ് (Central Locking)


ഡ്രൈവര്‍ വശത്തെ ഡോറിന്റെ ലോക്ക് ഉപയോഗിച്ച് എല്ലാ ഡോറുകളും ഒരേ സമയം ലോക്ക് ചെയ്യാനോ അണ്‍ലോക്ക് ചെയ്യാനോ സഹായിക്കുന്ന സംവിധാനമാണ് സെന്‍ട്രല്‍ ലോക്കിങ്. റിമോട്ട് കീ ഉപയോഗിച്ച് ഡോറുകള്‍ ലോക്ക് - അണ്‍ലോക്ക് ചെയ്യാവുന്നവയെ റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നു വിളിക്കും.


5. ക്ലൈമറ്റ് കണ്‍ട്രോള്‍ ( Climate Control)


സാധാരണ എസിയുടെ വിവിധ സ്വിച്ചുകള്‍ നിയന്ത്രിച്ചാണ് നമുക്ക് ആവശ്യമായ താപനില വാഹനത്തിനുള്ളില്‍ ഉണ്ടാക്കിയെടുക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപയോക്താവ് തിരഞ്ഞെടുക്കുന്ന താപനില സ്ഥിരമായി വാഹനത്തിനുള്ളില്‍ ലഭ്യമാക്കുന്ന എസിയാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ . വിവിധ സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റാണ് താപനില സ്വയം ക്രമീകരിക്കുന്നത്.
Climate Control
താപനില നിശ്ചിത ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യാം. മുന്നിലും പിന്നിലും അല്ലെങ്കില്‍ നാല് സീറ്റിനും വ്യത്യസ്ത താപനിലയുള്ള മേഖലകളായി തിരിക്കാന്‍ കഴിവുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ എസിയുമുണ്ട്. രണ്ട് സോണ്‍ , നാല് സോണ്‍ എന്നൊക്കെ ചേര്‍ത്തായിരിക്കും ഇത്തരം ക്ലൈമറ്റ് കണ്‍ട്രോളിന്റെ പേര്.


6.ക്രൂസ് കണ്‍ട്രോള്‍ ( Cruise Control)


വാഹനത്തിന്റെ വേഗം ഒരു നിശ്ചിത തോതില്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍ . മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതലുള്ള വേഗത്തില്‍ ക്രൂസ് കണ്‍ട്രോള്‍ സെറ്റ് ചെയ്യാം. ഡ്രൈവര്‍ക്ക് ഇഷ്ടമുള്ള വേഗം സെറ്റ് ചെയ്യാം. ഹൈവേ യാത്രകളില്‍ ആക്സിലറേറ്റര്‍ ചവിട്ടാതെ ഒരേ വേഗത്തില്‍ പോകാന്‍ ക്രൂസ് കണ്‍ട്രോള്‍ സഹായിക്കുന്നു. ഇത് ഡ്രൈവിങ്ങിന്റെ ആയാസം കുറയ്ക്കും.  ക്രൂസ് കണ്‍ട്രോള്‍ ബട്ടന്‍ ഓഫ് ബട്ടന്‍ അമര്‍ത്തിയോ ക്ലച്ച് അല്ലെങ്കില്‍ ബ്രേക്ക് പെഡല്‍ ചവിട്ടിയോ ക്രൂസ് കണ്‍ട്രോള്‍ സിസ്റ്റം ഓഫ് ചെയ്യാം.


7. ഡിസ്പ്ലേസ്മെന്റ് (Displacement)


എന്‍ജിന്‍ സിലിണ്ടറിനുള്ളില്‍ പിസ്റ്റണ്‍ മുകളില്‍ നിന്ന് താഴേക്ക് ചലിക്കുമ്പോള്‍ വലിച്ചെടുക്കുന്ന വായുവിനെ ഇന്ധനവുമായി കലര്‍ത്തി ജ്വലനം നടത്തിയാണ് കംമ്പസ്റ്റ്യന്‍ എന്‍ജിനില്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നതെന്നു നിങ്ങള്‍ക്കറിയാം. ഇങ്ങനെ വലിച്ചെടുക്കാനാവുന്ന വായുവിന്റെ പരമാവധി അളവാണ് എന്‍ജിന്‍ ഡിസ്പ്ലേസ്‍മെന്റ് . ക്യൂബിക് സെന്റീമീറ്റര്‍ ( സിസി) അല്ലെങ്കില്‍ ലീറ്റര്‍ കണക്കിലാണ് ഇത് പറയുക. 1000 സിസി എന്നാല്‍ ഒരു ലീറ്റര്‍ .


