Home  >  TECH IN DETAIL  >   TECH IN DETAIL DETAILS
ക്ലച്ചുകള്‍ പലതരം
അലന്‍ ഹാഷിം



ബൈക്കുകളുടെ സാങ്കേതികവിവരങ്ങളില്‍ വെറ്റ് ക്ലച്ച് , ഡ്രൈ ക്ലച്ച് , സ്ലിപ്പര്‍ ക്ലച്ച് എന്നൊക്കെ കണ്ടിട്ടില്ലേ. അവ എന്താണെന്ന് വിശദമാക്കുകയാണിവിടെ.


സാധാരണ ബൈക്കുകള്‍ക്കെല്ലാം വെറ്റ് ക്ലച്ചാണുള്ളത്. മള്‍ട്ടി പ്ലേറ്റ് വെറ്റ് ക്ലച്ച് എന്നാണിതിന്റെ പൂര്‍ണ്ണമായ വിശേഷണം. ഘര്‍ഷണം വര്‍ധിപ്പിക്കുന്ന വസ്തു ( ഫെയ്സിങ്) പതിച്ചതും പതിക്കാത്തതുമായ ലോഹത്തകിടുകള്‍ ഒന്നിടവിട്ട് അടുക്കിയ രീതിയിലാണ് ഇതിന്റെ ഘടന.


എന്‍ജിന്‍ , ഗീയര്‍ബോക്സ് എന്നിവയുടെ ലൂബ്രിക്കേഷന് ഉപയോഗിക്കുന്ന ഓയിലിന്റെ ഒരു ഭാഗം ക്ലച്ച് പ്ലേറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്ന ക്ലച്ച് ഹൗസിങ്ങിലുമെത്തും. ഈ ഓയിലില്‍ ക്ലച്ച് പ്ലേറ്റുകള്‍ മുങ്ങിയിരിക്കുന്നതിനാലാണ് ഈ സംവിധാനത്തിന് വെറ്റ് ( നനഞ്ഞ) ക്ലച്ച് എന്നു പറയുന്നത്. പൂര്‍ണ്ണമായും സീല്‍ ചെയ്ത അവസ്ഥയിലാണ് ഇത്.
Wet Clutch
ക്ലച്ച് ഭാഗങ്ങള്‍ക്ക് തണുപ്പും അയവും നല്‍കാന്‍ എന്‍ജിന്‍ ഓയില്‍ സഹായിക്കുന്നു. ലൂബ്രിക്കേഷന്‍ മൂലം തേയ്മാനം കുറവായതുകൊണ്ടുതന്നെ വെറ്റ് ക്ലച്ചിന് ആയുസ് കൂടുതല്‍ കിട്ടും. എന്‍ജിന്‍ ശക്തി ക്രമാനുഗതമായി പിന്‍ചക്രത്തിലെത്തിക്കുകയും നിശബ്ദമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാനും വെറ്റ് ക്ലച്ചിനു കഴിയും. ഗീയര്‍ബോക്സുമായി ചേര്‍ന്ന രൂപകല്‍പ്പന സാധ്യമായതിനാല്‍ ഇതിന് ഒതുക്കവുമുണ്ട്. ചെലവും കുറവാണ്.


