Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ട്യൂബ്‍ലെസ് ടയറുകള്‍
മധു മധുരത്തില്‍


ട്യൂബ്‍ലെസ് ടയറുകള്‍ ഇപ്പോള്‍ പുതുമയല്ല. ബൈക്കിനും സ്കൂട്ടറിനും വരെ ട്യൂബ്‍ലെസ് ടയറുകള്‍ ഉപയോഗിക്കുന്ന കാലമാണിത്. പക്ഷേ ട്യൂബ്‍ലെസ് ടയറിന്റെ ഘടനയും പ്രത്യേകതകളുമൊക്കെ പലര്‍ക്കും അറിയില്ല. അത് വിശദമാക്കുകയാണിവിടെ.


സാധാരണ ടയറിനുള്ളില്‍ ട്യൂബുണ്ട്. ഇതിനുള്ളിലേയ്ക്കാണ് വായു നിറയ്ക്കുക. എന്നാല്‍ പേര് സൂചിപ്പിക്കുപോലെ ട്യൂബ്‍ലെസ് ടയറില്‍ ട്യൂബില്ല. അപ്പോള്‍ പിന്നെ വായു എങ്ങനെ ടയറിനുള്ളില്‍ പിടിച്ച് നിര്‍ത്തുന്നതെന്നാവും? റിം അല്ലെങ്കില്‍ വീലുമായി വായുപുറത്തുപോകാത്തവിധം ചേര്‍ന്നിരിക്കുന്ന ഘടനയാണ് ട്യൂബ്‍ലെസ് ടയറിന്. പുറം ഘടനയില്‍ മാറ്റമില്ല. ട്യൂബിന്റെപോലെ മാര്‍ദ്ദവമുള്ള റബര്‍ ( ഹാലജന്‍ ബ്യൂട്ടയില്‍ / ക്ലോറോ ബ്യൂട്ടയില്‍ ) ഉപയോഗിച്ചുള്ള ഒരു ആവരണം ടയറിന്റെ ഉള്ളിലുണ്ട്. ഇന്നര്‍ ലൈനര്‍ എന്നാണിതിനു പേര്. വായു നിറയ്ക്കാനുള്ള വാല്‍വ് റിമ്മില്‍ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്നു.
 Tubeless Tyre
സാധാരണ ടയര്‍ ഉപയോഗിക്കുന്ന റിമ്മില്‍ ട്യൂബ് ലെസ് ടയര്‍ ഉപയോഗിക്കുമ്പോള്‍ റിം വാല്‍വ് വാങ്ങി ഫിറ്റ് ചെയ്യേണ്ടതുണ്ട്. റിമ്മിനു ചളുക്കം ഉണ്ടായിരിക്കാനും പാടില്ല.


ഗുണങ്ങള്‍


പെട്ടെന്നു പഞ്ചറാവില്ല


സാധാരണ ടയറില്‍ ഒരു ആണി തറയ്ക്കുകയാണെന്നിരിക്കട്ടെ. ആണി കൊണ്ട് ട്യൂബില്‍ ദ്വാരം വീഴുന്നതോടെ ഉള്ളിലുള്ള വായു ട്യൂബിനും ടയറിനും ഇടയ്ക്കുള്ള സ്ഥലത്തേയ്ക്ക് വ്യാപിക്കും. അങ്ങനെ വളരെ പെട്ടെന്ന് കാറ്റ് പോയി ടയര്‍ നിലത്ത് പതുങ്ങും. ഉയര്‍ന്ന വേഗത്തില്‍ പോകുന്ന ഒരു വാഹനത്തിന്റെ മുന്‍ ടയറിന് ഇത്തരം സ്ഥിതി ഉണ്ടായാല്‍ വലിയ അപകടത്തിനു തന്നെ കാരണമാകും.
 Tubeless Tyre
ട്യൂബ് ലെസ് ടയറിലാണ് ആണി കയറുന്നതെങ്കില്‍ ഇത് സംഭവിക്കില്ല. ട്യൂബില്ലാത്തതുകൊണ്ട് തറഞ്ഞിരിക്കുന്ന ആണിയുണ്ടാക്കുന്ന വളരെ ചെറിയ വിടവിലൂടെ മാത്രമേ വായു പുറത്തേക്ക് വരൂ. അതുകൊണ്ടുതന്നെ പെട്ടെന്ന് ടയറിലെ കാറ്റ് പോകില്ല. ട്യൂബ് ലെസ് ടയര്‍ വെടി തീരാനുള്ള സാധ്യതയും കുറവാണ്.


റിപ്പയര്‍ ചെയ്യാനും എളുപ്പം


ആണിയോ മറ്റോ തറച്ചാല്‍ ടയര്‍ ഊരിമാറ്റി ട്യൂബിലെ ദ്വാരം കണ്ടുപിടിച്ച് പഞ്ചര്‍ ഒട്ടിക്കേണ്ടി വരും സാധാരണ ടയറിന്. എന്നാല്‍ ആണി നീക്കം ചെയ്ത് , തല്‍സ്ഥാനത്ത് റബര്‍ കൊണ്ടുള്ള സ്ട്രിപ്പ് തള്ളികയറ്റി വച്ചാല്‍ മതി ട്യൂബ്‍ലെസ് ടയറിന്.
 Tubeless Tyre
ട്യൂബ്‍ലെസ് ടയര്‍ ഉപയോഗിക്കുന്നവര്‍ ടയര്‍ റിപ്പയര്‍ ചെയ്യുന്നതെങ്ങനെയെന്ന് പഠിച്ചിരിക്കുന്നത് നന്ന്. ട്യൂബ്‍ലെസ് പഞ്ചര്‍ റിപ്പയര്‍ കിറ്റിന് വില 100 രൂപ -500 രൂപ.



കൂടുതല്‍ ആയുസ്


താരതമ്യേന ഭാരം കുറവുള്ള ട്യൂബ്‍ലെസ് ടയറിന് ഘര്‍ഷണം കുറവാണ്. അതുകൊണ്ട് തന്നെ വാഹനത്തിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും. കൂടുതല്‍ കാലം ഈടുനില്‍ക്കാനും ഇതു സഹായിക്കുന്നു.






Related Stories







TOP

Designed and developed by EGGS