8. എന്‍ജിന്‍ ഇമ്മൊബിലൈസര്‍ ( Engine Immobiliser)


ഇഗ്നീഷന്‍ കീയിലേയ്ക്കുള്ള വയറുകള്‍ മുറിച്ച് കൂട്ടിമുട്ടിച്ചോ കള്ളത്താക്കോല്‍ ഉപയോഗിച്ചോ ആണ് പൊതുവെ വാഹനമോഷണം നടത്താറുള്ളത്. ഇതിനെ പ്രതിരോധിക്കുന്ന ഇലക്ട്രോണിക് സെക്യൂരിറ്റി സംവിധാനമാണ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍ . വയര്‍ മുറിച്ച് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാലും ഫ്യുവല്‍ സിസ്റ്റവും ഇഗ്‍നീഷന്‍ സര്‍ക്യൂട്ടും പ്രവര്‍ത്തിക്കില്ല. യഥാര്‍ഥ കീ ഉപയോഗിച്ച് മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനാവൂ. കീയില്‍ നിന്നുള്ള ഇലക്ട്രോണിക് കോഡ് ലഭിച്ചാല്‍ മാത്രമാണ് എന്‍ജിന്‍ സ്റ്റാര്‍ട്ടാകുക.


9. ഗ്രൗണ്ട് ക്ലിയറന്‍സ് ( Ground Clearance)


വാഹനത്തിന്റെ ഏറ്റവും താഴ്ന്നിരിക്കുന്ന ഭാഗവും തറനിരപ്പും തമ്മിലുള്ള അകലമാണ് ഗ്രൗണ്ട് ക്ലിയറന്‍സ് . മില്ലിമീറ്റര്‍ കണക്കിലാണ് ഇതു സാധാരണ പറയാറുള്ളത്. ഭാരം കയറ്റുന്ന വാഹനങ്ങള്‍ , സ്പോര്‍ട്സ് - മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയ്ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലായിരിയ്ക്കും.
Ground Clearance
മോശമായ റോഡുകളില്‍ വണ്ടിയുടെ അടിഭാഗം തട്ടി തകരാറുണ്ടാകില്ലെന്നതാണ് കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സ് കൊണ്ടുള്ള മെച്ചം. അതേസമയം ഇത്തരം വാഹനങ്ങളുടെ ഭൂഗുരുത്വകേന്ദ്രം ഉയര്‍ന്നിരിക്കുന്നതിനാല്‍ വളവുകള്‍ തിരിയുമ്പോഴും ഉയര്‍ന്ന വേഗമെടുക്കുമ്പോഴുമൊക്കെ സ്ഥിരത കുറവായിരിയ്ക്കും.


സ്പോര്‍ട്സ് കാറുകള്‍ക്കാണ് ഏറ്റവും കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സുള്ളത്. ഭൂമിയുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന വേഗത്തില്‍ മെച്ചപ്പെട്ട സ്ഥിരത ഈ വാഹനങ്ങള്‍ക്കുണ്ടാകും.


10. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് ( Hill Start Assist)


അല്‍പ്പം പോലും പിന്നിലേയ്ക്ക് ഉരുളാതെ വണ്ടി  കയറ്റത്തില്‍ നിര്‍ത്തി എടുക്കാന്‍ സഹായിക്കുന്ന സംവിധാനം. ക്ലച്ചില്‍ നിന്ന് കാലെടുത്താലും ഏതാനും സെക്കന്‍ഡ് വാഹനം പിന്നിലേയ്ക്ക് നീങ്ങാതെ ഈ സംവിധാനം നോക്കും. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാന്‍ മിനക്കെടേണ്ട.


11. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ( Infotainment System)


പാട്ടും വീഡിയോയുമൊക്കെ ആസ്വദിക്കാന്‍ അവസരം നല്‍കുന്നവയാണ് കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. എന്നാല്‍ വിനോദത്തോടൊപ്പം വിജ്ഞാനം കൂടി നല്‍കുമ്പോള്‍ അത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി മാറും. ഇന്‍ഫര്‍മേഷന്‍ , എന്റര്‍ടെയ്ന്‍മെന്റ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം.
Infotainment System
നാവിഗേഷന്‍ സിസ്റ്റം , സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി , ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയവയൊക്കെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ട്.


12. കെര്‍ബ് വെയ്റ്റ് (Kerb weight or Curb weight )

ടാങ്ക് നിറയെ ഇന്ധനം, എന്‍ജിന്‍ ഓയില്‍ , ട്രാന്‍സ്‍മിഷന്‍ ഓയില്‍ , കൂളന്റ് തുടങ്ങിയവയെല്ലാം അടക്കം വാഹനത്തിന്റെ ഭാരം. യാത്രക്കാരോ യാത്രാസാമാനങ്ങളോ കൂടാതെ വാഹനത്തിന്റെ ഭാരം എന്നും പറയാം. 


13. മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ( Multi Information Display)


പേര് സൂചിപ്പിക്കുന്നതുപോലെ പലവിധ വിവരങ്ങള്‍ നല്‍കുന്ന ഡാഷ്ബോര്‍ഡ് ഡിജിറ്റല്‍ ഡിസ്പ്ലേയാണിത്.
MID
ട്രിപ് മീറ്റര്‍ , ശരാശരി മൈലേജ്, വാഹനം ആകെ ഓടിയ ദൂരം, ശരാശരി മൈലേജ് , അന്തരീക്ഷ താപനില, ക്ലോക്ക് , തത്സമയം മൈലേജ്, ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇതില്‍ തെളിയും.


14. റൂഫ് റയില്‍ ( Roof Rail)


കാറിന്റെ റൂഫില്‍ ഇരുവശത്തുമായി ഉറപ്പിക്കുന്ന അഴികള്‍ . വാഹനത്തിനു മുകളില്‍ ലഗേജ് വെച്ചുകെട്ടാനായാണ് ഇവ ഉപയോഗിക്കുക. ഇപ്പോള്‍ പല മോഡലുകളിലും മോടി കൂട്ടാനുള്ള ഉപാധിയായി മാത്രമാണ് റൂഫ് റയിലുകള്‍ നല്‍കുന്നത്.
Roof Rail 


15.  റിയര്‍ ഡീഫോഗര്‍ ( Rear Defogger)


പിന്നിലെ വിന്‍ഡ് സ്ക്രീനില്‍ പറ്റിപ്പിടിക്കുന്ന ജലകണികകളെ നീക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം. ഡീഫ്രോസ്റ്റര്‍ , ഡീമിസ്റ്റര്‍ എന്നും ഇതിനെ വിളിക്കും.വിന്‍ഡ് സ്ക്രീനില്‍ പതിപ്പിച്ചിരിക്കുന്ന റെസിസ്റ്റിവ് കണക്ടറുകള്‍ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടാക്കിയാണ് ജലകണങ്ങളെ നീക്കുന്നത്. 


16. സണ്‍റൂഫ് ( Sunroof)


വാഹനത്തില്‍ മേല്‍മൂടിയില്‍ സ്ഥിരമായി ഉറപ്പിച്ചതോ തുറക്കാവുന്നതോ ആയ ഗ്ലാസ് ഭാഗം. തുറന്നു വച്ചാല്‍ ശുദ്ധവായു കാറിനുള്ളിലേയ്ക്കെത്തും.
Sunroof
ആകാശത്തിന്റെ ഭംഗി ആസ്വദിച്ച യാത്ര ചെയ്യാനും സണ്‍റൂഫ് സഹായിയ്ക്കും. കൈ കൊണ്ട് അല്ലെങ്കില്‍ ബട്ടന്‍ അമര്‍ത്തി ഇലക്ട്രിക്കലായി തുറക്കാനും അടയ്ക്കാനും കഴിയുന്ന സണ്‍റൂഫുകളാണ് മിക്ക കാറുകള്‍ക്കും.