ഇതില്‍ നിന്നു വ്യത്യസ്തമായി ഒരു പ്രഷര്‍ പ്ലേറ്റും ഒരു ക്ലച്ച് പ്ലേറ്റുമുള്ള ഡ്രൈ ക്ലച്ച് സംവിധാനത്തില്‍ ഓയിലിന്റെ അംശം പോലുമുണ്ടാകില്ല. ചില ഡ്രൈ ക്ലച്ചില്‍ കൂടുതല്‍ ക്ലച്ച് പ്ലേറ്റുകള്‍ ഉണ്ടാകും. ഓയില്‍ ലൂബ്രിക്കേഷന്‍ ഇല്ലാത്തതുകൊണ്ടുതന്നെ വെറ്റ് ക്ലച്ചിനെ അപേക്ഷിച്ച് ഡ്രൈ ക്ലച്ചിന് ആയുസ് കുറവാണ് . അല്‍പ്പം വലുപ്പക്കൂടുതലുള്ള ക്ലച്ച് ഹൗസിങ് ആവശ്യമുള്ള ഡ്രൈ ക്ലച്ച് പ്രവര്‍ത്തിപ്പിക്കാനും കുറച്ച് ആയാസമുണ്ടാകും. ഡ്രൈ ക്ലച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൂടുതല്‍ ശബ്ദവും ഉണ്ടാകും. ഡ്രൈ ക്ലച്ചുള്ള ബൈക്കിന്റെ ക്ലച്ച് ലിവര്‍ അമര്‍ത്തി ക്ലച്ച് എന്‍ഗേജ് ചെയ്യുമ്പോള്‍ ഒരു മുരള്‍ച്ച കേള്‍ക്കാം.സ്പോര്‍ട് ബൈക്ക് പ്രേമികള്‍ ഇതൊരു മനോഹര സംഗീതം പോലെ ആസ്വദിക്കുന്നുണ്ടെന്നത് വേറെ കാര്യം.
Dry Clutch
ഇത്രയും ന്യൂനതകള്‍ ഉണ്ടെങ്കില്‍ പിന്നെ ഡ്രൈ ക്ലച്ച് എന്തിന് ഉപയോഗിക്കണമെന്ന് സംശയം തോന്നുന്നുണ്ടാകും. അതേപ്പറ്റി പറയാം. ഓയിലിലൂടെ ഊര്‍ജനഷ്ടം ഉണ്ടാകാത്തതിനാല്‍ എന്‍ജിന്‍ ശക്തി ചോരാതെ ചക്രത്തിലേയ്ക്ക് പകരാന്‍ ഡ്രൈ ക്ലച്ചിനു കഴിയും പിന്നെ ക്ലച്ച് ഘടകങ്ങളുടെ തേയ്മാനം മൂലമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ കലര്‍ന്ന് എന്‍ജിന്‍ ഓയില്‍ അഴുക്കാകില്ലെന്ന മെച്ചവുമുണ്ട്. ഡ്രൈ ക്ലച്ച് അഴിച്ച് നോക്കിയാല്‍ അതില്‍ നിങ്ങള്‍ക്ക് പൊടി കാണാനാവും. വെറ്റ് ക്ലച്ചില്‍ ഇത്തരം അവശിഷ്ടങ്ങള്‍ , എന്‍ജിന്‍ ഓയിലില്‍ കലരും. ഓയില്‍ ഇല്ലാത്തതിനാല്‍ ഡ്രൈ ക്ലച്ചിന് ഭാരക്കുറവുണ്ടെന്ന മെച്ചവുമുണ്ട്. പെര്‍ഫോമന്‍സ് കൂടിയ ബൈക്കുകള്‍ക്ക് ഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണല്ലോ. ഡ്രൈ ക്ലച്ചുകള്‍ പലപ്പോഴും ഭാഗികമായി മാത്രമേ മൂടിവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇവ സര്‍വീസ് ചെയ്യാനും എളുപ്പമാണ്.

ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാറ്റിയും മോട്ടോ ഗൂസിയും ഡ്രൈ ക്ലച്ച് ആണ് ഉപയോഗിക്കുന്നത്. ബിഎംഡബ്ല്യു , ഹാര്‍ലി ഡേവിഡ്സണ്‍ , ബിനലി കമ്പനികളും ഡ്രൈ ക്ലച്ച് ഉപയോഗിക്കാറുണ്ട്.


സ്ലിപ്പര്‍ ക്ലച്ച്


കൂടിയ ഡിസ്പ്ലേസ്മെന്റുള്ള നാല് സ്ട്രോക്ക് എന്‍ജിനുള്ള ബൈക്കുകളിലാണ് സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിക്കുന്നത്. നിലവിലുള്ള ക്ലച്ചിനൊപ്പം ചേര്‍ത്തിണക്കുന്ന ഈ സംവിധാനം എന്‍ജിന്‍ ബ്രേക്കിങ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു. വേഗത്തില്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ഗീയര്‍ ഡൗണ്‍ ചെയ്താല്‍ എന്‍ജിനില്‍ നിന്നുള്ള ഉയര്‍ന്ന ടോര്‍ക്ക് മൂലം പിന്‍വീലുകളുടെ കറക്കം പെട്ടെന്ന് കുറയ്ക്കും. എന്‍ജിന്‍ ബ്രേക്കിങ് എന്നു പറയാറുള്ള ഇത് ബൈക്കിന്റെ നിയന്ത്രണം അപകടത്തിലാക്കും. പ്രത്യേകിച്ചും വളവുകള്‍ വീശുമ്പോഴും ഉയര്‍ന്ന വേഗത്തില്‍ ഗീയര്‍ ഡൗണ്‍ ചെയ്യുമ്പോഴും.
Slipper Clutch
വേഗത്തില്‍ വളവു വിരിയുമ്പോള്‍ ബൈക്കിന് മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പാക്കാന്‍ ഗീയര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ സ്ലിപ്പര്‍ ക്ലച്ച് സംവിധാനം ക്ലച്ച് പ്ലേറ്റുകളുടെ പിടുത്തം അയയ്ക്കുകയും ഉയര്‍ന്ന ടോര്‍ക്ക് പൂര്‍ണമായി വീലിലെത്തുന്നത് തടയുകയും ചെയ്യും. ഇത് ബൈക്കിന് മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പാക്കും.


ക്ലച്ച് ഹബ്ബുമായാണ് സ്ലിപ്പര്‍ ക്ലച്ച് ചേര്‍ത്തിണക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചുള്ള ബൈക്കിന്റെ ക്ലച്ച് ഹബ്ബും ക്ലച്ച് പ്ലേറ്റുകള്‍ സ്ഥിതിചെയ്യുന്ന ഭാഗവും രണ്ടായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയ്ക്കിടയില്‍ ചെരിഞ്ഞ ഏതാനും ചാലുകളും അവയില്‍ ഉരുക്ക് ബോളുകളും ഉണ്ട്. സാധാരണ അളവില്‍ ടോര്‍ക്ക് എത്തുന്ന  അവസ്ഥയില്‍ ഇരുഭാഗങ്ങളും ചേര്‍ന്നിരിക്കും.എന്നാല്‍ പെട്ടെന്ന് ടോര്‍ക്ക് ഉയര്‍ന്നാല്‍ ബോളുകള്‍ ചാലുകളിലൂടെ ചലിക്കുകയും ഇരുഭാഗങ്ങളും അല്‍പ്പം അകലുകയും ചെയ്യും.ഇത് ക്ലച്ച് പ്ലേറ്റുകള്‍ തമ്മിലുള്ള പിടുത്തം കുറച്ച് അവ തെന്നി കറങ്ങാന്‍ ( സ്ലിപ് ചെയ്യാന്‍ ) ഇടയാക്കും. ടോര്‍ക്ക് കുറയുമ്പോള്‍ ബോളുകളും ഹബ്ബിന്റെ ഇരുഭാഗങ്ങളും പൂര്‍വ സ്ഥിതിയിലാകും.


പ്രമുഖ കമ്പനികളുടെ പെര്‍ഫോമന്‍സ് കൂടിയ മോഡലുകള്‍ക്കെല്ലാം സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിക്കുന്നുണ്ട്. ഉദാ: കാവസാക്കി നിന്‍ജ 300 , കെടിഎം 390.






Related Stories







TOP