17. ടാക്കോ മീറ്റര്‍ ( Tacho Meter)


എന്‍ജിന്‍ കറങ്ങുന്നതിന്റെ വേഗം ഒരു മിനിറ്റില്‍ ഇത്ര കറക്കം ( Revolutions Per Second-RPM) എന്ന യൂണിറ്റില്‍ കാണിക്കുന്ന മീറ്റര്‍ . റെവലുഷന്‍ കൗണ്ടര്‍ അല്ലെങ്കില്‍ റെവ് കൗണ്ടര്‍ എന്നും ഇതിനു പേരുണ്ട്.
Tacho Meter
വാഹനനത്തിന്റെ എന്‍ജിന്‍ പ്രകടനം നിര്‍വചിക്കുന്ന പവറും ടോര്‍ക്കും ആര്‍പിഎമ്മിന് ആനുപാതികമായാണ്. എന്‍ജിന്‍ ആര്‍പിഎം മനസിലാക്കി കൃത്യമായ ഗീയര്‍ ഉപയോഗിച്ച് പരമാവധി പെര്‍ഫോമന്‍സും മൈലേജും ഉറപ്പാക്കാന്‍ ടാക്കോമീറ്റര്‍ സഹായിക്കും.


18. ടില്‍റ്റ് - ടെലിസ്കോപ്പിക് സ്റ്റിയറിങ് ( Tilt- Telescopic Steering)


ശരാശരിയില്‍ നിന്ന് വ്യത്യസ്തമായ ഉയരമോ വണ്ണമോ ഉള്ള വ്യക്തികള്‍ക്ക് സ്റ്റിയറിങ് വീലിന്റെ സ്ഥാനം അത്ര സുഖകരമായിരിക്കില്ല. ഇതിന് പരിഹാരമായിട്ടാണ് സ്റ്റിയറിങ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള സൗകര്യം വാഹന നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ചെരിവ് ക്രമീകരിക്കാന്‍ സംവിധാനമുള്ള സ്റ്റിയറിങ്ങിനെ ടില്‍റ്റ് സ്റ്റിയറിങ് എന്നു വിളിക്കുന്നു. സ്റ്റിയറിങ് വീല്‍ അടുപ്പിക്കുകയോ അകറ്റുകയോ ചെയ്യാവുന്ന സ്റ്റിയറിങ്ങാണ് ടെലിസ്കോപ്പിക് സ്റ്റിയറിങ്. സ്റ്റിയറിങ് കോളത്തിനു താഴെയുള്ള ലിവര്‍ വലിച്ച ശേഷം സ്റ്റിയറിങ് ആവശ്യാനുസരണം ക്രമീകരിക്കാം.19 . ടേണിങ് റേഡിയസ് (Turning Radius)


ഒരു വാഹനത്തിന്റെ സ്റ്റിയറിങ് ഇടത്തേയ്ക്കോ വലത്തേയ്ക്കോ പരമാവധി തിരിച്ച് വച്ചുകൊണ്ട് എടുക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ വൃത്തപരിധിയുടെ ആരമാണ് ടേണിങ് റേഡിയസ്.
Turning Radius
വാഹനത്തിന് ടേണിങ് റേഡിയസ് കുറവാണെങ്കില്‍ അനായാസം റോഡിലെ യൂ ടേണ്‍ എടുക്കാം. അല്ലാത്തപക്ഷം വാഹനം പലതവണ പിന്നിലേയ്ക്കും മുന്നിലേയ്ക്കും നീക്കി തിരിക്കേണ്ടതായി വരും. മീറ്റര്‍ കണക്കിലാണ് ഇത് പറയുക.


20. വീല്‍ബേസ് (Wheelbase)


വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും വീലുകളുടെ മധ്യ ബിന്ദുക്കള്‍ തമ്മിലുള്ള അകലമാണ് വീല്‍ബേസ്.
Wheelbase
മില്ലി മീറ്റര്‍ കണക്കിലാണ് ഇത് പറയുക. വീല്‍ബേസ് കൂടുതലുള്ള വാഹനങ്ങള്‍ക്ക് കൂടുതള്‍ ഉള്‍വിസ്താരവും മെച്ചപ്പെട്ട സ്ഥിരതയും ഉണ്ട്. Related StoriesTOP